Current Date

Search
Close this search box.
Search
Close this search box.

അമ്പലങ്ങളില്‍ മാത്രം വസിക്കുന്ന ദൈവം

ഒരു ജീവായുസ്സിനിടയ്ക്ക് ഏതൊരു മനുഷ്യപ്രകൃതിക്കും ആഗ്രഹമുണ്ടാകും തന്റേതായ വ്യക്തിമുദ്ര ലോകജനതക്കു മുമ്പില്‍ സമര്‍പ്പിക്കണമെന്ന്. നാലാളറിയണമെങ്കില്‍ നാലുപേരെ കുത്തിനോവിക്കുന്ന നാലു വര്‍ത്തമാനം പറഞ്ഞാല്‍ മതിയാകുന്ന കാലമാണിന്ന്. അയാള്‍ക്ക് പ്രശസ്തിയാര്‍ജിച്ചു കൊടുക്കേണ്ട ദൗത്യം ചാനലുകാരും പത്രങ്ങളും ഭംഗിയായി നിര്‍വഹിച്ചു കൊള്ളും. ഇന്നും ഇന്നലെകളുടെയും പത്രത്താളുകള്‍ ഇത്തരം മഹാന്മാരുടെ വിവാദപ്രസ്താവനകളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. അതിലേറ്റവും ഒടുവിലത്തേതാണ് പള്ളികളെയും ചര്‍ച്ചുകളെയും സംബന്ധിച്ച് ഇരു വിഭാഗങ്ങളുടെയും മത വികാരങ്ങളെ വ്രണപ്പെടുത്തുന്ന പ്രസ്താവനയുമായി  രംഗത്ത് വന്നിട്ടുള്ള സുബ്രഹ്മണ്യന്‍ സ്വാമിയുടേത്. വര്‍ഗീയതയുടെ ഭാഷയിലുള്ള വിവാദങ്ങളുടെ സീസണാണിത്. ഭരണത്തിലിരിക്കുന്നവരെ പ്രീതിപ്പെടുത്തുന്ന വര്‍ത്തമാനങ്ങള്‍ പറഞ്ഞാല്‍ നിയമപരമായി ഒന്നും നേരിടേണ്ടി വരില്ല എന്ന ആത്മവിശ്വാസം സ്വാമിക്കുണ്ടായിട്ടുണ്ടെങ്കില്‍ അതിന് തിരുത്തുമായിട്ടാണ് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്റെ ഇതിനോടുള്ള പ്രതികരണം. ഭരണത്തിലുള്ള പലരുടെയും പ്രസ്താവനകള്‍ പാര്‍ട്ടിയുടെ മുഖഛായയെ കളങ്കപ്പെടുത്തുന്നത് പേടിച്ചും ഡല്‍ഹി പോലുള്ള തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുണ്ടായ തിരിച്ചടിയോ എന്തോ, സ്വാമിയുടെ പ്രസ്താവനയെ തീര്‍ത്തും അവഗണിക്കുകയാണ് അദ്ദേഹം ചെയ്തത്. എന്നല്ല, അദ്ദേഹം പ്രതികരിച്ചതാണതിന്റെ യഥാര്‍ത്ഥ മറുപടി. ഓരോ തവണ സംസ്ഥാനത്ത് വരുമ്പോഴും തലക്കെട്ടുകളില്‍ ഇടം പിടിക്കാന്‍ അദ്ദേഹം കരുതിക്കൂട്ടി ഇത്തരം പ്രസ്താവനകളിറക്കാറുണ്ട് എന്നതാണദ്ദേഹത്തിന്റെ മറുപടി. ഉടുതുണിയണിയാതെയാണ് നാലാള് കാണുന്നതെങ്കില്‍ അതിനും മിനക്കെടാന്‍ ഒരുമ്പെടുന്ന നിലപാടാണ് ഇത്തരക്കാരുടേത്.
    
ഇറക്കിവിടുന്ന പ്രസ്താവനകള്‍ തന്നെ പറയുന്നതിനോട് പരസ്പരം യോജിക്കാത്തതും. ദൈവം അമ്പലങ്ങളില്‍ മാത്രമാണ് വസിക്കുന്നതെന്നും പള്ളികളിലും ചര്‍ച്ചുകളിലും ദൈവത്തിന് ഇടമില്ലെന്നുമാണ് അദ്ദേഹത്തിന്റെ വിചണ്ഡവാദം. ഇതരമതസ്ഥര്‍ പള്ളികളിലും ചര്‍ച്ചുകളിലും പോകുന്നുണ്ടെങ്കില്‍ അത് പ്രാര്‍ത്ഥനക്ക് വേണ്ടി മാത്രമാണെന്നും പ്രസ്താവിച്ചിരിക്കുന്നു. പ്രാര്‍ത്ഥനക്ക് വേണ്ടി പോകുന്നുണ്ടെങ്കില്‍ ഏത് ദൈവത്തെ തൃപ്തിപ്പെടുത്താനാണ് ആ പോക്ക് എന്ന് ന്യായമായും ചോദിക്കേണ്ടി വരും. എന്ത് തന്നെയാണെങ്കിലും പൗരോഹിത്യത്തിന്റെയും മറ്റും വാല് കൂടെയുള്ളവര്‍ക്ക് എന്തും പറയാം എന്ന വിചാരത്തിന് അറുതി വരുത്തിക്കൊണ്ടാണ് ബി.ജെ.പി അദ്ധ്യക്ഷന്റെ പ്രതികരണം.

(അല്‍-ജാമിഅ അല്‍-ഇസ്‌ലാമിയ, ശാന്തപുരം വിദ്യാര്‍ഥിയാണ് ലേഖകന്‍)

Related Articles