Current Date

Search
Close this search box.
Search
Close this search box.

അഫ്ഗാന്‍: സ്വാതന്ത്ര്യമില്ലെങ്കിലും ജീവിക്കാം, പക്ഷേ ഭക്ഷണമില്ലെങ്കിലോ ?

‘കഴിക്കാന്‍ ഇവിടെ ഒന്നുമില്ല’; കഷ്ടതയില്‍ മുങ്ങി അഫ്ഗാന്‍ സ്ത്രീകള്‍

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 15ന് അഫ്ഗാന്റെ നിയന്ത്രണം താലിബാന്‍ ഏറ്റെടുത്തത്. താലിബാന്‍ ഏറ്റെടുക്കുന്നതിന് മുന്‍പ് തന്നെ അഫ്ഗാനിലെ സ്ത്രീകളുടെ അവസ്ഥ ഏറെ ദുഷ്‌കരമായിരുന്നു. കാബൂളിലെ നംഗര്‍ഹാര്‍ പ്രവിശ്യയിലെ നസാജി അഭയാര്‍ത്ഥി ക്യാംപില്‍ കഴിയുന്ന 32കാരിയായ സൈഗുല്‍ തന്റെ ദുരിത കഥ അല്‍ജസീറയോട് വിവരിക്കുയാണിവിടെ. ഇവരുടെ ഭര്‍ത്താവ് നിര്‍മാണ തൊഴിലാളിയാണ്. ഇവരുടെ ഏഴ് കുട്ടികള്‍ക്കുള്ള ഭക്ഷണം ഭര്‍ത്താവ് ജോലിക്ക് പോയി സമ്പാദിച്ച് കിട്ടുന്ന പണം കൊണ്ടാണ് വാങ്ങുക. എന്നാല്‍ ഇപ്പോള്‍ അതിന് കഴിയുന്നില്ല. താലിബാന്‍ അധികാരത്തില്‍ തിരിച്ചെത്തിയതോടെ രാജ്യം അഭൂതപൂര്‍വമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തി.

ബാങ്കുകളില്‍ പണമില്ലാതെ ജനങ്ങള്‍ വലയുകയും സംസ്ഥാന ജീവനക്കാര്‍ മാസങ്ങളായി ശമ്പളം ലഭിക്കാതെ ബുദ്ധിമുട്ടുകയും ചെയ്യുന്നു.
യു.എസ് കോടിക്കണക്കിന് ഡോളറിന്റെ അഫ്ഗാനിലേക്കുള്ള ഫണ്ട് മരവിപ്പിച്ചതും അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളുടെ ഫണ്ട് താല്‍ക്കാലികമായി നിര്‍ത്തിവച്ചതും പതിറ്റാണ്ടുകളായി യുദ്ധവും അധിനിവേശവും മൂലം തകര്‍ന്ന സാമ്പത്തിക വ്യവസ്ഥയുടെ തകര്‍ച്ച ഏതാണ്ട് പൂര്‍ണമായി. ഇതോടെ ദശലക്ഷകണക്കിന് അഫ്ഗാനികളെ പോരെ സൈഗുലും തൊഴില്‍രഹിതയായി.

‘സാമ്പത്തിക ബുദ്ധിമുട്ടുകളാണ് ഞങ്ങള്‍ നേരിടുന്ന ഏറ്റവും പ്രധാന പ്രശ്‌നം’ ഒറ്റമുറി വീടിന്റെ തറയില്‍ ഇരുന്ന് സൈഗുല്‍ ഇത് പറയുമ്പോള്‍ അവളുടെ കുട്ടികള്‍ അവളുടെ ചുറ്റും തടിച്ചുകൂടി. നിങ്ങള്‍ക്ക് സ്വാതന്ത്ര്യമില്ലാതെ ജീവിക്കാം, പക്ഷേ നിങ്ങള്‍ക്ക് ഒന്നും കഴിക്കാനില്ലെങ്കില്‍ പിന്നെ നിങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയില്ല.

ഏകദേശം 22 ദശലക്ഷം ആളുകള്‍ അഥവാ അഫ്ഗാനിസ്ഥാനിലെ ജനസംഖ്യയുടെ പകുതിയിലധികവും കടുത്ത പട്ടിണി നേരിടുന്നതായി ഐക്യരാഷ്ട്രസഭ പറഞ്ഞിരുന്നു. ഒരു മാനുഷിക ‘ദുരന്തം’ ഒഴിവാക്കാന്‍ രാജ്യത്തിന് ഏകദേശം 5 ബില്യണ്‍ ഡോളറിന്റെ സഹായം ആവശ്യമുണ്ടെന്നും യു.എന്‍ അറിയിച്ചിരുന്നു.

താഴേക്ക് പതിച്ച സമ്പദ് വ്യവസ്ഥ

അഫ്ഗാനിസ്ഥാനിലെ പല കുടുംബങ്ങളെയും പോലെ, സൈഗുലിന്റെയും നസീറിന്റെയും കുടുംബത്തിനും സമീപ മാസങ്ങളില്‍ വരുമാനം നിലച്ചിരിക്കുകയാണ്. അഫ്ഗാന്‍ താലിബാന്‍ ഏറ്റെടുത്തതിന് ശേഷം മിക്ക കെട്ടിട നിര്‍മാണ പദ്ധതികളും നിലച്ചതോടെ, നിരവധി ദമ്പതികള്‍ തൊഴില്‍രഹിതരായി. ഇതോടെ കുടുംബങ്ങള്‍ പട്ടിണിയിലേക്ക് കൂപ്പുകുത്തി. ‘നമുക്ക് ആര്‍ക്കും ഇനി ജോലി കണ്ടെത്താന്‍ കഴിയില്ല. ഞങ്ങള്‍ക്ക് ഏറ്റവും അടിസ്ഥാനപരമായ കാര്യങ്ങള്‍ ഇല്ല – ഭക്ഷണം, വസ്ത്രങ്ങള്‍, വീടിന് ചൂട് നിലനിര്‍ത്താന്‍ ഹീറ്റര്‍’ തണുപ്പകറ്റാന്‍ ഒരു കറുത്ത ഷാള്‍ തോളിലിട്ട് സൈഗുല്‍ പറഞ്ഞു.

തണുപ്പ് വകവയ്ക്കാതെ, അവളുടെ ചെറിയ കുട്ടികള്‍ നഗ്നപാദരായി തറയില്‍ ഇരിക്കുകയാണ്. അവളുടെ വസ്ത്രങ്ങള്‍ കൊണ്ടാണ് കൈകാലുകള്‍ മറച്ചത്. തണുത്ത കല്‍ത്തറയില്‍ വിരിച്ച ചില ജീര്‍ണിച്ച മെത്തകള്‍ ഒഴികെ സൈഗുലിന്റെ ഒറ്റമുറി വീട് ശൂന്യമായിരുന്നു.

പകല്‍ സമയത്ത്, കുടുംബം ഇരിക്കാന്‍ ഉപയോഗിക്കുന്ന മെത്തകള്‍, രാത്രി കിടക്കകളാക്കി മാറ്റും. മുറിയിലെ മൂലയില്‍, രാത്രിയില്‍ അവള്‍ റൊട്ടി ഉണ്ടാക്കുന്ന ഒരു തുരുമ്പിച്ച സ്റ്റൗവിന്റെ അടുത്ത് മാവ് ഒഴിഞ്ഞ സഞ്ചിയും കാണാം.

താലിബാന്‍ ഏറ്റെടുക്കുന്നതിന് മുന്‍പ് അവളുടെ കുടുംബത്തിന് തുച്ഛമായ വരുമാനമാണ് ഉണ്ടായിരുന്നതെങ്കിലും അന്തര്‍ദേശീയ എന്‍ ജി ഒകളില്‍ നിന്നുള്ള സംഭാവനകളാണ് ശൈത്യകാലത്ത് അവരെ സഹായിച്ചത്. എന്നാല്‍ ഇപ്പോള്‍, ആ ധസഹായവും നിര്‍ത്തിയിരിക്കുകയാണ്.
‘എന്റെ കുട്ടികള്‍ പുറത്ത്‌പോയി പാഴ്‌വസ്തുക്കള്‍ ശേഖരിച്ച് അത് വില്‍ക്കാന്‍ ശ്രമിക്കും. പേപ്പറുകള്‍ കത്തിച്ച് തണുപ്പകറ്റും, തെരുവില്‍ പോയി ഭിക്ഷ യാചിക്കുന്നതിനെക്കുറിച്ച് വരെ ഞാന്‍ ആലോചിച്ചിട്ടുണ്ട്’- കണ്ണീര്‍ പൊഴിച്ച് സൈഗുല്‍ പറയുന്നു.

പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധങ്ങള്‍ സഹായത്തെ ആശ്രയിക്കുന്ന അഫ്ഗന് കനത്ത പ്രഹരമേല്‍പിച്ചു, രാജ്യാന്തര എന്‍ ജി ഒകളുടെ പ്രവര്‍ത്തനം രാജ്യത്ത് നിര്‍ത്താന്‍ ഇത് നിര്‍ബന്ധിതരാക്കി. യു.എന്നും മറ്റ് സഹായ ഏജന്‍സികളും രാജ്യത്തിന് ആവശ്യമായ സഹായം എത്തിക്കുന്നതിന് ഉപരോധം നിയന്ത്രിക്കാന്‍ ശ്രമിച്ചു. സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് അവശ്യ മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങാനോ ജീവനക്കാരുടെ ശമ്പളം നല്‍കാനോ കഴിയാതെ വന്നു.

സ്ത്രീകള്‍ക്ക് മേലുള്ള നിയന്ത്രണങ്ങള്‍ വര്‍ധിക്കുന്നു

അഫ്ഗാന്‍ ഏറ്റെടുക്കുന്നതിന് മുമ്പ് സാമ്പത്തികമായി സ്ഥിരതയുള്ള ഒരു കുടുംബത്തില്‍ നിന്നാണ് വന്നതെങ്കിലും അഫ്ഗാന്‍ ദേശീയ വനിതാ തായ്ക്വോണ്ടോ ടീമിലെ അംഗമായ 19 കാരിയായ അന്‍സൊറാത് വാലിയുടെ കാര്യവും താലിബാന്റെ വരവോടെ കഷ്ടതയിലായി. വാലിയുടെ സഹോദരന്‍, സര്‍ക്കാര്‍ സര്‍വീസിലെ വിദേശകാര്യ മന്ത്രാലയത്തില്‍ ജോലി ചെയ്യുകയാണ്. മാസങ്ങളായി അദ്ദേഹത്തിന് ശമ്പളം ലഭിച്ചിട്ടില്ല.

അതേസമയം, പൊതുമേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീകളോട് വീട്ടിലിരിക്കാന്‍ താലിബാന്‍ ആഹ്വാനം ചെയ്തതിനെത്തുടര്‍ന്ന് കുടുംബത്തിന്റെ വരുമാന ആശ്രയമായിരുന്ന അവളുടെ ഉമ്മയ്ക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിലെ ജോലി നഷ്ടപ്പെട്ടു.

കൗമാരക്കാരിയെ സംബന്ധിച്ചിടത്തോളം, താലിബാന്റെ കീഴിലുള്ള ജീവിതം അര്‍ത്ഥമാക്കുന്നത് സ്‌കൂള്‍ ഇല്ല, അവള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട തായ്ക്വോണ്ടോയും ഇല്ല എന്നൊക്കെയാണ്.

ജൂനിയര്‍ ബ്ലാക്ക് ബെല്‍റ്റ് ചാമ്പ്യന്‍ ആയ വാലിക്ക് കായിക വിനോദങ്ങള്‍ക്ക് താലിബാന്‍ വിലക്കേര്‍പ്പെടുത്തിയതില്‍ അവള്‍ നിരാശയിലാണ്. വനിതകള്‍ക്ക് വിദ്യാഭ്യാസത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ അവളുടെ കുടുംബവും സാമ്പത്തിക പ്രതിസന്ധിയിലാണ്. എനിക്ക് ജോലി ചെയ്യാനോ പഠിക്കാനോ കഴിയുന്നില്ല എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി’. സ്‌കൂളിലെ അവസാന വര്‍ഷ വിദ്യാര്‍ഥിയായ അവള്‍ താലിബാന്‍ സ്‌കൂള്‍ പൂട്ടിയതിനെത്തുടര്‍ന്ന് ഇപ്പോള്‍ വീട്ടില്‍ ഇരിക്കുകയാണ്.

 

വിവ: സഹീര്‍ വാഴക്കാട്

Related Articles