Current Date

Search
Close this search box.
Search
Close this search box.

ആരുടെ കഴുത്തിലാണ് നിയമവാഴ്ച്ച പിടിമുറുക്കുന്നത്?

വേദനയും സങ്കടവും, ദയക്ക് വേണ്ടിയുള്ള ഹരജികളും നാം ക്രിമിനല്‍ കുറ്റങ്ങളായി കണക്കാക്കുകയാണെങ്കില്‍, നാം സ്വയം മനുഷ്യത്വവിരുദ്ധരായി മാറുകയാണ് എന്നല്ലെ അതിനര്‍ത്ഥം? യാകൂബ് മേമന്റെ വധശിക്ഷ നടപ്പാക്കിയതിനെ തുടര്‍ന്ന് ഉയര്‍ന്നു വന്ന അസ്വസ്ഥപ്പെടുത്തുന്ന സംസാരങ്ങളുടെ പശ്ചാത്തലത്തിലാണ് ഞാന്‍ ഈ ചോദ്യം ചോദിച്ചത്.

യാകൂബ് മേമന്റെ ഖബറടക്കല്‍ ചടങ്ങില്‍ പങ്കെടുത്ത ജനകൂട്ടം ‘ഭീകരവാദികളാ’ണെന്നും, അവരെ നിരീക്ഷിക്കേണ്ടതുണ്ടെന്നുമാണ് ത്രിപുര ഗവര്‍ണര്‍ തഥാഘദ റോയ് നിര്‍ദേശിച്ചത്. മേമന്റെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുത്തവര്‍ ‘ദേശവിരുദ്ധരാണെന്നും’ അവര്‍ നിര്‍ബന്ധമായും ‘പാകിസ്ഥാനിലേക്ക് പോകണമെന്നും’ ഭാരതീയ ജനതാ പാര്‍ട്ടിയുടെ പാര്‍ലമെന്റ് അംഗം സാക്ഷി മഹാരാജ് കൂട്ടിച്ചേര്‍ത്തു. ഒരു ‘ഭീകരവാദി’യുടെ ശവസംസ്‌കാര ചടങ്ങില്‍ എന്തു കൊണ്ട് ഒരു ‘വലിയ ജനകൂട്ടം’ പങ്കെടുത്തു എന്നതില്‍ ആശ്ചര്യപ്പെടുന്ന ആളുകളെ സാമൂഹിക മാധ്യമങ്ങളില്‍ ഞാന്‍ ശ്രദ്ധിക്കുകയുണ്ടായി. യാകൂബ് മേമന്റെ വധശിക്ഷ നടപ്പാക്കരുതെന്ന് വാദിച്ച എല്ലാവരേയും പാകിസ്ഥാനിലേക്ക് അയക്കണമെന്ന നിര്‍ദ്ദേശവുമായി ബി.ജെ.പി നേതാക്കള്‍ രംഗത്ത് വന്നിരുന്നു. മേമനെ തൂക്കിക്കൊന്നതില്‍ പ്രതിഷേധിക്കുന്നവരെ, രോഷാകുലരാകുന്നവരെ അല്ലെങ്കില്‍ സങ്കടപ്പെടുന്നവരെ പോലിസും, രഹസ്യാന്വേഷണ വിഭാഗവും നിരീക്ഷിക്കുന്നുണ്ടെന്നും അടിച്ചമര്‍ത്തുമെന്നും നമ്മോട് പറയപ്പെട്ടു.

നിശബ്ദരായി, കണ്ണീരൊഴുക്കി സങ്കടപ്പെടുന്ന ആളുകളെ ഒരു ജനകൂട്ടമായും അല്ലെങ്കില്‍ ഭീകരവാദികളായും മുദ്രകുത്തുന്നത് എന്തിനാണ്? എന്തു കൊണ്ടാണ് ഒരുപാടാളുകള്‍ യാകൂബ് മേമന് വേണ്ടി കണ്ണീരൊഴുക്കിയത്? ബാബരി മസ്ജിദ് ധ്വംസനം അല്ലെങ്കില്‍ 1984-ലെ സിഖ് വിരുദ്ധ കൂട്ടക്കൊല തുടങ്ങിയവ ഉണ്ടാക്കിയ ഒരുതരം വേദനയും, നഷ്ടബോധവും – മുസ്‌ലിംകള്‍ക്കും ജനാധിപത്യമൂല്യങ്ങള്‍ക്ക് വിലകല്‍പ്പിക്കുന്നവര്‍ക്കും അതൊരു വേദന തന്നെയായിരുന്നു – മേമനെ തൂക്കിലേറ്റിയപ്പോഴും ഉണ്ടായത് എന്തു കൊണ്ട്?

തന്റെ സഹോദരനെ വഞ്ചിച്ച, പാകിസ്ഥാനിലെ രഹസ്യാന്വേഷണ ഏജന്‍സിയുടെ ആഢംഭര സുരക്ഷിതത്വം വേണ്ടെന്ന് വെച്ച് ഇന്ത്യന്‍ ഭരണസംവിധാനത്തില്‍ വിശ്വസിച്ച് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ ഒരാള്‍ക്ക് വേണ്ടിയാണ് അവര്‍ കണ്ണീര്‍ പൊഴിച്ചത്. അവസാന ശ്വാസം വരേക്കും താന്‍ നിരപരാധിയാണെന്ന് വാദിച്ച ആ മനുഷ്യനെതിരെയുള്ള ദുര്‍ബലമായ തെളിവുകള്‍, ഒരിക്കലും വധശിക്ഷക്ക് വിധിക്കപ്പെടാന്‍ മാത്രമുള്ള തെളിവുകളായിരുന്നില്ല. സഞ്ജയ് ദത്തിനെ പോലെയുള്ളവരുടെ മേല്‍ ചുമത്തിയ കുറ്റങ്ങള്‍ തന്നെയാണ് മേമന് മേലും ചുമത്തിയിരുന്നത്.

എല്ലാറ്റിനുമുപരി, തുല്ല്യനീതി നടപ്പാക്കുന്നത് പോലെയൊന്ന് അഭിനയിക്കാന്‍ പോലും മറന്നു പോയ നീതിയുടെ മാനദണ്ഡങ്ങള്‍ നിലനില്‍ക്കുന്ന ഒരു രാജ്യത്തെ ഓര്‍ത്താണ് അവര്‍ സങ്കടപ്പെട്ടത്. 1992-’93-ലെ വര്‍ഗീയ കലാപങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ആള്‍ക്ക് സര്‍ക്കാര്‍ വക ശവസംസ്‌കാര ചടങ്ങും, ബഹുമതിയും സ്മാരകവും ഈ രാജ്യത്ത് ലഭിച്ചു. അതേഅവസരത്തില്‍ പ്രസ്തുത കലാപങ്ങള്‍ തന്നെയാണ് വിജയശ്രീലാളിതനായ ഒരു ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ ജീവിതത്തില്‍ നിന്നും മേമനെ പറിച്ചെടുത്ത് ആരാച്ചാറുടെ തൂക്കുകയറില്‍ ക്രൂരമായ മരണം വിധിച്ചത്.

നിയമ വാഴ്ച്ച
1992-’93-ല്‍ മുംബൈയിലെ മുസ്‌ലിംകള്‍ക്കെതിരെ നടന്ന ആക്രമണങ്ങളില്‍ ബാല്‍താക്കറെക്കും മറ്റു പലര്‍ക്കും നേതൃപരമായ പങ്കുണ്ടെന്നതിന് ഒരുപാട് തെളിവുകള്‍ ശ്രീകൃഷ്ണ കമ്മീഷന്‍ റിപ്പോര്‍ട്ട് ചൂണ്ടികാണിച്ചിരുന്നു. ‘മുംബൈ സ്‌ഫോടന പരമ്പര അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട സംഘത്തിന്റെ തലവന്‍ മഹേഷ് നാരായണ്‍ന്റെ’ അന്വേഷണ റിപ്പോര്‍ട്ടിനോട് കമ്മീഷനും യോജിച്ചു. ‘1992 ഡിസംബറിലും 1993 ജനുവരിയിലും അയോധ്യയിലും ബോംബെയിലും നടന്ന മൊത്തം സംഭവങ്ങളോടുള്ള പ്രതികരണമായിരുന്നു സ്‌ഫോടന പരമ്പര’.

നിങ്ങള്‍ ‘നിയമ വാഴ്ച്ചയെ ബഹുമാനിക്കണമെന്നാണ്’ യാകൂബ് മേമന് വേണ്ടി ശബ്ദിച്ചവരോട് വാര്‍ത്താചാനലുകള്‍ പറഞ്ഞു കൊണ്ടിരുന്നത്.

മായാ കോഡ്‌നാനിയുടെയോ, ബാബു ബജ്‌റംഗിയുടെയോ അടുത്തെത്തുമ്പോള്‍ ‘നിയമ വാഴ്ച്ച’യുടെ കുരുക്ക് അയയുകയും, അതേ സമയം, അഫ്‌സല്‍ ഗുരുവിന്റെയോ യാകൂബ് മേമന്റെയോ കാര്യത്തില്‍ ‘നിയമ വാഴ്ച്ച’യുടെ കുരുക്ക് മുറുകുകയും ചെയ്യുന്നത് എന്തു കൊണ്ടാണ്? 2002-ലെ ഗുജറാത്ത് കലാപത്തില്‍ കുട്ടികളെയും സ്ത്രീകളെയും കൊന്നതിന് ശേഷം തനിക്ക് സ്വയം ‘മഹാറാണാ പ്രതാപിനെ’ പോലെ തോന്നിയതായി കാമറക്ക് മുന്നില്‍ ആത്മാഭിമാനത്തോടെ പറഞ്ഞ ബാബു ബജ്‌റംഗിക്ക്, അയാളുടെ പേരകുട്ടിയുടെ കല്ല്യാണത്തിന് പങ്കെടുക്കാനും, മറ്റു കുടുംബ കാര്യപരിപാടികളില്‍ പങ്കുകൊള്ളാനും നീണ്ട കാലത്തേക്ക് ജാമ്യം അനുവദിക്കാന്‍ എങ്ങനെയാണ് ‘നിയമ വാഴ്ച്ച’ക്ക് കഴിയുന്നത്? ശക്തമായ തെളിവുകള്‍ ഇല്ലാതിരുന്നിട്ട് പോലും മാരുതി തൊഴിലാളികള്‍ക്ക് രണ്ടര വര്‍ഷത്തോളം ജാമ്യം നിഷേധിക്കാന്‍ അതേ ‘നിയമ വാഴ്ച്ച’ക്ക് എങ്ങനെയാണ് സാധിച്ചത്?

ഹാഷിംപുരയില്‍ മുസ്‌ലിംകളെ കൂട്ടക്കൊല ചെയ്ത കേസിലെ പ്രതികളെയും, ബഥാനി തോലാ, ലക്ഷമണ്‍പൂര്‍ ബാഥേ എന്നിവിടങ്ങളിലെ താഴ്ന്ന ജാതിക്കാരെയും, മുസ്‌ലിംകളെയും വംശഹത്യ നടത്തിയ കേസിലെ പ്രതികളെയും എന്തു കൊണ്ടാണ് ‘നിയമ വാഴ്ച്ച’ വെറുതെ വിടുന്നത്, ‘പൊതു മനസ്സാക്ഷിയെ’ തൃപ്തിപ്പെടുത്താനുള്ള സമ്മര്‍ദ്ദം ഇക്കാര്യത്തില്‍ അനുഭവപ്പെട്ടില്ലേ? കൂട്ടക്കൊലയില്‍ നിന്നും രക്ഷപ്പെട്ടവരുടെ ദൃക്‌സാക്ഷി മൊഴികള്‍, പ്രതികളില്‍ ഒരാളെ പോലും ശിക്ഷിക്കാന്‍ പര്യാപ്തമായവയല്ലെന്ന് തീരുമാനിച്ച അതേ ‘നിയമ വാഴ്ച്ച’, എന്തു കൊണ്ടാണ് ‘പൊതുമനസാക്ഷിയുടെ’ രക്തദാഹം തീര്‍ക്കുന്നതിന് വേണ്ടി അഫ്‌സല്‍ ഗുരുവിനെയും, യാകൂബ് മേമനെയും വധിക്കാന്‍ അങ്ങേയറ്റം ദുര്‍ബലമായ തെളിവുകള്‍ തന്നെ ധാരാളമാണെന്ന് വിധിച്ചത്? ഡിസംബര്‍ 16 ഡല്‍ഹി ബലാല്‍സംഗ കേസിലെ പ്രതികളുടെ കഴുത്തില്‍ തൂക്കുകയര്‍ ചാര്‍ത്തിയ അതേ ‘നിയമ വാഴ്ച്ച’, എന്തു കൊണ്ടാണ് തംഗ്ജം മനോരമയെ ബലാത്സംഗം ചെയ്തവരെയും, കാശ്മീരിലെ കുനാന്‍ പോഷ്‌പോറയില്‍ കൊച്ചു പെണ്‍കുട്ടികളെ മുതല്‍ വൃദ്ധകളെ വരെ ബലാത്സംഗം ചെയ്ത ഇന്ത്യന്‍ സൈനികരെയും കോടതി മുറിയില്‍ ഒന്ന് കയറ്റുന്നതില്‍ പോലും പരാജയപ്പെട്ടത്?

മാധ്യമങ്ങളുടെ ഇരട്ടത്താപ്പ്
ദേശസ്‌നേഹ വാചകകസര്‍ത്തിന്റെയും, പ്രകോപനപരവും, ധ്രുവീകരണമുണ്ടാക്കുന്നതുമായ ഹാഷ്ടാഗുകളുടെയും അകമ്പടിയോടെ ഒരുപാട് മീഡിയാ ചാനലുകള്‍ ചില ഭീകര കേസുകളെ ആസ്പദമാക്കി പരിപാടികള്‍ അവതരിപ്പിക്കുന്നുണ്ട്. പക്ഷെ, അന്വേഷണ ഏജന്‍സികള്‍ തന്നെ ഭീകരാക്രമണ കേസുകള്‍ അട്ടിമറിക്കുമ്പോള്‍ എന്തു കൊണ്ടാണ് പ്രസ്തുത ചാനലുകള്‍ അവര്‍ നേരത്തെ പ്രദര്‍ശിപ്പിച്ച ദേശസ്‌നേഹവും ആവേശവും കാണിക്കാത്തത്?

2008 മാലേഗാവ് സ്‌ഫോടന കേസിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ റോഹിനി സാലിയന്‍, 2014 മെയ് മാസത്തിന് – നരേന്ദ്ര മോദി പ്രധാനമന്ത്രിയായി സ്ഥാനമേറ്റ അതേ മാസം – ശേഷം, ‘മുകളില്‍ നിന്നുള്ള ഉത്തരവുണ്ടെന്നും’ പറഞ്ഞ് തന്റെ മേല്‍ ദേശീയ അന്വേഷണ ഏജന്‍സി സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്ന് പരസ്യമായി വെളിപ്പെടുത്തിയതിനെ കുറിച്ച് എന്തു കൊണ്ടാണ് ‘ജനങ്ങള്‍ക്ക് അറിയാന്‍’ താല്‍പര്യമില്ലാത്തത്? ആരാണ് മുകളില്‍ നിന്നും ഉത്തരവ് നല്‍കിയതെന്ന് എന്തു കൊണ്ടാണ് ആരും ചോദിക്കാതിരുന്നത്? 2014 ജൂണ്‍ മാസത്തില്‍, മോദി ഗവണ്‍മെന്റ് അധികാരത്തിലേറിയതിന് ശേഷം തൊട്ടുടനെ, 2007 അജ്മീര്‍ സ്‌ഫോടന കേസിലെ 14 പ്രധാനസാക്ഷികള്‍ കൂറുമാറി. ജാര്‍ഗഢ് വികാസ് മോര്‍ച്ച വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന രന്ദീര്‍ സിംഗാണ് സാക്ഷികളിലൊരാള്‍. അദ്ദേഹത്തിന് പിന്നീട് ജാര്‍ഗഢിലെ ബി.ജെ.പി സര്‍ക്കാറില്‍ ഒരു മന്ത്രി സ്ഥാനം സമ്മാനമായി നല്‍കപ്പെട്ടു. രാജ്യത്തെ ഭരണപാര്‍ട്ടി യാതൊരു വിധ മടിയും കൂടാതെ നടത്തിയ ഭീകരവാദ കേസ് കുഴിച്ചുമൂടല്‍ വിവാദത്തെ കുറിച്ചറിയാന്‍ എന്തുകൊണ്ടാണ് ജനങ്ങള്‍ക്ക് താല്‍പര്യമില്ലാത്തത്?

2004 മസ്ജിദ് സ്‌ഫോടന കേസുമായി ബന്ധപ്പെട്ട ഫയല്‍ നഷ്ടപ്പെട്ടെന്നാണ് ജമ്മു കാശ്മീര്‍ പോലിസ് പറയുന്നത്.- ‘ഒരു ഭീകരവാദ കേസ് ഫയല്‍ എങ്ങനെ നഷ്ടപ്പെടും’ എന്നതിനെ കുറിച്ച് നാം സാധാരണ കേള്‍ക്കാറുള്ള ചാനല്‍ ചാനല്‍ ചര്‍ച്ചകളൊന്നും തന്നെ എന്തുകൊണ്ടാണ് ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരാഞ്ഞത്?

അന്വേഷണ ഏജന്‍സികള്‍ മാത്രമല്ല, ഒട്ടുമിക്ക മാധ്യമങ്ങളും കുറ്റാരോപിതരുടെ പേരും വിലാസവും നോക്കിയാണ് ഭീകരവാദ കേസുകളെ കൈകാര്യം ചെയ്യുന്നതെന്ന് പറയാന്‍ നാം നിര്‍ബന്ധിതരായിരിക്കുകയാണ്. സംഘടനകളെയും രാഷ്ട്രീയ സ്വയംസേവകുമായും ബി.ജെ.പിയുമായും അടുപ്പമുള്ളവരെയും സംരക്ഷിക്കാന്‍ സംഘി ഭീകരവാദ കേസുകള്‍ അട്ടിമറിക്കുന്ന അധികാര സ്ഥാനത്തിരിക്കുന്നവര്‍ ദേശവിരുദ്ധരായി മുദ്രകുത്തപ്പെടുന്നില്ല.

ഈ പരിതാവസ്ഥക്ക് ‘വ്യവസ്ഥ’യെ മാത്രം കുറ്റപ്പെടുത്തിയാല്‍ മതിയാവില്ല. നീതിയുടെ അളവുകോലുകള്‍ അവയുടെ സന്തുലിതാവസ്ഥ വീണ്ടെടുത്താല്‍, ഈ രാഷ്ട്രത്തിലെ പൗരന്‍മാരായ നാം, നമ്മുടെ തന്നെ മുന്‍വിധികളുടെ വിളനിലത്ത് വെറുപ്പിന്റെ വിത്ത് വിതക്കുന്നവരെ തള്ളികളയുക തന്നെ ചെയ്യും. പകരം, നമ്മുടെ മനസ്സിലെ ഫയഭൂയിഷ്ടമായ മണ്ണില്‍ ദലിതുകള്‍, ന്യൂനപക്ഷങ്ങള്‍, കാശ്മീരികള്‍, ദരിദ്രര്‍ എന്നിവരോടുള്ള സഹാനുഭൂതിയുടെയും, ഐക്യദാര്‍ഢ്യത്തിന്റെയും വിത്തുകള്‍ നാം വിതക്കണം. അവരുടെ വേദന നാം പങ്കുവെക്കേണ്ടതുണ്ട്.

വധശിക്ഷക്കെതിരെ പൊരുതുന്നത് പോലെ തന്നെ, കുറ്റവാളികളുടെ രാഷ്ട്രീയ-സാമൂഹിക പദവികള്‍ പരിഗണിക്കാതെ ഭീകരവാദകേസുകളിലും, വര്‍ഗീയ കൂട്ടക്കൊല കേസുകളിലും നീതി നടപ്പില്‍ വരുത്തുന്നതിന് വേണ്ടി നാം പോരാടേണ്ടതുണ്ട്.

(സി.പി.ഐ (എം.എല്‍) പോളിറ്റ് ബ്യൂറോ അംഗമാണ് കവിതാ കൃഷ്ണന്‍)

മൊഴിമാറ്റം: ഇര്‍ഷാദ് കാളാച്ചാല്‍

Related Articles