Current Date

Search
Close this search box.
Search
Close this search box.

ചോറുരുട്ടി തന്നവരെ കറി വെച്ച് തിന്നുന്ന സമൂഹം

ഈയടുത്താണ് നമ്മുടെ കമ്മ്യൂണിസ്റ്റ് ചൈനയിലെ ഹോങ്കോങില്‍ മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ഒരു കേസ് കോടതിയില്‍ വിചാരണക്കെത്തിയത്. കുടുംബമെന്ന സ്ഥാപനത്തിന് പ്രബുദ്ധ പൗരസമൂഹം കല്‍പിക്കുന്ന ജീര്‍ണതകളില്‍ നിന്ന് മുക്തമായ ഒരു അസ്തിത്വ സങ്കല്‍പ്പനത്തിന് കാതങ്ങള്‍ അകലെ നില്‍ക്കുന്ന ഒരുപക്ഷെ കേസന്വേഷണ ചരിത്രത്തില്‍ സമാനതകളില്ലാത്ത ഒരു അനിഷ്ടസംഭവമായിരുന്നു അത്. സ്വന്തം മാതാപിതാക്കളെ അതിക്രൂരമായി കൊലപ്പെടുത്തി വെട്ടിനുറുക്കി തുണ്ടം തുണ്ടമാക്കി തെളിവു നശിപ്പിക്കാന്‍ ആ പവിത്രമായ ശരീരഭാഗങ്ങള്‍ പാചകം ചെയ്യാന്‍ തുനിഞ്ഞ ഒരു മകന്റെ നീചമായ മാനസികാവസ്ഥയെ അപഗ്രഥിക്കുമ്പോള്‍ ധാര്‍മികപാലനം ജീവിതചര്യയാക്കിയവരുടെ കര്‍മ്മങ്ങളുടെ മര്‍മ്മങ്ങളിലേക്കാണ് ചോദ്യങ്ങളുടെ മുനകള്‍ നീളുന്നത്.

നിങ്ങള്‍ എന്തെടുക്കുകയാണ് എന്ന കേവല വിമര്‍ശനയുക്തി മാത്രമാണ് ചോദ്യങ്ങളില്‍ അന്തര്‍ഭവിച്ചിരിക്കുന്നത് എന്ന് ലളിതവല്‍കരിച്ച് രക്ഷപ്പെടാന്‍ സമൂഹത്തോട് നൈതിക പ്രതിബദ്ധത പുലര്‍ത്തുന്നവരെ സംബന്ധിച്ച് അസാധ്യമാണ്. വൃദ്ധസദനങ്ങളുടെ നാല് ചുമരിടുക്കിലേക്ക് വലിച്ചെറിയപ്പെടുന്ന മാതൃ-പിതൃത്വങ്ങളുടെ ദയനീയതകള്‍ മാത്രമായിരുന്നു സമീപ വര്‍ത്തമാനങ്ങളില്‍ നമുക്ക് പരിചിതമായിട്ടുണ്ടായിരുന്നത്. മാതാ പിതാ ഗുരു എന്ന ആധ്യാത്മിക വാക്യം പിച്ചവെക്കുന്ന നാള്‍ മുതല്‍ കേട്ട് ശീലിച്ച് വളരുന്ന ദര്‍ശനങ്ങളുടെ ഗേഹമായ ഭാരതത്തില്‍ പോലും വര്‍ഗീയ കലാപങ്ങളില്‍ മാത്രമായിരുന്നു ഗര്‍ഭങ്ങളില്‍ മുളയെടുത്തു വരുന്ന ശിശുവിനൊപ്പം ത്രിശൂലങ്ങളില്‍ കോര്‍ക്കാന്‍ വിധിക്കപ്പെട്ട മാതൃത്വങ്ങളുടെ കരളലിയിപ്പിക്കുന്ന രോദനങ്ങള്‍ നാം കേട്ടിരുന്നത്.

ഭൂമിശാസ്ത്രപരമായ അകലങ്ങള്‍ക്ക് പ്രസക്തി നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഇക്കാലത്ത് നാം സുരക്ഷിതരാണ് എന്ന് കരുതാന്‍ യാതൊരു ന്യായവുമില്ല. സാംസ്‌കാരികമായ മൂല്യച്യുതികള്‍ വേഗത്തില്‍ പടരുവാന്‍ തക്കത്തില്‍ മനസ്സുകളെ ഒരുക്കുന്ന പുതിയൊരു ലോകക്രമമാണ് ഇന്ന് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. വിഷം തീണ്ടിയ ലോകക്രമത്തിന്  ആത്മീയ പ്രതിരോധങ്ങള്‍ തേടുന്നവര്‍ അപരന്റെ വേദനകളിലേക്ക് ഹൃദയം തുറക്കാന്‍ അനുവദിക്കാത്ത ആത്മീയാഭ്യാസങ്ങളിലേക്ക് വ്യാപകമായി ആകര്‍ഷിക്കപ്പെടുന്നു.

പത്ത് മാസത്തെ ഗര്‍ഭധാരണ കാലയളവില്‍ വാക്കുകള്‍ കൊണ്ട് വിവരിക്കാന്‍ സാധ്യമല്ലാത്ത ഘട്ടങ്ങളിലൂടെ കടന്നു പോകുന്ന ഒരു മാതാവും, ആ സവിശേഷ സാഹചര്യത്തില്‍ ഒരു തണല്‍ മരമായി മാതൃത്വത്തിന് മേല്‍ പടര്‍ന്നു നില്‍ക്കുന്ന പിതാവും ഇസ്‌ലാം എന്ന ഇഹപര ലോകങ്ങളെ ചൂഴ്ന്ന് നില്‍ക്കുന്ന പ്രത്യയശാസ്ത്രത്തെ സംബന്ധിച്ചിടത്തോളം കേവലം രണ്ട് മാംസപിണ്ഡങ്ങളല്ല. മാതാപിതാക്കളുടെ നേരെ അക്ഷരവടിവുകളില്‍ രേഖപ്പടുത്താന്‍ സാധിക്കാത്ത അതൃപ്തിയോടെയുള്ള ഒരു ചെറു ശബ്ദം പോലും പുറപ്പെടുവിക്കരുതെന്നാണ് ഇസ്‌ലാം അനുശാസിക്കുന്നത്. മനുഷ്യന്റെ തിരഞ്ഞെടുപ്പിന് വിട്ടുകൊടുത്ത് കൊണ്ടല്ല ഇസ്‌ലാം ഇത് പറയുന്നത് മറിച്ച് നിര്‍ബന്ധമായി അനുസരിക്കപ്പെടേണ്ട ഒരു നിയമമെന്ന നിലക്കാണ്.

നാമൊന്ന് നമുക്കൊന്ന് എന്ന തരത്തില്‍ മനുഷ്യന്റെ പ്രത്യുല്‍പാദന ശേഷിയെ സാമ്പത്തിക ശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ പരിമിതപ്പെടുത്തിയ കമ്മ്യൂണിസ്റ്റ് ചൈനയിലാണ് ഈയടുത്ത കാലത്ത് ഇസ്‌ലാമിക അനുഷ്ഠാനങ്ങള്‍ക്കെതിരെയുള്ള നിരോധനാജ്ഞകള്‍ നിലവില്‍ വന്നത്. മനുഷ്യനെ ധാര്‍മ്മികമായി സംസ്‌ക്കരിക്കുക എന്ന ലക്ഷ്യം ഉള്‍വഹിക്കുന്ന വ്രതാനുഷ്ഠാനം എന്ന ഇസ്‌ലാമിക ആരാധന കഴിഞ്ഞ റമദാന്‍ മാസത്തില്‍ ചൈനയില്‍ നിരോധിക്കപ്പെട്ടിരുന്നു എന്ന വസ്തുത ഓര്‍ക്കേണ്ടതാണ്. മനുഷ്യ കുലത്തെ ഒന്നടങ്കം നേര്‍മാര്‍ഗത്തിലേക്ക് നയിക്കുവാന്‍ ഇസ്‌ലാം മുന്നോട്ടു വെക്കുന്നതും, മറ്റ് മതസംഹിതകള്‍ പ്രോല്‍സാഹിപ്പിക്കുന്നതുമായ ധാര്‍മ്മിക മൂല്യങ്ങള്‍ ഏതൊരു സമൂഹം തള്ളികളയുന്നുവോ അവയൊക്കെ തന്നെ മനുഷ്യനെ കേവലം ഒരു മാംസപിണ്ഡത്തിന്റെ തൂക്കത്തിലേക്ക് പരിമിതപ്പെടുത്തുന്ന പ്രകൃതി വിരുദ്ധമായ ആശയം വെച്ചുപുലര്‍ത്തുന്ന ഒരു തലമുറക്കായിരിക്കും ജന്മം നല്‍കുക.

Related Articles