Current Date

Search
Close this search box.
Search
Close this search box.

ഭീകരവാദം; മുസ്‌ലിംകള്‍ എന്തിന് മാപ്പ് പറയണം

terrorism333-islam.jpg

ഒരു ഭീകരാക്രമണം അല്ലെങ്കില്‍ ഇസ്‌ലാമിന്റെ പേരില്‍ ഒരു ആക്രമണം നടക്കുമ്പോഴേക്കും, മുസ്‌ലിംകളോടും, ലിബറല്‍ മുസ്‌ലിംകളോടും (അവര്‍ പറയുന്നത് പോലെ) ഭീകരവാദത്തെ അപലപിക്കാന്‍ ആവശ്യപ്പെട്ടു കൊണ്ടുള്ള മുറവിളിയും ഒച്ചപ്പാടും ഉയരുന്നത് കാണാം. എത്രത്തോളമെന്നാല്‍ അതിന്റെ പേരില്‍ മുസ്‌ലിംകള്‍ ഒന്നടങ്കം മാപ്പ് പറയണം എന്നുവരെ ചിലര്‍ വാദിക്കും.

ഭീകരവാദത്തെ അപലപിച്ചു കൊണ്ട് മുസ്‌ലിംകളെയാരെയും സോഷ്യല്‍ മീഡിയയില്‍ കണ്ടില്ലെങ്കില്‍, അവര്‍ ഐ.എസ്സിനേക്കാള്‍ ഭീകരന്മാരായി മാറും. അവര്‍ മതഭ്രാന്തന്മാരായി മുദ്രകുത്തപ്പെടും. അതിലുപരി ഈ മുസ്‌ലിംകളേക്കാള്‍ എത്രയോ നല്ലവരായി ഐ.എസ് മാറുന്നതും കാണാം.

സമാനമായ ഇസ്‌ലാമോഫോബിക്ക് ആക്രോശങ്ങള്‍ അടുത്തിടെ ബംഗ്ലാദേശില്‍ സ്വവര്‍ഗാനുരാഗികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന രണ്ട് പേരെ സായുധ സംഘമായ അന്‍സാറുല്‍ ഇസ്‌ലാം അതിക്രൂരമായി കൊലപ്പെടുത്തിയപ്പോള്‍ കേള്‍ക്കുകയുണ്ടായി.

മുസ്‌ലിംകള്‍ ഭീകരവാദത്തെ പിന്തുണക്കുന്നവരാണെന്ന ധാരണ നിലനില്‍ക്കുന്നുണ്ടോ? അല്ലെങ്കില്‍ പിന്നെ എന്തുകൊണ്ടാണ് മുസ്‌ലിംകള്‍ മാപ്പ് പറയണം, അപലപിക്കണം എന്നൊക്കെ ആവശ്യപ്പെടുന്നത്? എപ്പോഴൊക്കെ ഭീകരാക്രമണം ഉണ്ടാകുന്നുവോ അപ്പോഴൊക്കെ മുസ്‌ലിംകള്‍ നിര്‍ബന്ധമായും അതിനെ അപലപിക്കണം എന്ന ആവശ്യം ഉയരുന്നതും ആശയഭ്രാന്തില്‍ നിന്ന് തന്നെയാണ്.

നിങ്ങള്‍ അതിനെ അപലപിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ അതിനെ പിന്തുണക്കുന്നുണ്ട് എന്ന ഒരു ധാരണ ഇവിടെ നിലനില്‍ക്കുന്നുണ്ട്. കാരണം അക്രമികള്‍ വിശ്വസിക്കുന്ന മതത്തില്‍ തന്നെയാണ് നിങ്ങളും വിശ്വസിക്കുന്നത്. ഭീകരവാദത്തെ മുസ്‌ലിംകള്‍ നിര്‍ബന്ധമായും അപലപിക്കണം എന്ന് പറയുന്ന നിമിഷം മുതല്‍ക്ക് തന്നെ നിങ്ങളും ഭീകരവാദികളുടെ ചെയ്തിയില്‍ പങ്ക്‌ചേര്‍ക്കപ്പെടുന്നു.

ഏതാണ്ട് 1.6 ബില്ല്യണ്‍ മുസ്‌ലിംകള്‍ ലോകത്തുടനീളമായി വസിക്കുന്നുണ്ട്. അവരില്‍ എത്ര പേരാണ് ഭീകരവാദികള്‍ അല്ലെങ്കില്‍ അതിനെ പിന്തുണക്കുന്നവര്‍? ഭൂരിഭാഗം മുസ്‌ലിംകളും സമാധാനകാംക്ഷികളും സമാധാനപ്രിയരുമാണെന്ന് മനസ്സിലാക്കാന്‍ റോക്കറ്റ് സയന്‍സൊന്നും പഠിക്കേണ്ടതില്ല. വിരലില്‍ എണ്ണാവുന്നവര്‍ മാത്രമാണ്, അവരുടെ നിക്ഷിപ്ത താല്‍പര്യങ്ങളുടെയും, രാഷ്ട്രീയ ലക്ഷ്യങ്ങളുടെയും പേരില്‍ ആക്രമമാര്‍ഗം സ്വീകരിക്കുന്നത്.

ന്യൂനാല്‍ ന്യൂനപക്ഷത്തിന്റെ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഇസ്‌ലാമിന്റെ മേല്‍ അക്രമമതം എന്ന മുദ്രചാര്‍ത്തുന്നത് എത്രത്തോളം ശരിയാണ്? 1.6 ബില്ല്യണ്‍ വരുന്ന ഒരുപാട് വൈവിധ്യങ്ങളുള്ള ഒരു സമൂഹത്തെ കപടന്‍മാരായ ഒരു ചെറിയ വിഭാഗത്തിന്റെ ചെയ്തികളുടെ അടിസ്ഥാനത്തില്‍ സംശയിക്കുന്നത് ശരിയായ രീതിയാണോ?

പക്ഷെ ചിലരെ സംബന്ധിച്ചിടത്തോളം, ഭൂരിഭാഗം വരുന്ന സമാധാനപ്രിയരായ മുസ്‌ലിംകള്‍ യഥാര്‍ത്ഥ ഇസ്‌ലാമിനെ പ്രതിനിധീകരിക്കുന്നവര്‍ അല്ലത്രെ. അവരെ സംബന്ധിച്ചിടത്തോളം വിരലിലെണ്ണാവുന്ന ആ അക്രമികളാണത്രെ ഇസ്‌ലാമിനെ പ്രതിനിധീകരിക്കുന്നവര്‍.

ഇസ്‌ലാമിന്റെ പേരില്‍ ഒരു ആക്രമണം ഉണ്ടാകുമ്പോഴേക്ക് തന്നെ മുസ്‌ലിം സംഘടനകളെല്ലാം കൂട്ടത്തോടെ അതിനെ അപലപിച്ചു കൊണ്ട് ഫേസ്ബുക്കിലും ട്വിറ്ററിലും രംഗത്തിറങ്ങും. ഇസ്‌ലാം സമാധാനത്തിന്റെ മതമാണെന്ന് പറഞ്ഞ് നീണ്ട ഉപന്യാസങ്ങളുമായി മുസ്‌ലിം യുവാക്കളും മുന്നോട്ട് വരും. കാരണം അപലപിക്കുന്നതില്‍ കുറച്ചൊന്ന് വൈകിയാല്‍ മതി, അത് പിന്നീട് മുസ്‌ലിംകളുടെ ഭീകരാക്രമണത്തിനുള്ള പിന്തുണയും അനുകൂല സ്വരവുമായി വ്യാഖ്യാനിക്കപ്പെടും.

അതോടു കൂടി മുസ്‌ലിംകളോട് അപലപിക്കാനും, മാപ്പു പറയാനും ആവശ്യപ്പെട്ട് കൊണ്ടുള്ള പോസ്റ്റുകള്‍ ഫേസ്ബുക്കിലും, ട്വിറ്ററിലും പ്രചരിക്കാന്‍ തുടങ്ങും. ഐ.എസ് അല്ല, മറിച്ച് മോഡറേറ്റ് മുസ്‌ലിംകളാണ് യഥാര്‍ത്ഥ പ്രശ്‌നം എന്ന നിലയിലേക്ക് ചര്‍ച്ചകള്‍ എത്തും. മുസ്‌ലിംകള്‍ക്ക് നേരെ തെറിവിളികള്‍ ഉയരും – മുസ്‌ലിംകള്‍ വിശ്വസിക്കാന്‍ കൊള്ളാത്തവരാണ്, അവര്‍ ഇരട്ടത്താപ്പിന്റെ ആളുകളാണ്, സെലക്ടീവായ പ്രതിഷേധങ്ങളാണ് അവരുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നത്.

മുസ്‌ലിംകള്‍ മറ്റു മതസ്ഥരാല്‍ കൊല്ലപ്പെടുമ്പോള്‍ മറ്റുള്ളവര്‍ പ്രതിഷേധിക്കണമെന്ന് മുസ്‌ലിംകള്‍ ശഠിക്കാറില്ലെന്നതാണ് വാസ്തവം. നിശബ്ദരായിക്കുക എന്നത് മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം ചിന്തിക്കാന്‍ കൂടി കഴിയില്ല, കാരണം അത് ഭീകരതയെ പിന്തുണക്കുന്നതിന് തുല്ല്യമാണ്.

ഭീകരവാദത്തിന്റെ ഏറ്റവും വലിയ ഇരകള്‍ മുസ്‌ലിംകളാണ്. ഭീകരവാദം കാരണത്താല്‍ രാജ്യങ്ങള്‍ ഒന്നിന് പിറകെ ഒന്നായി തകര്‍ക്കപ്പെട്ടു. ഇസ്‌ലാമിന് വേണ്ടിയെന്ന പേരില്‍ ലക്ഷകണക്കിന് മുസ്‌ലിംകളെയാണ് ഭീകരവാദികള്‍ കൊന്ന്തള്ളിയത്. ഭീകരവാദികളുടെ ആക്രമണത്തിന് നേരിട്ട് ഇരയാവാത്ത മുസ്‌ലിംകളെല്ലാം ഭീകരവാദികളെ പിന്തുണക്കുന്നവരായി സംശയിക്കപ്പെടുകയും ചെയ്യുന്നു.

ആക്രമണം എവിടെ നടന്നാലും ശരി, ആയിരക്കണക്കിന് മൈലുകള്‍ അപ്പുറത്തുള്ള ഒരു മുസ്‌ലിം സംശയിക്കപ്പെടുക തന്നെ ചെയ്യും. ദൂരത്തോടൊപ്പം, നിറം, ഭാഷ, വംശം, ദേശം അങ്ങനെ മാനവകുലത്തെ വിഭജിക്കുന്ന എല്ലാത്തിനെയും അത് അതിവര്‍ത്തിക്കും.

ഭീകരവാദത്തിന്റെ പേരില്‍ സംശയിക്കപ്പെടുന്ന കാര്യത്തില്‍ 1.6 ബില്ല്യണ്‍ വരുന്ന ആഗോള മുസ്‌ലിംകളെല്ലാം ഒന്നാണ്. 9/11മുതല്‍ക്ക് മാത്രമാണ് ഈ ആവശ്യം വര്‍ദ്ധിച്ചത്. 9/11-ന് മുമ്പ് ഒരുപാട് ഭീകരാക്രമണങ്ങള്‍ അരങ്ങേറിയിരുന്നു. പക്ഷെ അന്നൊന്നും ഇന്ന് കാണുന്നത്ര ബഹളം ഉണ്ടായിരുന്നില്ല. അതിന് മുമ്പ് അധിമാരും അതിനെ കുറിച്ച് സംസാരിച്ചിരുന്നില്ല. പക്ഷെ കഴിഞ്ഞ 15 വര്‍ഷത്തിനിടയില്‍ ഇസ്‌ലാമിന്റെ പേരില്‍ ഒരു ആക്രമണം നടക്കുമ്പോഴേക്കും, വളരെ വേഗത്തില്‍ തന്നെ മുസ്‌ലിംകള്‍ അപലപനവുമായി പാഞ്ഞെത്തും.

ഭീകരവാദവുമായി ബന്ധപ്പെട്ട മതസംവാദങ്ങള്‍, സമാധാന റാലികള്‍, സെമിനാറുകള്‍, വര്‍ക്ക്‌ഷോപ്പുകള്‍ എന്നിവ സര്‍വ്വസാധാരണമായി മാറി. ഇസ്‌ലാം ഒരു സമാധാന മതമാണെന്നും, അത് അക്രമത്തെ പിന്തുണക്കുന്നില്ലെന്നും, ഇസ്‌ലാമിന്റെ പേരിലുള്ള ഭീകരവാദത്തെ മുസ്‌ലിംകള്‍ പിന്തുണക്കുന്നില്ലെന്നുമുള്ള കാര്യങ്ങള്‍ ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ വേണ്ടി മുസ്‌ലിം സംഘടനങ്ങള്‍ തന്നെ മുന്‍കൈയ്യെടുത്ത് നടത്തുന്നതാണ് അതില്‍ മിക്കതും.

ഇന്ന്, മുസ്‌ലിംകള്‍ ഭീകരവാദത്തെ പിന്തുണക്കുന്നില്ലെന്ന കാര്യം പരസ്യമാണ്. മറ്റുള്ളവരെ പോലെ തന്നെ അവരും അതിശക്തമായി തന്നെ അതിനെ അപലപിക്കുന്നുണ്ട്. ഇനിയും ചിലര്‍ക്ക് അതില്‍ സംശയമുണ്ടെങ്കില്‍, അതവരുടെ അജ്ഞത കൊണ്ട് മാത്രമാണ്, അല്ലെങ്കില്‍ മുസ്‌ലിംകളെ അവര്‍ വെറുക്കുന്നത് കൊണ്ടാണ്.

2015 നവംബറില്‍, വാഷിംങ്ടണിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ സോഷ്യല്‍ പോളിസി ആന്റ് അണ്ടര്‍സ്റ്റാന്‍ഡിംഗിന്റെ റിസര്‍ച്ച് ഡയറക്ടര്‍ ദാലിയാ മുജാഹിദ് ഒരു അഭിമുഖത്തില്‍ പറയുകയുണ്ടായി: ‘സിവിലിയന്‍മാരെ കൊല്ലുന്നതിനെ പിന്തുണക്കുകയും ന്യായീകരിക്കുകയും ചെയ്യുന്നത് എന്നെ സംബന്ധിച്ചിടത്തോളം വളരെ ഭീകരമായ കാര്യം തന്നെയാണ്. അതേസമയം നിങ്ങളുടെ മതവിശ്വാസത്തിന്റെ പേരില്‍ നിങ്ങള്‍ സംശയിക്കപ്പെടുന്നതും ഭീകരം തന്നെയാണ്.”

അമേരിക്കയില്‍ നടന്ന ഭൂരിഭാഗം ഭീകരാക്രമണങ്ങളും എടുത്ത് നോക്കിയാല്‍, എഫ്.ബി.ഐയുടെ കണക്ക് അനുസരിച്ച്, ഭൂരിഭാഗം ആഭ്യന്തര ഭീകരാക്രമണങ്ങളും യഥാര്‍ത്ഥത്തില്‍ നടത്തിയിരിക്കുന്നത് ക്രിസ്ത്യാനികളായ വെളുത്തവര്‍ഗക്കാരാണെന്ന് കാണാം.

അതാണ് വസ്തുതകള്‍. അത്തരം കാര്യങ്ങള്‍ സംഭവിക്കുമ്പോള്‍, അക്രമികളുടെ അതേ മതത്തില്‍ വിശ്വസിക്കുന്ന മറ്റുള്ള ആളുകളെ നാം സംശയിക്കാറില്ല. അത് മര്യാദക്കേടാണെന്നാണ് നാം കരുതുന്നത്. ഇതേ സമീപനം നിരപരാധികളായ മുസ്‌ലിംകള്‍ക്ക് നേരെയും നാം സ്വീകരിക്കേണ്ടതുണ്ട്.’

വടക്ക് കഴിക്കേ ഇന്ത്യയില്‍ ഏതാണ്ട് അമ്പതിലധികം ഭീകരവാദ സംഘങ്ങളുണ്ട്. കഴിഞ്ഞ മൂന്ന് ദശാബ്ദങ്ങള്‍ക്കിടെ 10000-ലധികം ആസാമീസ് ജനങ്ങളെയാണ് യുണൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് ആസ്സാം (ഉള്‍ഫ) കൊന്ന് തള്ളിയത്. അതുപോലെ ബോഡോ ലിബറേഷന്‍ ടൈഗര്‍ (ബി.എല്‍.ടി),നാഷണല്‍ ഡമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്‍ഡ് (എന്‍.ഡി.എഫ്.ബി) തുടങ്ങിയ ഭീകരവാദ സംഘങ്ങള്‍ നിരവധി മനുഷ്യരെയാണ് കൊന്നിട്ടുള്ളത്.

ഈ ഭീകരവാദ സംഘങ്ങളൊന്നും തന്നെ തങ്ങള്‍ ഒരു പ്രത്യേക മതത്തെ പ്രതിനിധീകരിക്കുന്നവരാണെന്ന് അവകാശപ്പെട്ടിട്ടില്ല. മറിച്ച് അവരെല്ലാം ഒരു പ്രത്യേക വംശത്തെ അല്ലെങ്കില്‍ ഭാഷയെ പ്രതിനിധീകരിക്കുന്നവരാണെന്ന് അവകാശപ്പെടുന്നവരാണ്. ഒരു പ്രത്യേക വംശത്തെ, അല്ലെങ്കില്‍ ഭാഷയെ പ്രതിനിധീകരിച്ച് രക്തചൊരിച്ചില്‍ നടത്തുന്ന ഒരു ചെറിയ സംഘത്തിന്റെ ചെയ്തികളുടെ പേരില്‍ ആ വംശത്തോട് അല്ലെങ്കില്‍ ആ ഭാഷാ വിഭാഗത്തിലെ മൊത്തം ആളുകളോട് ക്ഷമാപണം നടത്താന്‍ നാം ആവശ്യപ്പെടുന്നുണ്ടോ? തീര്‍ച്ചയായും ഇല്ല!

ആ വംശത്തിലെ അല്ലെങ്കില്‍ ഭാഷാ വിഭാഗത്തിലെ ഭൂരിഭാഗം ആളുകളും നിരപരാധികളും സമാധാനപ്രിയരുമാണെന്നാണ് നാം വിശ്വസിക്കുന്നത്. അപ്പോള്‍ മുസ്‌ലിംകളുടെ കാര്യത്തിലും ഇത്തരമൊരു സമീപനം തന്നെ കൈകൊള്ളണം എന്ന് ആവശ്യപ്പെടുന്നതില്‍ എന്താണിത്ര തെറ്റുള്ളത്?

വിവ: ഇര്‍ഷാദ് കാളാച്ചാല്‍

Related Articles