Current Date

Search
Close this search box.
Search
Close this search box.

കെജ്‌രിവാള്‍; വാളുരുക്കിന്റെ വാക്കുറപ്പുള്ളവന്‍

പ്രതീക്ഷിച്ചത് പോലെതന്നെ അരവിന്ദ് കെജ്‌രിവാളും അദ്ദേഹത്തിന്റെ പാര്‍ട്ടി ആപ്പും ചേര്‍ന്ന് ഡല്‍ഹി അടിച്ചു തൂത്ത് വൃത്തിയാക്കി. ബി.ജെ.പിയുടെ തകര്‍ച്ച വര്‍ഗീയ രാഷ്ട്രീയത്തിനെതിരെയുള്ള ജനങ്ങളുടെ രൂക്ഷപ്രതികരണമാണെന്ന് നിരീക്ഷിക്കാനുള്ള സാമൂഹ്യസാഹചര്യങ്ങള്‍ അവര്‍തന്നെ ഇവിടെ ഒരുക്കിവെച്ചിട്ടുണ്ടായിരുന്നു. സോഷ്യല്‍ മീഡിയ ആക്റ്റിവിസ്റ്റുകള്‍ ഇപ്പോള്‍ പ്രധാനമായും ബി.ജെ.പിക്കാണ് പൊങ്കാലയിട്ടുക്കൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസുകാരോട് ഒരപേക്ഷയുണ്ട്. ആപ്പിന്റെ വിജയം ഇന്ത്യന്‍ മതേതര രാഷ്ട്രീയ മൂല്യങ്ങളടെ വംശനാശത്തിന് ഹേതുവാകുമെന്ന തരത്തിലുള്ള പൊട്ടപ്രസ്താവനകളൊന്നും തന്നെ ദയവു ചെയ്ത് നടത്താതിരിക്കാന്‍ ശ്രദ്ധിക്കുക.

ജീവിന്റെ ഒരു തുടിപ്പ് പോലും അവശേഷിപ്പിക്കാതെയാണ് ഡല്‍ഹിയില്‍ പേപ്പട്ടിയെ തല്ലിക്കൊല്ലുന്നത് പോലെ ജനങ്ങള്‍ കോണ്‍ഗ്രസിനെ തല്ലിക്കൊന്ന് അനന്തപുരിയില്‍ നിന്നും കാലപുരിയിലേക്ക് അയച്ചത്. കുടുംബഭരണ കോര്‍പ്പറേറ്റ് കൂട്ടിക്കൊടുപ്പുകാര്‍ക്ക് വേണ്ടി ഡല്‍ഹിയില്‍ ഇനി കൊടിവെച്ച കാറുകള്‍ ഓടില്ല. കോണ്‍ഗ്രസ് ഭരണകുടുംബത്തിലെ ഇളയകുട്ടി മലമൂത്രവിസര്‍ജ്ജനം നടത്തുമ്പോഴൊക്കെ ഓടിച്ചെന്ന് വാരിയെടുത്ത് കഴുകിയും തുടച്ചും വൃത്തിയാക്കി കോണ്‍ഗ്രസ്സുകാര്‍ക്ക് ശിഷ്ടക്കാലം കഴിക്കാനുള്ള സുവര്‍ണ്ണാവസരമാണ് കൈവന്നിരിക്കുന്നത്.

ഹിന്ദിപ്പടത്തിന്റെ വര്‍ണ്ണവിസ്മയ പോസ്റ്റര്‍ ചിത്രം കണ്ട് തിയറ്റുകള്‍ക്ക് മുന്നില്‍ വരിനില്‍ക്കാന്‍ ഓടുന്ന ഡല്‍ഹിയിലെ പ്രേക്ഷകര്‍, പോളിംങ് ബൂത്തിലേക്കും അങ്ങിനെയൊക്കെ തന്നെ വന്ന് തന്റെ പാര്‍ട്ടിക്ക് കുത്തുമെന്ന് കരുതിയാണ് ശ്രീമാന്‍ നരേന്ദ്രമോദി ബി.ജെ.പിയെ പ്രതിനിധീകരിച്ച് മോടിയുള്ള വസ്ത്രവും ധരിച്ച് സിനിമാപോസ്റ്റര്‍ കണക്കെ വെളുക്കനെചിരിച്ച് ഇലക്ഷന് മുമ്പ് അങ്ങോട്ടുമിങ്ങോട്ടും ഓടിയത്. ടെന്നീസ് കളിക്കാരി കിരണ്‍ ബേദിയുടെ റാക്കറ്റിന്റെ ത്രെഡ് പൊട്ടിയതാണ് ഡല്‍ഹിയില്‍ പരാജയപ്പെടാന്‍ കാരണമെന്നും പറഞ്ഞ് മോദിയുടെ വസ്ത്രത്തിന്റെ മോടി കാക്കാനുള്ള ബദ്ധപ്പാടിലാണ് ഇപ്പോള്‍ ബി.ജെ.പി അണിയറപ്രവര്‍ത്തകര്‍.

കെജ്‌രിവാള്‍ വാളിന് പകരം വാക്കായിരുന്നു ഉപയോഗിച്ചത്. അധികാരത്തിന്റെ ഹുങ്കില്‍ ന്യൂനപക്ഷ വിഭാഗങ്ങളുടെ ഗല്ലികളിലേക്ക് വാളുമായി പാഞ്ഞുകയറിയവര്‍ക്ക് മുന്നില്‍ ഇരകളായി വീണവരുടെ പിന്‍തലമുറക്കരികിലേക്ക് സൗമ്യനായി കടന്നുചെന്ന് അവരെ ചേര്‍ത്ത് പിടിച്ച് അവര്‍ക്കൊരുപിടി ഹൃദയരക്തത്തില്‍ ചാലിച്ചവാക്കുകള്‍ നല്‍കിയാണ് കെജ്‌രിവാള്‍ ഡല്‍ഹി തെരുവോരങ്ങളിലൂടെ കടന്ന് പോയത്.

അണികളുടെയും പൊതുജനത്തിന്റെ നികുതിപ്പണത്തിന്റെയും ചെലവില്‍ ഉണ്ടുറങ്ങി കഴിയുന്ന ഇന്ത്യാമഹാരാജ്യത്തിന്റെ മറ്റു പ്രദേശങ്ങളിലെ രാഷ്ട്രീയ എമ്പോക്കികള്‍ ഒരു കാര്യം മനസ്സിലാക്കുന്നത് നല്ലതാണ്. വ്യക്തിയുടെ താരമൂല്യമോ ആകാരസൗകുമാര്യമോ അല്ല ഡല്‍ഹിയില്‍ വിജയിച്ചത്. മറിച്ച് എന്താണ് ജനാധിപത്യം എന്ന പ്രതീക്ഷ കൊണ്ട് അര്‍ത്ഥമാക്കുന്നത് എന്ന് കെജ്‌രിവാളിന്റെ വാളുരുക്കിന്റെ മൂര്‍ച്ചയും ഉറപ്പുമുള്ള വാക്കിലൂടെ ജനങ്ങള്‍ക്ക് അനുഭവിക്കാന്‍ കഴിഞ്ഞിരുന്നെന്ന് ഇന്ന് ഡല്‍ഹി തെരുവിലൂടെ ചൂലുമെടുത്ത് നടക്കുന്ന ഓരോ ഇന്ത്യക്കാരന്റെയും മുഖത്ത് നിന്നും നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും.

Related Articles