Current Date

Search
Close this search box.
Search
Close this search box.

ഏക സിവില്‍കോഡെന്ന ഭീഷണിയും മുസ്‌ലിം വ്യക്തിനിയമവും

രാജ്യത്ത് ഏക സിവില്‍ കോഡ് നടപ്പിലാക്കണമെന്ന ബി.ജെ.പിയുടെ കാലങ്ങളായുള്ള ആവശ്യത്തിന് പിന്തുണ പ്രഖ്യാപിച്ച പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ മാര്‍ക്കണ്ഡേയ കട്ജു രംഗത്ത് വന്നത് തികച്ചും അപ്രതീക്ഷിതമായിരുന്നു. രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കെതിരെ പ്രത്യേകിച്ച് മുസ്‌ലിംകള്‍ക്കെതിരെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ ധീരമായ നിലപാടെടുത്ത ആളാണ് കട്ജു. ഏക സിവില്‍കോഡിന് വേണ്ടി രംഗത്ത് വന്ന കട്ജു ത്വലാഖടക്കമുള്ള മുസ്‌ലിം വ്യക്തിനിയമങ്ങള്‍ കാലഘട്ടത്തിന് യോജിച്ചതല്ലെന്നും അഭിപ്രായപ്പെടുകയുണ്ടായി. ത്വലാഖെന്ന് മൂന്ന് വട്ടം പറഞ്ഞാല്‍ മുസ്‌ലിം പുരുഷന് സ്ത്രീയെ വിവാഹമോചനം ചെയ്യാമെന്നും അദ്ദേഹം വിമര്‍ശിക്കുകയുണ്ടായി. അടുത്തിടെ മലയാളത്തില്‍ പുറത്തിറങ്ങിയ ഒരു പ്രമുഖ സിനിമയിലും ഇപ്പറഞ്ഞ മുത്ത്വലാഖ് പ്രതിപാദ്യ വിഷയമാകുന്നുണ്ട്. ദേഷ്യത്തില്‍ മുത്ത്വലാഖ് ചൊല്ലി വിവാഹമോചനം ചെയ്ത സ്ത്രീയെ തിരിച്ചെടുക്കാന്‍ അവളെ ‘ഇടക്കെട്ട്’ എന്ന ഓമനപ്പെരിലുള്ള ആചാരത്തിലൂടെ മറ്റൊരുത്തനെ കൊണ്ട് നിക്കാഹ് ചെയ്യിപ്പിക്കുകയും മിനുട്ടുകള്‍ക്കുള്ളില്‍ ത്വലാഖ് ചൊല്ലുകയും ചെയ്യുന്നു. ഉടന്‍ ആദ്യവരന്‍ തന്നെ സ്ത്രീയെ പുനര്‍വിവാഹം കഴിക്കുന്നു. പത്ത് മിനുട്ടുനുള്ളില്‍ രണ്ട് നികാഹും ഇടക്ക് ഒരു ത്വലാഖും നടക്കുന്നു സിനിമയില്‍.

മുത്ത്വലാഖുമായി ബന്ധപ്പെട്ട് മുകളില്‍ സൂചിപ്പിച്ച രണ്ട് സംഭവങ്ങളും യഥാര്‍ഥ ഇസ്‌ലാമിക നിയമങ്ങളുടെ അന്തസന്തയുമായി ചേര്‍ന്നു നില്‍ക്കുന്നതല്ല. എന്നാല്‍ ഏറെ നാളായി നമ്മുടെ പൊതുജനത്തിനിടയില്‍ നിലനില്‍ക്കുന്ന വലിയ തെറ്റിദ്ധാരണയുടെ ഏറ്റവും മികച്ച രണ്ട് പ്രകടനങ്ങളാണവ. തലമുതിര്‍ന്ന ഒരു ജഡ്ജിയും ജനപ്രിയ സിനിമയും ത്വലാഖിനെയും പുനര്‍വിവാഹത്തെയുമെല്ലാം ഇങ്ങനെ വരച്ചു കാട്ടുമ്പോള്‍ അത് കേള്‍ക്കുകയും കാണുകയും ചെയ്യുന്ന പൊതുസമൂഹത്തില്‍ അത് വലിയ തെറ്റിദ്ധാരണയാണ് ഉണ്ടാക്കുക.

അനുവദനീയമായ കാര്യങ്ങളില്‍ അല്ലാഹുവിന് ഏറ്റവും വെറുപ്പുള്ള കാര്യമായിട്ടാണ് ഇസ്‌ലാം ത്വലാഖിനെ പഠിപ്പിക്കുന്നത്. വിവാഹമോചനത്തിന്റെ ഏറ്റവും ശാസ്ത്രീയവും മനശാസ്ത്രപരവുമായ രീതിയായിട്ടാണ് ഇസ്‌ലാം ത്വലാഖിനെ പരിചയപ്പെടുത്തുന്നതും. ദേഷ്യപ്പെട്ട് ത്വലാഖ് ചെല്ലുന്നത് സാധുവാകില്ലെന്ന് പഠിപ്പിച്ചു പ്രവാചകന്‍. വിവാഹമോചനത്തിന് മുമ്പ് ഇണകള്‍ക്കിടയില്‍ അനുരഞ്ജന ശ്രമങ്ങള്‍ നടത്തേണ്ടത് ബാധ്യതയാക്കുകയും ചെയ്തു. ത്വലാഖ് ചൊല്ലപ്പെട്ട സ്ത്രീ ഇദ്ദാ കാലത്ത് അവളുടെ ഭര്‍ത്താവിന്റെ വീട്ടില്‍ തന്നെ നില്‍ക്കണമെന്ന നിര്‍ദ്ദേശവും ഇണകള്‍ക്കിടയില്‍ യോജിപ്പിന്റെ വഴികള്‍ വീണ്ടും തുറക്കുന്നതിന് വേണ്ടിയാണ്. എന്നാല്‍ ഇതിനെല്ലാം ഉപരി നമ്മുടെ സമൂഹത്തില്‍ എന്നും വിവാദമായിട്ടുള്ളത് മുത്ത്വലാഖ് എന്ന സമ്പ്രദായമാണ്. പ്രവാചകന്റെ കാലത്തും ആദ്യ ഖലീഫ അബൂബക്കര്‍(റ) ന്റെ കാലത്തും മുത്ത്വലാഖ് എന്ന രീതി നിലനിന്നിരുന്നില്ലെന്ന് പണ്ഡിതന്മാര്‍ അംഗീകരിക്കുന്നുണ്ട്. ജനങ്ങള്‍ ത്വലാഖിനെ ദുരുപയോഗം ചെയ്തു തുടങ്ങിയപ്പോള്‍ രണ്ടാം ഖലീഫ ഉമര്‍ അവര്‍ക്കുള്ള ശിക്ഷ എന്ന നിലയില്‍ മൂന്ന് ത്വലാഖും ഒന്നിച്ചു ചൊല്ലിയാല്‍ മൂന്നും ബാധകമാകുമെന്ന് വിധിക്കുകയുണ്ടായി. നാല് മദ്ഹബുകളുടെ ഇമാമുമാരും മുത്ത്വലാഖ് ബാധകമാകുമെന്ന് അഭിപ്രായപ്പെട്ടിട്ടുള്ളതിനാല്‍ ഇതേ രീതിയാണ് നമ്മുടെ നാട്ടിലും നിലനില്‍ക്കന്നത്. എന്നാല്‍ ഇബ്‌നു തൈമിയ്യ, ഇബ്‌നുല്‍ ഖയ്യിം പോലുള്ള പണ്ഡിതന്മാര്‍ മുത്ത്വലാഖ് ഒന്നായി മാത്രമേ പരിഗണിക്കൂ എന്ന നിലപാടുകാരാണ്. ശരീഅത്തിന്റെ ആത്മാവിനോട് ഏറ്റവും ചേര്‍ന്ന് നില്‍ക്കുന്നതും ഈ നിലപാടാണ്. ഈജിപ്ത്, ഇറാഖ്, മലേഷ്യ, സിറിയ പോലുള്ള മുസ്‌ലിം നാടുകളിലും പിന്തുടരുന്നത് ഈ രീതിയാണ്.

സിനിമയില്‍ ചിത്രീകരിച്ചതു പോലുള്ള ‘ഇടക്കെട്ട്’ രീതിയും ഇസ്‌ലാമിക ചര്യയോട് യോജിക്കുന്നതല്ല. വിവാഹമോചനം ചെയ്ത സ്ത്രീയെ വീണ്ടും വിവാഹം കഴിക്കാന്‍ ‘ഇടക്കെട്ട്’ നടത്തുന്നവനെ അല്ലാഹു ശപിക്കുമെന്ന് പ്രവാചകന്‍ പഠിപ്പിച്ചിട്ടുണ്ട്. അതുപോലെ പുരുഷന്‍മാര്‍ക്ക് മാത്രമാണ് വിവാഹ മോചനത്തിന് ഇസ്‌ലാമില്‍ അവകാശമുള്ളൂ എന്ന ജസ്റ്റിസ് കട്ജുവിന്റെ പ്രസ്താവനയും യാഥാര്‍ഥ്യത്തിന് നിരക്കുന്നതല്ല. ത്വലാഖിന് പുരുഷന് മാത്രമേ അവകാശമുള്ളൂ എങ്കില്‍ വിവാഹമോചനത്തിന് സ്ത്രീകള്‍ക്കും അവകാശം നല്‍കുന്ന ഫസ്ഖ്, ഖുല്‍അ് എന്നിങ്ങനെ രണ്ട് സമ്പ്രദായങ്ങള്‍ ഇസ്‌ലാം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വിവാഹമോചനത്തിന് ഏറ്റവും ശാസ്ത്രീയവും മനശാസ്ത്രപരവുമായ രീതിയായി ഇസ്‌ലാം പഠിപ്പിച്ച ത്വലാഖ് സമ്പ്രദായത്തെ പരിഹാസ്യമായി ചിത്രീകരിക്കുന്നത് ആവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്. ഇന്ത്യയില്‍ നിലനില്‍ക്കുന്ന മുസ്‌ലിം വ്യക്തി നിയമവും അതിന് ഒരര്‍ഥത്തില്‍ കാരണമാകുന്നുണ്ടെന്നത് നേരാണ്. നേരത്തെ സൂചിപ്പിച്ച മദ്ഹബുകളുടെ അടിസ്ഥാനത്തിലുള്ള കര്‍മശാസ്ത്ര ഗ്രന്ഥങ്ങളാണ് മുസ്‌ലിം വ്യക്തി നിയമങ്ങള്‍ക്ക് ആധാരമായി കോടതികള്‍ സ്വീകരിച്ചു വരുന്നത് എന്നത് കൊണ്ട് തന്നെയാണ് മുത്ത്വലാഖ് പോലുള്ള വിഷയങ്ങളില്‍ തുടര്‍ച്ചയായി വിവാദങ്ങളുണ്ടാകുന്നത്. ഏക സിവില്‍കോഡിന് വേണ്ടി വാദിക്കുന്നവര്‍ ആയുധമാക്കുന്നതും അതാണ്. ശരീഅത്തിന്റെ അന്തസ്സ് ഉയര്‍ത്തിപ്പിടിച്ച് മദ്ഹബുകള്‍ക്ക് ഉള്ളില്‍ നിന്നുകൊണ്ട് തന്നെ ഇത്തരം നിയമങ്ങളെ ക്രോഡീകരിക്കാനും ഒരു കുറ്റമറ്റ മുസ്‌ലിം വ്യക്തി നിയമം രൂപപ്പെടുത്താനും മുന്നിട്ടിറങ്ങേണ്ടത് രാജ്യത്തെ മുസ്‌ലിം സംഘടനകളും നേതാക്കളുമാണ്. മാസങ്ങള്‍ക്ക് മുമ്പ് കേരളത്തില്‍ പ്രമുഖ മുസ്‌ലിം സംഘടനകളെല്ലാം പങ്കെടുത്ത ഒരു ചര്‍ച്ചയില്‍ ഇത്തരത്തില്‍ ആശാവഹമായ ചുവടുവെപ്പുകളും ചര്‍ച്ചകളും നടന്നിരുന്നു. മുത്ത്വലാഖ് ക്രിമിനല്‍ കുറ്റമായി പ്രഖ്യാപിക്കണമെന്ന ആവശ്യവും ആ ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നിരുന്നു. സമാനമായ ചര്‍ച്ചകള്‍ ദേശീയ തലത്തില്‍ കൂടി വ്യാപിപ്പിച്ച് കുറ്റമറ്റ മുസ്‌ലിം വ്യക്തിനിയമം രാജ്യത്ത് കൊണ്ടുവരുമാനം ഏക സിവില്‍കോഡെന്ന ഭീഷണിയെ ഒന്നിച്ചെതിര്‍ക്കാനും നമുക്ക് സാധിക്കേണ്ടതുണ്ട്.

Related Articles