Current Date

Search
Close this search box.
Search
Close this search box.

കശ്മീർ ജനത  കോവിഡിനെ നേരിടുന്ന വിധം

കോവിഡ് രണ്ടാം തരംഗം നേരിടുന്നത്തിൽ ഇന്ത്യൻ ഗവണ്മെന്റിന്റെ ഭാഗത്ത് നിന്നുണ്ടായ കുറ്റകരമായ അനാസ്ഥയുടെ ഫലമായി, കൊറോണ വൈറസ് കേസുകളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് കഴിഞ്ഞ ഏപ്രിൽ, മെയ്‌ മാസങ്ങളിൽ ഇന്ത്യയിലുണ്ടായത്. ഈ സാഹചര്യത്തിൽ, ഇന്ത്യയുടെ അധികാരത്തിലുള്ള കശ്മീരിൽ നിന്നും ഏറെ അസ്വസ്ഥപ്പെടുത്തുന്ന വാർത്തകളാണ് പുറത്ത് വന്നിരുന്നത്. ലോകത്തിലെ തന്നെ ഏറ്റവും സൈനികവൽകരിക്കപ്പെട്ട പ്രദേശങ്ങളിലൊന്നായ കശ്മീരിലെ ജനങ്ങൾ മഹാമാരിയുടെ ആഗമനത്തിന് മുമ്പ് തന്നെ, സംസ്ഥാനത്ത് ഏർപ്പെടുത്തിയിരുന്ന ലോക്‌ഡോൺ നിയന്ത്രണങ്ങളുടെ കാരണമായി കടുത്ത ദുരിതത്തിലായിരുന്നു.

ദിനേന ആയിരക്കണക്കിന് പുതിയ കേസുകൾ കുമിഞ്ഞുകൂടി കശ്മീരിലെ ആരോഗ്യ പരിപാലന സംവിധാനങ്ങൾ വീർപ്പുമുട്ടിയപ്പോൾ, ഓരോ ദിവസവും രോഗം സ്ഥിതീകരിച്ചവരുടെയും മരണപ്പെട്ടവരുടെയും എണ്ണത്തിൽ പുതിയ റെക്കോർഡുകൾ ഉണ്ടായിക്കൊണ്ടിരുന്നു. ആവശ്യമായ ഉപകരണങ്ങളുടെയും മറ്റ് മെഡിക്കൽ സൗകര്യങ്ങളുടെയും അതിരൂക്ഷമായ അപര്യാപ്തത മൂലം പൊതുജനാരോഗ്യ മേഖല തകർന്നടിഞ്ഞു.

1.25 കോടിയോളം ജനങ്ങൾക്ക് 450 യൂണിറ്റ് എന്നതാണ് ഇവിടുത്തെ ഐ. സി.യു കപ്പാസിറ്റി. അഥവാ, ഓരോ 27,000 ആളുകൾക്കും ഒരു ഐസിയു ബെഡ്.400,000 ആളുകൾ തിങ്ങിപ്പാർക്കുന്ന വടക്കൻ കശ്മീരിലെ ഒരു ജില്ലയിൽ ആറ് വെന്റിലേറ്ററുകൾ മാത്രാണ് ലഭ്യമായിട്ടുള്ളത്. ഇവയാകട്ടെ, പരിശീലനം ലഭിച്ച മെഡിക്കൽ സ്റ്റാഫുകളുടെ അഭാവം രൂക്ഷമായതിനാൽ രോഗികളുടെ എണ്ണത്തിൽ വർദ്ധനാവുണ്ടാകുന്ന അവസരങ്ങളിൽ ഉപയോഗിക്കാനും സാധിക്കാറില്ല.

3866 പേർക്ക് ഒരു ഡോക്ടർ എന്നതാണ് കശ്‍മീരിലെ ഡോക്ടർ-രോഗി അനുപാതം. 2000 പേർക്ക് ഒരു ഡോക്ടർ എന്ന ദേശീയ ശരാശരിയേക്കാൾ വളരെ കുറവാണിത്. ഇതിനു വിരുദ്ധമായി, ഈ പ്രദേശത്തെ സൈനികപരമായ അടിസ്ഥാന സൗകാര്യങ്ങൾക്കും മിലിറ്ററി ഉദ്ദ്യോഗസ്ഥർക്കും ഒട്ടും പഞ്ഞമില്ല താനും. ലോകത്തിലെ തന്നെ ഏറ്റവും തീവ്രമായി സൈനികവൽക്കരിക്കപ്പെട്ട മേഖലയായി അറിയപ്പെടുന്ന ഇവിടെ, ഓരോ 14 പേർക്കും ഒരു സൈനികനെന്ന കണക്കിലാണ് വിന്യസിച്ചിരിക്കുന്നത്.

ഓക്സിജൻ ക്ഷാമം മൂലം നിരവധി ജീവനുകളാണ് കശ്മീരിൽ പൊലിഞ്ഞുപോയത്. എന്നാൽ ഈ വസ്തുത അംഗീകരിക്കാൻ സർക്കാർ ഇപ്പോഴും തയ്യാറായിട്ടില്ല. കോവിഡ് മഹാമാരി തീ പോലെ പടർന്നുപിടിക്കുന്ന ഈ സാഹചര്യത്തിൽ, ഇവിടങ്ങളിൽ അനുഭവപ്പെടുന്ന ഓക്സിജൻ, ഹോസ്പിറ്റൽ ബെഡ്ഡുകൾ, മരുന്നുകൾ എന്നിവയുടെ ക്ഷാമത്തെ സംബന്ധിച്ച ഞെട്ടിക്കുന്ന കണക്കുകൾ സോഷ്യൽ മീഡിയയിലൂടെ ഒന്ന് കണ്ണോടിച്ചാൽ തന്നെ വ്യക്തമാകും. തങ്ങളുടെ പ്രിയപ്പെട്ടവരെ രക്ഷിക്കാനായി കേണപേക്ഷിക്കുന്ന നിസ്സഹായരായ ജനളുടെ ദൃശ്യങ്ങൾ ഹൃദയഭേദകമായിരുന്നു. ഇത്രയൊക്കെ സംഭവിച്ചിട്ടും കശ്മീരിലെ കാര്യങ്ങളെല്ലാം നിയന്ത്രണ വിധേയമാണെന്ന തങ്ങളുടെ വാദത്തിൽ ഗവണ്മെന്റ് ഉറച്ച് നിന്നു. ജനങ്ങളുടെ ആരോഗ്യസ്ഥിതി വകവെക്കാതെ സർക്കാറിന്റെ മുഖം രക്ഷിക്കാനായി, കശ്മീരിൽ കാര്യങ്ങൾ സാധാരണ ഗതിയിലാണെന്ന കേന്ദ്ര സർക്കാറിന്റെ ഗീർവാണങ്ങളാണ് ഇവിടുത്തെ സ്ഥിതി ഇത്രയും വഷളാക്കിയത്. ഏപ്രിൽ മാസാരംഭത്തിലാണ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ കോവിഡ് രണ്ടാം തരംഗം ആഞ്ഞുവീശാൻ തുടങ്ങിയത്. ഈയവസരത്തിൽ പോലും കശ്മീരിലെ അധികാരവൃത്തങ്ങൾ ആയിരക്കണക്കിന് ആളുകൾ തിങ്ങിനിറഞ്ഞുള്ള സാംസ്കാരിക ഉത്സവങ്ങൾ സംഘടിപ്പിക്കുകയും, യാതൊരു നിയന്ത്രണവുമില്ലാതെ ടൂറിസ്റ്റുകൾ കശ്മീരിലേക്ക് വരുന്നത് പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

കൃത്യമായ ടെസ്റ്റിങ്ങോ ക്വാറന്റൈൻ സംവിധാനമോ ഇവിടെ നിലവിലില്ലാത്തതിനാൽ വൈറസിന്റെ കൂടുതൽ അപകടകരമായ വകഭേദങ്ങൾ കശ്മീരിലേക്ക് വന്നുകൊണ്ടിരുന്നു. പ്രാദേശിക ഡോക്ടർമാരുടെ അഭിപ്രായപ്രകാരം, ഈ പുതിയ വകഭേദങ്ങൾ കൂടുതൽ വേഗത്തിൽ പകരാൻ സാധ്യതയുള്ളവയും രോഗത്തിന്റെ തീവ്രത വർദ്ധിപ്പിക്കുന്നതുമായിരുന്നു. തൽഫലമായി, മെയ് മാസത്തിന്റെ തുടക്കത്തോടെ തന്നെ കശ്മീരിലെ ആക്റ്റീവ് കൊറോണ വൈറസ് കേസുകളുടെ എണ്ണത്തിൽ 700 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി.

പെട്ടെന്ന് തന്നെ കശ്മീരിൽ കർശന ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. എന്നാൽ കശ്മീർ പോലെ പൂർണ്ണമായും സൈനികവൽകരിക്കപ്പെട്ടൊരു പ്രദേശത്ത് ഇത്തരമൊരു ലോക്ക്ഡൗൺ തടവറ സമാനമായ അന്തരീക്ഷം സൃഷ്ടിച്ചു. മുള്ളുകമ്പികൾ കൊണ്ട്, അടച്ചിട്ട റോഡുകളും കവലകളും, ആയുധധാരികളായ അർദ്ധസൈനികരും, സൈനിക വാഹനങ്ങളും നിറഞ്ഞ പാതയോരങ്ങളും ജനജീവിതം കൂടുതൽ ദുർഘടമാക്കി. ഡോക്ടർമാരും, മറ്റ് ആരോഗ്യ പ്രവർത്തകരും, മാധ്യമ പ്രവർത്തകരുമുൾപ്പടെയുള്ളവർ അക്രമപ്പിക്കപെടുന്ന വാർത്തകൾ ഈ പ്രദേശങ്ങളിൽ നിന്ന് നിരന്തരം റിപ്പോർട്ട്‌ ചെയ്യപ്പെട്ടു.

കഴിഞ്ഞ രണ്ട് വർഷത്തിനിടെ കശ്മീരികൾക്ക് നേരിടേണ്ടി വന്ന മൂന്നാമത്തെ ലോക്ക്ഡൗണാണിത്. ജനവികാരത്തിനെതിരായി കേന്ദ്ര സർക്കാർ കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെ തുടർന്ന് 2019 ഓഗസ്റ്റിന് ആരംഭിച്ച ലോക്ക്ഡൗൺ ആറ് മാസത്തോളം നീണ്ടുനിന്നു. ഇതിന്റെ ഭാഗമായി കടുത്ത കർഫ്യൂ നടപ്പിലാക്കുകയും, മൊബൈൽ, ഇന്റർനെറ്റ്‌ കണക്ഷനുകൾ വിച്ഛേദിക്കപ്പെടുകയും, വ്യവസായ, വ്യാപാര കേന്ദ്രങ്ങളെല്ലാം ബലാൽക്കാരമായി അടച്ചുപൂട്ടിപ്പിക്കുകയും, സ്കൂളുകളിലെയും, യൂണിവേഴ്സിറ്റികളിലേയും ക്ലാസുകൾ നിർത്തിവെക്കുകയും ചെയ്തു. ഇന്ത്യൻ സൈന്യത്തിന്റെ പൂർണ്ണ നിയന്ത്രണത്തിന് കീഴിൽ ജനജീവിതം സ്തംഭിച്ചു. ഈ ഉപരോധത്തിൽ നിന്ന് പതിയെ മോചനം ലഭിക്കുന്നതിനിടയിലായിരുരുന്നു കോവിഡ് 19ന്റെ കടന്നുവരവ്. ഉടനെ തന്നെ മറ്റൊരു ലോക്ക്ഡൗണിന് കൂടി കശ്മീർ ജനത വിധേയരായി.

ഈ മൂന്ന് ലോക്ക്ഡൗണുകളും പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ തകിടംമറിച്ചു. ബിസിനസ്‌ ഗ്രൂപ്പുകളുടെ കണക്കുകൾ പ്രകാരം, കഴിഞ്ഞ ഒരു വർഷം മാത്രം 5.5 ബില്യൺ ഡോളറിന്റെ നഷ്ട്ടമാണ് കശ്മീരിന്റെ സാമ്പത്തിക മേഖലയിലുണ്ടായത്. ഇതിന് പുറമെ, 2019ലെ ലോക്ക്ഡൗൺ മൂലമുണ്ടായ 2.4 ബില്യൺ ഡോളറിന്റെ നഷ്ടം കശ്മീരി ജനതയുടെ സാമ്പത്തിക ഭദ്രത തകർക്കുകയും പിന്നീടുണ്ടായ കോവിഡ് 19 ലോക്ക്ഡൗണുകളെ നേരിടാൻ സാധിക്കാത്ത വിധം തളർത്തുകയും ചെയ്തു.

എന്നിരുന്നാലും, പ്രാദേശിക ഗവണ്മെന്റിതര സംഘടനളുടെയും മറ്റ് സന്നദ്ധപ്രവർത്തകരുടെയും നിസ്വാർത്ഥ പിന്തുണയും അവസരോചിതമായ ഇടപെടലുകളും ഈ ദുർഘട നിമിഷത്തിലും ജനങ്ങൾക്ക് ആശ്വാസമേകി. ജനങ്ങൾക്കാവശ്യമായ സാമ്പത്തികവും ചികിത്സാപരവുമായ സഹായങ്ങൾ ഇവർ നിർവഹിച്ചു കൊടുക്കുകയും ചെയ്തു. തീർത്തും ശത്രുതാപരമായ മനോഭാവത്തോടെ ഇവരുടെ പ്രവർത്തങ്ങൾ തടസപ്പെടുത്താൻ ഇന്ത്യൻ അധികൃതരുടെ ഭാഗത്ത് നിന്ന് പല ശ്രമങ്ങളുമുണ്ടായി. മെയ്‌ മാസത്തിന്റെ തുടക്കത്തിൽ, NGOകൾ ഓക്സിജൻ വിതരണം ചെയ്യുന്നത് നിരോധിച്ചു കൊണ്ടുള്ള പ്രാദേശിക ഗവണ്മെന്റിന്റെ ഉത്തരവ് ഇതിനൊരുദാഹരണമാണ്. കഠിനമായ ശ്വാസതടസ്സം അനുഭവിക്കുന്ന രോഗികൾക്ക് സഹായമെത്തിച്ചിരുന്ന സന്നദ്ധപ്രവർത്തകരെ ഈ ഉത്തരവ് ബുദ്ധിമുട്ടിലാക്കി.

പകർച്ചവ്യാധിയെ കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുകയെന്നതും കശ്മീരിനെ സംബന്ധിച്ച് വലിയൊരു വെല്ലുവിളിയായിരുന്നു. ഇതിന്റെ പ്രധാന കാരണമെന്തെന്നാൽ, മാധ്യമങ്ങളോട് സംസാരിക്കുന്നതിൽ നിന്ന് ഡോക്ടർമാർക്ക് വിലക്കേർപ്പെടുത്തപ്പെട്ടിരുന്നു. ഇക്കാരണത്താൽ, ഇവർക്ക് പ്രാദേശിക അധികാരികൾ പുറപ്പെടുവിക്കുന്ന അറിയിപ്പുകളെ മാത്രം ആശ്രയ്യിക്കേണ്ടി വന്നു. എന്നാൽ പലപ്പോഴും പ്രസ്തുത അറിയിപ്പുകളുടെ വിശ്വാസ്യത പോലും സംശയാസ്പദമായിരുന്നു. അതിനുപുറമേ, കൊറോണ വൈറസ് അതിന്റെ മൂർധന്യാവസ്ഥയിലെത്തിയപ്പോഴും കശ്മീരിലെ പലയിടങ്ങളിലും ഇന്റർനെറ്റ്‌ വിലക്ക് തുടർന്ന്പോന്നു. ഇത് കാരണായി ഇവിടങ്ങളിലെ ജനങ്ങൾക്കും മെഡിക്കൽ ഉദ്ധ്യോഗസ്ഥർക്കും COVID-19 അനുബന്ധ ഗവേഷണങ്ങളെ ക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ ലഭ്യമാകുന്നതിന് തടസ്സം നേരിട്ടു. ഇന്റർനെറ്റ് സൗകര്യമില്ലാത്തതിനാൽ ദേശീയ വാക്സിനേഷൻ സംവിധാനത്തിൽ രജിസ്റ്റർ ചെയ്യുന്നതിനും പ്രയാസപ്പെട്ടു. വാക്‌സിനിന്റെ ഓൺലൈൻ പോർട്ടലിലേക്ക് പ്രവേശിക്കുന്നതിന് നേരിട്ട സാങ്കേതിക തടസ്സമാണ് കശ്മീരിന്റെ വാക്സിനേഷൻ പ്രചാരണത്തെ ബാധിച്ച പ്രധാന പ്രശ്നങ്ങളിലൊന്ന്. വാക്സിനുകളുടെ ലഭ്യതയിൽ വൻ കുറവ് നേരിട്ടതായിരുന്നു മറ്റൊരു പ്രശ്നം.

മെയ് പകുതിയോടെ 2.8 ദശലക്ഷം വാക്സിനുകളാണ് ഈ മേഖലയിലേക്ക് എത്തിയത്. എന്നാൽ അതിന്റെ ചെറിയൊരു വിഹിതം മാത്രമാണ് സാധാരണക്കാരിലേക്ക് എത്തിയതെന്നതാണ് വസ്തുത. സുരക്ഷാ സേനയ്ക്കും പോലീസിനുമായിരുന്നു വാക്‌സിൻ വിതരണത്തിൽ മുൻഗണന നൽകിയത്. കശ്മീർ നിവാസികളിൽ പലർക്കും ഒന്നാമത്തെ ഡോസ് പോലും ലഭിക്കുന്നതിന് മുമ്പ് തന്നെ, ഇവരിൽ അധികമാളുകളും രണ്ടാം ഡോസ് സ്വീകരിച്ച് കഴിഞ്ഞിരുന്നു.

ഭീകരമായ സാഹചര്യങ്ങളിൽ ഇന്ത്യൻ ജയിലുകളിൽ കഴിയുന്ന കശ്മീരിലെ ആയിരക്കണക്കിന് രാഷ്ട്രീയ തടവുകാരെക്കുറിച്ചും പലരും ആശങ്ക പ്രകടിപ്പിച്ചിരുന്നു. വർദ്ധിച്ച തീവ്രതയോടെ ജയിലുകളിൾ വൈറസ് വ്യാപനം ആളിക്കത്തിയിട്ടും, രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കാനുള്ള പദ്ധതികളൊന്നും സർക്കാറിന്റെ ഭാഗത്ത് നിന്നുണ്ടായില്ല. സെൻസർഷിപ്പ് നിലവിലുള്ളതിനാൽ, എത്ര തടവുകാർക്ക് വൈറസ് ബാധിച്ചിട്ടുണ്ടെന്ന് കൃത്യമായി കണക്കാക്കാൻ പ്രയാസമാണ്. എന്നാൽ ചില ദാരുണമായ വാർത്തകൾ ഇതിനകം തന്നെ പുറത്തുവന്നിട്ടുണ്ട്. മെയ് മാസത്തിന്റെ തുടക്കത്തിൽ, 78 കാരനായ അഷ്‌റഫ് സെഹ്‌റായ് എന്ന പ്രമുഖ രാഷ്ട്രീയ നേതാവ് ജയിലിൽ വച്ച് മരണപ്പെട്ടു. അദ്ദേഹം കുറച്ചുകാലം COVID-19 രോഗബാധിതനായിരുന്നുവെന്നും ശരിയായ വൈദ്യസഹായം നിഷേധിക്കപ്പെട്ടുവെന്നും അദ്ദേഹത്തിന്റെ കുടുംബം വാദിച്ചിരുന്നു.

കോവിഡ് മഹാമാരിയുടെ സംഹാര താണ്ഡവത്തെയും, ഏറ്റവും അവസാനത്തെ ലോക്ക്ഡൗണിനെയും അതിജീവിച്ച കശ്മീരികൾക്ക് തങ്ങളുടെ ഭാവിയെ കുറിച്ചും വലിയ ശുഭപ്രതീക്ഷയൊന്നുമില്ല. അപകടകാരിയായ മഹാമാരിയിൽ നിന്നും അതിനെ തുടർന്നുണ്ടായ ദുരിതങ്ങളിൽ നിന്നും യാതൊരു പാഠവും ഉൾകൊള്ളാത്ത സർക്കാർ, വരുന്ന ജൂൺ മുതൽ ഓഗസ്റ്റ് വരെ വാർഷിക അമർനാഥ് തീർത്ഥാടനം സംഘടിപ്പിക്കാൻ പദ്ധതിയിട്ടിരിക്കുകയാണ്. പ്രസ്തുത പരിപാടിക്കായി വിദൂര ദേശങ്ങളിൽ നിന്നും 5 ലക്ഷത്തിൽ പരം ഹിന്ദു തീർത്ഥാടകരാകും കശ്മീരിന്റെ ഉൾപ്രദേശങ്ങളിലേക്ക് ഒഴുകിയെത്തുക. പരിപാടിക്ക് സുരക്ഷ ഒരുക്കുന്നതിനായി സർക്കാർ പതിനായിരക്കണക്കിന് സൈനികരെ വിന്യസിപ്പിക്കും. തീർത്ഥാടന കേന്ദ്രം എത്തുന്നത് വരെയുള്ള റൂട്ടിലെ ജനവാസ കേന്ദ്രങ്ങളിളും മറ്റും ഇവർക്കുള്ള താമസ സൗകര്യമൊരുക്കും. ഇത്തരത്തിൽ കൂട്ടമായുള്ള ജനപ്രവാഹം പ്രദേശവാസികളെ കൂടുതൽ അപകടത്തിലാക്കുകയും, വൈറസ് വ്യാപനത്തിന്റെ മറ്റൊരു കുതിച്ചുചാട്ടത്തിന് കൂടി ഹേതുവാകുകയും ചെയ്യും.

അവസാനം കോവിഡിന്റെ പുതിയൊരു തരംഗം കൂടി കശ്മീരിൽ പ്രത്യക്ഷപ്പെട്ടാലും അപര്യാപ്തമായ സജ്ജീകരണങ്ങളും, അത്യാവശ്യത്തിന് പോലും ജീവനക്കാരില്ലാത്ത ആശുപത്രികളും, ദുർല്ലഭമായ ഓക്സിജനും മരുന്നുകളും കൊണ്ട് തന്നെയാകും കശ്മീർ അതിനെയും നേരിടുക. സ്വാഭാവികമായും, സൈനിക വലയത്തിനുള്ളിൽ നിന്നുകൊണ്ട് മറ്റൊരു ലോക്ക്ഡൗൺ കൂടി കശ്മീരികൾക്ക് കഴിച്ചുകൂട്ടേണ്ടി വരും. അതവരുടെ ജീവിതം കൂടുതൽ ദുസ്സഹമാക്കും തീർച്ച.

 

വിവ-  മുബഷിർ മാണൂർ 

Related Articles