Current Date

Search
Close this search box.
Search
Close this search box.

നരഭോജികളായ പശുക്കള്‍

cow-eaters.jpg

ഗുജറാത്ത് ഒരിക്കല്‍ കൂടി തിളച്ച് മറിയുകയാണ്. കുറ്റവാളികള്‍ക്കെതിരെ ദളിതുകള്‍ പ്രക്ഷോഭവുമായി രംഗത്ത് വന്നുകഴിഞ്ഞു. ‘ഗോ സംരക്ഷകര്‍’ എന്നാണ് മുഖ്യധാരാ മാധ്യമങ്ങള്‍ ഈ കുറ്റവാളികളെ സ്‌നേഹപൂര്‍വ്വം പേരിട്ട് വിളിക്കുന്നത്. ഇവരാണ് അടുത്തിടെ നാല് ദലിത് യുവാക്കളെ വസ്ത്രാക്ഷേപം ചെയ്ത് തെരുവില്‍ മര്‍ദ്ദിച്ച് അവശരാക്കിയത്. ഇതിനെതിരെ നടന്ന പ്രക്ഷോഭത്തില്‍ രണ്ട് ജീവന്‍ പൊലിയുകയും ചെയ്തു: അമേരിയില്‍ കല്ലേറില്‍ ഒരു പോലിസുകാരന്‍ കൊല്ലപ്പെട്ടു, പ്രതിഷേധ പ്രകടനത്തിനിടെ ഒരു യുവാവ് വിഷം കഴിക്കുകയും ചെയ്തു.

മനുഷ്യത്വവിരുദ്ധമായ കാര്യങ്ങളാണ് ഇന്ത്യയിലുടനീളം നടന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ മാസം ഇതുപോലെ തന്നെ രാജസ്ഥാനിലെ പ്രതാപ്‌നഗറില്‍ മൂന്ന് ആളുകളെ വസ്ത്രമുരിഞ്ഞ് ചാട്ടക്കടിച്ചിരുന്നു. രണ്ട് മാസം മുമ്പാണ് ജാര്‍ഖണ്ഡിലെ ലാതെഹറില്‍ പ്രായപൂര്‍ത്തിയാവാത്ത ഒരു ആണ്‍കുട്ടിയെയും ഒരു മുതിര്‍ന്നയാളെയും ജനകൂട്ടം കൊന്ന് കളഞ്ഞത്. കൊന്നതിന് ശേഷം അവരുടെ മൃതദേഹം ജനകൂട്ടം ഒരു മരത്തില്‍ കയര്‍കെട്ടി തൂക്കിയിട്ടു. ഇതിന് മുമ്പ്, അത്തരം സംഘത്തില്‍പെട്ടവര്‍ തന്നെ ഹിമാച്ചല്‍പ്രദേശിലെ നഹാനില്‍ മറ്റൊരാളെ കൊന്നിരുന്നു. 2014 മെയ് മാസത്തില്‍ നിലവിലെ സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം ഇത്തരത്തിലുള്ള എത്ര അക്രമസംഭവങ്ങള്‍ നടന്നിട്ടുണ്ടെന്ന് ഒരാള്‍ക്ക് എളുപ്പം കണ്ടെത്താന്‍ കഴിയും.

പൊതുജനം സവിശേഷ ശ്രദ്ധനല്‍കേണ്ടതും, വളരെ പെട്ടെന്ന് തന്നെ അഭിസംബോധന ചെയ്യേണ്ടതുമായ അശുഭകരമായ കാര്യങ്ങളിലേക്കാണ് ഈ അക്രമസംഭവങ്ങള്‍ വിരല്‍ചൂണ്ടുന്നത്. ഗോ സംരക്ഷണം എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന ക്രിമിനലുകള്‍ സ്വയം തന്നെ ഒരു നിയമമായി മാറി കഴിഞ്ഞിട്ടുണ്ട്. അതിനേക്കാള്‍ എത്രയോ ഭീകരമാണ് കാര്യങ്ങള്‍. ജനാധിപത്യസംവിധാനത്തിലെ നിയമപാലക ഏജന്‍സികളെല്ലാം തന്നെ ഈ ക്രിമിനലുകളുടെ പക്ഷത്താണ് നിലയുറപ്പിച്ചിരിക്കുന്നത്. ഉനയിലെ സിറ്റി പോലിസ് സ്‌റ്റേഷന്റെ മുന്നില്‍ വെച്ചാണ് ദലിത് യുവാക്കള്‍ കെട്ടിയിട്ട് മര്‍ദ്ദിക്കപ്പെട്ടത് എന്ന് പ്രത്യേകം ശ്രദ്ധിക്കണം. അതേസമയം ഇത് കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുകയാണ് പോലിസുകാര്‍ ചെയ്തത്. പ്രതാപ് നഗറിലെ ചോട്ടി സദ്രി പോലിസ് സ്‌റ്റേഷനിലെ സ്‌റ്റേഷന്‍ ഹൗസ് ഓഫീസറുടെ സ്ഥലം മാറ്റവും ശ്രദ്ധിക്കേണ്ട കാര്യമാണ്. ‘ഗോ സംരക്ഷകരെ അറസ്റ്റ് ചെയ്തതിന്റെ പേരിലാണ്’ ഗോ രക്ഷാ ദള്‍-ന്റെ സമ്മര്‍ദ്ദഫലമായി അദ്ദേഹം സ്ഥലംമാറ്റപ്പെട്ടത്.

ഇത് ഇവിടംകൊണ്ടൊന്നും അവസാനിക്കുന്നില്ല. നിയമപാലക ഏജന്‍സികള്‍ ഈ ക്രിമിനലുകള്‍ക്ക് പിന്തുണ മാത്രമല്ല നല്‍കുന്നത്; ഈ ക്രിമിനലുകളുടെ തൊട്ടടുത്ത് തന്നെയാണ് അവരുടെ സ്ഥാനം. പ്രത്യേകിച്ച് ഹരിയാനയില്‍. പഞ്ചാബിലും, രാജസ്ഥാനിലും ഇത്തരത്തിലുള്ള ഒരു ശക്തമായ ബാന്ധവം ഇവര്‍ തമ്മിലുണ്ടെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.

വിരോധാഭാസമെന്താണെന്നാല്‍, കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ക്വോട്ടയില്‍ അരങ്ങേറുകയുണ്ടായ അനിഷ്ടസംഭവങ്ങളില്‍ നിന്നും പൗരന്‍മാരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതില്‍ ദയനീയമായി പരാജയപ്പെട്ട ഹരിയാന സര്‍ക്കാര്‍, ഒരു ഗോ രക്ഷക് ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുന്നതിനെ കുറിച്ചുള്ള ഗൗരവപൂര്‍ണ്ണമായ ആലോചനയില്‍ മുഴുകിയിരിക്കുകയാണിപ്പോള്‍. മനുഷ്യരുടെ ജീവന്‍ പോയാലും വേണ്ടില്ല എന്ത് വിലകൊടുത്തും പശുക്കളെ സംരക്ഷിക്കുകയാണ് നിലവിലെ സര്‍ക്കാറിനെ സംബന്ധിച്ചിടത്തോളം അതിപ്രധാനം.

രാഷ്ട്രീയപരമായും സാമ്പത്തികപരമായും, പ്രയോഗികതലം വെച്ചും പരിഗണിക്കുമ്പോള്‍ അസാധ്യമാംവിധം അസംബന്ധം നിറഞ്ഞ ആശയമാണെങ്കില്‍ കൂടിയും, ഗോ സംരക്ഷണം ഒരു രാഷ്ട്രം തങ്ങളുടെ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയ നടപടിയില്‍ കുഴപ്പമൊന്നും തന്നെയില്ല. ഇന്ത്യന്‍ ഭരണഘടനയുടെ 48-ാം വകുപ്പ് ഇങ്ങനെ നിര്‍ദ്ദേശിക്കുന്നു: ‘ശാസ്ത്രീയമായ രീതിയില്‍ കൃഷിയും കന്നുകാലി വളര്‍ത്തലും നടത്തുക; അവയുടെ വംശശുദ്ധി പരിപോഷിപ്പിക്കുക; ഗോവധം നിരോധിക്കുക; അതോടൊപ്പം തന്നെ ഉഴവുമാടുകളുടെയും മറ്റു കിടാരികളുടെയും വധവും നിരോധിക്കുക.’

കറവ വറ്റിയ പശുക്കളെ അല്ലെങ്കില്‍ കാര്‍ഷികാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയാത്ത പ്രായമായ പശുക്കളെ അറുക്കാനുള്ള അനുവാദവുമായി ബന്ധപ്പെട്ട എല്ലാ തെറ്റിദ്ധാരണങ്ങളും, മുഹമ്മദ് ഹനീഫ് ഖുറൈശിയും സ്റ്റേറ്റ് ഓഫ് വെസ്റ്റ് ബംഗാളും തമ്മില്‍ നടന്ന കേസില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയും (AIR 1958 SC 731), സ്റ്റേറ്റ് ഓഫ് ഗുജറാത്തും മിര്‍സാപൂര്‍ മോത്തി ഖുറേശി കസബ് ജമാഅത്തും തമ്മില്‍ നടന്ന കേസിലെ വിധിയും (Appeal (civil) 4937-4940 of 1998) ദുരീകരിക്കുന്നുണ്ട്. പശുക്കളെയും പശുക്കിടാങ്ങളെയും അറുക്കുന്നത് പൂര്‍ണ്ണമായും നിരോധിച്ച് കൊണ്ടുള്ളതായിരുന്നു ആ വിധികള്‍.

പക്ഷെ, സ്വന്തം പൗരന്‍മാരെ കൊന്ന് തള്ളിക്കൊണ്ടോ, അല്ലെങ്കില്‍ സ്വയം പ്രഖ്യാപിത ഗോ സംരക്ഷകര്‍ക്ക് പൗരന്‍മാരെ കൊല്ലാന്‍ അനുവാദം നല്‍കി കൊണ്ടോ അല്ല ഭരണകൂടം ഗോ സംരക്ഷണം നടപ്പാക്കേണ്ടത്. കറവ വറ്റിയ, കാര്‍ഷികാവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്താന്‍ കഴിയാത്ത വിധം അവശമാവുന്ന അവസ്ഥയില്‍ ഉടമസ്ഥര്‍ ഉപേക്ഷിക്കുന്ന പശുക്കളെ സംരക്ഷിക്കാന്‍ ബഡ്ജറ്റില്‍ പണം നീക്കിവെക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. സംസ്ഥാനത്തെ 42 ശതമാനം വരുന്ന കുട്ടികള്‍ പോഷകാഹാരക്കുറവ് മൂലം ദുരിതമനുഭവിക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷം നിലനില്‍ക്കുന്നുണ്ടെന്നത് അവിടെ നില്‍ക്കട്ടെ, ഗോ സംരക്ഷണത്തിന് വേണ്ടി സര്‍ക്കാര്‍ നിര്‍ബന്ധമായും പണം നീക്കിവെക്കുകയും, പാര്‍ലമെന്റില്‍ ബില്ല് അവതരിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്!!

ആരോഗ്യം, ക്ഷേമം, കുട്ടികളുടെ ഭാവി എന്നതിനേക്കാള്‍ കൂടുതല്‍ പശു സംരക്ഷണത്തിനാണ് (പൗരന്‍മാര്‍ തന്നെ ഉപേക്ഷിച്ച് തെരുവില്‍ തള്ളിയ പശുക്കളെയടക്കം) സര്‍ക്കാറും പൗരന്‍മാരും പ്രാധാന്യം നല്‍കുന്നത് എങ്കില്‍ അങ്ങനെ തന്നെ നടക്കട്ടെ.

ഒരു ജനാധിപത്യരാഷ്ട്രത്തില്‍ നടക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ്. ക്രിമിനലുകളെ ഉപയോഗിച്ച് പൗരന്‍മാര്‍ക്ക് മേല്‍ ബലപ്രയോഗം നടത്താനും അതിക്രമം പ്രവര്‍ത്തിക്കാനും ഭരണകൂടത്തിന് അവകാശമില്ല. അങ്ങനെ ചെയ്യുന്നുണ്ടെങ്കില്‍ അധികകാലം മുന്നോട്ട് പോകാന്‍ അതിന് കഴിയില്ല.

ഇതുതന്നെയാണ്, നന്ദിനി സുന്ദര്‍ & ഒ.ആര്‍.എസ്സും സ്‌റ്റേറ്റ് ഓഫ് ചത്തീസ്ഘറും തമ്മിലുള്ള കേസില്‍ ( Writ Petition (Civil) NO. 250 of 2007) സംസ്ഥാന സര്‍ക്കാര്‍ നിയമിച്ച സാല്‍വാ ജുദൂം എന്ന സംഘത്തിന്റെ പ്രവര്‍ത്തനം ഭരണഘടനക്ക് വിരുദ്ധമാണെന്ന് വിധി പുറപ്പെടുവിച്ചു കൊണ്ട് സുപ്രീം കോടതി പറഞ്ഞത്. ‘സ്വകാര്യ വ്യക്തികള്‍ക്കോ സംഘങ്ങള്‍ക്കോ നിയമം കൈയ്യിലെടുക്കാനും, ഭരണഘടനക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കാനും, മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്താനും അനുവാദം നല്‍കാന്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് അധികാരമില്ലെന്ന്’ സുപ്രീം കോടതി വ്യക്തമാക്കി. നിയമം കൈയ്യിലെടുക്കുന്ന ഏതൊരു സംഘത്തിന്റെയും പ്രവൃത്തി ഭരണഘടനാ വിരുദ്ധവും, മനുഷ്യാവകാശങ്ങളുടെ ലംഘനവുമാണെന്ന് പറയാതെ വയ്യ.

ഈ സ്ഥിതി വിശേഷത്തിനാണ് യഥാര്‍ത്ഥത്തില്‍ ഇന്ത്യയില്‍ തുടക്കം കുറിച്ചിരിക്കുന്നത്. പശു തീവ്രവാദികള്‍ അരങ്ങുവാഴാന്‍ തുടങ്ങിയിട്ട് കുറച്ച് കാലമായി. ഇതിനോടകം തന്നെ അവര്‍ ഒരുപാട് ആളുകളെ ആക്രമിച്ചു, അപമാനിച്ചു, കൊന്ന് കളഞ്ഞു. ഇതിനൊരു പരിഹാരത്തിനായി പൗരജനങ്ങള്‍ നിയമപാലകരെ സമീപിച്ചിരുന്നെങ്കിലും നീതി മാത്രം ലഭിച്ചില്ല. രാഷ്ട്രീയമായി സംഘടിച്ചും, പ്രതിഷേധിച്ചും, മറ്റു ജനാധിപത്യ മാര്‍ഗങ്ങളിലൂടെയും അവര്‍ ഒരുപാട് ശ്രമിച്ചുനോക്കി.

പക്ഷെ, നിയമപാലകര്‍ നിയമലംഘകരായ ക്രിമിനലുകളുടെ കൂടെയാണ് നിലയുറപ്പിച്ചത്. കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കേണ്ടതിന് പകരം, ഗോഹത്യ നിരോധന നിയമങ്ങളുടെ പേരില്‍ മര്‍ദ്ദിക്കപ്പെട്ടവര്‍ക്ക് എതിരെയാണ് അവര്‍ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തത്.

തങ്ങളെ സംരക്ഷിക്കുന്ന കാര്യത്തില്‍ ഭരണകൂടം ഇനിയും അങ്ങോട്ട് ഒരു വലിയ പരാജയം തന്നെയായിരിക്കുമെന്ന പാഠം ദലിത് ജനസാമാന്യം പഠിച്ച് കഴിഞ്ഞു. ഇനിയും നിലനില്‍ക്കാന്‍ ഭരണകൂടത്തിന് അര്‍ഹതയില്ലെന്നതിലേക്ക് ദലിതുകളുടെ ഈ പാഠം വിരല്‍ ചൂണ്ടുന്നത്.

ഈ സാഹചര്യത്തില്‍ പൗരന്‍മാര്‍ അവര്‍ക്ക് ചെയ്യാന്‍ കഴിയുന്നത് ചെയ്തു. അവര്‍ തെരുവിലേക്കിറങ്ങി. അനന്തരഫലങ്ങള്‍ നമുക്ക് മുന്നില്‍ തന്നെയുണ്ട്. ചിലരുടെ ജീവന്‍ പൊലിഞ്ഞു. പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താനുള്ള ശ്രമങ്ങള്‍ നടന്നു. ക്രിമിനലുകളായ ഗോ സംരക്ഷകര്‍ ചെയ്തത് പോലെ, മര്‍ദ്ദിതരായ പൗരജനം നിയമം കൈയ്യിലെടുക്കാന്‍ തുനിഞ്ഞാല്‍ എന്തായിരിക്കും സംഭവിക്കുക എന്നതിനെ കുറിച്ച് ഭരണകൂടം ആലോചിക്കുന്നത് നല്ലതാണ്.

സസ്യലതാദികള്‍ ആഹരിക്കുന്ന സസ്യഭുക്കുകളാണ് പശുക്കള്‍. ഭരണകൂടം ദയവു ചെയ്ത് അവയെ നരഭോജികളാക്കി മാറ്റരുത്. കുറ്റവാളികള്‍ക്ക് അര്‍ഹമായ ശിക്ഷ നല്‍കികൊണ്ട് ഭരണഘടന അനുശാസിക്കുന്ന രീതിയില്‍ ഭരണനിര്‍വഹണം നടത്തുന്ന ഒരു ഭരണകൂടമായി മാറുക മാത്രമാണ് ഇപ്പോഴത്തെ ദുരവസ്ഥക്കുള്ള ഏക പരിഹാരം.

വിവ: ഇര്‍ഷാദ് ശരീഅത്തി
അവ: countercurrets.org

Related Articles