Current Date

Search
Close this search box.
Search
Close this search box.

ചെച്‌നിയയിലെ അഹ്‌ലുസ്സുന്ന സമ്മേളനം ആരുടെ അജണ്ട?

chechnia-conf.jpg

ഭീകരമായ അധപതന കാലത്തിന്റെ രേഖകളിലേക്ക് ചേര്‍ത്തു വെക്കാന്‍ പുതിയൊരു പ്രശ്‌നം കൂടി ഉണ്ടായിരിക്കുന്നു. രാഷ്ട്രീയ കുഴുപ്പങ്ങള്‍ക്കും അവയുണ്ടാക്കിയ കാര്‍മേഘങ്ങള്‍ക്കും ഒപ്പം മതത്തിന്റെ ആളുകളുണ്ടാക്കിയ കുഴപ്പവും നമ്മെ ഉറ്റുനോക്കുന്നു. മുസ്‌ലിംകളല്ലാത്തവരുമായുള്ള മുസ്‌ലിംകളുടെ ബന്ധം മുതല്‍ ഇസ്‌ലാമിസ്റ്റുകള്‍ക്കും മതേതരവാദികള്‍ക്കും ഇടയിലെ സംഘട്ടനങ്ങളും സുന്നീ – ശിയാ പോരാട്ടങ്ങളും വരെ അതിലുണ്ട്. അഹ്‌ലുസ്സുന്ന തന്നെ ഉയര്‍ത്തിയ കുഴപ്പത്തിന്റെ കാറ്റാണ് കഴിഞ്ഞ ആഴ്ച്ച വീശിയത്.

അഹ്‌ലുസ്സുന്നഃ വല്‍ജമാഅയെ പരിചയപ്പെടുത്താനെന്ന പേരില്‍ ചെച്‌നിയന്‍ തലസ്ഥാനമായ ഗ്രോസ്‌നിയില്‍ നടന്ന സമ്മേളനം നമ്മെ ആശ്ചര്യപ്പെടുത്തി. സലഫികളെ അഹ്‌ലുസ്സുന്നയില്‍ നിന്ന് പുറത്താക്കുക മാത്രമല്ല അതില്‍ സംഭവിച്ചത്, ചില അറിയപ്പെട്ട വചനശാസ്ത്ര (ഇല്‍മുല്‍കലാം) വിഭാഗങ്ങളെയും സൂഫികളെയും തങ്ങളുടെ കുടക്കീഴല്‍ ചേര്‍ത്തുവെക്കുകയും ചെയ്തു. കഴിഞ്ഞ ആഴ്ച്ച സലഫികള്‍ക്കിടയില്‍ അടങ്ങാത്ത കൊടുങ്കാറ്റാണത് സൃഷ്ടിച്ചത്. ശൈഖുല്‍ അസ്ഹര്‍ അതിന്റെ തലപ്പത്തുണ്ടായിരുന്നു എന്നത് ആ ദുരന്തമുണ്ടാക്കിയ മുറിവിന്റെ ആഴം ഒന്നുകൂടി വര്‍ധിപ്പിക്കുന്നു. ആഗസ്റ്റ് 25-27 കാലയളവിലാണ് ചെച്‌നിയന്‍ തലസ്ഥാനത്ത് പ്രസ്തുത സമ്മേളനം നടന്നത്. അഹ്‌ലുസ്സുന്ന വല്‍ജമാഅയെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന അന്താരാഷ്ട്ര മുസ്‌ലിം പണ്ഡിത സമ്മേളനമായിട്ടാണ് അത് സ്വയം പരിചയപ്പെടുത്തപ്പെട്ടത്.

ഒറ്റ നോട്ടത്തില്‍ ഈ സമ്മേളനം ചില കാര്യങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ഒന്ന്, മൊത്തം ഇസ്‌ലാമിക ലോകത്തെ സംബന്ധിച്ച് തന്നെ പ്രസക്തമായ ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ തെരെഞ്ഞെടുക്കപ്പെട്ട സ്ഥലം കോകാസസ് പ്രദേശത്തെ ഒന്നര ലക്ഷത്തില്‍ താഴെ മാത്രം ജനസംഖ്യയുള്ള ചെറിയൊരു റിപബ്ലിക്കായ ചെച്‌നിയയാണ്. 300 മില്യണിലേറെ മുസ്‌ലിംകള്‍ വസിക്കുന്ന ഇന്തോനേഷ്യ പോലുള്ള ഒരു രാഷ്ട്രമായിരുന്നു അതിന് വേദിയായി തെരെഞ്ഞെടുക്കേണ്ടിയിരുന്നത്. അതിലൂടെ ഇസ്‌ലാമിക ലോകത്തെ അഭിസംബോധന ചെയ്യാന്‍ പറ്റിയ ഒരു വേദി ലഭിക്കുമായിരുന്നു. രണ്ട്, ശൈഖുല്‍ അസ്ഹര്‍ അവിടേക്ക് പോയത് ഈജിപ്തിലെ മുതിര്‍ന്ന പണ്ഡിതന്‍മാരുടെ വേദിയുടെയോ ഇസ്‌ലാമിക് റിസര്‍ച്ച് അക്കാദമിയുടെയോ അറിവോടെയല്ല. അദ്ദേഹം പോയത് യു.എ.ഇ ഭരണകൂടം രൂപം കൊടുക്കുകയും വളര്‍ത്തുകയും ചെയ്യുന്ന മജ്‌ലിസു ഹുകമാഇല്‍ മുസ്‌ലിമീന്റെ (Muslim Council Of Elders) അധ്യക്ഷന്‍ എന്ന നിലക്കാണ്. മൂന്ന്, തെരെഞ്ഞെടുത്ത ചിലരെ മാത്രമാണ് സമ്മേളനത്തിലേക്ക് ക്ഷണിച്ചിട്ടുള്ളത്. മാറ്റി നിര്‍ത്തപ്പെട്ടവരുടെ കൂട്ടത്തിലാണ് സൗദി പണ്ഡിതന്‍മാര്‍. സിറിയയിലും യമനിലും രംഗത്ത് വന്നിട്ടുള്ള രണ്ട് സഹോദര രാഷ്ട്രങ്ങള്‍ക്കിടയിലുള്ള അലര്‍ജി സൗദിയുടെ പ്രാതിനിധ്യത്തിന് മറയിട്ടു എന്നാണ് മനസ്സിലാകുന്നത്. നാല്, ഇസ്‌ലാമിക വീക്ഷണങ്ങളോട് പോരാടിക്കൊണ്ടിരിക്കുന്ന ശക്തിയാണ് നിലവിലെ റഷ്യ. അവിടത്തെ കുര്‍ദ് മുസ്‌ലിംകള്‍ക്കിടയിലെ സലഫി കാഴ്ച്ചപ്പാടുകള്‍ അവരെ മതത്തിനെതിരെയുള്ള തീവ്രനിലപാടില്‍ എത്തിച്ചിരിക്കുന്നു. വഹാബികളെയല്ലാതെ ഇഖ്‌വാനികളെ അവര്‍ക്ക് അറിയില്ല. രാഷ്ടീയ കാര്യങ്ങളില്‍ ഇടപെടാത്ത സൂഫികളെ ഉള്‍ക്കൊണ്ടതിനെ മാത്രമാണ് അവര്‍ ഔദ്യോഗികമായി സ്വാഗതം ചെയ്തിരിക്കുന്നത്.

അഹ്‌ലുസ്സുന്നയെ നിര്‍വചിച്ച് സമ്മേളനം മുന്നോട്ടു വെച്ച നിര്‍ദേശങ്ങളാണ് പ്രതിസന്ധിക്ക് കാരണമായിരിക്കുന്നത്. വിശ്വാസപരമായി അശ്അരികളും മാതുരീദികളും, കര്‍മശാസ്ത്രപരമായി നാല് മദ്ഹബുകളിലൊന്ന് പിന്‍പറ്റുന്നവരും, അറിവിലും സ്വഭാവത്തിലും സംസ്‌കരണത്തിലും വിശുദ്ധി കാത്തുസൂക്ഷിക്കുന്ന സൂഫികളുമാണ് അഹ്‌ലുസ്സുന്ന എന്നാണ് അത് പറയുന്നത്. അപ്രകാരം അല്‍അസ്ഹര്‍, അല്‍ഖറവിയ്യീന്‍, സൈത്തൂന, ഹദറമൗത്ത്, ഇവക്കിടയിലുള്ള ഗവേഷണ കേന്ദ്രങ്ങളും അതിന് പുറമെ റഷ്യയിലെ മത വൈജ്ഞാനിക കേന്ദ്രങ്ങളുമാണ് പൗരാണിക മതസ്ഥാപനങ്ങളെന്നും സമ്മേളനം നിര്‍ണയിച്ചിരിക്കുന്നു. സൗദിയെയും അവിടത്തെ സലഫികളെയും പണ്ഡിതന്‍മാരെയും മതകേന്ദ്രങ്ങളെയും സര്‍വകലാശാലകളെയും മാറ്റി നിര്‍ത്തിയിരിക്കുന്നു എന്ന് വ്യക്തം. ഇതാണ് സമ്മേളനത്തിലെ അസ്വസ്ഥപ്പെടുത്തുന്ന കാര്യം.

ഞാന്‍ സലഫികള്‍ക്ക് വേണ്ടി വാദിക്കുകയല്ല. അശ്അരി, മാതുരീദി ആശയങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാനുള്ള സന്ദര്‍ഭവുമല്ല ഇത്. ഇതില്‍ എന്നെ ഏറെ അസ്വസ്ഥപ്പെടുത്തുന്നത് മുസ്‌ലിംകള്‍ക്കിടയിലെ ഐക്യത്തെ ബാധിക്കുന്ന ഒന്നാണ് ഇക്കാര്യമെന്നതാണ്. സമ്മേളനത്തിന്റെ പ്രസ്താവനക്കെതിരെ രൂക്ഷമായ പ്രതികരണമാണ് സൗദിയില്‍ ഉയര്‍ന്നിരിക്കുന്നത്. രണ്ട് സഹോദര രാഷ്ട്രങ്ങള്‍ക്കിടയിലുള്ള സംഘട്ടനത്തിനുള്ള സാധ്യതകളാണത് തുറക്കുന്നത്. യാതൊരു ആവശ്യവുമില്ലാത്ത അടിസ്ഥാന രഹിതമായ സംഘട്ടനമായിരിക്കും അതെന്ന് പറയേണ്ടതില്ല. നിങ്ങളുടെ ശക്തിയും വിഭവങ്ങളും കവര്‍ന്നെടുക്കുന്ന അതില്‍ പരാജയപ്പെടുന്നത് എല്ലാവരുമായിരിക്കും. കേവലം രാഷ്ട്രീയ വങ്കത്തമായിരുന്നോ അത്, അതല്ല ചില സൗദി എഴുത്തുകാര്‍ സൂചിപ്പിച്ച പോലെ അതിന് പിന്നില്‍ നീചമായ വല്ല കളികളും നടന്നിട്ടുണ്ടോ എന്നതാണ് അവശേഷിക്കുന്ന സുപ്രധാന ചോദ്യം.

വിവ: നസീഫ്‌

Related Articles