Current Date

Search
Close this search box.
Search
Close this search box.

എന്തുകൊണ്ടാണ് അമേരിക്കന്‍ മുസ്ലിംകള്‍ തങ്ങളുടെ കുട്ടികളെ ഇസ്ലാമിക് സ്‌കൂളുകളിലേക്ക് അയക്കുന്നത് ?

അബ്ദുള്ള ഖാന്‍ തന്റെ ജീവിതകാലം മുഴുവന്‍ പബ്ലിക് സ്‌കൂളിലാണ് പഠിച്ചത്. തന്റെ കുട്ടികളെ ഒരു സ്വകാര്യ ഇസ്ലാമിക് സ്‌കൂളിലേക്ക് അയക്കാനായിരുന്നു ഖാന്റെ മാതാപിതാക്കള്‍ ആഗ്രഹിച്ചിരുന്നത്. എന്നാല്‍, അവിടുത്തെ ചിലവ് അവര്‍ക്ക് താങ്ങാന്‍ കഴിഞ്ഞില്ല. അത് കാരണം താന്‍ കഷ്ടപ്പെട്ടുവെന്നാണ് ഇപ്പോള്‍ ഖാന്‍ പറയുന്നത്. ‘മിഡില്‍ ഈസ്റ്റ് ഐ’യോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സെക്‌സും മയക്കുമരുന്നും, അതായിരുന്നു ഹൈസ്‌കൂള്‍ കാലഘട്ടം മുഴുവന്‍ എന്റെ ചുറ്റിലും ഉണ്ടായിരുന്നത്’ അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ 32 വയസ്സുള്ള ഖാനും അദ്ദേഹത്തിന്റെ രണ്ട് സഹോദരങ്ങളും മിഷിഗണിലെ ഒരു പബ്ലിക് ഹൈസ്‌കൂളിലാണ് പഠിച്ചിരുന്നത്. തന്റെ മറ്റ് സഹപാഠികളില്‍ പലരെയും പോലെ, ആദ്യ രണ്ട് വര്‍ഷം താനും മയക്കുമരുന്ന് പരീക്ഷിച്ചു. പാര്‍ട്ടികള്‍ക്ക് പോകുകയും പെണ്‍കുട്ടികളുമൊത്ത് തനിച്ച് റൂമില്‍ ഇരിക്കുകയും എന്തെങ്കിലും സംഭവിക്കുന്നതിന് മുമ്പ് സ്വയം പോകാന്‍ മനസ്സ് നിര്‍ബന്ധിച്ചതും അവന്‍ ഓര്‍ക്കുന്നു.

ഖാന്‍ ഒരു മുസ്ലീമാണ്, അങ്ങനെയാണ് വളര്‍ന്നുവന്നതും. ഇസ്ലാമില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നതും വിവാഹത്തിലൂടെയല്ലാതെ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നും നിരോധിച്ചിട്ടുണ്ട്. കുട്ടികളെ ഇസ്ലാമിലേക്ക് നയിക്കാന്‍ മാതാപിതാക്കള്‍ തങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്തപ്പോള്‍, അത് ബുദ്ധിമുട്ടായിരുന്നുവെന്നും ഖാന്‍ പറയുന്നു. ഇത്തരം ദുശ്ശീലങ്ങള്‍ ചെയ്യുന്ന കുട്ടികളുമായി ചുറ്റപ്പെട്ടതിനാല്‍, അതിനോട് നോ പറയാന്‍ വളരെ ബുദ്ധിമുട്ടായിരുന്നു.

‘ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ ചോരതിളപ്പുള്ള കുട്ടിയായിരുന്നു ഞാന്‍. തീര്‍ച്ചയായും, എല്ലാത്തിനോടും ഇണങ്ങാനും ഇഷ്ടപ്പെടാനും ഞാന്‍ ആഗ്രഹിച്ചു. ഇസ്ലാമില്‍ ഹറാം (നിഷിദ്ധം) എന്ന് കരുതുന്ന കാര്യങ്ങളില്‍ പങ്കാളിയാകുക എന്നതായിരുന്നു അത്. പിന്നീട് മുതിര്‍ന്നപ്പോഴാണ് താന്‍ ചെയ്ത തെറ്റുകള്‍ മനസിലായത്. അതിനാല്‍, അടുത്ത തലമുറയ്ക്ക് കാര്യങ്ങള്‍ മികച്ചതാക്കാന്‍, അദ്ദേഹം തന്റെ മകളെ ഒരു ഇസ്ലാമിക് സ്‌കൂളിലാണ് ചേര്‍ത്തത്. യു.എസില്‍ പല മാതാപിതാക്കളും ഇപ്പോള്‍ ഇതുതന്നെയാണ് ചെയ്യുന്നതും’

‘അവളെ മറ്റ് മുസ്ലീങ്ങളുടെ ഇടയില്‍ ചുറ്റപ്പെടണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു, സ്‌കൂളില്‍ അവളെ മുസ്ലീം ആശയങ്ങള്‍ പഠിപ്പിക്കണമെന്നും ഞാന്‍ ആഗ്രഹിക്കുന്നു. ഇന്നത്തെ കാലത്ത് നിങ്ങള്‍ നിങ്ങളുടെ കുട്ടികളെ പൊതുവിദ്യാലയത്തില്‍ ചേര്‍ക്കുമ്പോള്‍, അവരുടെ ലിംഗഭേദം തിരഞ്ഞെടുക്കാന്‍ അവരോട് ആവശ്യപ്പെടുന്നുണ്ട്. ഇവിടെ തിരഞ്ഞെടുക്കാന്‍ 50 ലിംഗഭേദങ്ങള്‍ ഉണ്ട്. ഇത് ഇസ്ലാമിന്റെ രീതിയല്ല, എന്റെ മകളെ അതില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു.-ഖാന്‍ കൂട്ടിച്ചേര്‍ത്തു.

രാജ്യത്ത് മൊത്തം എത്ര ഇസ്ലാമിക് സ്‌കൂളുകളുണ്ട് ?

രാജ്യത്തുടനീളമുള്ള ഇസ്ലാമിക് സ്‌കൂളുകളുടെ എണ്ണത്തെക്കുറിച്ചോ മൊത്തം എത്ര വിദ്യാര്‍ത്ഥികളാണ് അവിടെ അഡ്മിഷന്‍ എടുത്തതെന്നോ വ്യക്തമായ കണക്കില്ല. ഏകദേശം 32,000 വിദ്യാര്‍ത്ഥികള്‍ രാജ്യത്താകെ ഇസ്ലാമിക് സ്‌കൂളുകളില്‍ പഠിക്കുന്നുണ്ടെന്നാണ് 2011ലെ ഒരു റിപ്പോര്‍ട്ടില്‍ പറയുന്നത്. രാജ്യത്തെ മൊത്തം മുസ്ലിം ജനസംഖ്യയില്‍ എത്ര ശതമാനം ഇസ്ലാമിക് സ്‌കൂളുകളില്‍ ചേരുന്നുണ്ടെന്നതും വ്യക്തമല്ല. കാരണം മുസ്ലിം ജനസംഖ്യയുടെ എണ്ണം പൊതുവെ കൃത്യമായി നിര്‍ണ്ണയിക്കപ്പെട്ടിട്ടില്ല.

ഒരു ദശാബ്ദത്തിനു ശേഷം 2022ല്‍ ഈ കണക്കുകള്‍ വളരെയധികം വര്‍ദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്‌കൂളിലെ അഡ്മിഷന്‍ വര്‍ധിച്ചുവരികയാണെന്നും അതിന് നിരവധി ഘടകങ്ങള്‍ ഉണ്ടാകാമെന്നുമാണ് പിറ്റ്‌സ്ബര്‍ഗിലെ മുഴുവന്‍ സമയ ഇസ്ലാമിക് സ്‌കൂളായ യൂണിവേഴ്‌സല്‍ അക്കാദമിയിലെ പ്രിന്‍സിപ്പലായ ഷാറൂഖ് ബാദര്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം 135 കുട്ടികളാണ് സ്‌കൂളില്‍ ചേര്‍ന്നത്. ഇപ്പോള്‍ 160 പേര്‍ ഉണ്ട്.

ഇസ്ലാമിക് സ്‌കൂളുകള്‍ ജൂത, കത്തോലിക്കാ സ്‌കൂളുകള്‍ പോലെ, ഒരു വിദ്യാര്‍ത്ഥിയുടെ ഐഡന്റിറ്റിക്ക് പ്രാധാന്യം നല്‍കുന്നുവെന്നും പൊതുവിദ്യാലയങ്ങളില്‍ കുട്ടികള്‍ സാധാരണയായി കാണാത്ത ഒരു പ്രത്യേക ലക്ഷ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നും അവര്‍ പറഞ്ഞു.
‘ഈ വര്‍ഷം ഞങ്ങള്‍ക്ക് കുറച്ച് പുതിയ അഡ്മിഷന്‍ ഉണ്ടായിരുന്നു, അവരുടെ കുട്ടികള്‍ പൊതു വിദ്യാലയത്തില്‍ ബുദ്ധിമുട്ടുകയായിരുന്നു, കാരണം അവര്‍ക്ക് അവിടെ ആരുമായും ബന്ധപ്പെടാന്‍ കഴിയില്ല. അവരുടെ ഉമ്മമാരും അമ്മായിമാരും ഹിജാബ് ധരിക്കുന്നതായി അവര്‍ പറയും, പക്ഷേ ആരും സ്‌കൂളില്‍ അത് ധരിക്കുന്നതായി കാണുന്നില്ല-അവര്‍ പറഞ്ഞു’. ചെറുപ്പം മുതലേ കുട്ടികള്‍ക്ക് ഇസ്ലാമിക അടിത്തറ ഉണ്ടാക്കാന്‍ മാതാപിതാക്കള്‍ ആഗ്രഹിക്കുന്നു.

വിദ്യാഭ്യാസ വകുപ്പ് നിഷ്‌കര്‍ഷിക്കുന്ന അടിസ്ഥാന ക്ലാസുകള്‍ ഇസ്ലാമിക സ്‌കൂളുകളില്‍ പഠിപ്പിക്കുന്നു. അതില്‍ ഗണിതം, ചരിത്രം, ശാസ്ത്രം എന്നിവ ഉള്‍പ്പെടുന്നു. കൂടാതെ, ഇസ്ലാമിക പഠനങ്ങളും അറബിയും പഠിപ്പിക്കുന്നു. ന്യൂയോര്‍ക്കില്‍, സ്വകാര്യ സ്‌കൂളുകള്‍ ഇംഗ്ലീഷ്, കണക്ക്, മറ്റ് അടിസ്ഥാന ക്ലാസുകള്‍ എന്നിവ പഠിപ്പിക്കുന്നുണ്ടെന്ന് തെളിയിക്കണം, അല്ലെങ്കില്‍ അവര്‍ക്ക് സര്‍ക്കാര്‍ ഫണ്ട് നഷ്ടപ്പെടും.

ന്യൂയോര്‍ക്കിലെ എല്ലാ സ്വകാര്യ സ്‌കൂളുകളിലും ഇംഗ്ലീഷില്‍ പ്രത്യേക നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്നും അദ്ധ്യാപകര്‍ തങ്ങളുടെ വിഷയങ്ങളില്‍ കഴിവുള്ളവരാണെന്ന് ഉറപ്പുവരുത്തണമെന്നും പുതിയ നിയമമുണ്ട്. തങ്ങള്‍ പഠിപ്പിക്കുന്ന വിഷയങ്ങളില്‍ കഴിവില്ലാത്ത അധ്യാപകരുണ്ട് എന്നത് ഇസ്ലാമിക് സ്‌കൂളുകളില്‍ പഠിച്ചവരുടെ പൊതുവായ പരാതിയാണ്. പല അധ്യാപകരും സന്നദ്ധപ്രവര്‍ത്തകരെ പോലെ ജോലി ചെയ്യുന്നവരും വളരെ കുറഞ്ഞ ശമ്പളത്തില്‍ പഠിപ്പിക്കുന്നവരുമാണ്. ന്യൂയോര്‍ക്കിലെ ഒരു ഇസ്ലാമിക് സ്‌കൂളില്‍ നിന്ന് വിരമിച്ച അദ്ധ്യാപകന്‍ പറയുന്നു. അടിസ്ഥാന അറിവ് മാത്രമുണ്ടായിരുന്നിട്ടും അവര്‍ പലപ്പോഴും ഒന്നിലധികം വിഷയങ്ങള്‍ പഠിപ്പിക്കുന്നുണ്ട്. സ്‌കൂളുകള്‍ അക്കാദമിക കാര്യങ്ങളില്‍ ഒരുപാട് മുന്നേറാനുണ്ടെന്നും രക്ഷിതാക്കളും അധ്യാപകരും പറയുന്നുണ്ട്.

ഇസ്ലാമിക് സ്‌കൂളുകളിലെ ‘സുരക്ഷ കവചം’

ഇസ്ലാമിക് സ്‌കൂളുകളില്‍ ഇസ്ലാമിക ചരിത്രവും മൂല്യങ്ങളും പാരമ്പര്യവും അനുസരിച്ചാണ് മുന്നോട്ടു പോകുന്നത്. പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും പ്രത്യേകം നിയമങ്ങളും സുരക്ഷയും ഒരുക്കിയിട്ടുണ്ട്. സ്‌കൂള്‍ കാര്യങ്ങളിലും അച്ചടക്കത്തിലും കണിശത പുലര്‍ത്തുന്നുണ്ട്. പെണ്‍കുട്ടികള്‍ക്ക് വെള്ള നിറത്തിലുള്ള ഹിജാബ് നിര്‍ബന്ധമാണ്. അധ്യാപികമാര്‍ മേക്കപ്പ് ചെയ്യാന്‍ പാടില്ല. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇടകലര്‍ന്ന് ഇരിക്കാന്‍ പാടില്ല. കുട്ടികളെ സംബന്ധിച്ച് ആദ്യം ഇത് പ്രയാസമാണെങ്കിലും തങ്ങളും മതമൂല്യങ്ങള്‍ മുറുകെ പിടിക്കാന്‍ ആഗ്രഹിക്കുമ്പോള്‍ അത് പിന്നീട് എളുപ്പമായി മാറുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.

പൊതുവിദ്യാലയങ്ങള്‍ തങ്ങള്‍ കുട്ടികളെ നയിക്കാന്‍ ആഗ്രഹിക്കാത്ത ഒരു ദിശയിലേക്കാണ് പോകുന്നതെന്നും അവരുടെ കുട്ടികള്‍ ആ പാതയിലേക്ക് പോകാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നുമാണ് രക്ഷിതാക്കള്‍ പറയുന്നത്.

പൊതുവിദ്യാലയങ്ങളില്‍ പഠിപ്പിക്കുന്ന പുസ്തകങ്ങള്‍

കഴിഞ്ഞ മാസം, മിഷിഗണിലെ ഡിയര്‍ബോണിലെ ഒരു സ്‌കൂളിലെ പാഠപുസ്തകങ്ങളില്‍ ലൈംഗികത പ്രകടമാക്കുന്ന ഉള്ളടക്കം ഉണ്ടെന്ന് രക്ഷിതാക്കള്‍ ആശങ്ക പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ ഏഴ് പുസ്തകങ്ങള്‍ താല്‍ക്കാലികമായി പിന്‍വലിച്ചു. എന്നാല്‍ അപ്പോള്‍ തന്നെ അവിടെ ആകെ ബഹളവും വിവാദവും പൊട്ടിപ്പുറപ്പെട്ടു. എന്നാല്‍, LGBTQ+ ആശയങ്ങളുള്ള പുസ്തകങ്ങള്‍ സെന്‍സര്‍ ചെയ്യാന്‍ തങ്ങള്‍ നിര്‍ബന്ധിക്കുന്നില്ലെന്നും ഉദാര ലൈംഗികത പ്രകടമാക്കുന്ന ഉള്ളടക്കമുള്ള പുസ്തകങ്ങള്‍ നീക്കം ചെയ്യാനാണ് തങ്ങള്‍ ആവശ്യപ്പെട്ടതെന്നുമാണ് രക്ഷിതാക്കള്‍ പറയുന്നത്.

രക്ഷിതാക്കള്‍ അവരുടെ സ്‌കൂള്‍ ലൈബ്രറികളില്‍ നിന്ന് നീക്കം ചെയ്യാന്‍ ശ്രമിച്ച ഏഴ് പുസ്തകങ്ങളില്‍ ചിലത് LGBTQ+ റഫറന്‍സുകള്‍ ഉള്‍പ്പെടുത്തുകയോ LGBTQ+ സമുദായത്തിലെ വ്യക്തികള്‍ എഴുതിയതോ ആണ്.

ലൈംഗിക പ്രവര്‍ത്തനങ്ങളുടെ സമഗ്രമായ ഗ്രാഫിക് ചിത്രീകരണങ്ങളുടെ വിവരണങ്ങളും ഓറല്‍ സെക്സ്, പ്രകൃതിവിരുദ്ധ ലൈംഗീകത, കൂട്ടം ചേര്‍ന്നുള്ള സ്വയംഭോഗം തുടങ്ങി ഇത്തരം വിവിധ പ്രവൃത്തികളില്‍ എങ്ങനെ ഏര്‍പ്പെടാമെന്ന് വിശദീകരിക്കുന്ന ഘട്ടം ഘട്ടമായുള്ള നിര്‍ദ്ദേശങ്ങളും ചിത്രങ്ങളുമാണ് ഈ പുസ്തകങ്ങളില്‍ ഉള്ളതെന്ന് കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍-ഇസ്ലാമിക് റിലേഷന്‍സ് (കെയര്‍) മിഷിഗണ്‍ ഒരു പ്രസ്താവനയില്‍ പറഞ്ഞു.

തന്റെ കുട്ടികള്‍ കഴിഞ്ഞ ഏഴ് വര്‍ഷമായി ഡിയര്‍ബോണിലെ ഒരു പൊതുവിദ്യാലയത്തിലാണ് പഠിക്കുന്നതെന്നും ഇപ്പോള്‍, അത് മതിയായെന്നും ഒരു രക്ഷിതാവായ ഉമര്‍ പറയുന്നു. മറ്റ് മാതാപിതാക്കളും എടുക്കുന്ന തീരുമാനമിത് തന്നെയാണ്. കുറച്ച് ആഴ്ചകള്‍ക്ക് മുമ്പ് ഞാന്‍ ഒരു സ്‌കൂളിലെ പ്രതിഷേധത്തില്‍ പങ്കെടുത്തു. സ്‌കൂള്‍ ബോര്‍ഡ് യോഗമായിരുന്നു യഥാര്‍ത്ഥത്തില്‍ അത്. പക്ഷേ ഒരു കൂട്ടം രക്ഷിതാക്കളും ഞാനും ഞങ്ങളുടെ സ്‌കൂളുകളിലെ ഈ പുസ്തകങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുകയായിരുന്നു അവിടെ. ഇവിടെ സത്യസന്ധമായി ഒന്നും സംഭവിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. നമ്മുടെ സ്വന്തം മുസ്ലീം മേയറും ഞങ്ങളുടെ പക്ഷത്തല്ല. ഇതുപോലുള്ള കാര്യങ്ങള്‍ വിലപ്പോവില്ലെന്നും അടുത്ത അവസരത്തില്‍ ഞാന്‍ എന്റെ കുട്ടികളെ ഇസ്ലാമിക് സ്‌കൂളിലേക്ക് അയക്കുമെന്നും പറയുകയാണ് ഇപ്പോള്‍ ഉമര്‍.

അവലംബം: middleeasteye.net
വിവ: സഹീര്‍ വാഴക്കാട്

 

???? To Join Whatsapp Group ????: https://chat.whatsapp.com/BxliWKickAyDu0ikv75WY5

 

Related Articles