Current Date

Search
Close this search box.
Search
Close this search box.

അനാഥരെ തീവ്രവാദത്തിന്റെ മേല്‍ക്കുപ്പായം അണിയിക്കുന്നവരോട്

ഒരു വെടിക്ക് ഒരുപാടു പക്ഷികളെ വെടിവെച്ചിടാനുള്ള നെട്ടോട്ടത്തിലാണ് ചില മാധ്യമങ്ങളും മുഖ്യധാരാ രാഷ്ട്രീയ കക്ഷികളും. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്ന് കുട്ടികളെ കേരളത്തിലേക്ക് കൊണ്ടുവന്നത് മനുഷ്യക്കടത്തായും തീവ്രവാദ പരിശീലനത്തിനുമാണെന്ന പ്രചരണത്തിന് കോണ്‍ഗ്രസ് തന്നെ നേതൃത്വം നല്‍കുന്നു. വര്‍ഗീയത മുഖ്യ അജണ്ടയാക്കിയ ചില മാധ്യമങ്ങളുടെ കള്ളവാര്‍ത്തകള്‍ക്ക് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല തുല്യം ചാര്‍ത്തിയതോടെ മനുഷ്യക്കടത്തിന് ഔദ്യോഗിക പരിവേഷവും ലഭിച്ചു.

ഒരു നേരത്തെ ഭക്ഷണം പോലും ലഭിക്കാതെ, ജീവിതമാണോ മരണമാണോ നല്ലതെന്ന ചോദ്യത്തിന് മരണം എത്രയും വേഗമെത്തിയാല്‍ അത്രയും സന്തോഷമെന്ന ഉത്തരം നല്‍കിയിരുന്ന ആയിരക്കണക്കിന് കുട്ടികളാണ് കേരളത്തിലെ യതീംഖാനകളുടെ തണലില്‍ കഴിഞ്ഞുവരുന്നത്.  സംസ്ഥാനങ്ങളുടെ അതിര്‍വരമ്പുകളോ ഭാഷയുടെയും സംസ്‌കാരത്തിന്റെയും വേലിക്കെട്ടുകളോ അനാഥാലയ നടത്തിപ്പുകാര്‍ നോക്കിയിട്ടില്ല ഇതുവരെ. മതവും ജാതിയും പരിഗണന വിഷയങ്ങളുമായിരുന്നില്ല.

മൂന്നു നേരവും ഭക്ഷണം കഴിച്ച്, രാവിലെ സ്‌കൂളില്‍ പോയി, പരീക്ഷ എഴുതി, അധ്യയനം പൂര്‍ത്തിയാക്കുന്ന കുട്ടികളാണ് ഓരോ യതീംഖാനയുടെയും മുറ്റത്ത് ആര്‍ത്തുല്ലസിക്കുന്നത്. ഓരോ അവധിക്കാലത്തും അവര്‍ സ്വന്തം നാട്ടിലേക്ക് തിരിച്ചുപോകും. ഒഴിവുവേളയില്‍ കുടുംബത്തോടൊപ്പം ചെലവിട്ട് കൂടുതല്‍ സന്തോഷത്തോടെ തിരിച്ചുപോരും. ഇങ്ങനെ തിരിച്ചുപോരുന്ന ഒരു യാത്രയിലാണ് ചില കഴുകക്കണ്ണുകള്‍ അവരെ പിന്തുടര്‍ന്നത്. ഇത് മനുഷ്യക്കടത്തായി ചിത്രീകരിക്കപ്പെട്ടു. നിഷ്‌കളങ്കരായ കുട്ടികളുടെ കണ്ണുകളില്‍ നോക്കി ഇവര്‍ ഭാവിയിലെ തീവ്രവാദികള്‍ എന്ന് വിളിച്ചുകൂവി. കുട്ടികളുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നുവെന്ന് അവകാശപ്പെടുന്ന ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും ഈ യാത്രയെ മനുഷ്യക്കടത്ത് എന്ന രീതിയില്‍ തന്നെയാണ് വിലയിരുത്തിക്കൊണ്ടിരിക്കുന്നത്. മനുഷ്യാവകാശ കമ്മീഷന്‍ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസര്‍ ശ്രീജിത്തിന്റെ നേതൃത്വത്തില്‍ വര്‍ഗീയ പ്രചാരണം കാര്യമായി നടക്കുന്നു. മനുഷ്യാവകാശങ്ങളെ പറ്റി സംസാരിക്കുന്ന അന്വേഷണോദ്യോഗസ്ഥന്‍, മലപ്പുറം ഡിവൈ.എസ്.പി അഭിലാഷിന്റെ മനുഷ്യാവകാശത്തെ പറ്റിയോര്‍ക്കുന്നത് നല്ലതാണ്. ഗണ്‍മാന്റെ സുരക്ഷയിലാണ് ഡിവൈ.എസ്.പി അഭിലാഷ് ജീവിക്കുന്നത്. ശ്രീജിത്തില്‍നിന്ന് ജീവന് ഭീഷണി നേരിടുന്നുവെന്ന പരാതിയിലാണ് അഭിലാഷിന് ഗണ്‍മാനെ നിയോഗിച്ചത്. സംസ്ഥാന പോലീസില്‍ ഇത് ആദ്യത്തെ സംഭവമാണ്. സ്വന്തം കീഴുദ്യോഗസ്ഥനെ വകവരുത്താന്‍ തക്കം പാര്‍ത്തു കഴിയുന്നയാളാണ് കുട്ടികളുടെ സംരക്ഷണം എന്നാക്രോശിച്ച് വായിട്ടലക്കുന്നത്. ക്രിമിനല്‍ പോലീസ് പട്ടികയിലുള്ള ഉദ്യോഗസ്ഥന്‍ കൂടിയായ ഇയാള്‍ ആരെയൊക്കെയോ പ്രീതിപ്പെടുത്തി തന്റെ കസേര ഉറപ്പിക്കുന്നതിന് പാവം കുട്ടികളെ കരുവാക്കുന്നുവെന്ന് സംശയിക്കുന്നവരെ പിന്തുണക്കുകയേ തല്‍ക്കാലം നിവൃത്തിയുള്ളൂ.

അസമിലെയും പശ്ചിമ ബംഗാളിലെയും ബിഹാറിലെയും കശ്മീരിലെയുമെല്ലാം പട്ടണങ്ങളിലും ഗ്രാമങ്ങളിലും എത്രയോ ആയിരക്കണക്കിന് കുട്ടികള്‍ ഭക്ഷണവും വസ്ത്രങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളുമില്ലാതെ നരകിച്ചു കഴിയുന്നു. കുടുസ്സുമുറിയില്‍ അഞ്ചും ആറും കുട്ടികള്‍ ജീവിക്കുന്നു. ഭക്ഷണം പോലും ലഭിക്കാതെ എല്ലാ ദിവസവും പിച്ചച്ചട്ടിയുമായി പുറത്തിറങ്ങേണ്ട ഗതികേടിലാണിവര്‍. ഇവര്‍ക്ക് പിന്നില്‍ ചൂഷകര്‍ ഒന്നിച്ചുചേരുന്നു. ഈ കുട്ടികളെയാണ് കേരളത്തിലെ അനാഥാലയങ്ങള്‍ സംരക്ഷിച്ചുകൊണ്ടിരിക്കുന്നത്.

കേരളത്തില്‍ യതീംഖാന പ്രസ്ഥാനങ്ങള്‍ക്ക് ഏഴു പതിറ്റാണ്ടിലേറെ പാരമ്പര്യമുണ്ട്. നാടുമുഴുവന്‍ പടര്‍ന്നുപിടിച്ച മഹാമാരികള്‍ക്ക് ശേഷമാണ് ചില യതീംഖാനകള്‍ രൂപീകരിക്കപ്പെട്ടത്. മതം നോക്കാതെയായിരുന്നു അതിലേക്ക് കുട്ടികളെ പ്രവേശിപ്പിച്ചിരുന്നത്. തിരൂരങ്ങാടി യതീംഖാനയുടെ സംഭാവനയായിരുന്നു കെ.പി. രാമന്‍ മാസ്റ്റര്‍. എം.എല്‍.എയും ലീഗ് നേതാവുമായി രാമന്‍ മാസ്റ്റര്‍ ഏറെക്കാലം പ്രവര്‍ത്തിച്ചു. ഇങ്ങനെയുള്ള നിരവധി പേര്‍ വേറെയുമുണ്ട്. വീടുകളിലും കടകളിലും സ്ഥാപിച്ച ചെറിയ സംഭാവന പെട്ടികള്‍ മാത്രമായിരുന്നു വരുമാനം. ഒരു കുട്ടി പോലും യതീംഖാനയില്‍ ഭക്ഷണം ലഭിക്കാതെ കരഞ്ഞുപോയിട്ടില്ല ഇക്കാലമത്രയും.

സര്‍ക്കാറിന്റെ ഗ്രാന്റ് ലഭിക്കുന്നതിന് വേണ്ടിയാണ് അന്യസംസ്ഥാനങ്ങളില്‍നിന്ന് കുട്ടികളെ കൊണ്ടുവരുന്നത് എന്നാണ് പുതിയ കണ്ടുപിടിത്തം. ഒരു കുട്ടിക്ക് ഒരു മാസം സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നത് 500 രൂപയാണ്. അത് കേരളത്തില്‍നിന്നുള്ള കുട്ടികള്‍ക്ക് മാത്രമാണ് നല്‍കുന്നത്. പിന്നെ എങ്ങനെ ഗ്രാന്റ് തട്ടിയെടുക്കും എന്ന മറുചോദ്യത്തെ തീവ്രവാദത്തിന്റെ മേല്‍ക്കുപ്പായണിയിച്ച് ഭീഷണിപ്പെടുത്താന്‍ നോക്കരുത്. കേരളത്തിലെ മുസ്‌ലിം അനാഥാലയങ്ങളില്‍ മാത്രമല്ല ഇത്തരത്തില്‍ അന്യസംസ്ഥാനങ്ങളില്‍നിന്നുള്ള കുട്ടികളുള്ളത്. എല്ലാ വിഭാഗങ്ങളും നടത്തുന്ന സ്ഥാപനങ്ങളിലും ഇത്തരം കുട്ടികളുണ്ട്. ഇതെല്ലാം കാലങ്ങളായി തുടരുന്നതുമാണ്.

മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ സാമൂഹികാവസ്ഥയില്‍ വ്യത്യാസമുണ്ട്. മുന്‍കാലങ്ങളെ അപേക്ഷിച്ച് അനാഥക്കുട്ടികള്‍ കുറഞ്ഞുവരുന്നു. അതേസമയം, അനാഥാലയങ്ങളില്‍ മികച്ച സൗകര്യങ്ങളുമുണ്ട്. ഈ സഹചര്യത്തിലാണ് അന്യസംസ്ഥാനങ്ങളില്‍നിന്നുള്ള കുട്ടികളെ വരുന്നത്. ഹൈസ്‌കൂള്‍ വിദ്യാഭ്യാസവും പ്ലസ് ടുവും ബിരുദവും ബിരുദാനന്തര ബിരുദവുമെല്ലാം കുട്ടികള്‍ക്ക് നല്‍കുകയും ചെയ്യുന്നു. സ്വന്തം സംസ്ഥാനത്ത് നിലവിലുള്ള സഹചര്യത്തില്‍ ഇതൊന്നും ഇവര്‍ക്ക് സ്വപ്നം കാണാന്‍ പോലുമാകില്ല. ഈ കുട്ടികള്‍ എല്ലാക്കാലത്തും ഇങ്ങനെയൊക്കെ ജീവിച്ചാല്‍ മതിയെന്ന് വാശിപിടിക്കുന്ന ചിലരാണ് പുതിയ വിവാദത്തിന് പിന്നില്‍.

എല്ലാ പ്രതീക്ഷകളും അവസാനിക്കുമ്പോഴാണ് മാതാവിന്റെ മടിത്തട്ടില്‍നിന്നും പിതാവിന്റെ സ്‌നേഹലാളനകളില്‍നിന്നും രക്ഷയുടെ കവാടം തേടി ഈ കുരുന്നുകള്‍ യാത്ര പോകുന്നത്. മറ്റൊരു ഗതിയുമില്ലാഞ്ഞിട്ടാണ് കിലോമീറ്ററുകള്‍ക്കപ്പുറത്തേക്ക് ഈ കുട്ടികളെ രക്ഷിതാക്കള്‍ പറഞ്ഞയക്കുന്നത്. ജീവിതത്തിന്റെ എല്ലാ പ്രതീക്ഷകളും അവസാനിച്ചവര്‍ക്ക് മാത്രമേ സ്വന്തം കുഞ്ഞുങ്ങളെ ഇങ്ങനെ വിട്ടയക്കാനാകൂ.

കുട്ടികളെ അതാത് സംസ്ഥാനങ്ങളില്‍ ചെന്ന് സംരക്ഷിക്കണമെന്ന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ പ്രസ്താവന വര്‍ഗീയ വാദികള്‍ക്ക് ചൂട്ടുപിടിക്കുന്നതാണ്. ചെന്നിത്തലയുടെ പാര്‍ട്ടി നാലും അഞ്ചും പതിറ്റാണ്ടുകള്‍ ഭരണം നടത്തിയ സംസ്ഥാനങ്ങളില്‍നിന്നുള്ള കുട്ടികളാണ് ഇവരെന്നോര്‍ക്കുക. ഭരണത്തിന്റെ അധികാരവും സൗകര്യവുമുണ്ടായിട്ടും ഈ പാവങ്ങളെ തിരിഞ്ഞുനോക്കാത്ത അധികാരികള്‍ ഇപ്പോള്‍ വര്‍ഗീയതയുടെ വിഷം ചീറ്റുന്ന വര്‍ത്തമാനങ്ങളുമായി ഇറങ്ങിത്തിരിച്ചിരിക്കുന്നു. പ്രതീക്ഷ നഷ്ടപ്പെട്ടുപോയ ജനതയെയാണ് കോണ്‍ഗ്രസിന്റെയും മറ്റ് പാര്‍ട്ടികളുടേയും ഭരണം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലുണ്ടാക്കിയെടുത്തത്. ആ വിഭാഗത്തിലെ കുരുന്നുകള്‍ക്ക് വിദ്യാഭ്യാസവും സംരക്ഷണവും നല്‍കുന്നത് തീവ്രവാദവും മനുഷ്യക്കടത്തുമായി ചിത്രീകരിച്ച് തീവ്രവാദാരോപണത്തിന് മുതല്‍ക്കൂട്ടാന്‍ സംസ്ഥാന അഭ്യന്തര മന്ത്രി തന്നെ ഒത്താശ ചെയ്യുന്നത് ക്രൂരമാണ്.  ബി.ജെ.പിയേക്കാള്‍ വലിയ തീവ്ര ഹിന്ദുത്വം കൊണ്ടേ ഭരണം തിരിച്ചുപിടിക്കാനാകൂ എന്ന കോണ്‍ഗ്രസിന്റെ ചില നേതാക്കളുടെ കണ്ടെത്തലുകളും പുതിയ വിവാദത്തിന് പിന്നിലുണ്ടെന്ന് ന്യായമായും സംശയിക്കണം.

കുട്ടികളെ എല്‍.കെ.ജി മുതല്‍ അന്യസംസ്ഥാനങ്ങളിലേക്ക് വിദ്യാഭ്യാസത്തിന് അയക്കുന്ന രക്ഷിതാക്കളുണ്ട്. റസിഡന്റ്‌സ് സ്‌കൂളുകളിലും മറ്റും താമസിപ്പിച്ചാണ് കുട്ടികളെ വിദ്യ അഭ്യസിക്കുന്നത്. അത് പണക്കാരുടെ മക്കളാകുമ്പോള്‍ നല്ല നാളേക്കു വേണ്ടിയുള്ള കാത്തുവെപ്പായി പ്രശംസിക്കപ്പെടുന്നു. അതേസമയം, വയറു നിറച്ചൊന്നുണ്ണാന്‍ മോഹിച്ച് കഴിയുന്ന പട്ടിണിപ്പാവങ്ങള്‍ക്ക് അത്താണിയുണ്ടാക്കിയാല്‍ അത് തീവ്രവാദമായും ചിത്രീകരിക്കുന്നു. കേരളത്തെ ഇളക്കിമറിച്ച ലൗ ജിഹാദ് പോലെ എന്തോ ഒന്ന് അണിയറയില്‍ തിളച്ചുമറിയുന്നു എന്ന് സംശയിച്ചാല്‍ അതില്‍ തെല്ലും സംശയിക്കാനില്ല.

Related Articles