Current Date

Search
Close this search box.
Search
Close this search box.

അതിസമ്പന്നർ നിയന്ത്രിക്കുന്ന ഇന്ത്യൻ ജനാധിപത്യവും പത്രസ്വാതന്ത്ര്യവും

കഴിഞ്ഞ നവംബർ അവസാനത്തിൽ ജനപ്രിയ ഇന്ത്യൻ ടെലിവിഷൻ ജേണലിസ്റ്റായ രവീഷ് കുമാർ, രാജ്യത്തെ പഴക്കം ചെന്ന സ്വകാര്യ സംപ്രേഷണ സ്ഥാപനമായ NDTV(New Delhi Television Limited) യിൽ നിന്നുള്ള രാജി പ്രഖ്യാപിക്കുകയുണ്ടായി. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നവാർത്താ മാധ്യമ സ്വാതന്ത്രത്തിന്റെ ഭയാനകമായ ഓർമ്മപ്പെടുത്തലായിരുന്നു അത്.

കാൽനൂറ്റാണ്ടായി എൻഡിടിവിയിലെ ജനപ്രിയ ശബ്ദമായിരുന്ന രവിഷ് കുമാറിന്റെ മാധ്യമയാത്ര ധീരമായിരുന്നു. വെല്ലുവിളിയുയർത്തുന്ന റിപ്പോർട്ടിംഗുകളും നിർഭയത്തോടെയുള്ള മാധ്യമപ്രവർത്തനവും അധികാരത്തിലിരിക്കുന്നവരെ നേരിടാനുള്ള സന്നദ്ധതയും കൊണ്ട് അദ്ദേഹം പ്രശസ്തനായിരുന്നു. മോദി സർക്കാരിന് അനുകൂലമായ നിലപാട് സ്വീകരിച്ചതിനും ഹിന്ദു- മുസ്‌ലിം വർഗീയവിദ്വേഷങ്ങളും വളർത്തിയതിനും മറ്റ് വാർത്താ മാധ്യമങ്ങളെ അദ്ദേഹം ശക്തമായി വിമർശിച്ചിരുന്നു.

എന്നിട്ടും ലോകത്തിലെ മൂന്നാമത്തെ സമ്പന്നനായ ഗൗതം അദാനി എൻഡിടിവിയുടെ ഭൂരിഭാഗം ഓഹരിയുടമയായതോടെ കുമാറിന് രാജിവെക്കൽ അനിവാര്യമാവുകയായിരുന്നു. 2014ലെ ദേശീയ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണത്തിന് തന്റെ വിമാനം ഉപയോഗിച്ചതുൾപ്പെടെ മോദിയുമായി അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയാണ് അദാനി. 2014-ൽ മോദി അധികാരത്തിൽ വന്നതിന് ശേഷം അദാനിയുടെ ആസ്തി 7 ബില്യൺ ഡോളറിൽ നിന്ന് 110 ബില്യൺ ഡോളറിലേക്കാണുയർന്നത്.

തന്റെ ഉടമസ്ഥതയിലുള്ള NDTV അതിന്റെ സ്വാതന്ത്ര്യം നിലനിർത്തുമെന്ന് അദാനി ഊന്നിപറയുന്നുണ്ടെങ്കിലും മോദി സർക്കാരിനെ വെല്ലുവിളിക്കാൻ ധൈര്യം കാണിക്കുന്ന ചുരുക്കം ചില ഇന്ത്യൻ ടിവി ചാനലുകളിലൊന്ന് അദ്ദേഹം ഏറ്റെടുക്കുന്നത് ലോകമെമ്പാടുമുള്ള മാധ്യമപ്രവർത്തനം നേരിടുന്ന ആശങ്കകളെ ഉയർത്തികാണിക്കുന്നുണ്ട്. രാജ്യത്തെ അഭിപ്രായസ്വാതന്ത്ര്യത്തിന്റെ ഉടമസ്ഥാവകാശം ഏതാനും ഉന്നത വ്യവസായികളുടെ കൈകളിൽ കേന്ദ്രീകരിക്കുന്നുവെന്നത് ആശങ്കാജനകമാണ്.

“സർക്കാറിന്റെ ചങ്ങാതിയായ, അതിന്റെ പദ്ധതികളോട് അനുഭാവം പുലർത്തുന്ന ഒരു കോർപ്പറേഷൻ വാങ്ങിയ ഒരു ചാനലിന് എങ്ങനെയാണ് സർക്കാരിനെ വിമർശിക്കാൻ കഴിയുക?, ഈ സാഹചര്യത്തിൽ ഞാൻ രാജിവെക്കണമെന്ന് വ്യക്തമായിരിക്കുന്നു.” രവിശ് കുമാറിന്റെ വാക്കുകളാണിത്.

ആഗോള പ്രശ്നമെന്ന നിലയിൽ
ഇത് കേവലം ഇന്ത്യയിലെ മാത്രം പ്രശ്നമല്ല. മാധ്യമങ്ങളുടെ കോർപ്പറേറ്റ് കുത്തകവൽക്കരണത്തെ കുറിച്ച് യുണൈറ്റഡ് സ്‌റ്റേറ്റ്‌സിൽ കൂടുതൽ അന്വേഷണങ്ങൾ നടന്നിട്ടുണ്ട്. കോംകാസ്റ്റ്, ന്യൂസ് കോർപ്പ്, ഡിസ്നി, വയാകോം, ടൈം വാർണർ, സിബിഎസ് എന്നീ ആറ് കമ്പനികൾ മാത്രം രാജ്യത്തെ 90 ശതമാനം മാധ്യമങ്ങളെയും എങ്ങനെയാണ് സ്വന്തമാക്കിയെന്ന് 2017-ൽ ബെർണി സാൻഡേഴ്‌സ് എഴുതിയിട്ടുണ്ട്. ന്യൂയോർക്ക് ടൈംസ്, വാൾസ്ട്രീറ്റ് ജേർണൽ, വാഷിംഗ്ടൺ പോസ്റ്റ് എന്നിവയുൾപ്പെടെയുള്ള എല്ലാപ്രമുഖ ദേശീയ പത്രങ്ങളുടെയും ഉടമസ്ഥതർ 15 ശതകോടീശ്വരന്മാർ ആണെന്ന് 2016 ൽ ഫോർബ്സ് പുറത്ത് വിട്ടിരുന്നു.

മാധ്യമ മേഖലയിലെ ഈ “കേന്ദ്രീകൃത ഉടമസ്ഥാവകാശം”(concentrated ownership) എല്ലാ ആധുനിക ജനാധിപത്യത്തിനും ഒരു പ്രധാന പ്രശ്നമാണെന്ന് യു.കെ ആസ്ഥാനമായി പ്രവർത്തിക്കുന്ന മീഡിയ റിഫോം കോയലിഷൻ അഭിപ്രായപ്പെടുന്നുണ്ട്. 2015-ൽ, യുകെ ദേശീയ പത്ര വിപണിയുടെ 71 ശതമാനവും ന്യൂസ് യുകെ, ഡെയ്‌ലി മെയിൽ ഗ്രൂപ്പ്, റീച്ച് എന്നീ മൂന്ന് കമ്പനികൾക്കായിരുന്നു. 2019-ഓടെ, അവരുടെ വിപണി വിഹിതം 83 ശതമാനമായും 2021-ഓടെ 90 ശതമാനമായും വളർന്നു.

മാധ്യമ കുത്തകവൽക്കരണം തടയാൻ ചില രാജ്യങ്ങളിൽ നിയന്ത്രണ നടപടികൾ നിലവിലുണ്ട്. ഉദാഹരണത്തിന്, ജർമ്മനിയിൽ, “എല്ലാ ടിവി പ്രേക്ഷകരുടെയും 30 ശതമാനത്തിലധികം” നിയന്ത്രിക്കാൻ ഒരു കമ്പനിക്കും സാധ്യമല്ല.
എന്നാൽ യൂറോപ്പിൽ തന്നെ പലയിടത്തും ഇതിനു വിപരീതസാഹചര്യവുമുണ്ട്. ഇറ്റലിയിൽ, മുൻ പ്രധാനമന്ത്രി സിൽവിയോ ബെർലുസ്‌കോണിയുടെ കുടുംബം നിയന്ത്രിക്കുന്ന ഹോൾഡിംഗ് കമ്പനിയായ ഫിൻഇൻവെസ്റ്റിന് രാജ്യത്തെ മൂന്ന് പ്രധാന ടിവി ചാനലുകളും കൂടാതെ രാജ്യത്തെ ഏറ്റവും വലിയ പത്ര, പുസ്തക പ്രസാധകരുടെ ഉടമസ്ഥതയുണ്ട്.

ഇന്ത്യൻ മീഡിയ കയ്യടക്കുന്ന കുത്തകകൾ
1990-കൾ മുതലുള്ള ഇന്ത്യയുടെ സാമ്പത്തിക കുതിച്ചുചാട്ടം അതിവേഗം വളരുന്ന ഒരു മാധ്യമ വ്യവസായത്തിന് കാരണമായിട്ടുണ്ട്. 2021-ലെ 21.5 ബില്യൺ ഡോളറിൽ നിന്ന് 2026-ൽ 54 ബില്യൺ ഡോളറായി മാർക്കറ്റ് ഗ്രോത് വളരുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്. നിലവിൽ 100,000-ലധികം പത്രങ്ങളും 380 വാർത്താ ചാനലുകളുമുള്ള ഒരു വാർത്താ മാധ്യമ ലാൻഡ്‌സ്‌കേപ്പിന് തന്നെ ഈ വളർച്ച കാരണമായിട്ടുണ്ട്. ഇന്റർനെറ്റ്, സോഷ്യൽ മീഡിയ ഉപയോഗം എന്നിവയുടെ ദ്രുതഗതിയിലുള്ള വളർച്ചയും ഇന്ത്യൻ ഉപഭോക്താക്കൾക്ക് വൈവിധ്യമാർന്ന വാർത്താ പ്ലാറ്റ്‌ഫോമുകളുടെ ലഭ്യതയും ഇതിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.

എന്നാൽ പാശ്ചാത്യരാജ്യങ്ങളിലെന്നപോലെ, ഇന്ത്യൻ മാധ്യമങ്ങളും ഏതാനും നിശ്ചിത കോർപ്പറേറ്റുകളുടെ ഉടമസ്ഥതയിലാണ്. വരുമാനത്തിന്റെ കാര്യത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസിന്റെ ഒരു പതിറ്റാണ്ട് മുമ്പത്തെ മാധ്യമ മേഖലയിലേക്കുള്ള പ്രവേശനത്തോടെയാണ് കുത്തകവൽക്കരണത്തിന്റെ ആദ്യ മണി മുഴങ്ങിയത്.

2011-ൽ ഇന്ത്യൻ പാർലമെന്റ് കേബിൾ ടെലിവിഷൻ നെറ്റ്‌വർക്കുകളുടെ (നിയന്ത്രണം) ഭേദഗതി ബിൽ പാസാക്കുകയും അത് “രാജ്യത്തുടനീളമുള്ള കേബിൾ ടെലിവിഷൻ ഡിജിറ്റലൈസേഷൻ മൂന്ന് വർഷത്തിനുള്ളിൽ നിർബന്ധമാക്കുകയും ചെയ്തിരുന്നു. എന്നാൽ ന്യൂയോർക്ക് യൂണിവേഴ്‌സിറ്റിയിലെ മീഡിയ സ്റ്റഡീസ് പ്രൊഫസർ അരവിന്ദ് രാജഗോപാൽ ചൂണ്ടിക്കാണിച്ചതുപോലെ, ഏറ്റവും വലിയ കേബിൾ സേവന ദാതാക്കൾ ഇതിനകം തന്നെ ബ്രോഡ്‌കാസ്റ്റിംഗ് കമ്പനികളുടെ ഉടമസ്ഥതയിലായതിനാൽ മാധ്യമങ്ങളുടെ കേന്ദ്രീകൃത കോർപ്പറേറ്റ് നിയന്ത്രണത്തിനാണ് ഈ ബിൽ വഴിയൊരുക്കിയത്‌.

2012 ജനുവരിയിൽ, ലോകത്തിലെ എട്ടാമത്തെ അതിസമ്പന്നനായ മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് കമ്പനി കനത്ത കടബാധ്യതയുള്ള ‘നെറ്റ്‌വർക്ക് 18’ മീഡിയ ഗ്രൂപ്പിൽ നിക്ഷേപം നടത്തി. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ സ്വാധീനിക്കുന്ന തീരുമാനങ്ങൾ റിലയൻസ് എന്ന കമ്പനിയുടെ മീഡിയ കവറേജിനെ ഇത് എങ്ങനെ ബാധിക്കുമെന്നതിനെ കുറിച്ച് മാധ്യമപ്രവർത്തകരും വിശകലന വിദഗ്ധരും അന്ന് ആശങ്ക ഉന്നയിച്ചിരുന്നു. 2014-ൽ റിലയൻസ് നെറ്റ്‌വർക്ക് 18 ന്റെ പൂർണ നിയന്ത്രണം ഏറ്റെടുത്തു. കമ്പനിയുടെ മുൻനിര ചാനലായ CNN-IBN-ന്റെ എഡിറ്റർ-ഇൻ-ചീഫ് രാജ്ദീപ് സർദേശായി രാജിവെച്ച് തന്റെ വിടവാങ്ങൽ ഇമെയിലിൽ, അദ്ദേഹം എഴുതി: ” കഴിഞ്ഞ 26 വർഷമായി എഡിറ്റോറിയലിന്റെ സ്വാതന്ത്ര്യവും സമഗ്രതയും വിശ്വാസയോഗ്യമായിരുന്നു. ഇനി ഞാൻ മാറി നിൽക്കൽ ആവശ്യമായിരിക്കുന്നു”.

ഇന്ന്, വൻകിട ബിസിനസ്സും രാഷ്ട്രീയവും ഇന്ത്യൻ മാധ്യമങ്ങളും തമ്മിലുള്ള ബന്ധം ഒരു നിശ്ചിത കമ്പനിക്കപ്പുറത്തേക്ക് വ്യാപിച്ചിട്ടുണ്ട്. മറ്റൊരു ജനപ്രിയ ടിവി നെറ്റ്‌വർക്കായ സീ മീഡിയ കോർപ്പറേഷൻ, ഇന്ത്യൻ പാർലമെന്റിന്റെ ഉപരിസഭയിലെ മുൻ അംഗമായ സുഭാഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള എസ്സൽ ഗ്രൂപ്പിന്റെ നിയന്ത്രണത്തിലാണ്. അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വത്തെ മോദിയുടെ ഭാരതീയ ജനതാ പാർട്ടി (ബിജെപി) പിന്തുണ നൽകിയത് ചേർത്ത് വായിക്കേണ്ടതാണ്.

റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സിന്റെ 2019-ലെ റിപ്പോർട്ടിൽ സമാനമായ മറ്റ് നിരവധി ഉദാഹരണങ്ങൾ കണ്ടെത്തിയിരുന്നു. പ്രമുഖ ചാനലായ ‘ഒഡിഷ ടി.വി’ ബിജെപി ദേശീയ വൈസ് പ്രസിഡന്റും വക്താവുമായ ബൈജയന്ത് പാണ്ഡയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ളതാണ്. ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലയിലെ ഏറ്റവും ജനപ്രിയ ടിവി ചാനലുകളിലൊന്നായ ‘ന്യൂസ് ലൈവ്’ വടക്കുകിഴക്കൻ സംസ്ഥാനമായ അസമിലെ ബിജെപി മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ്മയുടെ ഭാര്യ റിനികി ഭുയാൻ ശർമ്മയുടെ ഉടമസ്ഥതയിലാണ് പ്രവർത്തിക്കുന്നത്.

‘ഗോദി മീഡിയ’
വാർത്തയും പണവും രാഷ്ട്രീയവും കൂടിക്കലരുന്ന ഈ അവിശുദ്ധ കൂട്ടുകെട്ടിനെ രവീഷ് കുമാർ വിശേഷിപ്പിക്കുന്നത് ‘ഗോദി മീഡിയ എന്ന പദത്തിലൂടെയാണ്. “ഗോദി”ക്ക് മടിത്തട്ട്, മറ എന്നിങ്ങനെയുള്ള അർഥമാണ്.
മോദിയുടെ വർഷങ്ങൾക്ക് ജന്മം നൽകിയ നിരവധി എസ്റ്റാബ്ലിഷ്‌മെന്റ് അനുകൂല മുഖപത്രങ്ങളുടെ ഭരണകൂടത്തോടുള്ള ചട്ടുകമനോഭാവത്തെയാണ് ഗോദി മീഡിയ സൂചിപ്പിക്കുന്നത്. 2021-ൽ ബി.ജെ.പിയുടെ നേതൃത്വത്തിൽ മുസ്ലീം വീടുകൾ തകർക്കൽ, കർഷക പ്രതിഷേധങ്ങളെ വിമർശിക്കൽ പോലുള്ള സംഭവങ്ങൾ മുഖ്യധാരാ ഇന്ത്യൻ മാധ്യമങ്ങൾ ആഘോഷിച്ചതെങ്ങനെയെന്ന് നോക്കുമ്പോൾ രവീഷ് കുമാറിന്റെ വിശേഷണം യാഥാർഥ്യം തന്നെയാണ്.

അതേസമയം തന്നെ, മാധ്യമപ്രവർത്തകർക്കും സർക്കാർ വിമർശകർക്കും നേരെയുള്ള ആക്രമണങ്ങളെ തുടർന്ന് ലോക മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യ താഴേക്കു വഴുതി വീഴുകയാണ്. 180 രാജ്യങ്ങളിൽ 150-ാം സ്ഥാനമാണ് ഇന്ത്യക്കുള്ളത്.

നല്ല പത്രപ്രവർത്തനത്തിന് പണം പ്രധാനമാണ്. എന്നാൽ പത്രസ്വാതന്ത്ര്യം അതിപ്രധാനമാണ്. മാധ്യമ കുത്തകവൽക്കരണം രവീഷ് കുമാറിന്റേതുപോലുള്ള വിമർശനശബ്ദങ്ങളെ ഇല്ലാതാക്കുകയാണെങ്കിൽ, അത് ഇന്ത്യൻ ജനാധിപത്യത്തിന് ഒരിക്കലും ശുഭകരമാവില്ല എന്നത് തീർച്ചയാണ്.

വിവ. മുജ്തബ മുഹമ്മദ്

???? To Join Whatsapp Group ????: https://chat.whatsapp.com/BxliWKickAyDu0ikv75WY5

Related Articles