Current Date

Search
Close this search box.
Search
Close this search box.

നരകതുല്ല്യമാണ് ഗസ്സയിലെ ജീവിതം

Rajaa-Abu-Khalil-afamily.jpg

തന്റെ ഉപ്പയെ ഇനി ഒരിക്കലും കാണാന്‍ കഴിയില്ലെന്ന കാര്യം ഇനാസ് അബു മുഹാദിക്ക് അറിയില്ല. ഉപ്പക്ക് ഒരു സ്‌കൂട്ടര്‍ ഉണ്ടായിരുന്ന കാര്യം അവള്‍ക്ക് ഓര്‍മയുണ്ട്. ഓരോ തവണ ഏതെങ്കിലും സ്‌കൂട്ടറിന്റെ ശബ്ദം കേള്‍ക്കുമ്പോഴെല്ലാം തന്റെ ഉപ്പയാണ് ആ വരുന്നതെന്ന് അവള്‍ പ്രതീക്ഷിക്കും. 2013 ജൂലൈ മാസത്തിലാണ് ഈ പെണ്‍കുട്ടിയുടെ ഉപ്പ മരണപ്പെട്ടത്.

‘ആ ദിവസത്തിന് ശേഷം ഞങ്ങളുടെ ജീവിതം ആകെ തകിടം മറിഞ്ഞു.’ അവളുടെ ഉമ്മ റജാ അബു ഖലീല്‍ പറഞ്ഞു. ‘ഇപ്പോള്‍ അവളുടെ ഉപ്പയും ഉമ്മയും ഞാന്‍ തന്നെയാണ്. ഈ ഭാരം താങ്ങാവുന്നതിനും അപ്പുറമാണ്. ഞാന്‍ ശരിക്കും തളര്‍ന്നു കഴിഞ്ഞു’

ഭര്‍ത്താവിനെ നഷ്ടപ്പെട്ടത് കൂടാതെ, ഈ ദമ്പതികളും അവരുടെ ആറ് മക്കളും താമസിച്ചിരുന്ന ഗസ്സ പട്ടണത്തിലെ ദേര്‍ അല്‍ബലാഹിലെ അവരുടെ വീട് 2014-ല്‍ ഗസ്സക്ക് മേല്‍ ഇസ്രായേല്‍ നടത്തിയ 51 ദിവസം നീണ്ടു നിന്ന മനുഷ്യത്വരഹിതമായ ആക്രമണപരമ്പയില്‍ ബോംബാക്രമണത്തില്‍ തകര്‍ക്കപ്പെടുകയും ചെയ്തു.

ഇപ്പോള്‍ 12 വയസ്സുള്ള അവരുടെ മകന്‍ മുഹമ്മദിന്റെ മാനസിക നിലതെറ്റി. മാനസികാഘാതം സംഭവിച്ചവരെ കൊണ്ട് ഗസ്സ നിറഞ്ഞ് കവിഞ്ഞിരിക്കുകയാണ്. 2008 ഡിസംബറിന് ശേഷം മൂന്ന് തവണയാണ് ഇസ്രായേല്‍ ഗസ്സക്ക് മേല്‍ അതിക്രൂരമായ ബോംബാക്രമണം നടത്തിയത്.

2014-ല്‍ ഗസ്സക്ക് മേല്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തിന്റെ ഫലമായി ഗസ്സയിലെ ജനസംഖ്യയുടെ 20 ശതമാനം പേര്‍ക്ക്, അതായത് ഏകദേശം 360000 പേര്‍ക്ക് മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ സംഭവിച്ചതായി ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. റജായും അവരുടെ മക്കളും അവരുടെ വീട് ഉപേക്ഷിച്ചു കഴിഞ്ഞു. ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ വീട് തകര്‍ന്നതിനെ തുടര്‍ന്ന് ഫലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന യു.എന്‍ ഏജന്‍സിയായ UNRWA നടത്തുന്ന ഒരു സ്‌കൂളില്‍ അവര്‍ അഭയം തേടി.

ഈ കുടുംബത്തിന്റെ വീട് ഇപ്പോഴും പുനര്‍നിര്‍മിച്ചിട്ടില്ല. ഇന്ന് റജായും അവരുടെ മക്കളും ഒരു കാരവനിലാണ് താമസിക്കുന്നത്. ‘ഇത് താല്‍ക്കാലികമായിരിക്കുമെന്ന് കരുതിയാണ് ഇങ്ങോട്ട് പോന്നത്. പക്ഷെ ഈ ജീവിതം അവസാനിക്കുമെന്ന് തോന്നുന്നില്ല. ശ്മശാന സമാനമായ ഇടത്തിലാണ് ഞങ്ങള്‍ ജീവിക്കുന്നത്’ റജാ പറഞ്ഞു.

എട്ട് മീറ്റര്‍ നീളവും ആറ് മീറ്റര്‍ വീതിയുമുള്ള കാരവന്‍ ‘വേനല്‍ കാലത്ത് ഒരു ഓവനായും, തണുപ്പ് കാലത്ത് ഫ്രിഡ്ജായും മാറും’.

ചൂട് കാലത്ത്, കാരവനിനുള്ളില്‍ എലികളും, പ്രാണികളും, പാമ്പുകളും സ്ഥിരം സന്ദര്‍ശകരായിരിക്കും. കുട്ടികളുടെ ശരീരം ചൂട് കൊണ്ട് തടിച്ച് തിണര്‍ക്കും. മഴകാലത്ത് കാരവനില്‍ വെള്ളം കയറി വെള്ളപ്പൊക്ക സമാനമായിരിക്കും അവസ്ഥ.

ഈ അതിദുസ്സഹമായ സാഹചര്യത്തില്‍ ജീവിക്കുന്ന കുട്ടികളുടെ കാര്യമാണ് ഏറെ കഷ്ടം. ‘സ്വന്തമായി ഒരു ഒറ്റമുറിയെങ്കിലും കിട്ടിയിരുന്നെങ്കില്‍ എന്ന് മാത്രമാണ് എന്റെ ആഗ്രഹം. എന്റെ പുസ്തകങ്ങള്‍ വൃത്തിയായി സൂക്ഷിക്കാനും, സ്വസ്ഥമായി ഹോംവര്‍ക്കുകള്‍ ചെയ്യാനും കഴിയുന്ന ഒരു സ്ഥലം’ റജായുടെ 9 വയസ്സുകാരനായ മകന്‍ അഹ്മദ് പറഞ്ഞു.

‘ഒരിക്കല്‍ എന്റെ ഉമ്മ എന്നെ കാണാന്‍ വന്നിരുന്നു. ഉമ്മയുടെ മുന്നില്‍ ഞാന്‍ ആകെ വഷളായി പോയി. രാത്രി അവര്‍ക്ക് ഉറങ്ങാന്‍ പറ്റിയ ഒരു സ്ഥലം ഏര്‍പ്പാടാക്കി കൊടുക്കാന്‍ പോലും എനിക്ക് കഴിഞ്ഞില്ല.’ രജാ കൂട്ടിച്ചേര്‍ത്തു.

മൂന്ന് മൈലുകള്‍ അപ്പുറത്തുള്ള നുസൈറത്ത് അഭയാര്‍ത്ഥി ക്യാമ്പിലാണ് റജായുടെ ഉമ്മ ജീവിക്കുന്നത്.

2014-ല്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഗസ്സയിലെ 142000 വീടുകളാണ് തകര്‍ന്നത്. അതില്‍ 9000 വീടുകള്‍ പൂര്‍ണ്ണമായും നാമാവശേഷമായി. മറ്റുള്ളവ ഭാഗികമായ കേടുപാടുകളോടെ വാസയോഗ്യമല്ലാത്ത രീതിയില്‍ അവശേഷിച്ചു.

‘പൂര്‍ണ്ണമായും തകര്‍ന്നവയില്‍ ചുരുക്കം ചിലത് മാത്രമാണ് പുനര്‍നിര്‍മിക്കാന്‍ കഴിഞ്ഞത്’ UNRWA അറിയിച്ചു. ‘ഇതിന് രണ്ട് കാരണങ്ങളാണ് ഉള്ളത്: ഫണ്ടുകളുടെ ലഭ്യതക്കുറവും, നിര്‍മാണ സാമഗ്രികള്‍ക്ക് ഗസ്സയിലേക്കുള്ള പ്രവേശനാനുമതി ലഭിക്കാത്തതുമാണ് മുഖ്യകാരണങ്ങള്‍.’

2014 ആഗസ്റ്റിലെ വെടിനിര്‍ത്തലിന് ശേഷം രണ്ട് മാസം കഴിഞ്ഞ്, ഗസ്സയുടെ പുനര്‍നിര്‍മാണത്തിന് മൂന്നാംകക്ഷി രാഷ്ട്രങ്ങള്‍ 3.5 ബില്ല്യണ്‍ ഡോളര്‍ വാഗ്ദാനം ചെയ്തിരുന്നു. മാര്‍ച്ച് മാസം അവസാനിക്കുമ്പോള്‍, വാഗ്ദാനം ചെയ്യപ്പെട്ടതില്‍ 69 ശതമാനം മാത്രമാണ് ഗസ്സക്ക് ലഭിച്ചത്.

അതേസമയം ഗസ്സയിലേക്കുള്ള നിര്‍മാണ സാമഗ്രികളുടെ ഇറക്കുമതിയില്‍ ഇസ്രായേല്‍ നിയന്ത്രണം കൊണ്ടുവന്നു. ഇറക്കുമതി ചെയ്യപ്പെടുന്നവയില്‍ ഹമാസിനും, മറ്റു ചില സായുധ സംഘങ്ങള്‍ക്കും ഉപകാരപ്പെടുന്ന സാധനങ്ങള്‍ ഉണ്ടെന്നാണ് ഇസ്രായേലിന്റെ ന്യായീകരണം.

ഗസ്സയിലേക്കുള്ള കോണ്‍ക്രീറ്റ്, സ്റ്റീല്‍ ബാറുകള്‍, ഇലക്ട്രിക്കല്‍ സാമഗ്രികള്‍, പൈപ്പുകള്‍, ഒരു സെന്റീമീറ്ററില്‍ അധികം വണ്ണമുള്ള മരത്തടി എന്നിവയുടെ അളവില്‍ ഇസ്രായേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

UNRWA-യുടെ റിപ്പോര്‍ട്ട് പ്രകാരം, 2014-ലെ ആക്രമണത്തില്‍ വീട് നഷ്ടപ്പെട്ട 8000 കുടുംബങ്ങള്‍ക്ക് ഇപ്പോഴും വീട് ലഭിച്ചിട്ടില്ല. 2016 പകുതി കഴിഞ്ഞിട്ടും താല്‍ക്കാലിക പാര്‍പ്പിട സൗകര്യത്തിനുള്ള സാമ്പത്തിക സഹായവും അവര്‍ക്ക് ലഭിച്ചിട്ടില്ല.

വീട് നഷ്ടപ്പെട്ടവര്‍ക്കിടയില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ വ്യാപകമാണെന്ന് ഗസ്സന്‍ ആരോഗ്യമന്ത്രാലയ വക്താവ് അഷ്‌റഫ് അല്‍ഖദ്‌റ പറഞ്ഞു. കാരവനുകളില്‍ താമസിക്കുന്നവരുടെ ഇടയില്‍ നിന്നുള്ള 300 മുതല്‍ 400 പേരാണ് ഓരോ മാസവും ശ്വാസകോശ സംബന്ധവും, കുടല്‍ സംബന്ധവുമായ അസുഖങ്ങളെ തുടര്‍ന്ന് ഗസ്സയിലെ ആശുപത്രികളില്‍ അഡ്മിറ്റാവുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരം ജീവിത സാഹചര്യങ്ങളില്‍ ജീവിക്കുന്നവരുടെ അടുക്കലേക്ക് വൈദ്യം സഹായം എത്തിക്കാന്‍ പര്യാപ്തമായ സൗകര്യങ്ങള്‍ ആരോഗ്യമന്ത്രാലയത്തിന് ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

കാരവനുകളുടെ സുരക്ഷയെ സംബന്ധിച്ച് ആശങ്കകള്‍ ഉയര്‍ന്നിരുന്നു. മെയ് മാസത്തില്‍, വടക്കന്‍ ഗസ്സയിലെ ബൈത്ത് ഹനൂനില്‍ കാരവന്റെ ഒരു ഭാഗം തകര്‍ന്ന് വീണ് അതിനടിയില്‍ പെട്ട് ഏഴ് വയസ്സുകാരനായ മജ്ദി അല്‍മസ്‌റി അതിദാരുണമായി കൊല്ലപ്പെടുകയുണ്ടായി. 2014 ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തിലാണ് അല്‍മസ്‌റിയുടെ വീടും തകര്‍ന്നത്.

2014-ലെ ആക്രമണത്തെ തുടര്‍ന്ന് യുദ്ധകാലാടിസ്ഥാനത്തില്‍ കൂട്ടിച്ചേര്‍ത്തുണ്ടാക്കിയതാണ് കാരവനുകളില്‍ പലതുമെന്ന് ബൈത്ത് ഹനൂന്‍ മുനിസിപ്പാലിറ്റി പ്രതിനിധി സുഫ്‌യാന്‍ ഹമദ് സൂചിപ്പിച്ചു.

കാരവനിലെ ഈ ദുരിത ജീവിതം എത്രകാലം ഇനിയും നീണ്ടുപോകുമെന്ന് റജാ അബൂ ഖലീലിന് അറിയില്ല. തകര്‍ന്ന് പോയ വീടിനെ സംബന്ധിച്ച് UNRWA അവരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചിരുന്നു, പക്ഷെ എപ്പോഴാണ് അവരുടെ വീട് പുനര്‍നിര്‍മിച്ച് നല്‍കാന്‍ കഴിയുകയെന്ന് അവര്‍ കൃത്യമായി പറയാന്‍ സാധിക്കുന്നില്ല.

‘പുനര്‍നിര്‍മാണത്തിന് ആവശ്യമായ സിമന്റ് കിട്ടാനില്ല. എല്ലാം വാഗ്ദാനങ്ങള്‍ മാത്രമാണ്. ഒന്നും തന്നെ യാഥാര്‍ത്ഥ്യമായിട്ടില്ല’ അവര്‍ പറഞ്ഞു.

(ഗസ്സയില്‍ നിന്നുള്ള സ്വതന്ത്ര മാധ്യമപ്രവര്‍ത്തകയും, വിവര്‍ത്തകയുമാണ് സാറാ അല്‍ഗര്‍ബാവി.)

വിവ: ഇര്‍ഷാദ് കാളാചാല്‍

Related Articles