Current Date

Search
Close this search box.
Search
Close this search box.

അൻവർ ഇബ്രാഹീം ഭരണചക്രം തിരിക്കാനെത്തുമ്പോൾ

” അവരെന്നെ എല്ലാ തരത്തിലും അതിമാരകമായി കടന്നാക്രമിച്ചു. ഞാനൊരു ഇസ്ലാമിക തീവ്രവാദിയാണെന്ന് ആദ്യം ആരോപിച്ചു. പിന്നെപ്പറഞ്ഞു തീവ്ര അമേരിക്കൻ അനുകൂലിയും സി.ഐ.എ ഏജന്റുമാണെന്ന്. ഹമാസിനൊപ്പം നിൽക്കുന്ന ഭീകരവാദി എന്നായി അടുത്ത ആരോപണം. ലൈംഗിക ആരോപണങ്ങൾ പിന്നാലെ വന്നു. എന്റെ പേര് കളങ്കപ്പെടുത്താൻ എന്തൊക്കെ ചെയ്യാൻ പറ്റുമോ അതൊക്കെ അവർ ചെയ്തു. എനിക്കെന്റെ സമൂഹത്തിൽ വിശ്വാസമുണ്ട്. ഈ കളി അവർ തിരിച്ചറിയുമെന്ന് എനിക്കുറപ്പുണ്ട്. മുസ്ലിംകളല്ലാത്ത ചൈനീസ് വംശജർ ഉൾപ്പെടെയുള്ള രാജ്യത്തെ മറ്റു വിഭാഗങ്ങൾ എന്നെ മനസ്സിലാക്കുകയും എന്റെ സ്ഥാനം തിരിച്ചറിയുകയും ചെയ്യുന്നുണ്ട്. സത്യം പുറത്ത് വരിക തന്നെ ചെയ്യും, ഇൻശാ അല്ലാഹ്.” 2014 ജനുവരിയിൽ കുവൈത്തിലെ അൽ മുജ്തമഅ് മാഗസിന് വേണ്ടി ഞാൻ അഭിമുഖം നടത്തിയപ്പോൾ മലേഷ്യയിലെ പ്രഫ. അൻവർ ഇബ്രാഹീം പറഞ്ഞ വാക്കുകളാണിത്. അപ്പോൾ ജയിലിൽ നിന്ന് അദ്ദേഹം പുറത്ത് വന്നിട്ട് എട്ട് വർഷം കഴിഞ്ഞിരുന്നു. പീഡന പർവത്തിന്റെ കാൽ നൂറ്റാണ്ടിന് ശേഷം അൻവർ ഇബ്രാഹീം ആത്മവിശ്വാസം പ്രകടിപ്പിച്ച ആ സത്യമിതാ പുലർന്നിരിക്കുന്നു. കഴിഞ്ഞ നവംബർ 18 – ന് നടന്ന മലേഷ്യൻ പാർലമെന്റ് തെരഞ്ഞെടുപ്പിൽ അൻവർ ഇബ്രാഹീം നേതൃത്വം നൽകിയ മുന്നണി ഒന്നാം സ്ഥാനത്തെത്തുകയും അദ്ദേഹം പ്രധാനമന്ത്രിയായി നിയോഗിക്കപ്പെടുകയും ചെയ്തിരിക്കുന്നു.

എതിരാളിയും മുൻ പ്രധാനമന്ത്രിയുമായ മഹാതീർ മുഹമ്മദ് (97 വയസ്സ്) ഈ തെരഞ്ഞെടുപ്പോടെ ഒന്നുമല്ലാതായി. 75-കാരനായ അൻവർ രാജ്യത്തിന്റെ കടിഞ്ഞാൺ കൈയേൽക്കുകയാണ്. തന്റെ ഏറ്റവും അടുത്തയാളിൽ (മഹാതീർ മുഹമ്മദ്) നിന്ന് ഉണ്ടായ അനീതിയുടെയും അതിക്രമത്തിന്റെയും വളരെ കയ്പേറിയ അനുഭവങ്ങൾ താണ്ടിക്കടന്ന് ദേശത്തിന് വേണ്ടിയുളള പോരാട്ടത്തിന്റെ ഒരു പുതിയ അധ്യായം തുറന്നിരിക്കുകയാണ് അദ്ദേഹം.

പ്രതിപക്ഷത്തിരിക്കുമ്പോഴും ഭരണപക്ഷത്തായപ്പോഴും ഉണ്ടായ അസാധാരണമായ അനുഭവങ്ങൾ. സാമൂഹിക നവോത്ഥാനത്തിനുള്ള യത്നങ്ങളിൽ ഈ അനുഭവം വലിയ മുതൽക്കൂട്ടായിരിക്കും. കുതികാൽ വെട്ടിന്റെ മാരക രൂപമാണ് നാമവിടത്തെ രാഷ്ട്രീയക്കളിയിൽ കണ്ടത്. മലേഷ്യയെ പരിവർത്തിപ്പിക്കുന്ന യത്നത്തിൽ മഹാതീറിന്റെ വലംകയ്യും മന്ത്രിസഭയിലെ രണ്ടാമനുമായിരുന്നു അൻവർ. പെട്ടന്നതാ അൻവർ ജയിലഴികൾക്കകത്താക്കപ്പെടുന്നു. സകല വൃത്തികെട്ട ആരോപണങ്ങളും അദ്ദേഹത്തിന് മേൽ ചാർത്തിക്കൊടുക്കുന്നു. ജയിൽ മോചിതനാകുന്നതിന് മുമ്പ് തന്നെ ജനമനസ്സിൽ അൻവറിനുള്ള ഇമേജ് തകർക്കുക, അങ്ങനെ ജനങ്ങൾ തള്ളിപ്പറയുന്ന നിലയിലേക്കെത്തിച്ച് രാഷ്ട്രീയമായി അദ്ദേഹത്തെ ഉന്മൂലനം ചെയ്യുക – ഇതായിരുന്നു ലക്ഷ്യം. ആറ് വർഷത്തേക്ക് രാഷ്ട്രീയ പ്രവർത്തനം നടത്തുന്നതിൽ നിന്ന് അദ്ദേഹത്തെ വിലക്കുകയും ചെയ്തു. 2008-ലാണ് വിലക്ക് നീങ്ങിയത്.

തന്റെ രാഷ്ട്രീയ ഗുരുവായ മഹാതീർ മുഹമ്മദുമായി അഭിപ്രായ ഭിന്നത രൂക്ഷമായ 1998 സെപ്തമ്പർ മുതൽക്കാണ് അൻവറിന്റെ പരീക്ഷണ കാലം ആരംഭിക്കുന്നത്. അപ്പോൾ മഹാതീർ പ്രധാനമന്ത്രിയാണ്. മഹാതീറിന്റെ പിൻഗാമിയായി അൻവർ പ്രധാനമന്ത്രി പദത്തിൽ നിന്ന് ഒന്നോ രണ്ടോ വില്ല് അകലെ നിൽക്കുന്ന കാലം. ഭിന്നത (ആ ഭിന്നത വിവിധ വിഷയങ്ങളിലുളള അഭിപ്രായ ഭിന്നതയായിരുന്നു ) പുറത്ത് വരാൻ തുടങ്ങിയതോടെ തൽപര കക്ഷികൾ അത് ഊതി വീർപ്പിക്കാൻ കിണഞ്ഞു ശ്രമിച്ചു. തങ്ങളെ മറികടന്ന് അൻവർ ചുരുങ്ങിയ കാലം കൊണ്ട് ഭരണത്തിന്റെ കടിഞ്ഞാണേൽക്കുന്നത് അവർക്ക് സഹിക്കുന്നുണ്ടായിരുന്നില്ല. മഹാതീറിനെയും അൻവറിനെയും തമ്മിൽ തെറ്റിച്ചതും അൻവറിനെതിരെ വഷളൻ ആരോപണങ്ങൾ ഉന്നയിച്ചതും ഈ ഉപജാപക സംഘമാണ്.

തിൻമയുടെ ശക്തികൾ ആസൂത്രണം ചെയ്തതൊക്കെയും വിജയം കണ്ടു. അൻവർ ഇബ്രാഹിം മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കപ്പെട്ടു. 1998 സെപ്റ്റംബർ 20 – ന് അദ്ദേഹത്തെ ജയിലിലടച്ചു. പക്ഷെ അദ്ദേഹത്തെ വിശ്വസിക്കുകയും സ്നേഹിക്കുകയും ചെയ്ത ജനങ്ങളുടെ മനസ്സിൽ നിന്ന് അദ്ദേഹത്തെ കുടിയിറക്കാൻ കഴിഞ്ഞില്ല. അദ്ദേഹത്തിന്റെ പോരാളിയായ സഹധർമ്മിണി ഡോ. വാൻ അസീസയെയും അവർക്ക് തോൽപ്പിക്കാനായില്ല.

അൻവർ ജയിലിലായതോടെ അദ്ദേഹത്തിന്റെ കുടുംബം എന്തെല്ലാം കള്ള പ്രചാരണങ്ങൾക്കും തെറ്റിദ്ധരിപ്പിക്കലുകൾക്കുമാണ് ഇരകളായത്! ജയിലിനകത്ത് അദ്ദേഹത്തിന്റെ ജീവൻ അപകടത്തിലായിരുന്നു. ആരോഗ്യവും തകർന്നു. വീൽചെയറിലായി ജീവിതം. കഴുത്തിൽ നെക്ക് ബ്രേസ് ധരിക്കേണ്ടി വന്നു. ഇതൊന്നും അദ്ദേഹത്തിന്റെയോ കുടുംബത്തിന്റെയോ നിശ്ചയദാർഢ്യത്തെ തളർത്തിയില്ല. വൃത്തികെട്ട ആരോപണങ്ങൾ ഉയർന്നപ്പോൾ കുടുംബം അദ്ദേഹത്തോട കൂടുതൽ ചേർന്നു നിൽക്കുകയാണ് ചെയ്തത്. ഭയമോ സങ്കോചമോ ഇല്ലാതെ പോരാട്ടത്തിന്റെ നൈരന്തര്യമാണ് ആ കുടുംബം കാഴ്ച്ച വെച്ചത്. മലേഷ്യയുടെ ചരിത്രത്തിൽ ആ കുടുംബത്തിന്റെ പോരാട്ടം ശാശ്വതമായി ലിഖിതമാക്കപ്പെട്ടു കഴിഞ്ഞു.

രാഷ്ട്രീയത്തിൽ നിന്ന് അൻവർ ഒഴിച്ച് നിർത്തപ്പെട്ട കാലത്ത് പുതിയൊരു പാർട്ടിയുണ്ടാക്കി അദ്ദേഹത്തിന്റെ സഹധർമ്മിണി അതിന്റെ നേതൃത്വം ഏറ്റെടുത്തു. പല കീറാമുട്ടികളും വലിച്ചിട്ട് തൽപ്പരകക്ഷികൾ മാർഗതടസ്സമുണ്ടാക്കി. അതിനെയൊക്കെ തട്ടിമാറ്റി പാർട്ടി അതിന്റെ നിലനിൽപ്പ് ഉറപ്പ് വരുത്തി. വാൻ അസീസ തന്നെ പറയട്ടെ:” ഞങ്ങളുടെ പ്രയാണം തടയാൻ ഭരണകക്ഷി ചെയ്യാവുന്നതൊക്കെ ചെയ്തു. ഞങ്ങൾ രാഷ്ട്രീയ ഭീഷണി ഉയർത്തും എന്നു തന്നെയായിരുന്നു അവരുടെ കണക്കുകൂട്ടൽ.” യഥാർഥത്തിൽ അൻവറിന്റെ പ്രശ്നം അഴിമതിക്കാരുമായിട്ടായിരുന്നു. വിചാരണക്കിടയിൽ അൻവറിന്റെ ഒരു സഹായി മൊഴി കൊടുത്തത് ഇങ്ങനെ:” മന്ത്രിമാർ അഴിമതി നടത്തിയത് തെളിയിക്കുന്ന നിരവധി പെട്ടി രേഖകൾ അൻവറിന്റെ കൈവശം ഉണ്ടായിരുന്നു.” പിടിക്കപ്പെടുമോ എന്ന് പേടിച്ച് ഈ അഴിമതിക്കാരെല്ലാം ചേർന്നാണ് അൻവറിനെ താഴെയിറക്കിയത്. ജയിലിൽ തളച്ചിടപ്പെട്ടപ്പോഴും അദ്ദേഹം കീഴടങ്ങാൻ കൂട്ടാക്കിയില്ല.

1999- സെപ്തമ്പറിൽ അൻവറിനെ ആറ് വർഷം ജയിലിലടക്കാൻ വിധി വന്ന ദിവസം ഭരണകക്ഷിയിലെ കൊള്ളസംഘത്തെ വെല്ലുവിളിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു: ” ഞാൻ രാജി വെക്കുന്നതിന് മുമ്പ് മഹാതീർ എന്നെ ഭീഷണിപ്പെടുത്തിക്കൊണ്ട് പറഞ്ഞിരുന്നു : രാജി വെച്ചോ, അല്ലെങ്കിൽ പ്രോസിക്യൂട്ട് ചെയ്യും.” പ്രോസിക്യൂട്ടർ മുതലുളള ഉദ്യോഗസ്ഥർ തനിക്കെതിരെ ഗൂഢാലോചന നടത്തിയതിന്റെ തെളിവുകൾ തന്റെ പക്കലുണ്ടെന്ന് അൻവർ പറഞ്ഞിരുന്നു.

1996-ൽ തന്റെ വിശ്വാസങ്ങളുടെയും ചിന്തകളുടെയും സമാഹാരമായ Asian Renaissance എന്ന പുസ്തകം അൻവർ പുറത്തിറക്കിയിട്ടുണ്ടായിരുന്നു. നവോത്ഥാനവും പുരോഗതിയും സാധ്യമാവണമെങ്കിൽ സാമ്പത്തിക തലങ്ങളെ സാമൂഹിക, ധാർമിക തലങ്ങളുമായി ബന്ധിപ്പിക്കണമെന്ന് അദ്ദേഹമതിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. പരിഷ്കരണം കൊണ്ട് വരികയാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. ” എനിക്ക് കഴിയും പടി പരിഷ്കരണം കൊണ്ട് വരികയാണ് ലക്ഷ്യം. അങ്ങനെ മലേഷ്യ എന്ന രാജ്യത്തെയും അതിലെ ജനതയെയും സ്വന്തന്ത്രമാക്കണം. വേണ്ട നിലവാരത്തിൽ വേണ്ട അളവിൽ ഉൽപ്പാദനത്തിന് അവരെ സജ്ജരാക്കണം. നീതിയാണ് രാജ്യത്തിന്റെ ആത്മാവ്. ചില്ലിക്കാശിന് സ്വന്തത്തെ വിൽക്കാൻ വെച്ചിരിക്കുന്ന ഒരു വിഭാഗമുണ്ട് എന്നതാണ് നമ്മുടെ ദുരന്തം. ഈ മലയൻ ചൊല്ല് കേട്ടാണ് ഞാൻ വളർന്നത് : നരിയുടെ പൈതൃകം അതിന്റെ തോലാണ്. ആണുങ്ങളുടെ പൈതൃകം അവരുടെ സൽപേരാണ്.”

കഴിഞ്ഞ നൂറ്റാണ്ടിന്റെ തൊണ്ണൂറുകളിൽ ഭരണമണ്ഡലത്തിലേക്ക് കടന്ന ആദ്യ ഇസ്ലാമിസ്റ്റിന്റെ കഥയാണിത്. പിന്നെ ജയിൽ ജീവിതം. ഇപ്പോഴിതാ വീണ്ടും അധികാരത്തിലേക്ക് വരുന്നു; ഭരണചക്രം തിരിക്കുന്നവനായിത്തന്നെ.

 

വിവ- അശ്റഫ് കീഴുപറമ്പ്

???? To Join Whatsapp Group ????: https://chat.whatsapp.com/BxliWKickAyDu0ikv75WY5

Related Articles