Current Date

Search
Close this search box.
Search
Close this search box.

പാഠം ഒന്ന്; പൈശാചിക വല്‍കരണം

മുസ്‌ലിംകള്‍ യൂറോപിനുണ്ടാക്കുന്ന അപകടത്തെ കുറിച്ച് വിശദീകരിക്കാന്‍ ഒരു അമേരിക്കന്‍ വിദഗ്ധന്‍ ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ടു. ഈ വിഷയത്തെ കുറിച്ച് സംസാരിക്കാന്‍ ഏറ്റവും അനുയോജ്യനായി വ്യക്തി എന്നാണ് ചാനല്‍ (FOX) അദ്ദേഹത്തെ വിശേഷിപ്പിച്ചത്. മുസ്‌ലിം ഭീകര നെറ്റ്‌വര്‍കുകളെന്ന വിഷയത്തില്‍ പ്രാഗല്‍ഭ്യം തെളിയിച്ച അദ്ദേഹം അതിനായി ഒരു സ്ഥാപനം തന്നെ ആരംഭിച്ചിട്ടുണ്ട്. ആ വിദഗ്ധന്‍ തയ്യാറാക്കിയ ‘ജിഹാദ് ഇന്‍ അമേരിക്ക’ എന്ന ഡോക്യുമെന്ററിക്ക് അവാര്‍ഡും 1994-ല്‍ ലഭിച്ചിട്ടുണ്ട്. ഫലസ്തീനികളുടെ പ്രതിരോധത്തെയും അഫ്ഗാനിലെ പോരാട്ടത്തെയും സഹായിക്കാന്‍ അമേരിക്കയില്‍ സംഭാവനകള്‍ ശേഖരിക്കുന്നതിനെയാണതില്‍ കൈകാര്യം ചെയ്യുന്നത്.

അമേരിക്കയിലെ ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ ഒതുങ്ങുന്നതല്ല അദ്ദേഹത്തിന്റെ പ്രാഗല്‍ഭ്യം. പല അമേരിക്കന്‍ ഭരണകൂട സംവിധാനങ്ങളുടെയും സുരക്ഷാ സംവിധാനത്തിന്റെയും കോണ്‍ഗ്രസ് അംഗങ്ങളുടെയുമെല്ലാം കൂടിയാലോചകനും ഉപദേശകനുമായി മാറാനും അദ്ദേഹത്തിന് സാധിച്ചു. അദ്ദേഹത്തിന്റെ വെബ്‌സൈറ്റ് തന്നെ അക്കാര്യം പറയുന്നുണ്ട്.

ഒരിക്കല്‍ പോലും ഇസ്‌ലാമിനോടുള്ള തന്റെ ശത്രുത മറച്ചു വെക്കാത്ത സ്റ്റീവന്‍ എമേര്‍സനാണ് ആ വിദഗ്ധന്‍. ഇരുപത് വര്‍ഷം മുമ്പ് യു.എസ് സന്ദര്‍ശിച്ചപ്പോള്‍ തന്നെ ആ പേരും അയാളുടെ പ്രവര്‍ത്തനങ്ങളെയും കുറിച്ച് ഞാന്‍ കേട്ടിരുന്നു. യൂറോപിന്റെ ഇസ്‌ലാമീകരണത്തിനെതിരെ ചില തീവ്രവാദികള്‍ ഉയര്‍ത്തുന്ന കാമ്പയിന്‍ രണ്ട് പതിറ്റാണ്ട് മുമ്പേ തുടക്കം കുറിച്ച വ്യക്തിയാണദ്ദേഹമെന്ന് ചുരുക്കം.

പാരീസ് ആക്രമത്തെ കുറിച്ച് പ്രതികരിക്കാനാണ് നമ്മുടെ ഈ വിദഗ്ധനെ ഫോക്‌സ് ചാനല്‍ കൊണ്ടുവന്നത്. പാരീസിലും മാസികയിലും ഒതുങ്ങാത്ത ഒരു വിഷയമാണിതെന്ന് അദ്ദേഹം ഉറച്ച ശബ്ദത്തില്‍ അദ്ദേഹം പറഞ്ഞു. കാരണം അതിന്റെ അപകടം മുഴുവന്‍ ഫ്രാന്‍സിനെയും മാത്രമല്ല യൂറോപിലേക്കും കടക്കും, പ്രത്യേകിച്ചും ബ്രിട്ടനിലേക്ക്. മുസ്‌ലിം തീവ്രവാദികളുടെ പൂര്‍ണ നിയന്ത്രണത്തിലുള്ള ചില പ്രദേശങ്ങള്‍ ഫ്രാന്‍സിലുണ്ടെന്ന് തന്റെ വിവരം വെളിപ്പെടുത്തി കൊണ്ട് അദ്ദേഹം പറഞ്ഞു. അമുസ്‌ലിംകളായവര്‍ക്ക് നിഷിദ്ധമാക്കപ്പെട്ട ഇടങ്ങളായി അവ മാറിയിരിക്കുന്നു. നൂറുകണക്കിന് വരുന്ന ഈ പ്രദേശങ്ങളില്‍ ഫ്രഞ്ച് പോലീസിന് പ്രവേശനമില്ല, അവിടെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് ഇസ്‌ലാമിക ശരീഅ കോടതികളാണ്. ബര്‍മിങ്ഹാം നഗരത്തെയാണ് അയാള്‍ അതിന് ഉദാഹരണമായി തെരെഞ്ഞെടുത്തത്. പൂര്‍ണമായും അത് മുസ്‌ലിം വല്‍കരിക്കപ്പെട്ടിരിക്കുന്നു, മുസ്‌ലിംകളല്ലാത്തവര്‍ക്ക് അവിടെ പ്രവേശിക്കാനാവില്ല. ലണ്ടനിലെ നൂറുകണക്കിന് പ്രദേശങ്ങളില്‍ മതപോലീസിന്റെ സാന്നിദ്ധ്യമുണ്ടെന്നും ഇസ്‌ലാമിക വസ്ത്രധാരണത്തില്‍ വീഴ്ച്ച വരുത്തുന്നവരെ അടിച്ച് മര്‍ദിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ഈ വിവരണം അവതാരികയില്‍ വലിയ അമ്പരപ്പുണ്ടാക്കി. ചില യൂറോപ്യന്‍ നാടുകള്‍ക്കുള്ളില്‍ തന്നെ ഇസ്‌ലാമിക ഖിലാഫത്ത് ഉണ്ടെന്നല്ലേ ഇത് അര്‍ത്ഥമാക്കുന്നത? എന്ന ചോദ്യം മാത്രമാണ് അവതാരിക അതിനോട് അനുബന്ധമായി ചേര്‍ത്തത്. എന്നാല്‍ ആ അമേരിക്കന്‍ വിദഗ്ധന്‍ പറഞ്ഞത് ബ്രിട്ടീഷുകാരെ ഞെട്ടിച്ചു. പ്രതിഷേധത്തിന്റെയും പരിഹാസത്തിന്റെയും ഒരു കൊടുങ്കാറ്റ് അടിച്ചുവീശി. തങ്ങളുടെ നാടിനെ കുറിച്ച് അയാള്‍ പറഞ്ഞതെല്ലാം കള്ളമായിരുന്നു എന്നതായിരുന്നു അതിന്റെ മുഖ്യകാരണം. അയാളെ കളവാക്കിയത് ഇസ്‌ലാമിക സമൂഹങ്ങളെ പ്രതിനിധീകരിക്കുന്നര്‍ ആയിരുന്നില്ല. മറിച്ച് അയാള്‍ക്കെതിരെ കാമ്പയിന്‍ ശക്തിപ്പെടുത്തിയത് ബ്രിട്ടീഷുകാര്‍ തന്നെയായിരുന്നു. ഐ ടിവി നടത്തിയ അഭിമുഖത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ അതിനോട് പ്രതികരിച്ചു കൊണ്ട് പറഞ്ഞു: ‘ഇത് കേട്ട് കഴിച്ചു കൊണ്ടിരുന്ന എനിക്ക് പ്രാതല്‍ തൊണ്ടയില്‍ നിന്ന് ഇറങ്ങിയില്ല. ഇതൊരു ഏപ്രില്‍ ഫൂള്‍ ദിവസമായിരിക്കുമെന്നാണ് ഞാന്‍ വിചാരിച്ചത്. ആ മനുഷ്യന്‍ ശരിക്കും ഒരു വിഡ്ഢി തന്നെയാണ്.’ തന്റെ സംസാരത്തില്‍ വന്ന പിഴവിന് പെട്ടന്ന് തന്നെ അയാള്‍ മാപ്പുപറഞ്ഞു. എന്നാല്‍ യഥാര്‍ത്ഥ ബര്‍മിങ്ഹാം എങ്ങനെയാണെന്ന് അയാള്‍ മനസ്സിലാക്കേണ്ടതുണ്ട്. വ്യത്യസ്തങ്ങളായ മതങ്ങളില്‍ വിശ്വസിക്കുന്നവരും വൈവിധ്യമാര്‍ന്ന പശ്ചാത്തലമുള്ളവരും സഹവര്‍ത്തിത്വത്തോടെ ജീവിക്കുന്നതിന്റെ മികച്ച മാതൃകയാണത്. സാമ്പത്തിക ശേഷിയില്‍ അഭിമാനിക്കാവുന്ന ആകര്‍ഷകമായ ഒരു നഗരം നിര്‍മിക്കുന്നതില്‍ അവര്‍ വിജയിച്ചിട്ടുണ്ടെന്നും അയാള്‍ തിരിച്ചറിയണം.

ബ്രിട്ടീഷ് പ്രധാനമന്ത്രി തന്നെ ഇത്തരത്തിലാണ് അമേരിക്കന്‍ ‘വിദഗ്ധന്റെ’ കളവുകളോട് പ്രതികരിച്ചതെങ്കില്‍ സോഷ്യല്‍ മീഡിയകള്‍ അയാളെ കൈകാര്യം ചെയ്തത് എങ്ങനെയായിരിക്കുമെന്നത് നിങ്ങള്‍ക്ക് ഊഹിക്കാവുന്നതേയൂള്ളൂ. അക്കൂട്ടത്തില്‍ ഒന്നായിരുന്നു താടിവെച്ച ബ്രിട്ടീഷ് ക്രിക്കറ്റ് കളിക്കാരന്‍ മുഈന്‍ അലി ജേഴ്‌സിയില്‍ നില്‍ക്കുന്ന ഫോട്ടായും അതിന് താഴെ കൊടുത്ത ‘അമുസ്‌ലിംകള്‍ പ്രവേശിക്കാതിരിക്കാന്‍ ബര്‍മിങ്ഹാം നഗര കവാടത്തില്‍ കാവല്‍ നില്‍ക്കുന്ന മുസ്‌ലിം ഭീകരന്റെ ഫോട്ടോ’ എന്ന കുറിപ്പും.  ‘താങ്കള്‍ക്ക് ബര്‍മിങ്ഹാം സന്ദര്‍ശിക്കാന്‍ ഉദ്ദേശ്യമുണ്ടെങ്കില്‍ പ്രവേശനാനുമതി വാങ്ങിത്തരാന്‍ ഞാന്‍ കൂടെ വരാം’ എന്നാണ് എമേര്‍സനോടുള്ള മറ്റൊരാളുടെ കമന്റ്. എലിസബത്ത് രാജ്ഞി ഷാള്‍ ഉപയോഗിച്ച് തലമറച്ച ചിത്രത്തോടൊപ്പം ബര്‍മിങ്ഹാം സന്ദര്‍ശിച്ചപ്പോള്‍ അവര്‍ തലമറച്ചിരിക്കുന്നു എന്ന കുറിപ്പോടെയുള്ള ചിത്രമാണ് ഏറെ പ്രചരിച്ച മറ്റൊന്ന്.

താന്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത പ്രതിഷേധം കാരണമാണ് അദ്ദേഹം ക്ഷമാപണം നടത്തിയത്. തനിക്ക് പൂര്‍ണമായും തെറ്റുപറ്റിയിരിക്കുന്നു എന്നാണതില്‍ പറഞ്ഞത്. പരസ്യമായ ക്ഷമാപണമെന്നോണം കുട്ടികള്‍ക്കായി നടത്തുന്ന ഒരാശുപത്രിക്ക് സംഭാവന നല്‍കുമെന്നും അയാള്‍ പറഞ്ഞു. വിവരങ്ങള്‍ക്കായി മറ്റു ചിലരെ ആശ്രയിച്ചതു കൊണ്ടാണ് തനിക്ക് തെറ്റുപറ്റിയതെന്നും താന്‍ കുറച്ചു കൂടി സൂക്ഷ്മത പാലിക്കേണ്ടിയിരുന്നുവെന്നും അദ്ദേഹം കൂട്ടിചേര്‍ക്കുകയും ചെയ്തു. ഈ തെറ്റിന് ഒരു ന്യായീകരണവുമില്ല. അതിനാല്‍ മുഴുവന്‍ നഗരവാസികളോടും ഞാന്‍ ക്ഷമാപണം നടത്തുന്നു. എന്നാണയാള്‍ പറഞ്ഞത്. അതേസമയം ബര്‍മിങ്ഹാമിലെ മുസ്‌ലിം ജനസംഖ്യ നേരത്തെയുള്ള പ്രോഗ്രാം പറയുന്ന പ്രകാരം നൂറ് ശതമാനല്ല, 21 ശതമാനം മാത്രമാണെന്ന് തിരുത്തി കൊണ്ട് ഫോക്‌സ് ന്യൂസ് തിരുത്തല്‍ പ്രസ്താവനയും ഇറക്കി.

പാശ്ചാത്യ മുസ്‌ലിംകളെ പൈശാചിക വല്‍കരിക്കുന്നതിന്റെ ഉദാഹരണമാണ് ഈ സംഭവം. തന്റെ പക്കലുള്ള ചരക്ക് വിറ്റഴിക്കുന്നതിന് അമേരിക്കന്‍ ജനതയുടെ ശുദ്ധ മനസ്ഥിതിയും അവരിലെ ബഹുഭൂരിപക്ഷത്തിന്റെയും നിഷ്‌കളങ്കതയെയും നിരന്തരം ചൂഷണം ചെയ്യുന്ന പെരുംകള്ളനായ വിദഗ്ധന്റെ വഷളത്തവും ഇത് വിളിച്ചോതുന്നു. ബ്രിട്ടനിലെ തന്നെ നല്ല ബോധത്തോടെ ജീവിക്കുന്ന സമൂഹത്തെ കുറിച്ച് സംസാരിച്ചപ്പോള്‍ കാര്യങ്ങളുടെ നിജസ്ഥിതി പുറത്തു വന്നിരിക്കുന്നു.

മൊഴിമാറ്റം: നസീഫ്‌

Related Articles