Current Date

Search
Close this search box.
Search
Close this search box.

പടിഞ്ഞാറന്‍ ദാസ്യത്തിനടിപ്പെടാത്ത എഴുത്തുകാരന്‍

muhammed-qutub.jpg

മുഹമ്മദ് ഖുതുബിന്റെ മരണത്തോടെ ഈജിപ്ഷ്യന്‍ ഇസ്‌ലാമിക ധിഷണയുടെ ഒരിലകൂടി കൊഴിഞ്ഞിരിക്കുകയാണ്. 60കള്‍ മുതല്‍ക്കേ എഴുത്തുകാരനെന്ന നിലയില്‍ അറബ് ലോകത്തും പുറത്തും പ്രസിദ്ധനായിരുന്നു മുഹമ്മദ് ഖുതുബ്. മുസ്‌ലിം ലോകത്തിലെ പല എഴുത്തുകാരും പടിഞ്ഞാറന്‍ ബൗദ്ധിക ദാസ്യത്തിനടിപ്പെട്ട് ക്ഷമാപണ ശൈലിയിലെഴുതിയപ്പോള്‍ യുവജനങ്ങളില്‍ ഇസ്‌ലാമികമായ ആത്മസത്തയും വീറും പുനരുജ്ജീവിപ്പിക്കാന്‍ അദ്ദേഹത്തിന്റെ രചനകള്‍ വലിയ സഹായകമായി ഭവിച്ചു. ഇക്കാരണത്താല്‍ ഓറിയന്റലിസ്റ്റുകളുടെ നിശിതവിമര്‍ശത്തിന് തുടക്കത്തിലേ അദ്ദേഹം പാത്രമാവുകയുണ്ടായി. മാക്ഗില്‍ യൂനിവേഴ്‌സിറ്റി പ്രഫസറും പ്രമുഖ ഓറിയന്റലിസ്റ്റുമായ കാന്റ്വല്‍ സ്മിത്തിന്റെ ‘ഇസ്‌ലാം ഇന്‍ മോഡേണ്‍ ഹിസ്റ്ററി’ (ഇസ്‌ലാം ആധുനിക യുഗത്തില്‍) എന്ന ഗ്രന്ഥത്തില്‍ മുഹമ്മദ് ഖുതുബിന്റെ പാശ്ചാത്യവിരുദ്ധ സമീപനത്തെ വിമര്‍ശിക്കുന്നതായി കാണാം. കൊളോണിയല്‍ ആധുനികതാവാദത്തിന്റെ അടിസ്ഥാനത്തിലാണ് മുഹമ്മദ് ഖുതുബിന്റെ ‘ഇസ്‌ലാം: തെറ്റിദ്ധരിക്കപ്പെട്ട മതം’ മുതല്‍ പല കൃതികളെയും കാന്റ്വല്‍ സ്മിത്ത് സമീപിക്കുന്നത്.

ജമാല്‍ അബ്ദുന്നാസറിന്റെ കാലത്ത് തൂക്കിലേറ്റപ്പെട്ട പ്രമുഖ ഈജിപ്ഷ്യന്‍ ബുദ്ധിജീവിയും ബ്രദര്‍ഹുഡ് നേതാവും സാഹിത്യകാരനുമായ സയ്യിദ് ഖുതുബിന്റെ സഹോദരന്‍ എന്ന നിലയില്‍ മുഹമ്മദ് ഖുതുബ് മുസ്‌ലിം ബ്രദര്‍ഹുഡിന്റെ നേതാവെന്ന നിലയിലാണ് പൊതുവെ അറിയപ്പെടുന്നത്. എന്നാല്‍, ബ്രദര്‍ഹുഡിന്റെ സംഘടനാ വ്യവസ്ഥയില്‍ മുഹമ്മദ് ഖുതുബ് ഉണ്ടായിരുന്നില്ല എന്നതാണ് വസ്തുത. എങ്കിലും സയ്യിദ് ഖുതുബുമായുള്ള കുടുംബബന്ധത്തിന് മുഹമ്മദ് ഖുതുബിനും വലിയ വിലനല്‍കേണ്ടിവന്നു. സയ്യിദ് ഖുതുബിനൊപ്പം അദ്ദേഹത്തെയും ഈജിപ്ഷ്യന്‍ ഏകാധിപതികള്‍ തടവറയിലിടുകയുണ്ടായി. ബ്രദര്‍ഹുഡില്‍ അംഗമല്ലാത്ത സ്വന്തം സഹോദരനെ പീഡിപ്പിക്കുന്നതിനെതിരെ സയ്യിദ് ഖുതുബ് തന്നെ ഒരിക്കല്‍ അധികാരികള്‍ക്ക് എഴുതുകയുണ്ടായി.

മുഹമ്മദ് ഖുതുബിന് ബ്രദര്‍ഹുഡുമായി ഔപചാരിക ബന്ധമുണ്ടായിരുന്നില്ലെങ്കിലും ബ്രദര്‍ഹുഡിന്റെ ആശയധാരയുമായി പൂര്‍ണമായും ചേര്‍ന്നു നിന്നുള്ളതായിരുന്നു അദ്ദേഹത്തിന്റെ എഴുത്ത്. ഈജിപ്തില്‍ മാത്രമല്ല ലോകത്തെങ്ങുമുള്ള ഇസ്‌ലാമിക ധാരകള്‍, സ്വാഭാവികമായും അതില്‍നിന്ന് ഊര്‍ജവും പോഷണവും നേടി.

60കളില്‍ ഈജിപ്തില്‍ നടന്ന ബ്രദര്‍ഹുഡ് പീഡനത്തെ തുടര്‍ന്നാണ് മുഹമ്മദ് ഖുതുബ് സൗദി അറേബ്യയിലത്തെുന്നത്. സഹോദരിമാര്‍ അടക്കം ഖുതുബ് കുടുംബത്തിലെ പലരും ലിമാന്‍തുറയിലെ തടവറയില്‍ കഴിയേണ്ടിവന്നിട്ടുണ്ട്. സൗദി അറേബ്യയില്‍ ദീര്‍ഘകാലം അദ്ദേഹം ഉമ്മുല്‍ ഖുറാ യൂനിവേഴ്‌സിറ്റിയിലെ പ്രഫസറായിരുന്നു. ഇടക്കാലത്ത് കുറച്ചുകാലം ഖത്തര്‍ യൂനിവേഴ്‌സിറ്റിയിലും അധ്യാപകനായിരുന്നിട്ടുണ്ട്. അക്കാലത്താണ് 1998ല്‍ ഹിറാനഗറില്‍ ചേര്‍ന്ന ജമാഅത്തെ ഇസ്‌ലാമി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അദ്ദേഹം കേരളത്തില്‍ വന്നത്. ആ സമ്മേളനം അദ്ദേഹത്തില്‍ വലിയ ആവേശം സൃഷ്ടിച്ചിരുന്നു. ഖത്തറിലെ ഒരു സ്‌പോര്‍ട്‌സ് ക്ലബില്‍ നടന്ന യോഗത്തില്‍ ഈ ആവേശം സദസ്യരുമായി പങ്കുവെച്ചപ്പോള്‍ ലേഖകനും അവിടെ ഉണ്ടായിരുന്നു. ജനലക്ഷങ്ങള്‍ നിലത്ത് ഓലപ്പായയില്‍ കിടന്നുറങ്ങി, ദിവസങ്ങളായി നടന്ന സമ്മേളനം തന്റെ ജീവിതത്തിലെ പുതിയ അനുഭവമായിരുന്നുവെന്ന് അദ്ദേഹം അന്ന് പറയുകയുണ്ടായി.

ഇംഗ്‌ളീഷ് ഭാഷയിലായിരുന്നു മുഹമ്മദ് ഖുതുബിന്റെ ബിരുദമെങ്കിലും ഇസ്‌ലാമിക വിഷയങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങള്‍ മുഴുവന്‍. 60കളില്‍ ഇസ്‌ലാമിക വിഷയങ്ങളില്‍ താല്‍പര്യമുള്ളവര്‍ക്കിടയില്‍ അവ വന്‍ പ്രചാരം നേടുകയുണ്ടായി. ‘ഇസ്‌ലാം: തെറ്റിദ്ധരിക്കപ്പെട്ട മതം’ എന്ന ഗ്രന്ഥം ഇസ്‌ലാമിനെതിരെ ഓറിയന്റലിസ്റ്റുകളും പക്ഷപാത ബുദ്ധികളായ മിഷനറിവൃത്തങ്ങളും കാലാകാലമായി ഉന്നയിച്ചുവരുന്ന ആരോപണങ്ങള്‍ക്ക് യുക്തിസഹവും പ്രമാണബദ്ധവുമായി മറുപടിനല്‍കുന്ന മികച്ച കൃതികളിലൊന്നാണ്. മനുഷ്യന്‍ ഭൗതികത്വത്തിനും ഇസ്‌ലാമിനും മധ്യേ, വിശ്വാസ സംഘട്ടനം, ഇസ്‌ലാം നാളെയുടെ മതം തുടങ്ങി നിരവധി ഈടുറ്റ കൃതികള്‍ മുഹമ്മദ് ഖുതുബ് രചിച്ചിട്ടുണ്ട്. എങ്കിലും തന്റെ പ്രേഷ്ഠവിഷയം മനശാസ്ത്രമാണെന്ന് ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞതായി ഓര്‍ക്കുന്നു. ഫ്രോയ്ഡിനെയും യുങ്ങിനെയും ആഴത്തില്‍ പഠിച്ചിരുന്നു അദ്ദേഹം. ആ വിഷയത്തില്‍ കനപ്പെട്ട ഒരു പുസ്തകവും എഴുതിയിട്ടുണ്ട് ‘മനുഷ്യമനസ്സിനെക്കുറിച്ച് ചില പഠനങ്ങള്‍’ (ദിറാസാത്തുന്‍ ഫിന്നഫ്‌സില്‍ ഇന്‍സാനിയ).

തന്റെ എഴുത്തിന് മുഹമ്മദ് ഖുതുബിന്റെ അറിവുകള്‍ ഏറെ സഹായം ചെയ്തിട്ടുണ്ടെന്ന് സയ്യിദ് ഖുതുബ് തന്നെ അനുസ്മരിച്ചതായി കാണാം. സയ്യിദ് ഖുതുബിന്റെ ഏറ്റവും നല്ല ഭാഷ്യാകാരനും മുഹമ്മദ് ഖുതുബായിരുന്നു. ‘സമൂഹത്തെ കാഫിറാക്കി’ എന്ന് സയ്യിദ് ഖുതുബിനെതിരെ വ്യാപകമായ കുപ്രചാരണമുണ്ടായപ്പോള്‍ അങ്ങനെയൊരു വീക്ഷണമേ സയ്യിദ് ഖുതുബിനുണ്ടായിരുന്നില്ലെന്ന് മുഹമ്മദ് ഖുതുബ് പ്രസ്താവനയിറക്കുകയുണ്ടായി. വാര്‍ധക്യസഹജമായ രോഗങ്ങളാല്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി പൊതുവേദികളില്‍ മുഹമ്മദ് ഖുതുബ് അത്ര സജീവമായിരുന്നില്ല. ഈജിപ്തിലേക്ക് തിരിച്ചുപോകുന്നതിനെക്കുറിച്ച് അദ്ദേഹം ചിന്തിച്ചിരുന്നതായി തോന്നുന്നില്ല.

കടപ്പാട് : മാധ്യമം

Related Articles