Current Date

Search
Close this search box.
Search
Close this search box.

പൊതുവിദ്യാഭ്യാസം വിലാസം തിരിച്ചു പിടിക്കുന്നു

കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ തൊണ്ണൂറുകളുടെ മധ്യത്തോട് കൂടി പ്രത്യക്ഷപ്പെടുകയും  നൂറ്റാണ്ടിലെത്തുന്നതിനു മുമ്പു തന്നെ വ്യാപനത്തിന്റെ മൂര്‍ധന്യത്തിലെത്തുകയും ചെയ്ത പ്രതിഭാസമാണ് അണ്‍ എയ്ഡഡ് മേഖലയിലേക്കുള്ള വിദ്യാഭ്യാസ സംഘാടനത്തിന്റെ തള്ളിക്കയറ്റം. ഇക്കഴിഞ്ഞ മാസവും  അണ്‍ എയ്ഡഡ് മേഖലയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നതിന് 366 സ്‌കൂളുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം നല്‍കുകയുണ്ടായി. സംസ്ഥാനത്ത് നിലനിന്നിരുന്ന പൊതു വിദ്യാഭ്യാസ സംവിധാനത്തില്‍ നിന്നും വേറിട്ട്, വലിയ ദൂരം സൂക്ഷിച്ച് പ്രത്യേക സ്വഭാവങ്ങളുള്ള ഒരു വിദ്യാഭ്യാസ ക്രമം തന്നെയായിരുന്നു അത്. പുസ്തകത്തിനകത്തെ പാഠഭാഗങ്ങളിലോ ക്ലാസില്‍ സംസാരിക്കുന്ന ഭാഷയിലോ മാത്രം സംഭവിച്ച മാറ്റമായിരുന്നില്ല ഇത്. സ്‌കൂള്‍ നടത്തിപ്പിലും വിദ്യാര്‍ഥികളോടുള്ള അധ്യാപകരുടെ പെരുമാറ്റത്തിലും പഠനഭാരത്തിലും രക്ഷിതാക്കളുടെ വിദ്യാഭ്യാസ രംഗത്തെ ഇടപെടലിന്റെ തോതിലുമെല്ലാം വലിയ മാറ്റങ്ങള്‍ ഇത് മുന്നോട്ട് വെച്ചു.
    
പൊതു വിദ്യാഭ്യാസ സംവിധാനത്തെ കുറിച്ച്, പതിറ്റാണ്ടുകളായി തുടരുന്ന വിമര്‍ശനങ്ങളും സര്‍ക്കാര്‍ സ്‌കൂളുകളുടെയും വിദ്യാഭ്യാസ വകുപ്പിന്റെയും പോരായ്മകളെയും പരിമിതികളെയും കുറിച്ച് മാധ്യമങ്ങള്‍ നല്‍കിയ  നിറം പിടിപ്പിച്ച കഥകളിലൂടെ രൂപപ്പെട്ടു വന്ന സാമൂഹിക സമ്മിതിയും അണ്‍ എയ്ഡഡ് മേഖലയെ ത്വരിതപ്പെടുത്തുന്നതില്‍ കാര്യമായ പങ്കുവഹിച്ചു. പൊതു വിദ്യാഭ്യാസ രംഗം കുത്തഴിഞ്ഞു/യുന്നു എന്ന സൃഷ്ടിക്കപ്പെട്ട ധാരണയുടെ ബലത്തില്‍ മക്കളുടെ വിദ്യാഭ്യാസത്തെ ഗൗരവത്തിലെടുത്ത രക്ഷിതാക്കളും കൂട്ടത്തോടെ അണ്‍ എയ്ഡഡ് മേഖലയിലേക്കൊഴുകി. സാമ്പത്തിക ശേഷിയുള്ളവര്‍ക്ക് അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ കുട്ടികള്‍ പഠിക്കുന്നുവെന്നത് ഒരലങ്കാരവുമായി. ഇംഗ്ലീഷിനോടുള്ള ഭ്രമവും വിവിധ കേന്ദ്ര ഏജന്‍സികളുടെ സിലബസിനെ കുറിച്ച തെറ്റിദ്ധാരണയും അണ്‍ എയ്ഡഡ് മേഖലയിലേക്കുള്ള ഒഴുക്കിനെ തീവ്രമാക്കി.
 
മറുവശത്ത്, സര്‍ക്കാര്‍ സ്‌കൂളുകളില്‍ കുട്ടികള്‍ ഗണ്യമായി കുറഞ്ഞു. അണ്‍ എക്കണോമിക് സ്‌കൂളുകളുടെ എണ്ണം കൂടി. അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ വിദ്യാര്‍ഥികള്‍ക്കൊരുക്കിയ വാഹന സൗകര്യങ്ങളും ഓരോ സ്‌കൂളിന്റെയും പ്രത്യേകം യൂനിഫോമുകളും സ്റ്റുഡന്റ്‌സ് ഡയറിയും കണ്ട് പൊതു സമൂഹം മോഹാലസ്യപ്പെട്ടു. സാമാന്യം ഭേദപ്പെട്ട നിലയില്‍ നടന്നിരുന്നെന്ന് കരുതപ്പെട്ടിരുന്ന എയ്ഡഡ് സ്‌കൂളുകളില്‍ നിന്നടക്കം കുട്ടികള്‍ അണ്‍ എയ്ഡഡ് മേഖലയിലേക്ക് പ്രവഹിച്ചു. ഡിവിഷന്‍ ഫോളും തസ്തിക  നഷ്ടവും കൂടുതല്‍ കടുത്ത ഭീഷണിയായി. കാശില്ലാത്തവന്‍ മാത്രം സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളില്‍ അവശേഷിച്ചു. വിദ്യാഭ്യാസ രംഗത്തെ കച്ചവടവല്‍ക്കരണമാണിതെന്നും ഈ വിധ്വംസക പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നും ആക്രോശിച്ച സംഘടനകളുടെ നേതാക്കളുടെ മക്കള്‍ പോലും സ്വകാര്യ സ്‌കൂളുകളിലാണെന്ന വൈപരീത്യം വരെ കേരളത്തിലുണ്ടായി.
    
കാശുള്ള വിദ്യാര്‍ഥികളും കാശില്ലാത്ത വിദ്യാര്‍ഥികളുമെന്ന രണ്ട് വര്‍ഗങ്ങള്‍ പൊതു വിദ്യാഭ്യാസ മേഖലയില്‍ സൃഷ്ടിക്കപ്പെട്ടു. ഇതിനകം പ്രീ പ്രൈമറി രംഗം പോലും ഇത്തരത്തില്‍ ജാതിയടിസ്ഥാനത്തില്‍ വിഭജിക്കപ്പെട്ടു. വൃത്തിയില്ലാത്തവരുടെയും സാധാരണക്കാരന്റെയും അങ്കണവാടിയും പണമുള്ളവന്റെയും മേല്‍ജാതിക്കാരന്റെയും കിന്റര്‍ ഗാര്‍ട്ടനും. ഈ ജാതിവല്‍ക്കരണത്തിന് സഹായകമാവുന്ന പ്രവര്‍ത്തനങ്ങളും അണ്‍ എയ്ഡഡ് അധികൃതരില്‍ നിന്നുമുണ്ടായി. അഞ്ചക്ക ഡൊണേഷനും, സാമൂഹ്യ നിലവാരത്തിനനുസരിച്ച് പ്രവേശനമനുവദിക്കലും നിഷേധിക്കലുമെല്ലാം ഇതിന്റെ ഭാഗമായിരുന്നു. തീര്‍ത്തും ജനാധിപത്യ വിരുദ്ധമായി  വിദ്യാഭ്യാസ മേഖലയില്‍ നടന്ന ഈ മാറ്റത്തോട് കേരളത്തിന്റെ പൊതു സമൂഹം പ്രതികരിച്ചില്ല.  തങ്ങളുടെ കുട്ടികളെ അവിടെ ചേര്‍ക്കാന്‍ കഴിയുന്നില്ലല്ലോ എന്നതായിരുന്നു പരിഭവം.
    
ഇതൊക്കെ പഴയ കഥ. അണ്‍ എയ്ഡഡ് വിദ്യാഭ്യാസ മേഖലയുടെ രണ്ടര പതിറ്റാണ്ടു കാലത്തെ കുതിപ്പിനു ശേഷം, ഒരു തിരിച്ചു വരവ് കേരള വിദ്യാഭ്യാസ മേഖലയില്‍ ദൃശ്യമാകുന്നുവെന്നതാണ് വാര്‍ത്ത. ഈ രണ്ടര പതിറ്റാണ്ടു കാലവും പൊതു വിദ്യാഭ്യാസ രംഗത്തിന്റെ പോരായ്മകളെ കുറിച്ചല്ലാതെ ഒരു വാര്‍ത്തയും ഒരു മാധ്യമവും ആഘോഷിച്ചിട്ടില്ല. വീഴ്ചകളെ പെരുപ്പിച്ചു. എന്തെങ്കിലും ഗുണപരമായ മാറ്റമുണ്ടായി എന്നാര്‍ക്കും ബോധ്യപ്പെടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. എന്നിട്ടുമിതാ, സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രവേശന നിരക്ക് കൂടുന്നു. എയ്ഡഡ് സ്‌കൂളുകളില്‍ കൂടുന്നു, അണ്‍ എയ്ഡഡ് മേഖലയില്‍ മറ്റ് രണ്ട് മേഖലകളെ അപേക്ഷിച്ച് കുറവും. 2013-14 അധ്യയന വര്‍ഷത്തേക്കാള്‍ 3747 വിദ്യാര്‍ഥികളാണ് സര്‍ക്കാര്‍ സ്‌കൂളുകളില്‍ കൂടുതലായെത്തിയത്. എയ്ഡഡ് സ്‌കൂളില്‍ ഇത് 1652 ഉം അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ വെറും 198 ഉം ആയിരുന്നു. ഒന്നാം ക്ലാസില്‍ ചേര്‍ന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ 6000ത്തിലധികം വര്‍ധനയുണ്ടായി.  ഈ വര്‍ഷത്തെ  ആറാം പ്രവര്‍ത്തി ദിനത്തിലെ തലയെണ്ണല്‍ (ആ പരിപാടി ഇപ്പോഴില്ലെങ്കിലും) പൂര്‍ത്തിയാക്കി കണക്കുകള്‍ ഉടനെ പുറത്തു വരും. അണ്‍ എയ്ഡഡ് മേഖലയില്‍ പത്താം തരം വരെ പഠിപ്പിച്ച്, പിന്നെ മക്കളുടെ ഭാവിയോര്‍ത്ത് കേരള ഹയര്‍സെക്കണ്ടറിയിലേക്കു തന്നെ കുട്ടികളെ രക്ഷിതാക്കള്‍ തിരിച്ചു കൊണ്ടു വന്നു. കേരളക്കാരെ രണ്ടാം തരക്കാരായി കണ്ടിരുന്ന സ്ഥിതിമാറി, മല്‍സര പരീക്ഷകളില്‍ അണ്‍ എയ്ഡഡ് മേഖല അടിയറവു പറഞ്ഞു. ഉള്ളടക്കത്തിലും ഗുണമേന്‍മയിലും കേരളത്തിലെ പൊതു വിദ്യാഭ്യാസം ഇതര ഏജന്‍സികളെ അപേക്ഷിച്ച് ഏറെ മുന്നിലാണെന്ന് തെളിയിക്കപ്പെട്ടു. ഇതിന്റെ സ്വാഭാവികമായ അടയാളമാണ് എസ് എസ് എല്‍ സി പരീക്ഷാ വിജയ നിരക്ക് വര്‍ധിക്കുന്നത് എന്നു വേണം കരുതാന്‍.  സര്‍ക്കാര്‍ സംവിധാനം അതിന്റെ വിലാസം തിരിച്ചു പിടിക്കുന്നു എന്ന് ചുരുക്കം. ഇനി ആഗോളീകരണ, സ്വകാര്യവല്‍ക്കരണ, ഉദാരീകരണ നയങ്ങളുടെ ഭാഗമായി സര്‍ക്കാറിന് വിദ്യാഭ്യാസ മേഖലയില്‍ നിന്നും പതുക്കെ പിന്‍മാറാനുള്ള സാധ്യതപോലും അടയുകയാണോ?
    
യഥാര്‍ഥത്തില്‍ ഈ തിരിച്ചു വരവിന് കാരണമെന്താണ്.  വിജയശതമാനം ഊതി വീര്‍പ്പിക്കപ്പെട്ടതാണെന്ന ആക്ഷേപത്തെ മുഖവിലക്കെടുത്താലും പ്രവേശന നിരക്ക് കൂടുന്നതിനു പിന്നിലെ രസതന്ത്രമെന്താണെന്ന  ചോദ്യം പ്രസക്തമാണ്. ഒരു പ്രദേശത്ത് ജീവിക്കുന്ന സമൂഹത്തിന്റെ ജീവിതാവസ്ഥകളോടും സാഹചര്യങ്ങളോടും സംവദിക്കുകയും അതിനെ പ്രധാനമായി കാണുകയും ചെയ്യുന്ന സിലബസിനും പാഠ്യപദ്ധതിക്കും മാത്രമേ ഒരു സമൂഹത്തില്‍ നിലനില്‍ക്കാന്‍ കഴിയൂ എന്ന പ്രായോഗികാനുഭവം സിദ്ധാന്തങ്ങളുടെ അകമ്പടിയില്ലാതെ കേരളത്തിലെ പൊതു സമൂഹം മനസ്സിലാക്കി. സ്വന്തം ദേശത്തും ദേശ സംസ്‌കാരത്തിലും കാലുറപ്പിച്ചു തന്നെ ഇതര സംസ്‌കാരങ്ങളിലേക്കും വ്യാപരിക്കാനാവുമെന്നും അവര്‍ മനസ്സിലാക്കി. ഇങ്ങനെയൊക്കെയാണെങ്കിലും നമ്മുടെ വിദ്യാഭ്യാസ വകുപ്പ് ഇപ്പോഴും പുതിയ അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കിക്കൊണ്ടിരിക്കുന്നുവെന്നത് നമ്മുടെ ചര്‍മ സൗഭാഗ്യം.

Related Articles