Current Date

Search
Close this search box.
Search
Close this search box.

കോഹിനൂര്‍ ഒരു സമ്മാനമായിരുന്നില്ല; തട്ടിയെടുത്തതാണ്

kohinoor.jpg

കോഹിനൂര്‍ രത്‌നത്തെ കുറിച്ച് ഞാനൊരു പുതിയ വാര്‍ത്ത കേള്‍ക്കാന്‍ ഇടയായി. കോഹിനൂര്‍ രത്‌നം തിരികെ വാങ്ങേണ്ടതില്ലെന്ന ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ തീരുമാനത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ബി.ബി.സി ടെലിവിഷന്‍ എന്നെ അവരുടെ സ്റ്റുഡിയോയിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത പ്രകാരം, ‘മഹാരാജാ രഞ്ജിത് സിംങ് ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് സമ്മാനിച്ചതാണ് കോഹിനൂര്‍ രത്‌നം’ എന്നതാണത്രെ ബ്രിട്ടീഷുകാരില്‍ നിന്നും കോഹിനൂര്‍ രത്‌നം തിരികെ വാങ്ങേണ്ടതില്ലെന്ന ഇന്ത്യന്‍ ഭരണകൂടത്തിന്റെ തീരുമാനത്തിന് പിന്നിലെ കാരണം.

അസാധാരണത്വങ്ങളുടെ ഒരു ലോകം തന്നെ ആ ചെറിയ പ്രസ്താവന ഉള്‍ക്കൊള്ളുന്നുണ്ട്. സത്യത്തിന് നിരക്കാത്തതും, അതേസമയം അമാനുഷികത നിറഞ്ഞതുമായ ഒരു പ്രസ്താവനയാണത്. അതിന്റെ പൊള്ളത്തരം വ്യക്തമാക്കി തരാന്‍ യാതൊരു പ്രയാസവുമില്ല. ഒന്നാമതായി, 1839-ലാണ് മഹാരാജാ രഞ്ജിത് സിംങ് അന്തരിച്ചത്. ഇതിന് ശേഷം ഏതാണ്ട് ഒരു ദശാബ്ദക്കാലം കഴിഞ്ഞാണ് കോഹിനൂര്‍ രത്‌നം ബ്രിട്ടീഷുകാര്‍ക്ക് ‘ലഭ്യമാവുന്നത്’. പഞ്ചാബ് സിംഹമായ രഞ്ജിത് സിംങ് ഒരുപാട് വീരസാഹസിക കൃത്യങ്ങള്‍ ചെയ്തിട്ടുള്ള ഒരു വീരപുരുഷന്‍ തന്നെയാണ്. പക്ഷെ ശവമടക്ക് കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷം കല്ലറയില്‍ നിന്നും എഴുന്നേറ്റ് വന്ന് ബ്രിട്ടീഷുകാര്‍ക്ക് രത്‌നം സമ്മാനം നല്‍കിയെന്ന് പറയുന്നത് കുറച്ച് കടന്ന കൈയ്യായി പോയെന്ന് പറയാതെ വയ്യ.

ഇനി രണ്ടാമത്തെ കാര്യം. കോഹിനൂര്‍ ആരും ആര്‍ക്കും സമ്മാനമായി നല്‍കിയതല്ല. അത് ബ്രിട്ടീഷുകാര്‍ പേടിച്ച് വിറച്ച ഒരു ബാലനില്‍ നിന്നും ബലംപ്രയോഗിച്ച് തട്ടിയെടുത്തത് തന്നെയാണ്. സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന നിയമസാധുതയുടെയും, വളരെ വ്യക്തമായ അധാര്‍മികതയുടെയും പിന്‍ബലത്തിലാണ് പ്രസ്തുത രത്‌നം ബ്രിട്ടീഷുകാരുടെ കൈകളില്‍ എത്തിയത്.

1846, ഡിസംബര്‍ 16-ന് ഭൈറോവല്‍ ഉടമ്പടിയില്‍ ഒപ്പുവെക്കുമ്പോള്‍ കുട്ടി രാജാവായിരുന്ന ദുലീപ് സിംങിന് കേവലം എട്ട് വയസ്സ് മാത്രമായിരുന്നു പ്രായം. പ്രസ്തുത ഉടമ്പടി അദ്ദേഹത്തിന് സ്വന്തം സാമ്രാജ്യത്തെയും അദ്ദേഹത്തിന്റെ കോഹിനൂര്‍ രത്‌നത്തെയും നഷ്ടപ്പെടുത്തി. സൗഹൃദം നടിച്ചാണ് ബ്രിട്ടീഷുകാര്‍ പഞ്ചാബില്‍ എത്തിയത്. പിന്നീട് അവര്‍ ആരുമറിയാതെ വളരെ രഹസ്യമായി തങ്ങളുടെ സൈന്യത്തെ മേഖലയില്‍ വിന്യസിച്ചു. ദുലീപ് സിംങിനെ അദ്ദേഹത്തിന്റെ അമ്മയും മഹാറാണിയുമായ ജിന്‍ദനില്‍ നിന്നും വേര്‍പ്പെടുത്തിയ ബ്രിട്ടീഷുകാര്‍ മഹാറാണിയെ ഒരു കോട്ടയില്‍ തടവിലിട്ടു. പിന്നീട് നടന്ന രണ്ട് ആംഗ്ലോ-സിഖ് യുദ്ധങ്ങള്‍ രാജാധികാരത്തെ കൂടുതല്‍ ദുര്‍ബലമാക്കി. ദൂരങ്ങളില്‍ മുഴങ്ങി കേള്‍ക്കുന്ന പീരങ്കികളുടെ ഗര്‍ജ്ജന ശബ്ദം കാതില്‍ വന്നലച്ച് പേടിച്ചരണ്ട കുട്ടിയായ ദുലീപ് സിംങിന് ചുറ്റും മുതിര്‍ന്ന ബ്രിട്ടീഷ് നേതാക്കള്‍ അണിനിരന്നു. ഭാവി ജീവിതം വേണമെങ്കില്‍ വര്‍ത്തമാന കാല ജീവിതം തീറെഴുതി കൊടുക്കാന്‍ ബ്രിട്ടീഷുകാര്‍ ദുലീപിനോട് ആജ്ഞാപിച്ചു. ഇംഗ്ലണ്ടില്‍ അഭയാര്‍ത്ഥി കഴിയുന്ന അവസരത്തില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ നടപടിയെടുക്കാന്‍ ദുലീപ് സിംങ് ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും അദ്ദേഹത്തിന്റെ ഓരോ നീക്കങ്ങളും വിഫലമാക്കപ്പെട്ടു. അവസാനം പരാജിതനായി ദുലീപ് സിംങ് മരണത്തിന് കീഴടങ്ങുകയാണ് ചെയ്ത്.

ലോക പ്രശസ്ത ചരിത്രകാരനായ വില്ല്യം ഡാല്‍റിംബിളിന്റെ കൂടെ കോഹിനൂര്‍ രത്‌നത്തിന്റെ ചരിത്രം എഴുതികൊണ്ടിരിക്കുകയാണ് ഞാന്‍ ഇപ്പോള്‍. അതുകൊണ്ടു തന്നെ ഇവിടെയും ഇന്ത്യയിലുമുള്ള പൊടിപിടിച്ച ഗ്രന്ഥശേഖരങ്ങളിലൂടെ ഞങ്ങള്‍ കടന്ന് പോവുകയുണ്ടായി. ഇന്ത്യന്‍ ഗവണ്‍മെന്റ് പ്രസ്താവിച്ച പോലെ, കോഹിനൂര്‍ രത്‌നം യഥാര്‍ത്ഥത്തില്‍ സമ്മാനമായി നല്‍കപ്പെട്ടതാണെങ്കില്‍, ഒരു ബ്രിട്ടീഷ് പത്രമായിരുന്ന ‘ഡല്‍ഹി ഗസറ്റെ’ 1848 മെയ് മാസത്തില്‍ ഇങ്ങനെ ഒരിക്കലും അച്ചടിക്കില്ലായിരുന്നു :

‘ലാഹോറിലെ പരമാധികാരി വഞ്ചനയിലൂടെ കണ്ടുകെട്ടിയതാണ് ഈ പ്രശസ്ത രത്‌നം. ഇപ്പോള്‍ ഗോയിന്ദ്ഗൂര്‍ കോട്ടയിലെ ബ്രിട്ടീഷ് സൈന്യത്തിന്റെ സുരക്ഷയിലുള്ള ഈ രത്‌നം, നമ്മുടെ സൈനിക പ്രതാപത്തിന്റെ ഉജ്ജ്വല നേട്ടങ്ങളില്‍ ഒന്നായി അതവിടെ വളരെ കാലം ഉണ്ടാകുമെന്നും, ഇന്ത്യയിലെ നമ്മുടെ സൈനികശക്തിയുടെ യശസ്സ് വിളിച്ചോതി കൊണ്ട് അത് ഇംഗ്ലണ്ടിലേക്ക് കൊണ്ടുപോകും എന്നുതന്നെയാണ് പ്രതീക്ഷപ്പെടുന്നത്.’

കോഹിനൂര്‍ രത്നം തിരികെ കൊണ്ടുവരാന്‍ ‘സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുമെന്ന്’ ഇന്ത്യന്‍ ഗവണ്‍മെന്റ് മുമ്പൊരിക്കല്‍ നടത്തിയ പ്രസ്താവനയുടെ അര്‍ത്ഥം എന്താണെന്ന് എനിക്കിപ്പോള്‍ മനസ്സിലാവുന്നില്ല. രത്‌നം ലണ്ടനില്‍ തന്നെ ഇരിക്കും എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.

വിവ:  ഇര്‍ഷാദ് കാളാച്ചാല്‍

Related Articles