Current Date

Search
Close this search box.
Search
Close this search box.

പശുവിനെ ദേശീയ മൃഗമാക്കുക

cow8m.jpg

സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ഇന്ത്യ ഒരുപാട് മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുകയുണ്ടായി. 1976-ല്‍, ‘മതേതരത്വം’ എന്ന വാക്ക് കൂട്ടിച്ചേര്‍ക്കുന്നതിന് വേണ്ടി ഭരണഘടന ഭേദഗതി ചെയ്യപ്പെട്ടു. 1988-ല്‍ വോട്ട് ചെയ്യാനുള്ള പ്രായം 21-ല്‍ നിന്നും 18 ആക്കി കുറച്ചു. 2010 മുതല്‍ക്ക് കുട്ടികളുടെ വിദ്യാഭ്യാസം സൗജന്യവും നിര്‍ബന്ധവുമായി തീര്‍ന്നു. ഇന്നിപ്പോഴിതാ മൂന്നാം ലിംഗവും ഉയര്‍ന്ന് വന്നിരിക്കുന്നു, സ്വവര്‍ഗ്ഗവിവാഹം ഇന്ത്യയില്‍ നിയവിധേയമാക്കില്ലെന്ന് ആര് കണ്ടു.

എങ്കിലും ഒരു സുപ്രധാന മാറ്റം സംഭവിക്കാന്‍ പോകുന്നേയുള്ളു- ഇന്ത്യയുടെ ദേശീയ മൃഗത്തിന്റെ കാര്യത്തില്‍ ഒരു മാറ്റം വേണം. ഇന്ത്യയെ പോലുള്ള സമാധാനം ആഗ്രഹിക്കുന്ന ഒരു രാഷ്ട്രത്തിന്റെ ദേശീയ മൃഗ പദവി കൈയ്യാളാന്‍ പാന്തേറ ടൈഗ്രിസ് ട്രൈഗിസിന് എന്ത് അര്‍ഹതയാണുള്ളത്. കടുവ ദേശീയ മൃഗ പദവിയില്‍ ഇരിക്കുന്നത് ഇന്ത്യയുടെ പരിശുദ്ധിക്ക് ചേര്‍ന്ന കാര്യമല്ല. ഈ വന്യമൃഗം ഒരു മാംസഭുക്കാണ്, ഒരു മാന്‍പേടയേയോ അല്ലെങ്കില്‍ പോത്തിനേയോ കണ്ടാന്‍ അതിന് അടങ്ങിയിരിക്കാന്‍ കഴിയില്ല. കൂടാതെ കടുവ ബീഫ് തിന്നാറുമുണ്ട്.

ദേശീയ ചിഹ്നമായി ഇത്തരമൊരു മൃഗത്തെ അവരോധിക്കുന്നതുമായി ഇന്ത്യക്ക് എങ്ങനെ പൊരുത്തപ്പെടാന്‍ സാധിക്കുന്നു? നിലവിലെ വൈകാരിക മനോഭാവത്തെ പ്രതിഫലിപ്പിക്കുന്ന യുക്തിസഹമായ ഒരു ദേശീയ മൃഗത്തെയാണ് ഇന്ത്യക്കിപ്പോള്‍ ആവശ്യം. നമ്മുടെ സമൂഹത്തെ പ്രതിനിധീകരിക്കുന്നതും, നമ്മുടെ സംസ്‌കാരത്തെ പ്രതിഫലിപ്പിക്കുന്നതുമായ ഒരു മൃഗം തന്നെയായിരിക്കണം ദേശീയ മൃഗ പദവി അലങ്കരിക്കേണ്ടത്.

ആവശ്യാനുസരണം ദേശീയ മൃഗങ്ങളെ മറ്റാന്‍ സാധിക്കും. ഗിര്‍ സിംഹം എന്നറിയപ്പെടുന്ന ഏഷ്യാറ്റിക്ക് സിംഹത്തെ മാറ്റി 1972-ല്‍ റോയല്‍ ബംഗാള്‍ ടൈഗര്‍ ഇന്ത്യയുടെ ദേശീയ മൃഗമായി സ്ഥാനമേറ്റിരുന്നു.

ഇത്തരമൊരു നടപടി നടപ്പില്‍ വരുത്താന്‍ അസാമാന്യമായ ഉള്‍ക്കരുത്തും, മനശക്തിയും അത്യന്താപേക്ഷിതമാണ്. 1972-ല്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്നു ഇന്ദിരാ ഗാന്ധിക്ക് കൈമുതലായുണ്ടായിരുന്നത് പ്രസ്തുത ഗുണങ്ങളാണ്. അന്നവര്‍ പാകിസ്ഥാന് മേല്‍ സൈനികവും, നയതന്ത്രപരവുമായ വിജയം നേടുകയുണ്ടായി. സിംഹത്തേക്കാള്‍ കൂടുതല്‍ അക്രമസ്വഭാവമുള്ള ഒരു ദേശീയ മൃഗത്തെ ഇന്ത്യക്ക് ആവശ്യമായി വന്നു. അങ്ങനെ ശക്തനും അക്രമണകാരിയുമായ കടുവക്ക് നറുക്കു വീണു. ഇന്ത്യയിലെ ഒരു സംസ്ഥാനത്ത് മാത്രമാണ് സിംഹങ്ങള്‍ പാര്‍ക്കുന്നത്, അതേ സമയം 16 സംസ്ഥാനങ്ങളില്‍ കടുവങ്ങള്‍ വിലസി നടന്നിരുന്നു.

ഇപ്പോള്‍ ഇന്ത്യക്ക് ഒരു ശക്തനായ ഭരണാധികാരിയുണ്ട്. ഇന്ത്യയുടെ ദേശീയ മൃഗത്തെ മാറ്റാന്‍ ആര്‍ക്കെങ്കിലും കഴിയുമെങ്കില്‍, അത് നരേന്ദ്ര മോദി മാത്രമാണ്.

ഏത് മൃഗമായിരിക്കും ഇന്ത്യയുടെ ദേശീയ മൃഗം എന്നതാണ് ചോദ്യം? ഇന്ത്യയുടെ ദേശീയ മൃഗ പദവിയില്‍ ഇരിക്കാന്‍ മാത്രം യോഗ്യത ഏത് മൃഗത്തിനാണുള്ളത്? ഉത്തരം വളരെ ലളിതമാണ് – പശു. പശു നമുക്ക് പാല്‍ തരുന്നുണ്ട്, അത് സസ്യഭുക്കാണ്, അത് അമറുമ്പോള്‍ പാല്‍ തൈരായി മാറുകയില്ല. ഭാരത മാതാവിന്റെ തെരഞ്ഞെടുക്കപ്പെട്ട മൃഗമാവാന്‍ യോഗ്യത ഗോ മാതാവിന് മാത്രമാണ്.

മാംസഭുക്കാണ്, ഒരു ഗാന്ധിയാല്‍ തെരഞ്ഞെടുക്കപ്പെട്ടതാണ് തുടങ്ങിയ ന്യൂനതകള്‍ മാറ്റി നിര്‍ത്തിയാലും, ഒരു എണ്ണത്തിന്റെ പ്രശ്‌നം കൂടി ഇവിടെയുണ്ട്. 40 വര്‍ഷം സംരക്ഷിച്ചിട്ടും, ആകെ 2000-ല്‍ താഴെ കടുവകളാണ് ഇന്ത്യയിലുള്ളത്. അതേ സമയം നൂറ്റാണ്ടുകളോളം ഒരു ന്യൂനപക്ഷ വിഭാഗത്തിന്റെ ഇഷ്ടഭക്ഷണമായിരുന്നിട്ട് കൂടി ഇന്ത്യയില്‍ ഇന്ന് 300 മില്ല്യണ്‍ പശുക്കളുണ്ട്. അര്‍ഹതയുള്ളത് അതിജീവിക്കും എന്നാണല്ലോ സിദ്ധാന്തം.

പശുവിനെ ദേശീയമൃഗമായി പ്രഖ്യാപിക്കാനുള്ള സുവര്‍ണ്ണാവസരമാണ് ഇക്കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തില്‍ മോദി നഷ്ടപ്പെടുത്തിയത്. എങ്കില്‍ പിന്നെ ആര്‍ക്കും ബീഫ് കഴിക്കാന്‍ സാധിക്കുകയില്ല, കാരണം ഒരു ദേശീയ ചിഹ്നത്തെ ആഹരിക്കാന്‍ നിങ്ങള്‍ക്കൊരിക്കലും കഴിയില്ല (ആരും കടുവയെ ഭക്ഷിക്കുന്നില്ലല്ലോ). ഒരു പശു ചാവുകയാണെങ്കില്‍, എല്ലാവിധ ബഹുമതികളോടെയുമായിരിക്കും ശവസംസ്‌കാരം നടക്കുക. ശവമടക്കുന്നതുമായി ബന്ധപ്പെട്ട് ചിലര്‍ ഉയര്‍ത്തുന്ന ഭീഷണികളൊന്നും അപ്പോള്‍ വിലപോവില്ല. ഒറ്റവെടിക്ക്, ഇന്ത്യയിലെ ദലിതുകളും മുസ്‌ലിംകളും ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ സാധിക്കും.

പശു ഒരുപാട് അര്‍ഹിക്കുന്നുണ്ട്; ഇന്ത്യയേക്കാള്‍ ചെറിയ നേപ്പാളിന്റെ ഇപ്പോഴത്തെ ദേശീയ മൃഗം പശുവാണ്. 2015-ലെ അവരുടെ പുതിയ ഭരണഘടന പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിച്ചു. പക്ഷെ അന്ന് റാം ഭരണ്‍ യാദവ് ആയിരുന്നു പ്രസിഡന്റ്. ഇപ്പോള്‍ മാവോയിസ്റ്റുകളില്‍ നിന്നുള്ള ഒരാളാണ് പ്രധാനമന്ത്രിയെങ്കിലും, പശുവിനെ മാറ്റി ഹിപ്പൊപൊട്ടാമസിനെ ദേശീയ മൃഗമാക്കണമെന്ന് ആരും പറയുന്നില്ല.

ഇന്ത്യയെ ഉന്നതയിലെത്തിക്കുമെന്നാണ് നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം. പൗരാണിക മൂല്യങ്ങളെ അറിഞ്ഞാദരിക്കുന്നതിലാണ് ഇന്ത്യയുടെ ഉന്നതിയും, മഹത്വവും കുടികൊള്ളുന്നത്. പശുവിനെ അത് അര്‍ഹിക്കുന്ന സ്ഥാനത്തേക്ക് മോദിയും ഇന്ത്യയും ഉയര്‍ത്തേണ്ടതുണ്ട്. പശു ഇന്ത്യയുടെ മാത്രം ദേശീയ മൃഗമായാല്‍ പോര, പശുവിനെ അന്താരാഷ്ട്ര മൃഗം ആയി ഉയര്‍ത്താനുള്ള കാമ്പയിനിന് നാം തുടക്കം കുറിക്കേണ്ടതുണ്ട്. കാലഘട്ടം തേടുന്ന ഒരു അനിവാര്യതയാണത്.

വിവ: ഇര്‍ഷാദ് ശരീഅത്തി
അവ: dailyo.in

Related Articles