Current Date

Search
Close this search box.
Search
Close this search box.

തെലങ്കാന ഏറ്റുമുട്ടല്‍ : ഇരകളുടെ കുടുംബങ്ങള്‍ക്ക് പറയാനുള്ളത്

#ആരുമറിയാതെ പോയ മാന്യനായ ഡോക്ടര്‍ : മകന്റെ ഖബറടക്കത്തില്‍ പങ്കെടുക്കാന്‍ 65-കാരനായ ആലം മിയാ ഖാന്‍ ഹൈദരാബാദിലേക്ക് പോകാന്‍ വിസമ്മതിച്ചു. ചൊവ്വാഴ്ച്ച തെലങ്കാനയില്‍ പോലിസുമായി ഉണ്ടായെന്ന് പറയപ്പെടുന്ന ഏറ്റുമുട്ടലില്‍ അദ്ദേഹത്തിന്റെ മകന്‍ മുഹമ്മദ് ഹനീഫ് ഖാനും കൊല്ലപ്പെട്ടിരുന്നു. ഖാനിന്റെ ഇളയ മകന്‍ മഹ്ബൂബ് ഗുജറാത്ത് പോലിസില്‍ കോണ്‍സ്റ്റബിളായി സേവനമനുഷ്ഠിക്കുകയാണ്. ആയുധകടത്തും, അഹ്മദാബാദിലേക്ക് വഖാറുദ്ദീനെ എത്തിച്ചു എന്നുള്ളതുമാണ് ഹനീഫിനെതിരെയുള്ള ആന്ധ്രാപ്രദേശ് പോലിസിന്റെ ആരോപണങ്ങള്‍. 2003-ല്‍ 20 വയസ്സുള്ളപ്പോഴാണ് ഹനീഫ് വീടു വിട്ടുപോയത്. അതിനു ശേഷം ഗുജറാത്തിലേക്ക് മടങ്ങിവന്നിട്ടില്ല. അവന്‍ തങ്ങളെ ഉപേക്ഷിച്ചു പോയി എന്നാണ് പിതാവ് പറയുന്നത്. ഹനീഫിന്റെ ഉമ്മയും ഇളയ സഹോദരനും അവന്റെ സംസ്‌കാരചടങ്ങില്‍ പങ്കെടുക്കാന്‍ ഹൈദരാബാദിലേക്ക് പോയിരുന്നു.

‘ ഒരേ സമയം ആ അഞ്ച് ഭീകരവാദികളും രക്ഷപ്പെടാന്‍ ശ്രമിച്ചുവെന്ന പോലിസിന്റെ കഥകള്‍ നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ? വ്യാജ ഏറ്റുമുട്ടലിലാണ് അവര്‍ കൊല്ലപ്പെട്ടിരിക്കുന്നത്’. കാഴ്ച്ചയില്‍ തന്നെ അസ്വസ്ഥനായിരുന്ന ആലം മിയ പറഞ്ഞു. ഹനീഫിനെ ഭീകരവാദിയായും കൊള്ളക്കാരനായും ചിത്രീകരിക്കാനാണ് പോലിസ് ശ്രമിച്ചത്. ബാപ്പുനഗറിലാണ് ഹനീഫ് വളര്‍ന്നത്. ഹൈദരാബാദിലേക്ക് പോകുന്നതിന് മുമ്പ് അവന്‍ മൂന്ന് വര്‍ഷം യുനാനി പ്രാക്ടീസ് ചെയ്തിരുന്നു. അങ്ങനെയാണ് അവന് ‘ഡോക്ടര്‍’ എന്ന വിളിപ്പേര് വീണത്. ബാപ്പുനഗറിലെ മൊറാറി ചൗക്കില്‍ ആലം മിയ ഹനീഫിന് വേണ്ടി ഒരു ചെറിയ ക്ലിനിക്ക് തുറന്ന് കൊടുത്തിരുന്നു. ബാപ്പുനഗറിലെ തന്നെ ജീവന്‍ സാധന എന്ന സ്‌കൂളിലാണ് ഹനീഫും അവന്റെ സഹോദരങ്ങളും പഠിച്ചത്.

‘എന്റെ മക്കളില്‍ ആര്‍ക്കും തന്നെ ഒരു ദുസ്വഭാവവും ഉണ്ടായിരുന്നില്ല. ഹനീഫ് പഠിക്കാന്‍ വളരെ മിടുക്കനായിരുന്നു. ഞാനാണ് അവനെ യുനാനി പഠിക്കാന്‍ നിര്‍ദ്ദേശിച്ചത്,’ ആലം അത് പറയുമ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു. പക്ഷെ ബാപ്പുനഗറില്‍ ഒരു തെരുവുതെമ്മാടിയായും മദ്യക്കടത്തുകാരുനുമായാണ് ഹനീഫ് അറിയപ്പെട്ടത്. ഒരു തെലുങ്കു മുസ്‌ലിം പെണ്‍കുട്ടിയെ വിവാഹം കഴിച്ചതോടെയാണ് ഹനീഫിന്റെ ജീവിതം ആകെ മാറിയത്. അങ്ങനെ 12 വര്‍ഷങ്ങള്‍ക്ക് മുമ്പ് അവര്‍ ഹൈദരാബാദിലേക്ക് താമസം മാറി. ‘അവളാണ് അവനെ ഹൈദരാബാദിലേക്ക് താമസം മാറാന്‍ നിര്‍ബന്ധിച്ചത്. ഹൈദരാബാദായിരുന്നു അവളുടെ സ്വദേശം. അവിടെ വെച്ച് യുനാനി പ്രാക്ടീസ് ചെയ്യുമെന്ന് അവന്‍ ഞങ്ങളോട് പറഞ്ഞിരുന്നു. പിന്നീട് അവനെ കുറിച്ച് യാതൊരു വിവരവും ഉണ്ടായിട്ടില്ല,’ ആലം പറഞ്ഞു.

അതേ സമയം ഹനീഫിന്റെ ഭാര്യ ഇഷ്‌റത്ത് ബീഗം വിവാഹശേഷമുള്ള അവരുടെ ജീവിതത്തെ കുറിച്ച് തികച്ചും വ്യത്യസ്തമായ ഒരു വിവരണമാണ് നല്‍കിയത്. 2002-ലെ കലാപത്തിന് ശേഷം ജീവനില്‍ ഭയമുള്ളത് കൊണ്ടാണ് അഹ്മദാബാദ് വിട്ട് മകളെയും കൂട്ടി രക്ഷപ്പെട്ടത് എന്നാണ് ഇഷ്‌റത്ത് പറഞ്ഞത്. അഹ്മദാബാദില്‍ നിന്നും ബാച്ചലര്‍ ഓഫ് ഹോമിയോപതിക് മെഡിസിന്‍ ആന്റ് സര്‍ജറി നേടിയ ഹനീഫ് ബാപ്പുനഗറില്‍ കഠിനമായി പ്രാക്ടീസ് ചെയ്തിരുന്നെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. മുശീറാബാദിലെ കലാദര്‍ നഗറില്‍ താമസിക്കുന്ന ഒരു ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ട്രാക്ടറുടെ മകളാണ് ഇഷ്‌റത്ത്. ഒരു കുടുംബസുഹൃത്താണ് ഹനീഫിനെ ഇഷ്‌റത്തിന് വിവാഹം ആലോചിച്ചത്. ‘അത്രയും ദൂരത്തേക്ക് അവളെ വിവാഹം കഴിച്ചയക്കുന്നതില്‍ ഞങ്ങള്‍ ആദ്യം മടിച്ചു. പക്ഷെ ഡോക്ടറെ കുറിച്ച് അന്വേഷിച്ചപ്പോള്‍ വളരെ നല്ല അഭിപ്രായമാണ് കിട്ടിയത്,’ ഇഷ്‌റത്തിന്റെ അമ്മാവന്‍ നവാബ്മിയ ഖാന്‍ പറഞ്ഞു.

ശാരീരികമായ ചില ബുദ്ധിമുട്ടുകളും അസുഖകളും ഉണ്ടായിരുന്നതിനാല്‍ വഖാറുദ്ദീന്‍ ഹനീഫിന്റെ ക്ലിനിക്കിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു. അങ്ങനെ ഒരു ദിവസം വഖാറുദ്ദീന്‍ ഹനീഫിന്റെ അടുത്തേക്ക് പരിശോധനക്കായി എത്തിയപ്പോഴാണ് പോലിസ് വന്ന് ഇരുവരെയും പിടിച്ചു കൊണ്ടുപോയത്, നവാബ്മിയ വ്യക്തമാക്കി. മാര്‍ച്ച് 31-നാണ് ഭര്‍ത്താവിനോട് അവസാനമായി സംസാരിച്ചതെന്ന് ഇഷ്‌റത്ത് പറയുന്നു. ഒരു രോഗിയെന്ന നിലയില്‍ മാത്രമേ വഖാറുദ്ദീനെ തനിക്ക് പരിചയമുള്ളുവെന്ന് ഹനീഫ് ആണയിട്ട് പറഞ്ഞതായി അവള്‍ പറഞ്ഞു.

# ‘ഞങ്ങളുടെ കുട്ടിയെ കുടുക്കിയതാണ്, എന്നിട്ട് കൊന്നു കളഞ്ഞു’

മുഹമ്മദ് ഇസ്ഹാര്‍ ഖാന്‍

ചൊവ്വാഴ്ച്ച തെലങ്കാനയില്‍ നടന്നെന്ന് പറയപ്പെടുന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മുഹമ്മദ് ഇസ്ഹാര്‍ ഖാന്റെ കുടുംബം പോലിസ് വെടിവെപ്പിനെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചു കഴിഞ്ഞു. അതൊരു മുന്‍കൂട്ടി ആസുത്രണം ചെയ്ത കൊലപാതകം തന്നെയാണെന്ന് അവര്‍ ഉറപ്പുപറയുന്നു. 2010-ല്‍ ലക്‌നോവില്‍ നിന്നും ഭീകരവാദ കേസില്‍ പിടിക്കപ്പെടുന്നതിന് മുമ്പ് ബിരുദധാരിയായ ഇസ്ഹാര്‍ ഒരു പ്രോപ്പര്‍ട്ടി ഡീലറായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. നാല് കേസുകളാണ് അദ്ദേഹത്തിന്റെ മേല്‍ ചാര്‍ത്തിയത്. രണ്ടെണ്ണം അഹ്മദാബാദിലും രണ്ടെണ്ണം ഹൈദരാബാദിലും. സിമി പ്രവര്‍ത്തകനെന്ന് പറയപ്പെടുന്ന വഖാറുദ്ദീന് പിസ്റ്റള്‍ വിതരണം ചെയ്തു എന്ന ആരോപണവും ഇസ്ഹാറിനെതിരെയുണ്ട്.

ഒരു കൊലപാതക കേസിലും മറ്റൊരു വധശ്രമക്കേസിലും ഇസ്ഹാര്‍ പ്രസ്തുത പിസ്റ്റളുകള്‍ ഉപയോഗിച്ചു എന്ന ആരോപണവും ഉണ്ട്. അഹ്മദാബാദില്‍ ഫയല്‍ ചെയ്യപ്പെട്ട വധശ്രമകേസില്‍ നിരപരാധിയാണെന്ന് തെളിഞ്ഞ് വഖാറിനെ വെറുതെവിട്ടിരുന്നതായി അദ്ദേഹത്തിന്റെ അഡ്വക്കറ്റ് ശൈഖ് സൈഫുല്ല ഖലീദ് വ്യക്തമാക്കി. അവനെ കുടുക്കിയതാണെന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്. ‘2010-ല്‍ അഹ്മദാബാദ് പോലിസ് അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് ഇസ്ഹാറിനെതിരെ ഒരു ക്രിമിനല്‍ കേസ് പോലും ഉണ്ടായിരുന്നില്ല. അഹ്മദാബാദ് പോലിസും ഹൈദരാബാദ് പോലിസും ചേര്‍ന്ന് അവന്റെ മേല്‍ കള്ളക്കേസുകള്‍ ചുമത്തിയതാണ്. സിമിയുമായി ഇസ്ഹാറിന് യാതൊരു ബന്ധവുമില്ല.’ കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് സൗദി അറേബ്യയില്‍ നിന്നും നാട്ടില്‍ മടങ്ങിയെത്തിയ ഇസ്ഹാറിന്റെ സഹോദരന്‍ മുഹമ്മദ് അന്‍വര്‍ പറഞ്ഞു.

ഇസ്ഹാറിനെ വാറങ്കല്‍ ജയിലില്‍ അദ്ദേഹം സന്ദര്‍ശിച്ചിരുന്നു. അഹ്മദാബാദിലും ഹൈദരാബാദിലും ഇസ്ഹാറിന് വേണ്ടി കേസ് വാദിക്കാന്‍ കുടുംബം വക്കീലുമാരെ ഏര്‍പ്പാടാക്കിയിരുന്നു. ‘ഇസ്ഹാറിനെ പോലിസ് കൊന്നതു തന്നെയാണ്. ആര്‍ക്കു വേണമെങ്കിലും ഞങ്ങളുടെ വീട് സന്ദര്‍ശിച്ച് ഞങ്ങളുടെ സാമ്പത്തിക സ്ഥിതി പരിശോധിക്കാവുന്നതാണ്. വാപ്പയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് പോലും അവന് പങ്കെടുക്കാന്‍ കഴിഞ്ഞില്ല,’ ഇസ്ഹാറിന്റെ സഹോദരി റുഖ്‌സാന പറഞ്ഞു. വിദ്യാന്ത് ഡിഗ്രി കോളേജിലെ ബിരുദ വിദ്യാര്‍ഥിയായിരുന്ന ഇസ്ഹാര്‍ കോളേജിലെ വിദ്യാര്‍ഥി യൂണിയന്റെ വൈസ് പ്രസിഡന്റ് കൂടിയായിരുന്നെന്ന് അമ്മാവന്റെ മകന്‍ വാസി അഹ്മദ് ചൂണ്ടികാട്ടി. അറസ്റ്റ് ചെയ്യപ്പെടുന്നതിന് തൊട്ടുമുമ്പാണ് ഇസ്ഹാര്‍ നിയമ പഠനത്തിന് ചേരാന്‍ അപേക്ഷ സമര്‍പ്പിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘മറ്റു മൂന്ന് കേസുകളില്‍ കൂടി ഇസ്ഹാറിനെ പ്രതി ചേര്‍ത്തിട്ടുണ്ട്. അഹ്മദാബാദ് ജയിലില്‍ കിടന്നിരുന്ന സമയത്താണ് ഹൈദരാബാദില്‍ രണ്ട് കേസുകളില്‍ കൂടി ഉള്‍പ്പെടുത്തിയത്. പിന്നീട് വിചാരണക്കായി ഹൈദരാബാദിലേക്ക് മാറ്റി. അവനെയും മറ്റുള്ളവരെയും വാറങ്കല്‍ ജയിലിലാണ് പാര്‍പ്പിച്ചിരുന്നത്. വിചാരണ നടക്കുന്ന കോടതി അവിടെ നിന്നും 120 കിലോമീറ്റര്‍ അകലെയായതിനാല്‍ അത്രയും ദൂരം അവര്‍ക്ക് സഞ്ചരിക്കേണ്ടിയിരുന്നു,’ അഡ്വക്കറ്റ് ഖലീദ് പറഞ്ഞു.

തെലങ്കാനയില്‍ പോയി മൃതദേഹം ആര് ഏറ്റെടുക്കും എന്നതിനെ കുറിച്ച് വീട്ടുകാര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. എല്ലാവരും ഇസ്ഹാറിന്റെ മൂത്തസഹോദരന്‍ സിയാഉശ്ശംസിനെ കാത്തിരിക്കുകയാണ്. അദ്ദേഹം ബുധനാഴ്ച്ച വൈകുന്നേരത്തോടെ ലകനൗവില്‍ എത്തിച്ചേരും. ആമിനാബാദ് പോലിസ് സ്‌റ്റേഷനിലെ ഒരു കോണ്‍സ്റ്റബിളാണ് ഇസ്ഹാറിനെ കൊന്നത് എന്നാണ് കുടുംബക്കാര്‍ പറയുന്നത്. മരണം സ്ഥീരികരിച്ചു കൊണ്ടുള്ള തെലങ്കാന പോലിസിന്റെ ഫാക്‌സ് അവര്‍ക്ക് ലഭിച്ചിരുന്നു. ഇസ്ഹാറിന്റെ സഹോദരങ്ങളായ സിയാഉശ്ശംസ്, മുഹമ്മദ് അന്‍വര്‍, മുഹമ്മദ് തന്‍വീര്‍ എന്നിവര്‍ സൗദി അറേബ്യയിലാണ് ജോലി ചെയ്യുന്നത്. ഉമ്മ നജ്മ ബീഗം സഹോദരങ്ങളുടെ ഭാര്യമാരോടും മക്കളോടുമൊപ്പമാണ് കഴിയുന്നത്. ഇസ്ഹാറിന്റെ ഉപ്പ 2013-ല്‍ മരണപ്പെട്ടു.

#തൂക്കിക്കൊല്ലാന്‍ വിധിച്ചിരുന്നെങ്കില്‍ ഞങ്ങള്‍ക്കിത്ര സങ്കടമുണ്ടാകുമായിരുന്നില്ല, ഏറ്റുമുട്ടല്‍ കൊലപാതകം ഒരിക്കലും ഞങ്ങള്‍ അംഗീകരിക്കില്ല

കൊല്ലപ്പെട്ട വഖാറുദ്ദീന്‍ അഹ്മദിന്റെ കുടുംബം

തന്റെ മകന്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടാന്‍ ഇടയാക്കിയ സംഭവവികാസങ്ങളെ കുറിച്ച് തന്നെയാണ് വഖാറുദ്ദീന്‍ അഹ്മദിന്റെ ഉപ്പ മുഹമ്മദ് അഹ്മദ് ചിന്തിച്ചു കൊണ്ടിരിക്കുന്നത്. അവര്‍ അഞ്ചു പേര്‍ക്കും എതിരെയുള്ള കേസുകള്‍ തെളിയിക്കാന്‍ പോലിസിന് കഴിയാത്തതിനാല്‍ അവര്‍ കുറ്റവിമുക്തരാക്കപ്പെടുമെന്ന കാര്യത്തില്‍ അഡ്വക്കറ്റുമാര്‍ക്ക് നല്ല ആത്മവിശ്വാസമുണ്ടായിരുന്നതായി അദ്ദേഹം പറഞ്ഞു. ‘ഏപ്രില്‍ 6-ന് തങ്ങളെ വാറങ്കലില്‍ നിന്നും ഹൈദരാബാദിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് വഖാറുദ്ദീന്‍ കോടതിയില്‍ പരാതി സമര്‍പ്പിച്ചിരുന്നു. പോലിസ് വ്യാജ ഏറ്റുമുട്ടല്‍ നടത്തുമെന്ന് അവന്‍ ഭയപ്പെട്ടിരുന്നു. അവരുടെ സ്ഥലം മാറ്റത്തെ കുറിച്ചുള്ള കോടതി വിധി ഏപ്രില്‍ 7 -ന് 1.30 മണിക്ക് പുറത്ത് വരാനിരുന്നതായിരുന്നു. പക്ഷെ അന്ന് അവര്‍ കോടതിയില്‍ എത്തിയില്ല. വിലങ്ങുകള്‍ അണിയിക്കപ്പെട്ട അവസ്ഥയില്‍ തന്നെയാണ് പോലിസ് അതിക്രൂമായി അവരെ വെടിവെച്ചു കൊന്നത്. ഇതാണ് ഞങ്ങളെ ഏറെ വേദനിപ്പിക്കുന്നത്. കോടതി അവന് വധശിക്ഷ വിധിച്ചിരുന്നെങ്കില്‍ ഞാന്‍ അംഗീകരിക്കുമായിരുന്നു. പക്ഷെ ഇവിടെ പോലിസ് തന്നെ ശിക്ഷ നടപ്പാക്കുകയായിരുന്നു,’ ഹൈദരാബാദ് പഴയ മലക്‌പേട്ടിലെ വീട്ടിലിരുന്ന് അഹ്മദ് പറഞ്ഞു.

അഹ്മദും അദ്ദേഹത്തിന്റെ മൂത്ത മകന്‍ ഇഖ്ബാലും സൗദി അറേബ്യയില്‍ കണ്‍സ്ട്രക്ഷന്‍ എഞ്ചിനീയര്‍മാര്‍ ആയതിനാല്‍ കുടുംബത്തിന് സാമ്പത്തികമായ ബുദ്ധിമുട്ടുകള്‍ ഒന്നുംതന്നെയുണ്ടായിരുന്നില്ല. ‘വഖാറും അവന്റെ ഉമ്മയും ഇവിടെ തന്നെയാണ് താമസിച്ചിരുന്നത്. ജീവിതം സന്തോഷപൂര്‍ണ്ണമായിരുന്നു. 2008-ല്‍ ഡല്‍ഹിയില്‍ ജോലിയാവശ്യാര്‍ത്ഥം ഇന്റര്‍വ്യൂവിന് പങ്കെടുക്കാനെന്ന് പറഞ്ഞാണ് അവന്‍ വീടുവിട്ടത്. അതെല്ലാം ശുദ്ധ അസംബന്ധമായിരുന്നെന്ന് വളരെ വൈകിയാണ് ഞാന്‍ മനസ്സിലാക്കിയത്.’ അഹ്മദ് പറഞ്ഞു. മക്കാ മസ്ജിദ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് പോലിസ് അറസ്റ്റ് ചെയ്യുമെന്ന് വഖാറുദ്ദീന്‍ ഭയപ്പെട്ടിരുന്നതായി അദ്ദേഹം സൂചിപ്പിച്ചു.

‘ ‘ദര്‍സ് ഗാഹെ ജിഹാദ് ഓര്‍ ഷഹാദത്ത്’ എന്ന സംഘടനയില്‍ അവന്‍ അംഗമായിരുന്നു. അവന്‍ അതിന്റെ യോഗങ്ങളിലും പങ്കെടുത്തിരുന്നു. അത്തരം സംഘടനകളുമായി ബന്ധപ്പെടുന്നത് കുടുംബം ഒരിക്കലും പ്രോത്സാഹിപ്പിച്ചിരുന്നില്ല. ഇന്ത്യയില്‍ നിലനില്‍ക്കുന്ന മറ്റു സംഘടനകളില്‍ അവന്‍ ചേര്‍ന്നിരുന്നില്ല എന്നതില്‍ ഞാന്‍ സന്തോഷവാനാണ്. അങ്ങനെയാണ് അവന്റെ മേല്‍ ഭീകരവാദി എന്ന മുദ്ര പതിഞ്ഞതെന്ന് എനിക്കിപ്പോവും മനസ്സിലാവുന്നില്ല,’ അഹ്മദ് പറഞ്ഞു.

2010 ജൂലൈയില്‍ വഖാറുദ്ദീനെ അറസ്റ്റ് ചെയ്തതിന് ശേഷം അഹ്മദ് ജോലിയുപേക്ഷിച്ച് വീട്ടിലേക്ക് മടങ്ങി. ‘അവന്‍ നല്ല കുട്ടിയായിരുന്നു. ബി.കോമിന് പഠിക്കുകയായിരുന്നു. കുടുംബത്തില്‍ എല്ലാവരില്‍ നിന്നും അവന്‍ എന്തിനാണ് അകന്ന് നിന്നതെന്ന് എനിക്കറിയില്ല. ഒരു വര്‍ഷത്തിന് ശേഷം അവന്‍ കൂടുതല്‍ തന്നിലേക്ക് തന്നെ ഒതുങ്ങിയതായി ഞാന്‍ മനസ്സിലാക്കി. ഞങ്ങളുമായി ബന്ധപ്പെടണമെന്ന ചിന്തയൊന്നും അവനുണ്ടായിരുന്നില്ല. പോലിസുകാരുടെ വെടിയേറ്റ് അവന്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത ടിവിയില്‍ കണ്ടപ്പോള്‍ ഹൃദയം നടുങ്ങിപ്പോയി.’ അറസ്റ്റ് ചെയ്യപ്പെട്ടതിന് ശേഷം രണ്ട വര്‍ഷങ്ങള്‍ കഴിഞ്ഞാണ് അഹ്മദ് തന്റെ മകനെ കണ്ടത്. അപ്പോഴേക്കും കൊടും ഭീകരവാദി എന്ന കുപ്രസിദ്ധി വഖാര്‍ നേടിയിരുന്നു. മാര്‍ച്ച് 15-നാണ് അവസാനമായി അദ്ദേഹം വഖാറിനെ കണ്ടത്.

‘ആരോഗ്യം നിലനിര്‍ത്താന്‍ അവന്‍ ജയിലില്‍ സ്ഥരിമായി യോഗ പരിശീലിച്ചിരുന്നു. ചില പുസ്തകങ്ങള്‍ കൊണ്ടു വരാന്‍ എന്നോട് ആവശ്യപ്പെട്ടിരുന്നു. ഏറ്റുമുട്ടലിനെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പോലിസിനും കോടതിക്കും ഞാന്‍ പരാതി സമര്‍പ്പിക്കും. ഈ കൂട്ടക്കൊലയില്‍ പങ്കുള്ള എല്ലാവരെയും നീതിപീഠത്തിന് മുന്നില്‍ വിചാരണക്ക് വിധേയമാക്കുക തന്നെ വേണം.’

2010 മെയ് 18-ന് ഫലക്‌നുമക്കടുത്ത് വെച്ച് ഒരു കോണ്‍സ്റ്റബഌനെ വധിച്ച കേസും, മറ്റൊരു ഹോം ഗാര്‍ഡിനെ വെടിവെച്ച കേസുമടക്കം വഖാറുദ്ദീനെതിരെ 11 കേസുകളാണ് ഉണ്ടായിരുന്നത്.

# ‘ഒരു ദിവസം അവന്‍ വീടുവിട്ടു പോയി, എവിടേക്കാണ് പോയത് എന്നതിനെ കുറിച്ച് ഞങ്ങള്‍ക്ക് ധാരണയില്ലായിരുന്നു’

കൊല്ലപ്പെട്ട സയ്യിദ് അംജദ് അലിയുടെ കുടുംബം

മകന്‍ സയ്യിദ് അംജദ് അലി വീടുവിട്ടിറങ്ങി പോകുകയും ശേഷം ജയിലിലടക്കപ്പെടുകയും ചെയ്തതോടു കൂടി 67 വയസ്സുകാരനായ സയ്യിദ് അഷ്‌റഫ് ്അലിയുടെ ആരോഗ്യനില കൂടുതല്‍ മോശമായി. അദ്ദേഹത്തിന്റെ ഓര്‍മ നശിക്കാന്‍ തുടങ്ങിയതായി കുടുംബാംഗങ്ങള്‍ പറഞ്ഞു. അങ്ങനെയിരിക്കെയാണ് ഏപ്രില്‍ 7-ന് 28 വയസ്സുള്ള മകന്‍ വാറങ്കല്‍ പോലിസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ട വാര്‍ത്ത വരുന്നത്. അംജാദും അവന്റെ കസിന്‍ വഖാറുദ്ദീനും ഒരുമിച്ചാണോ പോയത് അതോ അവരില്‍ ഒരാള്‍ മറ്റേയാളെ നിര്‍ബന്ധിച്ച് കൂട്ടിയതാണോ എന്ന കാര്യത്തില്‍ കുടുംബത്തിന് യാതൊരു ഉറപ്പുമില്ല. എംബ്രോഡയറി ഡിസൈനറായിരുന്ന അംജദ് 2006-ല്‍ എല്ലാറ്റില്‍ നിന്നും പെട്ടെന്ന് ഒളിച്ചോടിയതോടെയാണ് കുടുംബം പ്രശ്‌നങ്ങളിലേക്ക് കൂപ്പുകുത്തിയത്.

‘ഒരു ദിവസം അവന്‍ വീട്ടില്‍ നിന്നും ഇറങ്ങിപ്പോയി. 2010 ജൂലൈയില്‍ അവന്‍ അറസ്റ്റ് ചെയ്യപ്പെടുന്നതിന് മുമ്പ് അവന്‍ എവിടെയായിരുന്നു എന്നതിനെ കുറിച്ച് ഞങ്ങള്‍ക്ക് യാതൊരു വിവരവും ഇല്ലായിരുന്നു. ആദ്യത്തെ കുറച്ച് മാസം എവിടെയൊക്കെയോ ഡിസൈനറായി ജോലി നോക്കുന്നുണ്ടെന്ന വിവരം ഞങ്ങള്‍ക്ക് ലഭിച്ചിരുന്നു. പക്ഷെ പിന്നീട് നാലു വര്‍ഷത്തിന് അവനുമായി ഞങ്ങള്‍ക്ക് യാതൊരു വിധത്തിലുള്ള ബന്ധവും ഉണ്ടായിരുന്നില്ല. അറസ്റ്റ് ചെയ്യപ്പെട്ട വിവരം രണ്ട് പോലിസുകാര്‍ വന്നാണ് ഞങ്ങളെ അറിയിച്ചത്’ അംജദിന്റെ ഇളയ സഹോദരന്‍ സയ്യിദ് ഇംതിയാസ് അലി പറഞ്ഞു.

അംജദിന്റെ കോടതി ചെലവുകള്‍ കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. സന്തോഷ് നഗറിലെ മോയിന്‍ ബാഗിലുള്ള തന്റെ വീട് അഷ്‌റഫ് അലി വിറ്റു. എന്നിട്ട് ഹൈദരാബാദിലെ യാസീന്‍ മാന്‍സിലിലേക്ക് കുടുംബത്തോടൊപ്പം താമസം മാറ്റി. ‘വഖാറിനെ പോലെതന്നെ അംജദും തന്റെ ജീവന്‍ അപകടത്തിലാണെന്ന് കോടതിയെ ബോധിപ്പിച്ചിരുന്നു. പ്രത്യേകിച്ച് വാറങ്കല്‍ ജയിലിലേക്ക് മാറ്റിയതിന് ശേഷം ഏതു നിമിഷവും ജീവന്‍ അപകടത്തിലാവാമെന്ന് അവര്‍ ഭയപ്പെട്ടിരുന്നു.’ ഇംതിയാസ് ചൂണ്ടികാട്ടി.

അംജദുമായി ബന്ധപ്പെട്ട് ഒരുപാട് ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ അവശേഷിക്കുന്നുണ്ട്. കുടുംബം അവനുമായി ബന്ധപ്പെടാന്‍ യാതൊരു ശ്രമവും നടത്തിയിരുന്നില്ലെന്നത് ഒന്ന്. അംജദ് പിഴച്ചു പോയതായി അവന്റെ ഉപ്പാക്ക് നേരത്തെ തന്നെ അറിയാമായിരുന്നെന്നാണ് സഹോദരങ്ങളുടെ സംസാരത്തില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കുന്നത്. അംജദ് ഹൈദരാബാദിലെ ഷെര്‍ലപള്ളി സെന്‍ട്രല്‍ ജയിലിലായിരുന്ന സമയത്ത് വളരെ അപൂര്‍വ്വമായാണ് കുടുംബം അവനെ സന്ദര്‍ശിച്ചിരുന്നത്. ബാങ്ക് കൊള്ളക്കിടെ ഒരു കോണ്‍സ്റ്റബിളിനെ വെടിവെച്ച കേസില്‍ വാദം കേട്ടതിന് ശേഷം മാര്‍ച്ച് 7-ന് ഗുജറാത്തില്‍ നിന്നും മടക്കി കൊണ്ടുവന്നപ്പോഴാണ് സഹോദരന്‍മാര്‍ അംജദിനെ അവസാനമായി കണ്ടത്.

# കൊല്ലപ്പെട്ട മുഹമ്മദ് സാക്കിറിന്റെ കുടുംബത്തെ കുറിച്ച് യാതൊരു വിവരവുമില്ല

തെലങ്കാന പോലിസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട അഞ്ചാമന്‍ മുഹമ്മദ് സാക്കിറിന്റെ കുടുംബത്തെ കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല. മുമ്പ് താമസിച്ചിരുന്ന സ്ഥലത്തു നിന്നും അവര്‍ ഒരു വര്‍ഷം മുമ്പ് അവര്‍ താമസം മാറ്റിയിരുന്നു. പുതിയ അഡ്രസ്സ് പോലിസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുമില്ല. സിഖന്ദറാബാദിലെ വാര്‍സിഗുഡയിലെ താമസക്കാരനായിരുന്നു സാക്കിര്‍.

മൊഴിമാറ്റം : ഇര്‍ഷാദ് കാളാച്ചാല്‍

അവലംബം: ഇന്ത്യന്‍ എക്‌സ്പ്രസ്‌

Related Articles