Current Date

Search
Close this search box.
Search
Close this search box.

നോബല്‍ സമ്മാനമാണ് മോദിയെ കാത്തിരിക്കുന്നത്

kashmir3.jpg

മുന്‍കാല റെക്കോഡുകളെല്ലാം ഭേദിച്ച് കാശമീര്‍ താഴ്‌വരയുടെ വലിയൊരു ഭാഗം പ്രദേശങ്ങളില്‍ കര്‍ഫ്യൂ നാല്‍പ്പത്തിയെട്ടാം ദിവസത്തിലേക്ക് കടന്നിരിക്കുന്നു എന്നാണ് ആഗസ്റ്റ് 25ലെ മാധ്യമങ്ങളിലൂടെ കണ്ണോടിക്കുമ്പോള്‍ മനസ്സിലാക്കുന്നത്. ശ്രീനഗറിലെ ചരിത്രപ്രധാന ജുമാ മസ്ജിദില്‍ തുടര്‍ച്ചയായി ആറാഴ്ച്ച ജുമുഅ നമസ്‌കാരം നടന്നിട്ടില്ല. രണ്ട് പോലീസുകാരടക്കം 66 പേര്‍ കൊല്ലപ്പെടുകയും പെല്ലറ്റ് ഗണ്‍ ഉപയോഗിച്ചുള്ള ആക്രമണത്തില്‍ നിരവധി പേര്‍ക്ക് കാഴ്ച്ച നഷ്ടമാവുകയും ചെയ്തിരിക്കുന്നു. ആഭ്യന്തര മന്ത്രി ഒരു മാസത്തിനിടെ തന്റെ രണ്ടാമത്തെ കാശ്മീര്‍ സന്ദര്‍ശനവും നടത്തി. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി ജമ്മു കാശ്മീര്‍ പ്രതിപക്ഷവുമായി ചര്‍ച്ചകളും നടത്തി. ഇരുപക്ഷവും വഴങ്ങിക്കൊടുക്കാന്‍ തയ്യാറല്ല. അയഞ്ഞു കൊടുക്കുന്നതിന്റെ സൂചനകള്‍ സര്‍ക്കാറിന്റെ ഭാഗത്തു നിന്നും കാണുന്നില്ല. അതേസമയം വിഘടന ഗ്രൂപ്പുകള്‍ അവരുടെ പ്രതിഷേധങ്ങളും തുടരുകയാണ്. സൈനികര്‍ക്കും പുറത്തിറങ്ങുന്ന ആളുകള്‍ക്കും നേരെ കല്ലെറിയാനാണ് അവ പ്രേരിപ്പിക്കുന്നത്. ഹുര്‍റിയത്ത് ഗ്രൂപ്പുകളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തില്ലെന്നത് പ്രധാനമന്ത്രി മോദിയുടെ മീറ്റിംഗില്‍ സൂചിപ്പിക്കപ്പെട്ടതാണ്. അതേസമയം രാജ്‌നാഥ് സിംഗ് തന്റെ രണ്ടാമത്തെ സന്ദര്‍ശനത്തില്‍ അതിനുള്ള അവസരം തുറന്നിരിക്കുകയാണ്. എന്നാല്‍ ഔദ്യോഗികമായ ക്ഷണമില്ലാതെ ആര് വരാനാണ്?

ആഭ്യന്തര മന്ത്രിയുമായി ഇന്ത്യയിലെ മുസ്‌ലിം പ്രമുഖരുടെ ഒരു മീറ്റിംഗ് ആഗസ്റ്റ് 21ന് നടന്നിരുന്നു. ഞാനും അതിലേക്ക് ക്ഷണിക്കപ്പെട്ടിരുന്നു. നിലവിലെ സര്‍ക്കാറിന് കാശ്മീര്‍ പ്രശ്‌നം പരിഹരിക്കാനുള്ള അജണ്ടയില്ല എന്നിരിക്കെ, ഞാനതില്‍ പങ്കെടുക്കുന്നതിനോട്  താഴ്‌വരയിലുള്ളവരും അല്ലാത്തവരുമായ സുഹൃത്തുക്കള്‍  വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. സങ്കീര്‍ണമായ ഈ പ്രശ്‌നം പരിഹരിക്കുന്നതിന് ഏതെങ്കിലും തരത്തില്‍ സഹായകമാകുമെങ്കില്‍ ആരുമായും കൂടിക്കാഴ്ച്ച നടത്താനും എന്തും സമര്‍പ്പിക്കാനും തയ്യാറാണ് എന്ന മറുപടിയാണ് ഞാനവര്‍ക്ക് നല്‍കിയത്. മുസ്‌ലിം വ്യക്തിത്വങ്ങളുടെ ഒരു പ്രതിനിധി സംഘം താഴ്‌വര സന്ദര്‍ശിക്കാന്‍ പ്ലാനിട്ടിരുന്നു. രണ്ട് കാരണങ്ങളാല്‍ ഞാനതില്‍ പങ്കെടുത്തില്ല. ഒന്ന്, ഈ വിഷയത്തെ സര്‍ക്കാര്‍ ഗൗരവത്തിലെടുത്തതിന്റെ സൂചനകളൊന്നും ഉണ്ടായിരുന്നില്ല. രണ്ടാമതായി അത്തരം ഒരു ജോലിക്ക് സര്‍ക്കാറിന്റെ പാരിതോഷികങ്ങളും സൗകര്യങ്ങളും സ്വീകരിക്കാന്‍ എനിക്കാവില്ല. കാശ്മീരിന്റെ കുരുക്കഴിക്കാതെ ഉപഭൂഖണ്ഡത്തില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ സമാധാനം സാധ്യമല്ലെന്ന എന്റെ കാഴ്ച്ചപ്പാടും അതിന് വേണ്ടി എന്ത് ത്യാഗം സഹിക്കാനുമുള്ള സന്നദ്ധയും അറിയിച്ചു കൊണ്ടുള്ള സന്ദേശമാണ് പ്രസ്തുത സംഘത്തിന്റെ കോര്‍ഡിനേറ്റര്‍ ഡോ. എം.ജെ. ഖാന് ഞാന്‍ നല്‍കുന്നത്.

ആഭ്യന്തര മന്ത്രിയുമായി ഞങ്ങള്‍ നടത്തിയ കൂടിക്കാഴ്ച്ചയില്‍ ചില കാര്യങ്ങള്‍ വ്യക്തമായിട്ടുണ്ട്. വിശ്വാസം ഉണ്ടാക്കിയെടുക്കാനുള്ള നടപടികള്‍ക്കൊന്നും അദ്ദേഹം തയ്യാറല്ല. പരിക്കേറ്റ യുവാക്കളെ താഴ്‌വരയില്‍ നിന്ന് മാറ്റാനുള്ള സന്നദ്ധതയും പെല്ലറ്റ് ഗണിന്റെ ഉപയോഗം അടിയന്തിരമായി അവസാനിപ്പിക്കാനുള്ള സന്നദ്ധതയും അദ്ദേഹത്തിനില്ല. ശരിയായ നഷ്ടപരിഹാരം പ്രഖ്യാപിക്കാനും അദ്ദേഹം തയ്യാറല്ല. വടക്കന്‍ കാശ്മീര്‍ പോലുള്ള പ്രശ്‌നബാധിതമല്ലാത്ത പ്രദേശങ്ങളില്‍ നിന്ന് AFPSA നിയമം എടുത്തു കളയുന്നതിനെ കുറിച്ചോ ജനവാസ മേഖലകളില്‍ നിന്ന് സൈന്യത്തെ മാറ്റുന്നതിനെ കുറിച്ചോ അദ്ദേഹം സംസാരിക്കുന്നില്ല. പകരം കൂടുതല്‍ സൈനികരെ താഴ്‌വരയിലേക്ക് ഇറക്കുകയാണ് ചെയ്യുന്നത്. പഴുത്തൊലിക്കുന്ന ഈ വ്രണത്തിന് അന്തിമ പരിഹാരമുണ്ടാക്കുന്നതിന് ഹുര്‍റിയത്തുമായോ പാകിസ്താനുമായോ സംസാരിക്കാനും തയ്യാറല്ല. അതുകൊണ്ടു തന്നെ കാശ്മീര്‍ സന്ദര്‍ശിക്കുന്നത് കൊണ്ട് പ്രത്യേക ഫലമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഏതവസ്ഥയിലാണെങ്കിലും സ്വതന്ത്രമായ ഒരു നീക്കമായിരിക്കണം അത്, അല്ലാതെ ആഭ്യന്തര മന്ത്രാലയം സ്‌പോണ്‍സര്‍ ചെയ്തതോ അതിന്റെ ചെലവിലോ ആവരുത്. അത്തരം സഹായങ്ങള്‍ സ്വീകരിക്കുമ്പോള്‍ നമ്മുടെ വിശ്വാസ്യതയാണ് തകരുന്നത്. വ്യക്തിപരമായി മൂന്ന് പതിറ്റാണ്ടുകള്‍ കൊണ്ട് ഞാന്‍ ഉണ്ടാക്കിയെടുത്ത വിശ്വാസ്യതയാണ് ഒറ്റ രാത്രി കൊണ്ട് അതിലൂടെ തകരുന്നത്. അതിന് പകരം ശ്രവിക്കാനും അന്തിമ പരിഹാരമുണ്ടാക്കാന്‍ ശ്രമിക്കാനും ആളുകള്‍ തയ്യാറാണെങ്കില്‍ സ്വതന്ത്രമായ നീക്കത്തിന് നേതൃത്വം നല്‍കാന്‍ ഞാന്‍ തയ്യാറാണ്. അവസരത്തിനൊത്ത് ഉയരുകയാണെങ്കില്‍ അതിലൂടെ മോദിയെ കാത്തിരിക്കുന്നത് നോബല്‍ സമ്മാനമാണ്. നമ്മുടെ ഊര്‍ജ്ജം ക്ഷയിപ്പിച്ചും ലോകത്തിന് മുന്നില്‍ നമുക്ക് അപകീര്‍ത്തിയുണ്ടാക്കിയും ഏതാനും വര്‍ഷങ്ങള്‍ കൂടുമ്പോള്‍ ഇത്തരം പ്രക്ഷോഭങ്ങള്‍ സംഭവിക്കുന്നില്ലായെങ്കില്‍.

അവലംബം: milligazette.com
വിവ: നസീഫ്‌

Related Articles