Current Date

Search
Close this search box.
Search
Close this search box.

ഖുര്‍ആന്‍ വ്യാഖ്യാനത്തില്‍ അറബികവിതയുടെ പങ്ക്

അറബ് സാഹിത്യത്തില്‍ വൈവിധ്യമാര്‍ന്ന പഠനങ്ങളാല്‍ അറബി കവിതക്ക് കിട്ടിയ പരിഗണന മറ്റൊന്നിനും ലഭിച്ചിട്ടില്ല. പഴയ കാലത്തും വര്‍ത്തമാന ലോകത്തും അതങ്ങനെതന്നെയാണ്. പ്രത്യേകിച്ചും അതിന്റെ ജാഹിലിയ്യാ ഘട്ടം. അറബി ഭാഷയുടെയും സാഹിത്യത്തിന്റെയും ശൈലികളുടെ വിശ്വസനീയമായ അവലംബമായിട്ടാണ് അറബി കവിത വിലയിരുത്തപ്പെടുന്നത്. വാക്കുകളുടെ ഭാഷാപരമായ അടിസ്ഥാന സ്രോതസ്സും ആധികാരികമായ പ്രയോഗങ്ങളും അതില്‍ നിന്നാണ് ലഭ്യമാക്കുന്നത്. കൂടാതെ, അറബികളുടെ പ്രതാപവും പൈതൃകവും അതുള്‍ക്കൊള്ളുന്നു. ജാഹിലിയ്യാ കാലത്തെ പ്രധാന സംഭവങ്ങളും അതിലുണ്ട്. അറബികള്‍ എന്ന പേരിലൊരു സമൂഹം ഉടലെടുത്തത് മുതലുള്ള അവരുടെ വൈകാരികവും സാമൂഹികവുമായ ചരിത്രം ആദ്യമായി ഔദ്യോഗികികമായി രേഖപ്പെടുത്തിയിരിക്കുന്നതും അതിലാണ്.

അറബ് ഗോത്രങ്ങളില്‍ ഔദ്യോഗിക വക്താക്കളുടെയും മാധ്യമങ്ങളുടെയും സ്ഥാനത്ത് നിലകൊണ്ടിരുന്നത് കവികളായിരുന്നുവെന്നത് അതിന്റെ സ്വാധീനം എത്രത്തോളമെന്ന് നമുക്ക് വിശദീകരിച്ച് തരുന്നുണ്ട്. തങ്ങളുടെ ഗോത്രത്തിന്റെ നിലപാടുകളും അഭിപ്രായങ്ങളും പ്രകടിപ്പിച്ചിരുന്നതും അവക്ക് വേണ്ടി പ്രതിരോധിച്ചിരുന്നതും അവരായിരുന്നു. ഇബ്‌നു റശീദ് തന്റെ ‘ഉംദ’യില്‍ ഇക്കാര്യം വിവരിക്കുന്നുണ്ട്:
‘ഏതെങ്കിലും അറബി ഗോത്രത്തില്‍ നിപുണനായ ഒരു കവി ഉണ്ടായാല്‍ മറ്റു ഗോത്രങ്ങള്‍ അതിനെ അഭിനന്ദിക്കാറുണ്ടായിരുന്നു. പ്രത്യേക ഭക്ഷണമൊരുക്കുകയും സ്ത്രീകള്‍ ഒരുമിച്ചു കൂടി വിവാഹചടങ്ങിലെന്ന പോലെ ദഫ് മുട്ടി ആനന്ദം പ്രകടിപ്പിക്കുകയും ചെയ്യാറുണ്ടായിരുന്നു. ആളുകളും കുട്ടികളും സന്തോഷവാര്‍ത്തയറിയിക്കുകയും ചെയ്യാറുണ്ടായിരുന്നു. കാരണം അവരുടെ അഭിമാനത്തിന് സംരക്ഷണം നല്‍കുന്നവനും, അതിന് നേരെയുള്ള കയ്യേറ്റങ്ങള്‍ തടയുന്നവനുമാണദ്ദേഹം. അവരുടെ പൈതൃകങ്ങള്‍ ശാശ്വതമാക്കുകയും പ്രസിദ്ധി കെട്ടിയുയര്‍ത്തുകയും ചെയ്യുന്നതും അയാള്‍ തന്നെ. ഒരു കുട്ടി ജനിച്ചാലോ അല്ലെങ്കില്‍ നിപുണനായ ഒരു കവി ഉണ്ടായാലോ അല്ലെങ്കില്‍ ഒരു കുതിര പ്രസവിച്ചാലോ അല്ലാതെ അഭിനന്ദിക്കാത്തവരായിരുന്നു അവര്‍.’

അറബ് ഗോത്രങ്ങള്‍ കവികളെയും കവിതയെയും പരിഗണിച്ചതുപോലെ ഖുര്‍ആന്‍ വ്യാഖ്യാതാക്കളും അവര്‍ക്ക് സവിശേഷ പരിഗണന നല്‍കിയിരുന്നു. അവരുടെ വീക്ഷണങ്ങള്‍ക്കും കവിതയുടെ ശൈലികള്‍ക്കുമിടയില്‍ വിയോജിപ്പുണ്ടായിരുന്നെങ്കില്‍പോലും, വിശുദ്ധ ഖുര്‍ആന്‍ വ്യാഖ്യാനത്തിന് അവര്‍ അവയെ ഉപയോഗിച്ചിരുന്നു. അതിലെ അപരിചിതമായ വാക്കുകളെയും നിഗൂഢമായ ആശയങ്ങളെയും കവിത ഉപയോഗിച്ച് അവര്‍ വ്യക്തമാക്കി. ശുദ്ധമായ അറബി ഭാഷയിലാണ് ഖുര്‍ആന്‍ അവതരിച്ചത്. ഖുര്‍ആന്‍ വ്യാഖ്യാനിക്കുന്ന ആള്‍ക്കുണ്ടായിരിക്കേണ്ട അടിസ്ഥാന നിബന്ധനയാണ് അറബി ഭാഷയെയും അതിന്റെ സൂക്ഷ്മമായ പ്രയോഗങ്ങളെയുംകുറിച്ചുള്ള അറിവ്. ബൈഹഖി മാലികില്‍ നിന്നുദ്ധരിക്കുന്നു: അറബി ഭാഷയില്‍ അറിവില്ലാത്ത ഒരാള്‍ക്ക് ഖുര്‍ആന്‍ വ്യാഖ്യാനത്തിന് അനുമതി നല്‍കിയാല്‍ അതൊരു ദുരന്തമായിരിക്കും. പ്രമുഖ താബിഈയായ ലൈസ് പറയുന്നു: ഭാഷയുടെ തലങ്ങളറിയാത്ത ഒരാള്‍ക്ക് ഖുര്‍ആന്‍ വ്യാഖ്യാനിക്കല്‍ അനുവദനീയമല്ല. അവന്‍ കേട്ടതൊഴികെ. അത് വ്യാഖ്യാനമല്ല, മറിച്ച് ഉദ്ധരിക്കല്‍ മാത്രമാണ്.

ഇമാം ശാത്വബി തന്റെ മുവാഫഖാത്തില്‍ ഇക്കാര്യം ശക്തിപ്പെടുത്തുന്നുണ്ട്. അദ്ദേഹം പറയുന്നു: ‘ഖുര്‍ആന്‍ അറബികളുടെ ഭാഷയിലാണ് ഇറക്കിയിട്ടുള്ളത്. ആ സവിശേഷമായ രീതിയില്‍ തന്നെ അത് മനസിലാക്കാനാണ് ആവശ്യപ്പെടുന്നതും. അക്കാരണത്താല്‍ തന്നെ അല്ലാഹു പറയുന്നു: ‘നിശ്ചയം നാം ഖുര്‍ആനിനെ അറബിയില്‍ അവതരിപ്പിച്ചു.’ ‘തെളിഞ്ഞ അറബിഭാഷയിലാണിത്.’ ‘നാം ഇതിനെ അറബിയല്ലാത്ത മറ്റേതെങ്കിലും ഭാഷയിലെ ഖുര്‍ആന്‍ ആക്കിയിരുന്നുവെങ്കില്‍ അവര്‍ പറയുമായിരുന്നു: ‘എന്തുകൊണ്ട് ഇതിലെ വചനങ്ങള്‍ വ്യക്തമായി വിശദമാക്കപ്പെടുന്നില്ല? ഗ്രന്ഥം അനറബിയും പ്രവാചകന്‍ അറബിയുമാവുകയോ?’. ഇവയെല്ലാം കുറിക്കുന്നത് അത് ശുദ്ധമായ അറബി ഭാഷയില്‍ തന്നെയാണവതരിപ്പിച്ചത് എന്നാണ്. അറബികളുടെ ഭാഷയില്‍ കൂടി അതിനെ മനസിലാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് അത് മനസിലാകും, മാത്രമല്ല ഖുര്‍ആന്‍ മനസിലാകുന്നതിന് ഇതല്ലാതെ മറ്റൊരു മാര്‍ഗവുമില്ല.

ഖുര്‍ആന്‍ വ്യാഖ്യാനം ആരംഭിച്ചപ്പോള്‍ തന്നെ ഖുര്‍ആനിക പദങ്ങള്‍ക്ക് ഭാഷയില്‍ നിന്ന് തെളിവെടുക്കുന്നതിനായി കവിതക്ക് പ്രാധാന്യം നല്‍കിയിരുന്നു. കവിതയിലുണ്ടായിരുന്ന ഭാഷാ സമ്പന്നത പരിഗണിച്ചായിരുന്നു ഇത്. ശുദ്ധമായ അറബി ശൈലികളുടെ സവിശേഷതകളും അതിലുണ്ടായിരുന്നു. കവിതകള്‍ മനപാഠമാക്കുന്നതിനും കാവ്യങ്ങള്‍ വായിക്കുന്നതിനും ഖുര്‍ആന്‍ വ്യാഖ്യാതാക്കളായ പണ്ഡിതന്‍മാര്‍ പ്രത്യേക ഊന്നല്‍ നല്‍കിയിരുന്നു. തന്റെ ഖുര്‍ആന്‍ അധ്യാപകനില്‍ നിന്ന് കാവ്യങ്ങളും ഭാഷയും പഠിച്ചിരുന്നുവെന്ന് വാഹിദി പറയുന്നുണ്ട്.

ഹിബ്‌റുല്‍ ഉമ്മ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന പ്രമുഖ സഹാബിയായ അബ്ദുല്ലാഹ് ബിന്‍ അബ്ബാസ്(റ) ഖുര്‍ആന്‍ ആയത്തുകള്‍ വിശദീകരിക്കുന്നതിനായി കവിതാ ശകലങ്ങള്‍ ധാരാളമായി തെളിവിനെടുക്കുന്നുണ്ട്. ഇക്‌രിമ പറയുന്നു: ‘ഒരു വരി കവിതയെങ്കിലും ചേര്‍ത്തിട്ടല്ലാതെ ഇബനു അബ്ബാസ്(റ) അല്ലാഹുവിന്റെ ഗ്രന്ഥത്തെ വ്യാഖ്യാനിക്കുന്നത് ഞാന്‍ കേട്ടിട്ടില്ല. അദ്ദേഹം ഇങ്ങനെ പറയാറുണ്ടായിരുന്നു: അല്ലാഹുവിന്റെ ഗ്രന്ഥത്തിലെ ഏതെങ്കിലും ആയത്ത് വ്യാഖ്യാനിക്കുന്നതില്‍ പ്രയാസം തോന്നിയാല്‍ നിങ്ങളത് കവിതയില്‍ അന്വേഷിക്കുക. കാരണം അറബികളുടെ സമാഹാരമാണത്.’

സഈദ് ബിന്‍ ജുബൈര്‍ പറയുന്നു: ‘ഇബ്‌നു അബ്ബാസിനോട് ഖുര്‍ആനിനെ പറ്റി വല്ലതും ചോദിച്ചാല്‍ അദ്ദേഹം ഉത്തരം പറയുകയും പിന്നെ കവി ഇങ്ങനെ പറയുന്നത് നിങ്ങള്‍ കേട്ടിട്ടില്ലേ എന്നു ചോദിക്കുകയും ചെയ്യാറുണ്ടായിരുന്നു.’ യൂസുഫ് ബിന്‍ മഹ്‌റാന്‍ ഇബ്‌നു അബ്ബാസ്(റ) പറഞ്ഞതായി ഉദ്ധരിക്കുന്നു: ‘ഖുര്‍ആനില്‍ വല്ല കാര്യവും അവ്യക്തമായാല്‍ നിങ്ങളത് കവിതയില്‍ നോക്കുക, കാരണം കവിത അറബിയിലാണ്.’

കവിത ഖുര്‍ആന്‍ വ്യാഖ്യാനത്തിനായി ഉപയോഗപ്പെടുത്തിയത് സംബന്ധിച്ച് കൂടുതല്‍ റിപോര്‍ട്ടുകള്‍ ഇബ്‌നു അബ്ബാസ്(റ)നെ സംബന്ധിച്ചാണെങ്കിലും അതിന് തുടക്കം കുറിച്ചത് ഉമര്‍ ഖത്താബ്(റ) ആയിരുന്നു. ഖുര്‍ആന്‍ മനസിലാക്കുന്നതിനും അതിലെ അപരിചിതമായ പദങ്ങള്‍ വിശദീകരിക്കുന്നതിനും കവിതകള്‍ ആശ്രയിക്കുന്നതിലേക്ക് ആദ്യമായ ശ്രദ്ധയൂന്നിയത് അദ്ദേഹമായിരുന്നു. ‘ഔ യഅ്ഖുദഹും അലാ തഖവ്വുഫിന്‍’ എന്ന ആയത്തിനെക്കുറിച്ച് മിമ്പറില്‍ വെച്ച് അദ്ദേഹത്തോട് ചോദിക്കപ്പെട്ടു. അപ്പോള്‍ ഒരാള്‍ പറഞ്ഞു ഞങ്ങളത് ‘തനഖുസ്’ എന്ന അര്‍ത്ഥത്തിലാണത് പ്രയോഗിക്കാറുള്ളത്. തുടര്‍ന്ന് പ്രസ്തുത പദം പ്രയോഗിക്കപ്പെട്ട കവിതാ ശകലം ആലപിക്കുകയും ചെയ്തു. തുടര്‍ന്ന് ഉമര്‍(റ) പറഞ്ഞു: ‘ജനങ്ങളേ, ജാഹിലിയാ കാലത്തെ നിങ്ങളുടെ കവിതകള്‍ മുറുകെ പിടിക്കുക, നിങ്ങളുടെ പക്കലുള്ള ഗ്രന്ഥത്തിന്റെ വ്യാഖ്യാനം അതിലുണ്ട്.’

ശ്രേഷ്ഠരായ സഹാബികളില്‍ മുന്‍ നിരയിലുണ്ടായിരുന്നവരാണ് ഈ ആഹ്വാനം നടത്തിയതെങ്കിലും ചില ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ ഖുര്‍ആനിക സൂക്തങ്ങള്‍ വ്യാഖ്യാനിക്കുന്നതിനായി കവിതാ ശകലങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനിന്നിരുന്നു. അല്ലാഹുവിന്റെ ഗ്രന്ഥം വിശദീകരിക്കുമ്പോള്‍ തെറ്റുപറ്റുമോയെന്ന് ഭയന്നായിരുന്നു അത്. ഫദ്ല്‍ ബിന്‍ സിയാദ് ഇമാം അഹ്മദില്‍ നിന്നുദ്ധരിക്കുന്നതായി സുയൂത്വി പറയുന്നു: കവിത വെച്ച് ഖുര്‍ആന്‍ വിശദീകരിക്കുന്നതിനെ പറ്റി അദ്ദേഹത്തോട് ചോദിച്ചു. അതെന്നെ ആകര്‍ഷിക്കുന്നില്ലെന്നും നിഷിദ്ധമാണെന്നുമാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.  ചില മുഫസ്സിറുകള്‍ അത് നിഷിദ്ധമായി കരുതിയിരുന്നു എന്നതിന് തെളിവാണത്.

സൂക്ഷ്മത കാരണമായിരുന്നു അവര്‍ കവിതയെ അകറ്റി നിര്‍ത്തിയിരുന്നത്. ഖുര്‍ആനിന്റെ ആശയങ്ങള്‍ അതിന്റെ ഉദ്ദേശ്യത്തില്‍ നിന്ന് തെറ്റുമെന്ന ഭയം കാരണമായിരുന്നു അത്. അതിനെ സംബന്ധിച്ച് സുയൂത്വി പറയുന്നു: ‘ഖുര്‍ആന്‍ സൂക്തത്തെ ബാഹ്യമായ അര്‍ത്ഥത്തില്‍ നിന്ന് അറബികളുടെ സംസാരത്തില്‍ അപൂര്‍വമായും എന്നാല്‍ കവിതയില്‍ സാധാരണമായും ഉപയോഗിക്കുന്ന സാധ്യമായ അര്‍ത്ഥത്തിലേക്ക് മാറ്റുന്നതാണ് നിരുത്സാഹപ്പെടുത്തിയിട്ടുള്ളത്.’

ഖുര്‍ആനികാശയങ്ങള്‍ മനസിലാക്കുന്നതിന് കവിതയെ ഉപയോഗപ്പെടുത്തുന്നതില്‍ സൂക്ഷ്മത കാണിക്കുന്ന വീക്ഷണം വ്യാപകമായ ഒന്നായിരുന്നില്ല. മറിച്ച് അത് പരിമിതമായ ഒന്നായിരുന്നു. മറുവശത്ത് ഭൂരിപക്ഷം മുഫസ്സിറുകളും അപരിചിതമായ പദങ്ങളെ വിശദീകരിക്കുന്നതിന് കവിതകള്‍ ഉപയോഗിച്ചിരുന്നവരായിരുന്നു. അവരില്‍ ഭാഷാ വിദഗ്ദരും ഉണ്ടായിരുന്നു. കവിത ഉപയോഗപ്പെടുത്തുന്നതില്‍ ഇബ്‌നു അബ്ബാസ്(റ)ന്റെ പങ്കിനെകുറിച്ച് പറഞ്ഞതിന് ശേഷം ഇബ്‌നുല്‍ അന്‍ബാരി പറയുന്നു: ഖുര്‍ആന്‍ വ്യാഖ്യാനത്തിന് കവിത ഉപയോഗിക്കുന്നതിനെ നിഷേധിക്കുന്നവരുടെ പൊള്ളത്തരം വ്യക്തമാക്കുകയാണിത്. അവര്‍ കവിതയെ ഖുര്‍ആനിന് അടിസ്ഥാനമായി സ്വീകരിച്ചു. ഭാഷാവിദഗ്ദര്‍ അപരിചിതമായ പദങ്ങളെ കവിതകൊണ്ട് സ്ഥിരപ്പെടുത്താനാണ് ഉദ്ദേശിച്ചിരുന്നത്. കാരണം അല്ലാഹു തന്നെ പറയുന്നു ‘നിശ്ചയം, നാം ഖുര്‍ആനിനെ അറബിയിലാണ് അവതരിപ്പിച്ചിട്ടുള്ളത്.’ മറ്റൊരിടത്ത് ‘തെളിഞ്ഞ അറബിയിലാണത്’ എന്നും പറഞ്ഞിരിക്കുന്നു.

അബുഹിലാല്‍ അസ്‌കരി കവിതയുടെ ശ്രേഷ്ഠതയെക്കുറിച്ച് പറയുന്നു: ‘കവിതയില്‍ നിന്ന് തെളിവെടുക്കുന്നത് സുസമ്മത കാര്യമാണ്, അതില്ലായിരുന്നുവെങ്കില്‍ ഖുര്‍ആനിലെയും പ്രവാചക വചനങ്ങളിലെയും സംശമുള്ള പദങ്ങള്‍ക്ക് തെളിവുണ്ടാകുമായിരുന്നില്ല.’

അറബി കവിതയെ സംബന്ധിച്ച് ചിലരുന്നയിച്ച ആക്ഷേപവും നമ്മുടെ ശ്രദ്ധയില്‍ വരേണ്ടതുണ്ട്. പ്രത്യേകിച്ചും ജാഹിലിയ്യാ ഘട്ടത്തിലെ കവിതകളെക്കുറിച്ച്. ഖുര്‍ആനിന്റെ ഭാഷയുടെ അടിസ്ഥാനമായ അറബി കവിതയില്‍ സംശയം ജനിപ്പിച്ച് ഖുര്‍ആനില്‍ തന്നെ സംശയമുളവാക്കുന്നതിന് വേണ്ടിയുള്ള ശ്രമമാണ് ത്വാഹാ ഹുസൈന്റെ ‘അശ്ശിഅ്‌റുല്‍ ജാഹിലി’യില്‍ കാണുന്നത്. ഓറിയന്റലിസ്റ്റുകളും അവരുടെ പിന്‍മുറക്കാരും ഈ രീതിയില്‍ ഖുര്‍ആനില്‍ സംശയങ്ങള്‍ ഉണ്ടാക്കുകയെന്ന വളരെ അപകടകരമായ ലക്ഷ്യമാണ് അവര്‍ക്കുള്ളത്. ഇസ്‌ലാമിക മൂല്യങ്ങളെയും സുസമ്മത അടിസ്ഥാനങ്ങളെയും നിഷേധിക്കുന്നതിന്റെ പ്രാഥമിക പടിയാണത്. അടിസ്ഥാനപരമായ തെളിവായ കവിതയില്‍ തന്നെ സംശയം ജനിപ്പിക്കുക വഴിയാണത് സാധ്യമാക്കുന്നത്. ഈ തന്ത്രങ്ങള്‍ മുന്നില്‍ കണ്ടായിരിക്കണം ഉമര്‍(റ) കവിത ഒരു സമൂഹത്തിന്റെ വിജ്ഞാന ശാഖയാണ്, അതിനേക്കാള്‍ ശരിയായ ഒരു വിജ്ഞാന ശാഖയില്ല’ എന്ന് പ്രഖ്യാപിച്ചത്.

വിവ: അഹ്മദ് നസീഫ് തിരുവമ്പാടി

Related Articles