Current Date

Search
Close this search box.
Search
Close this search box.

തുര്‍ക്കി; ജനങ്ങളാണ് അട്ടിമറിയെ തോല്‍പ്പിച്ചത്

turkish-people.jpg

ഈ സാഹസം തുര്‍ക്കിക്ക് വളരെ നന്നായി അറിയാവുന്ന കാര്യമാണ്. ഈ രംഗങ്ങള്‍ തുര്‍ക്കി ജനതക്ക് മുന്‍പരിചയമുണ്ട്. മുന്‍കാലങ്ങളില്‍ നടന്ന ഓരോ അട്ടിമറിയുടെയും (1960, 1971-1973, 1980, 1997)വേദനയും പരിണിതഫലങ്ങളും തുര്‍ക്കി ജനതയുടെ ഓര്‍മയിലുണ്ട്. ആ മുറിവുകള്‍ ഇന്നും ഉണങ്ങിയിട്ടില്ല.

ഒരു ചെറിയ സംഘം അട്ടിമറിക്കാരും, അവരുടെ സഹകാരികളുമല്ലാതെ ഈ അട്ടിമറികളില്‍ ആരും തന്നെ വിജയം വരിച്ചിട്ടില്ലെന്ന കാര്യം അവര്‍ക്കെല്ലാവര്‍ക്കും അറിയാം. പട്ടാള അട്ടിമറിയെ പിന്തുണച്ചവര്‍ക്ക് പോലും അതിന്റെ ദുരിതങ്ങള്‍ അനുഭവിക്കേണ്ടി വന്നു. അവര്‍ അവരുടെ ജീവിതം പാഴാക്കി കളഞ്ഞു. സ്വന്തം ഭാവിയെ തന്നെയാണ് അവര്‍ ഇരുട്ടിലാഴ്ത്തി കളഞ്ഞത്.

അതുകൊണ്ടാണ്, തുര്‍ക്കി സര്‍ക്കാര്‍ ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള, അമേരിക്ക കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പണ്ഡിതന്‍ ഫതഹുല്ല ഗുലന്‍ നേതൃത്വം വഹിക്കുന്ന ഗുലന്‍ മൂവ്‌മെന്റ് എന്ന പ്രസ്ഥാനത്തോട് കൂറ് പുലര്‍ത്തുന്നവര്‍ എന്ന വിശ്വസിക്കപ്പെടുന്ന സൈന്യത്തിലെ ഒരുവിഭാഗം ആളുകള്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ശ്രമിച്ചപ്പോള്‍, പാര്‍ലമെന്റിലെ എല്ലാ പാര്‍ട്ടികളും, വ്യത്യസ്ത തുറകളില്‍ നിന്നും വരുന്നവരും, വിശ്വാസങ്ങള്‍ വെച്ചുപുലര്‍ത്തുന്നവരുമായ മനുഷ്യരും ഒരുമിച്ച് നിന്ന് അതിനെ എതിര്‍ത്ത് തോല്‍പ്പിച്ചത്.

അതൊരു ഇരുണ്ട രാത്രിയായിരുന്നു, പക്ഷെ ജനാധിപത്യത്തിന്റെ ഒരു പുതുപുലരിയായിരുന്നു അതിന് ശേഷം തുര്‍ക്കിയില്‍ പുലര്‍ന്നത്.

്അതൊരു ഇരുണ്ട രാത്രി തന്നെയായിരുന്നു. കാരണം എല്ലാ വിധത്തിലും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന ഇന്നത്തെ സുതാര്യമായ ലോകത്തില്‍, സങ്കുചിതമായ അജണ്ടയാല്‍ നയിക്കപ്പെട്ട ഒരു ചെറിയ സംഘം അട്ടിമറിക്കാര്‍ക്ക് ദേശീയ പാര്‍ലമെന്റില്‍ ബോംബ് സ്ഥാപിക്കാനും, ടി.വി ചാനലുകളും, വാര്‍ത്താ ഏജന്‍സികളും പിടിച്ചെടുക്കാനും, സിവിലിയന്‍മാരെ കൊന്ന് തള്ളാനും സാധിച്ചു.

പാര്‍ലമെന്റിനും, പ്രസിഡന്റിന്റെ വസതിക്കും നേര്‍ക്ക് ബോംബാക്രമണം ഉണ്ടായി. തുര്‍ക്കിയുടെ ചരിത്രത്തില്‍ സമാനതകളില്ലാത്ത സംഭവമാണിത്.

ആളുകള്‍ക്ക് പെട്ടെന്ന ഗ്രഹിക്കാന്‍ വേണ്ടിയാണ് നാം ഇതിനെ അട്ടിമറി എന്ന് പേരിട്ട് വിളിക്കുന്നത്. അട്ടിമറിയേക്കാള്‍ വലുതാണിത്. തുര്‍ക്കിയില്‍ മുന്‍കാലങ്ങളില്‍ സംഭവിച്ച നിന്ദ്യമായ അട്ടിമറികളോട് ഒരുതരത്തിലും താരതമ്യം ചെയ്യാന്‍ സാധിക്കാത്ത സമാനതകളില്ലാത്ത കാര്യങ്ങളാണ് ഇന്നലെ അരങ്ങേറിയത്.

വിവേചനരഹിതമായി സിവിലിയന്‍മാരെ കടന്നാക്രമിച്ചു കൊണ്ട് സമൂഹത്തില്‍ ഭയത്തിന്റെ അളവ് കൂട്ടാന്‍ വേണ്ടി ഒരു ചെറിയ സംഘം ആളുകള്‍ നടത്തിയ ഒരു ഭീകരവാദ കാമ്പയിനോടാണ് ഈ അട്ടിമറി ശ്രമത്തിന് ഏറെ സാദൃശ്യം. ഇതിന്റെ ഫലമായി ഒരുപാട് പേര്‍ക്ക് തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടമായി.

പക്ഷെ ആ രാത്രി തുര്‍ക്കിയെ ഒരു തെളിഞ്ഞ പ്രഭാതത്തിലേക്കാണ് നയിച്ചത്. തങ്ങളുടെ പകരം വെക്കാനില്ലാത്ത ധീരത തുര്‍ക്കി ജനത ലോകത്തിന് മുമ്പാകെ തെളിയിച്ചു. അവര്‍ തെരുവുകളിലേക്ക് ഇറങ്ങി ചെല്ലുകയും, രാഷ്ട്രീയ അസ്വാരസ്യങ്ങള്‍ രാഷ്ട്രീയപരവും ജനാധിപത്യപരവുമായ മാര്‍ഗങ്ങളിലൂടെയാണ് പരിഹരിക്കേണ്ടതെന്ന് ആവശ്യപ്പെടുകയും ചെയ്തു.

എല്ലാ രാഷ്ട്രീയധാരകളില്‍ നിന്നും വരുന്ന ഭൂരിഭാഗം വരുന്ന ജനങ്ങള്‍ പട്ടാളത്തിന്റെ ഹിംസാത്മക നീക്കത്തെ തള്ളികളഞ്ഞു. രാജ്യത്തെ എല്ലാ രാഷ്ട്രീയ കക്ഷികളും പട്ടാളത്തിന്റെ നീക്കത്തിനെതിരെ ഒരുമിച്ച് നിലകൊണ്ടു.

ഈ ‘അക്രമകാരികള്‍ക്ക്’ മുന്നില്‍ അടിപതറാതെ, എതിര്‍ത്ത് നില്‍ക്കണമെന്ന് പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്തു. ജനങ്ങള്‍ അനുകൂലമായി പ്രതികരിച്ചു. തത്ഫലമായി, അട്ടിമറി ശ്രമത്തിന് ഒരു ദിവസത്തില്‍ കൂടുതല്‍ ആയുസ്സ് നീട്ടികൊണ്ടു പോകാന്‍ സാധിച്ചില്ല.

കഴിഞ്ഞ വര്‍ഷങ്ങളിലെ രാഷ്ട്രീയ ധ്രൂവീകരണവും, ചേരീതിരിവും പരിഗണിക്കുമ്പോള്‍, തുര്‍ക്കിയെ സംബന്ധിച്ചിടത്തോളം ദേശീയ ഐക്യത്തിന്റെ അപൂര്‍വ്വ ചിത്രങ്ങളില്‍ ഒന്നായി ഇന്നലത്തെ സംഭവം മാറി.

ഗുലനിസ്റ്റുകള്‍ ഉയര്‍ത്തുന്ന അപകടത്തിന്റെ വ്യാപ്തി തുറന്ന് കാട്ടുന്ന ഒന്നായിരുന്നു പരാജയപ്പെട്ട അട്ടിമറി ശ്രമം. ഈ സംഘം രാഷ്ട്രത്തിലുള്ളിലെ ഒരു സമാന്തര രാഷ്ട്രമാണെന്നും, അത് തുര്‍ക്കിയുടെ ജനാധിപത്യ വ്യവസ്ഥക്കും, രാഷ്ട്രീയത്തിനും, സര്‍വ്വോപരി തുര്‍ക്കി ജനതക്കും ഒരു ഭീഷണിയാണെന്നും വിശദീകരിക്കുമ്പോള്‍, അത് കൊണ്ട് എന്താണ് തുര്‍ക്കി അര്‍ത്ഥമാക്കുന്നതെന്ന് ഇപ്പോള്‍ ലോകം മനസ്സിലാക്കുന്നുണ്ട്.

അട്ടിമറിയില്‍ ഉള്‍പ്പെട്ടവര്‍ തുര്‍ക്കി ജനതയുടെ ആഗ്രഹാഭിലാഷങ്ങളെ മാത്രമല്ല വെല്ലുവിളിച്ചിരിക്കുന്നത്, അവരുടെ മേലധികാരികളുടെ തീരുമാനങ്ങളെ കൂടിയാണ് അവര്‍ ധിക്കരിച്ചിരിക്കുന്നത്. സൈന്യത്തിലെ വലിയൊരു വിഭാഗം അട്ടിമറിക്കാരുടെ കൂടെയുണ്ടായിരുന്നില്ല.

ആഗസ്റ്റ് 1, 2016-ന് നടക്കാനിരുന്ന സുപ്രീം മിലിറ്ററി കൗണ്‍സില്‍ യോഗമായിരിക്കാം ഇപ്പോള്‍ ഇത്തരമൊരു അട്ടിമറി ശ്രമം നടത്താന്‍ സൈന്യത്തെ പ്രേരിപ്പിച്ച ഘടകങ്ങളില്‍ ഒന്ന്. സൈന്യത്തിലെ ഉന്നതതലങ്ങളില്‍ ഒരു വന്‍ അഴിച്ചു പണിക്ക് പ്രസ്തുത യോഗം വഴിവെക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു. ഗുലനിസ്റ്റുകളില്‍ നിന്നും മുക്തമായ സൈന്യം എന്ന ചിരകാലാഭിലാഷം അതോടെ പുലരുമെന്നും പ്രതീക്ഷിക്കപ്പെട്ടിരുന്നു.

കൂടാതെ, സൈന്യത്തിലെ ഗുലനിസ്റ്റുകള്‍ക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇത് ചിലപ്പോള്‍ അവരെ തളര്‍ത്തിയിട്ടുണ്ടാകാം. അതായിരിക്കാം ഇത്തരമൊരു സമയോജിതമല്ലാത്ത അപക്വവും എടുത്തുചാടിയുമുള്ള ഒരു അട്ടിമറി ശ്രമത്തിലേക്ക് അവരെ നയിച്ചത്.

സര്‍ക്കാര്‍ തലത്തിലും മറ്റും പടര്‍ന്ന് പന്തലിച്ച് കിടക്കുന്ന ഗുലനിസ്റ്റ് ശൃംഖല കണ്ടെത്തി അവരെ പൂര്‍ണ്ണമായും നിഷ്‌കാസനം ചെയ്യാനുള്ള കാര്യങ്ങളിലായിരിക്കും ഇനി ഗവണ്‍മെന്റ് ഏര്‍പ്പെടുക. ഭൂരിപക്ഷ സമൂഹവും, രാഷ്ട്രീയ നേതൃത്വവും അത് തന്നെയാണ് ആവശ്യപ്പെടുന്നതും.

ഈ അട്ടിമറി ശ്രമത്തെ ദേശീയ ഏക്യത്തിനുള്ള ഒരു ഉപാധിയായി ഉപയോഗിക്കാനുള്ള സുവര്‍ണ്ണാവസരമാണ് തുര്‍ക്കിക്ക് ലഭിച്ചിരിക്കുന്നത്. അട്ടിമറി ശ്രമത്തെ എതിര്‍ത്ത് തോല്‍പ്പിച്ചതില്‍ സാമൂഹികവും രാഷ്ട്രീയവുമായ അഭിപ്രായയൈക്യം രൂപപ്പെട്ടിട്ടുണ്ട്. സര്‍ക്കാര്‍ ഇത് കാര്യക്ഷമമായി ഉപയോഗപ്പെടുത്തേണ്ടതുണ്ട്.

ഗുലനിസ്റ്റ് ശൃംഖലയെ ഉച്ചാടനം ചെയ്യുന്നതിനോടൊപ്പം തന്നെ, ദേശീയവ്യാപകമായ ഒരു ഐക്യശ്രമത്തിനാവശ്യമായ നടപടികള്‍ സര്‍ക്കാര്‍ കൈകൊള്ളുക തന്നെ വേണം. ഭീഷണിയായി തുടങ്ങിയ ഒന്നിനെ ഒരു അവസരമാക്കി മാറ്റാന്‍ കഴിയേണ്ടതുണ്ട്.

ഇത് ജസ്റ്റിസ് ആന്റ് ഡവലപ്‌മെന്റ് പാര്‍ട്ടിയുടെ (എ.കെ പാര്‍ട്ടി) പദവിയും സ്ഥാനവും ഒന്നുകൂടി ബലപ്പെടുത്തും. കാരണം എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മാറ്റി വെച്ച് പാര്‍ട്ടിയിലെ മുന്‍ അംഗങ്ങളും നിലവിലുള്ളവരും അട്ടിമറിക്കെതിരെ ഐക്യത്തോടെ നിലകൊണ്ട രംഗത്തിന് നാം സാക്ഷിയായി. എ.കെ പാര്‍ട്ടി കൂടുതല്‍ ശക്തിയോടെയും ഐക്യത്തോടെയും ഉയര്‍ന്നുവരും.

രണ്ടര വര്‍ഷങ്ങള്‍ക്ക് മുമ്പ്, അല്‍ജസീറയില്‍ എഴുതിയ ഒരു ലേഖനത്തില്‍ ഞാന്‍ എഴുതുകയുണ്ടായി, ‘ഗുലന്‍ മൂവ്‌മെന്റിന്റെ സമാന്തര പ്രവര്‍ത്തനം തകര്‍ക്കപ്പെടുന്നില്ലെങ്കില്‍, തുര്‍ക്കിയില്‍ ജനാധിപത്യത്തിന് വളരാന്‍ കഴിയില്ല.’. ഇതിനെ അടിവരയിടുന്നതാണ് ഇന്നലെ നടന്ന സംഭവങ്ങള്‍.

അട്ടിമറി ശ്രമത്തെ ജനങ്ങള്‍ ഒന്നിച്ച് നിന്ന് തോല്‍പ്പിച്ച് കളഞ്ഞിരിക്കുന്നു. രാഷ്ട്രീയനേതൃത്വം ജാഗ്രതപാലിക്കണം. കുറ്റക്കാരെയും അവരുടെ പടര്‍ന്ന് പന്തലിച്ച് കിടക്കുന്ന ശൃംഖലയെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരിക തന്നെ വേണം. തുര്‍ക്കിയിലെ ജനാധിപത്യത്തെ പിന്തുണക്കുന്നവരെല്ലാം അവരുടെ പിന്തുണക്കണം. രാഷ്ട്രത്തിന്റെ ഭാവിയില്‍ ഇനി അത്തരത്തിലുള്ള അട്ടിമറികള്‍ സംഭവിക്കില്ലെന്ന് ഉറപ്പുവരുത്തണം.

വിവ: ഇര്‍ഷാദ് ശരീഅത്തി

Related Articles