Current Date

Search
Close this search box.
Search
Close this search box.

ഡല്‍ഹിക്കടുത്ത് ഒറ്റ രാത്രി കൊണ്ടു അഭയാര്‍ത്ഥികളായ നൂറു കണക്കിന് മുസ്‌ലിംകള്‍

refugees.jpg

സംശയം ജനിപ്പിക്കുന്ന സാധാരണത്തമായിരുന്നു ആ വൈകുന്നേരത്തിന്. മെയ് 25, ആറു മണിയോടെ ഹരിയാനയിലെ ഫരീദാബാദ് ജില്ലയിലെ ബല്ലഭ്ഗഢിലെ അഠാലി ഗ്രാമത്തിലെ ആളുകള്‍ അവരുടെ കാലികളെ മേക്കാനിറങ്ങിയതായിരുന്നു. ചിലര്‍ അത്താഴമുണ്ടാക്കുന്ന പണികളിലായിരുന്നു. സാഹിദ പര്‍വീണ്‍ വീടിന്റെ മുകള്‍ തട്ടില്‍ അസര്‍ നമസ്‌കരിച്ച് കഴിഞ്ഞതേയുണ്ടായിരുന്നുള്ളൂ. പെട്ടെന്നാണ് വലിയൊരു ശബ്ദമുണ്ടായത്.

‘ഞാന്‍ പുറത്തേക്ക് നോക്കുമ്പോള്‍ കല്ലും വടിയും വാളുകളുമായി 14-15 ആളുകള്‍ വീടിന്റെ ഗേറ്റ് കടന്ന് വരുന്നത് കണ്ടു.’ ചെറുപ്പക്കാരിയായ പര്‍വീണ്‍ പറയുന്നു. ‘താഴത്തെ നിലയുടെ വാതില്‍ തകര്‍ക്കുന്ന ശബ്ദം കേട്ടു. മുകള്‍ തട്ടിലേക്കുള്ള വാതില്‍ കുറ്റിയിട്ട് അവള്‍ അവിടെ പതുങ്ങിയിരുന്നു. ചില്ലുകള്‍ ഉടക്കുന്നതിന്റെയും സാധനസാമഗ്രികള്‍ തകര്‍ക്കുന്നതിന്റെയും ശബ്ദം താഴെ നിന്ന് കേള്‍ക്കാമായിരുന്നു. അവള്‍ ഇരിക്കുന്നേടത്തേക്ക് ആളുകള്‍ വരുന്നതിന്റെ ശബ്ദമവള്‍ ഭീതിയോടെ കേട്ടു. അവര്‍ വാതില്‍ തകര്‍ത്തു. ഞാന്‍ ബാത്ത്‌റൂമിനകത്ത് ഒളിച്ചിരുന്നു. എന്റെ മുറിയില്‍ കയറി, ഇവറ്റകള്‍ നമ്മുടെ കൈകൊണ്ട് ചാവുന്നില്ലെങ്കില്‍ തീയില്‍ കിടന്ന് ചാവട്ടെ എന്ന് അവര്‍ ആക്രോശിക്കുന്നത് കേട്ടു.’

പുറത്ത് എല്ലാ അതിക്രമങ്ങളും നടന്ന് കൊണ്ടിരിക്കെ എത്ര നേരം ബാത്ത്‌റൂമില്‍ തന്നെ ഒളിച്ചിരുന്നെന്ന് ഓര്‍മയില്ലെന്ന് പര്‍വീണ്‍ പറയുന്നു. മണിക്കൂറുകള്‍ക്ക് ശേഷം പൊലീസ് എത്തിയതിന് ശേഷമാണ് പര്‍വീണും ബന്ധുക്കളും അവിടെ നിന്ന് രക്ഷപ്പെട്ടത്. മൂന്ന് ദിവസങ്ങള്‍ക്ക് ശേഷവും ബല്ലാബര്‍ഗ് പൊലീസ് സ്റ്റേഷനില്‍ ഭീതിയോടെ കഴിയുകയാണ് പര്‍വീണും മറ്റ് 200 മുസ്‌ലിംകളും.

സ്വന്തം നഗരത്തില്‍ അഭയാര്‍ഥികളായവര്‍
കത്തുന്ന ചൂടില്‍ പൊലീസ് സ്റ്റേഷന്റെ മുന്നിലുള്ള പുല്ലില്‍ മുസ്‌ലിംകളിലെ ആണുങ്ങള്‍ ചെറിയ കൂട്ടങ്ങളായി ഇരിക്കുന്നു. അവിടെ നിന്നും അല്‍പം മാറി നൂറോളം സ്ത്രീകളും. നിലത്ത് പാഴ്ത്തുണി വിരിച്ച് നേരിയ തുണി വെയിലിന് മറയാക്കിയാണ് ഇരിക്കുന്നത്. സംഭവദിവസം ധരിച്ചിരുന്ന സ്‌കൂള്‍ യൂണിഫോമില്‍ തന്നെ കുട്ടികള്‍ സ്ത്രീകളെ ചുറ്റിപറ്റി നില്‍ക്കുന്നു. സാമൂഹ്യപ്രവര്‍ത്തകര്‍ വിതരണം ചെയ്ത പഴവും വെള്ളപാക്കറ്റുകളും ഒരു മൂലയില്‍ വെച്ചിരിക്കുന്നു.

എല്ലാവര്‍ക്കും പറയാനുണ്ടായിരുന്നത് ഒരേ കഥ. തിങ്കളാഴ്ച ജാട്ട് വിഭാഗത്തിലെ മുന്നൂറോളം ആളുകള്‍ അഠാലി ഗ്രാമത്തിലെ മുസ്‌ലിംകളെയും അവരുടെ വസ്തുവകകളും നശിപ്പിച്ച് അക്രമമഴിച്ചുവിട്ടു. 20ലധികം മുസ്‌ലിംകള്‍ അക്രമത്തിന്റെ ഇരകളായി പൊള്ളലും വെട്ടുകളുമേറ്റ് സമീപത്തുള്ള ബികെ ഹോസ്പിറ്റലില്‍ ചികിത്സയിലാണ്.

രക്ഷപ്പെടാനുള്ള ശ്രമത്തിനിടയില്‍ പര്‍വീണിന്റെ ഭര്‍തൃസഹോദരി നഈമയുടെ ഇടതുകാല്‍ പാദത്തിന് ചതവ് പറ്റി. അയല്‍വാസിയായ സമീനയുടെ കൈയ്യില്‍ വലിയപാടുകളുണ്ട്. കല്ലേറില്‍ കുറേ പേരുടെ മുഖത്തും പുറംഭാഗത്തും പരിക്കുകളുണ്ട്.

അറുപത്തഞ്ച് വയസ്സുള്ള നാന്‍ഹോയും ഒമ്പത് വയസ്സുള്ള സമയും അവര്‍ രക്ഷപ്പെട്ടതെങ്ങനെയെന്ന് വിവരിക്കുന്നു: ‘അവര്‍ വലിയ കല്ലുകളെറിഞ്ഞു. 12 ഗ്രാമത്തിലെ ആളുകള്‍ ചേര്‍ന്നാണ് ജാട്ടുകള്‍ ഞങ്ങളെ ആക്രമിച്ചത്. ജീവനും മാനവും കൊണ്ടു രക്ഷപ്പെടാന്‍ ഞങ്ങളുടെ പെണ്‍കുട്ടികള്‍ ഭയന്നോടി.’

അക്രമികളില്‍ നിന്നും രക്ഷിക്കണേയെന്ന് ഗ്രാമത്തിലുണ്ടായിരുന്ന പൊലീസുകാരോട് കേണപേക്ഷിച്ചെങ്കിലും അവര്‍ കേട്ടില്ലെന്ന് ഹസീന പറയുന്നു. ‘ഞാന്‍ പൊലീസുകാരുടെ കൈയ്യില്‍ പിടിച്ച് അപേക്ഷിച്ചു. പക്ഷെ അവര്‍ ഞങ്ങളെ അവഗണിച്ചു.’

തുറന്ന് കിടക്കുന്ന തങ്ങളുടെ വീടുകളും മേയാന്‍ വിട്ട കാലികളെ കുറിച്ചോര്‍ത്തും ചിലര്‍ ആശങ്കപ്പെടുകയാണ്. പക്ഷെ അവര്‍ക്ക് തിരികെപോകാനാവില്ല. നിരവധി പൊലീസ് ബറ്റാലിയനുകളെ നിയോഗിച്ചിട്ടും ഗ്രാമത്തിന്റെ അതിര്‍ത്തിപ്രദേശങ്ങളില്‍ അക്രമം തുടരുന്നത് കൊണ്ട് ഗ്രാമീണര്‍ തങ്ങളുടെ ജീവനെ കുറിച്ചുള്ള ഭീതിയിലാണിപ്പോഴും. വീടുകള്‍ പുനരുദ്ധരിക്കുന്നത് വരെ സ്‌കൂളിലേക്ക് ഇരകളെ മാറ്റിപാര്‍പ്പിക്കാമെന്ന് പൊലീസ് ചൊവ്വാഴ്ച പറഞ്ഞപ്പോള്‍ അവര്‍ കൂട്ടാക്കിയില്ല. ജാട്ടുകള്‍ ഇപ്പോഴും ഞങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. സ്‌കൂളിനകത്തിട്ട് കുടുക്കി അവര്‍ ഞങ്ങളെ ഇനിയുമാക്രമിക്കുമെന്ന് റുക്‌സാന പറയുന്നു. ‘രണ്ട് സ്ത്രീകളും പുരുഷന്മാരും പൊലീസ് അകമ്പടിയില്‍ ഇന്നലെ ഗ്രാമത്തിലേക്ക് പോയപ്പോള്‍ വീടിന്റെ മുകളില്‍ നിന്ന് ജാട്ടുകള്‍ നിരീക്ഷിക്കുന്നത് അവര്‍ കണ്ടു.’

വര്‍ഗീയ രാഷ്ട്രീയം
തിങ്കളാഴ്ചത്തെ അക്രമത്തിന്റെ അടയാളങ്ങള്‍ വേണ്ടുവോളം അഠാലിയില്‍ അവശേഷിക്കുന്നുണ്ട്. ഗ്രാമത്തിന്റെ മധ്യത്തില്‍ പണിതുകൊണ്ടിരിക്കുകയായിരുന്ന പള്ളി ആക്രമിക്കപ്പെട്ടു. ചെറിയൊരു ക്ഷേത്രത്തിനും കുളത്തിനും സമീപത്തുള്ള പള്ളിയുടെ താങ്ങുകള്‍ തകര്‍ത്തിരിക്കുന്നു. പള്ളിയുടെ പേരുപതിച്ച ഫലകത്തില്‍ കരിയൊഴിച്ചിരിക്കുന്നു.

പള്ളി നിര്‍മാണത്തിനെതിരെയുള്ള ജാട്ടുകളുടെ എതിര്‍പ്പാണ് ആക്രമണത്തിന് കാരണമെന്ന് ഗ്രാമീണര്‍ പറയുന്നു. സ്ഥലത്ത് മുമ്പ് ചെറിയൊരു മുസ്‌ലിം ജാറമുണ്ടായിരുന്നു. ഇതേ സ്ഥലത്ത് ഫഖീര്‍ മുസ്‌ലിംകള്‍ പ്രാര്‍ത്ഥിക്കാറുണ്ടായിരുന്ന ചെറിയൊരു കെട്ടിടം 92-93ലെ മുംബൈ കലാപാനന്തരം തകര്‍ക്കപ്പെട്ടിരുന്നത് കൃഷിക്കാരനായ ഷേര്‍ സിങ് ഓര്‍ക്കുന്നു. അന്ന് അത് പുനര്‍നിര്‍മിക്കാനായി 10,000 രൂപ ഗ്രാമീണര്‍ ശേഖരിച്ചു.

2010 പ്രാദേശിക തെരഞ്ഞെടുപ്പിന് മുന്നോടിയായി പള്ളിനിര്‍മാണം ജാട്ടുകള്‍ക്കും മുസ്‌ലിംകള്‍ക്കുമിടയില്‍ തര്‍ക്കവിഷയമായി. 2015 ആഗസ്റ്റില്‍ വരാനിരിക്കുന്ന തെരഞ്ഞടുപ്പിനു മുന്നോടിയാണ് ഇപ്പോഴത്തെ ആക്രമണവുമെന്ന് എല്ലാ ഗ്രാമീണരും അഭിപ്രായപ്പെടുന്നു. ഇവിടെ മുസ്‌ലിംകള്‍ക്ക് 400 വോട്ടുണ്ട്. 3000 മാത്രം ജനസംഖ്യയുള്ള പ്രദേശത്ത് 400 വോട്ട് നിര്‍ണായകമാകുമെന്ന് രണ്ടു സ്ഥാനാര്‍ത്ഥികള്‍ക്കുമറിയാം. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലും മത്സരിക്കുന്നത് കഴിഞ്ഞ തെരഞ്ഞെടുപ്പിലും മത്സരിച്ച ജാട്ട് വിഭാഗക്കാരായ രാജേഷ് ചൗധരിയും പെഹ്ലാദ് സിങ്ങുമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്ത് പള്ളിനിര്‍മാണത്തിന് അനുകൂലമായിരുന്ന പെഹ്ലാദ് സിങ്ങ് ഇത്തവണ അതിനെതിരാണ്.

ജനങ്ങളെ വിഡ്ഢികളാക്കാന്‍ ഓരോ അഞ്ച് വര്‍ഷവും ഈ വിഷയം കുത്തിപ്പൊക്കുകയാണെന്ന് ബഹുജന്‍ സമാജ് പാര്‍ട്ടിയുടെ എംഎല്‍എ ടേക് ഛന്ദ് ശര്‍മ പറയുന്നു. ചുരുങ്ങിയത് 30 വര്‍ഷമായി ആ പള്ളി അവിടെയുണ്ട്. നികുതിരേഖകളിലും അതിന്റെ രേഖകളുണ്ട്. 90 അംഗ ഹരിയാന നിയമസഭയിലെ ഏക ബിഎസ്പി അംഗമായ ശര്‍മ പറയുന്നു. സംസ്ഥാനത്ത് ബിഎസ്പി ബിജെപിക്കൊപ്പമാണ്.

പള്ളി നിര്‍മാണം തടയണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ പ്രാദേശിക തെരഞ്ഞെടുപ്പ് സമയത്ത് ഗ്രാമത്തിലെ ജാട്ടുകളും പണ്ഡിറ്റുകളും ചേര്‍ന്ന് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. പള്ളിയുടെ തൂണുകളുടെ പണികളെല്ലാം അപ്പോഴേക്കും പണിതിരുന്നെങ്കിലും പണി തടസ്സപ്പെട്ടു. എന്നാല്‍ ഹരജിക്കാര്‍ക്കെതിരായി കോടതി വിധി വന്നതോടെ പള്ളി നില്‍ക്കുന്ന സ്ഥലം പഞ്ചായത്തിന്റേതാണോ വഖഫ് ബോര്‍ഡിന്റേതാണോ എന്ന് ചോദ്യം ചെയ്ത് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റില്‍ മറ്റൊരു ഹരജി ഫയല്‍ ചെയ്തു. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ സ്ഥലം വഖഫ് ബോര്‍ഡിന്റേതാണെന്ന് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന്റെ വിധി വന്നു.

കഴിഞ്ഞ കുറച്ച് ആഴ്ചകളിലായി പള്ളിയെ ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമായി.

മെയ് 21ന്, ആക്രമണത്തിന് നാലു ദിവസം മുമ്പ് പള്ളിയുടെ നിര്‍മാണത്തിന് സംരക്ഷണം നല്‍കുന്നതിന് 30 പൊലീസുകാരെ വിന്യസിച്ചു. പിറ്റേദിവസം, ബല്ലാഭ്ഗര്‍് പൊലീസ് സ്റ്റേഷനില്‍ വെച്ച് ഇരു സമുദായങ്ങളെയും ഒരുമിച്ചിരുത്തിയുള്ള മീറ്റിങ് തന്റെ അധ്യക്ഷതയില്‍ ചേര്‍ന്നതായി ഡെപ്യൂട്ടി കമീഷണര്‍ ഭുപീന്ദര്‍ സിങ് പറയുന്നു. മീറ്റിങ്ങില്‍ വെച്ച് ഇപ്പോഴത്തെ സര്‍പഞ്ച് രാജേഷ് ചൗധരി, കോടതിവിധിപ്രകാരം പള്ളിയുടെ നിര്‍മാണവുമായി മുസ്‌ലിംകള്‍ക്ക് മുന്നോട്ട് പോകാമെന്ന് പ്രസ്താവന നടത്തി. എന്നാല്‍ മെയ് 25ന് പള്ളിയുടെ നിര്‍മാണം പുരോഗമിക്കെ അക്രമിസംഘം പള്ളി ആക്രമിച്ചപ്പോള്‍ പൊലീസ് കാഴ്ചക്കാരായി നിന്നു.

ആഴത്തിലുള്ള വിഭജനം
തിങ്കളാഴ്ചയുണ്ടായ കല്ലേറില്‍ ചുരുക്കം ഹിന്ദുവീടുകള്‍ക്ക് നേരെയും കല്ലേറുകളുണ്ടായെങ്കിലും കൂടുതല്‍ നാശനഷ്ടം സംഭവിച്ചത് മുസ്‌ലിം പള്ളിക്കും ചുറ്റുവട്ടത്തുള്ള 17 മുസ്‌ലിം വീടുകള്‍ക്കും തന്നെയാണ്. ഉപേക്ഷിക്കപ്പെട്ട് തുറന്ന് കിടക്കുന്ന ഈ വീടുകളിലിപ്പോഴും കരിഞ്ഞമണം തങ്ങിനില്‍ക്കുന്നു. അലമാരികളും ഫ്രിഡ്ജുകളും നശിപ്പിക്കപ്പെട്ടു. വസ്ത്രങ്ങളും ചെരിപ്പുകളെല്ലാം നിലത്തിട്ട് തീയിട്ട് നശിപ്പിച്ചു.

വീടുകളിലേക്ക് പാചകവാതകം വിതരണം ചെയ്യുന്ന പൈപ്പുകള്‍ മുറിച്ചാണ് ചില വീടുകള്‍ അഗ്നിക്കിരയാക്കിയിരിക്കുന്നത്. അക്രമത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ മുസ്‌ലിം കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഗോഡൗണ്‍ കത്തിച്ചു. ഗ്രാമത്തിലെ 20 യുവാക്കളുടെ പേരില്‍ എഫ്.ഐ.ആര്‍ തയാറാക്കിയിട്ടുണ്ടെങ്കിലും ഇതുവരെ ആരെയും പൊലീസ് പിടികൂടിയിട്ടില്ല.

പണ്ഡിറ്റുകളും സൈനികളും കഴിഞ്ഞാല്‍ ജാട്ടുകളാണ് ഗ്രാമത്തിലെ മിക്ക ഭൂമിയുടെയും ഉടമസ്ഥര്‍. കാലികളെ വളര്‍ത്തിയാണ് മിക്ക മുസ്‌ലിം കുടുംബങ്ങളും ജീവിതം കഴിച്ചുകൂട്ടുന്നത്. ഡ്രൈവര്‍മാരായി ജോലിയെടുക്കുന്നവരും വാഹനം വാടകക്ക് കൊടുത്ത് ജീവിക്കുന്നവരും കുറച്ച് പേരുണ്ട്.

ഗ്രാമത്തിലെ ഹിന്ദു ഗ്രാമീണരോട് അന്വേഷിച്ചപ്പോള്‍ മിക്കവരും സ്വയം ന്യായീകരിക്കുന്നു. നിങ്ങളെന്തിനാണ് ഞങ്ങളോട് അന്വേഷിക്കുന്നതെന്നായിരുന്നു ഇരുപത് വയസ് തോന്നിക്കുന്ന യോഗേഷ് ഭരദ്വാജിന്റെ ചോദ്യം. മുസ്‌ലിംകളെ അധിക്ഷേപിക്കുന്ന വാക്കുപയോഗിച്ച് ‘പോയി മുസ്‌ലിംകളോട് ചോദിക്ക്’ എന്നാണയാള്‍ പറഞ്ഞത്.

തിങ്കളാഴ്ച മുസ്‌ലിംകള്‍ തങ്ങളുടെ സ്ത്രീകളുടെനേര്‍ക്ക് കല്ലെറിഞ്ഞതായി ഹരീഷ് യാദവ് എന്ന കൃഷിക്കാരന്‍ പറയുന്നു. അപ്പോഴാണ് ഞങ്ങള്‍ തിരിച്ചടിച്ചതെന്ന് ഇയാള്‍ പറയുന്നു. എന്നാല്‍ ഏത് സ്ത്രീകളെയാണ് അവര്‍ ആക്രമിച്ചതെന്ന് അന്വേഷിച്ചപ്പോള്‍ ഒരാളുടെയും പേരു പറയാന്‍ ഇയാള്‍ക്കാവുന്നില്ല.

സാമാന്യം നല്ല രണ്ട് വീടുകളാണ് കൂടുതല്‍ നാശനഷ്ടങ്ങള്‍ക്ക് ഇരയായത്. ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ കരാറുകാരനായിട്ടുള്ള ഹാജി സാബിര്‍ അലിയുടെയും അദ്ദേഹത്തിന്റെ ബന്ധു ഇസാഖ് ഖാന്റെയും വീടുകള്‍. എല്ലാ വസ്തുവകകളും നശിപ്പിക്കപ്പെട്ടു. എസിയും മൂന്ന് കാറുകളും അക്രമികള്‍ തീയിട്ട് നശിപ്പിച്ചു. ‘ഫഖീറുകളായിരുന്ന ഇവര്‍ യാചിച്ചും പട്ടിണികിടന്നും ജീവിച്ചിരുന്നവരാണ്. ഇപ്പോഴിവര്‍ കോണ്‍ട്രാക്ടര്‍മാരായി,’ ഹരീഷ് യാദവ് രോഷം കൊള്ളുന്നു.

പ്രദേശത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പരക്കുന്ന വാട്‌സപ് സന്ദേശം പ്രാദേശിക ബിജെപി പ്രവര്‍ത്തകരും യുവാക്കളൂം കാണിച്ച് തരുന്നു. മുസ്‌ലിംകളുടെ ആക്രമണം തടയാന്‍ വലിയകൂട്ടമായി ഒരുമിച്ച് കൂടാന്‍ ഹിന്ദുക്കളോട് ആഹ്വാനം ചെയ്യുന്നതാണ് സന്ദേശം. കഴിഞ്ഞ രാത്രി മുസ്‌ലിംകളെ നിറച്ചുള്ള 15 വാഹനങ്ങള്‍ ഗ്രാമത്തിലെത്തിയതായി കേട്ടു. ഉറങ്ങാന്‍ വയ്യാതായിരിക്കുന്നു’ കൃഷിക്കാരനായ മഹേഷ് സൈനി പറയുന്നു.

പത്ത് കിലോമീറ്ററുകള്‍ക്കപ്പുറം വീടുകളില്‍ നിന്ന് പുറത്താക്കപ്പെട്ട്, പൊലീസ് സ്റ്റേഷനില്‍ മുസ്‌ലിംകള്‍ തങ്ങളുടെ ഉറക്കമില്ലാത്ത മൂന്നാമത്തെ രാത്രിക്കായി ഒരുങ്ങുകയാണ്. റോഡില്‍ തുണിവിരിച്ച് കിടക്കാനൊരുങ്ങുകയാണ് റഹ്മത്തി. ‘അവരെന്തിനാണിങ്ങനെ ചെയ്യുന്നത്? 100 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞങ്ങള്‍ മുസ്‌ലിംകളായിരുന്നല്ലോ. പിന്നെ ഇപ്പോഴെന്താണ് സംഭവിച്ചത്?’

മൊഴിമാറ്റം: മുഹമ്മദ് അനീസ്‌

Related Articles