Current Date

Search
Close this search box.
Search
Close this search box.

ഞാന്‍ എന്തുകൊണ്ട് ബി.ജെ.പി വിട്ടു!

sadhvi-khosla.jpg

സ്വാതന്ത്ര്യസമര സേനാനികളുടെ വംശപരമ്പരയില്‍ നിന്നും വരുന്നവരെ സംബന്ധിച്ചിടത്തോളം രണ്ട് കാര്യങ്ങള്‍ മാത്രമാണ് പ്രധാന്യമര്‍ഹിക്കുന്നത്- രാജ്യസ്‌നേഹവും, ഗാന്ധിയന്‍ ആശയങ്ങളും. എന്നെ സംബന്ധിച്ചിടത്തോളം എന്റെ സംസ്ഥാനമായ പഞ്ചാബ് കൂടി അതിലുള്‍പ്പെടും. പഞ്ചാബിനോടുള്ള എന്റെ സ്‌നേഹമാണ് മയക്കുമരുന്നിനെതിരെയും, മയക്കുമരുന്നിന് അനുകൂലമായ സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യത്തിനെതിരെയും പോരാടാന്‍ എനിക്ക് കരുത്ത് നല്‍കിയത്. എന്റെ രാജ്യത്തോടുള്ള സ്‌നേഹമാണ് ഭാരതീയ ജനതാ പാര്‍ട്ടിയുടെ വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെയും, അവരുടെ സൈബര്‍ ട്രോളന്‍മാര്‍ക്കെതിരെയും എഴുന്നേറ്റ് നില്‍ക്കാനുള്ള ഊര്‍ജ്ജം എനിക്ക് നല്‍കിയത്.

ഇന്നേക്ക് മൂന്ന് വര്‍ഷമായി, പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററില്‍ എന്നെ ഫോളോ ചെയ്യുന്നുണ്ട്. ഇന്ന് ഞാന്‍ ആരുമല്ല, ബി.ജെ.പിയുമായുള്ള എന്റെ ബന്ധം ചോദ്യം ചെയ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്. സ്വാതി ചതുര്‍വേദിയുടെ ‘I am a troll’ എന്ന പുസ്തകത്തില്‍ ഞാന്‍ നടത്തിയ സത്യസന്ധമായ വെളിപ്പെടുത്തലുകളില്‍ വിറളിപ്പൂണ്ട ബി.ജെ.പിയുടെ മുഖമില്ലാത്ത സൈബര്‍ പോരാളികള്‍ എന്നെ അവഹേളിച്ച് കൊണ്ടുള്ള പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്ന തിരക്കിലാണിപ്പോള്‍. യഥാര്‍ത്ഥത്തില്‍ ഞാന്‍ ചെയ്തത് ശരിയാണെന്ന് തെളിയിക്കുകയാണ് അവര്‍. പ്രധാനമന്ത്രിക്കും, അദ്ദേഹത്തിന്റെ സര്‍ക്കാറിനും എതിരെയാണ് സത്യത്തിന്റെ ശബ്ദം ഉയരുന്നതെങ്കില്‍ അത് ഉടന്‍ തന്നെ നിശബ്ദമാക്കപ്പെടും. കോണ്‍ഗ്രസ്സുമായി എനിക്ക് ഉണ്ടെന്ന് പറയപ്പെടുന്ന ബന്ധം കാരണമല്ല ബി.ജെ.പിയുടെ സോഷ്യല്‍ മീഡിയ സെല്ലില്‍ നിന്ന് പരസ്യമായി തന്നെ രാജിവെച്ച് പുറത്ത് വരാനും, വസ്തുതകള്‍ വെളിപ്പെടുത്താനും ഞാന്‍ തീരുമാനിച്ചത്, മറിച്ച് കെട്ടുക്കഥകള്‍ സത്യങ്ങളായി മാറാതിരിക്കാനുള്ള ആത്മാര്‍ത്ഥമായ ശ്രമത്തിന്റെയും ജാഗ്രതയുടെയും അടിസ്ഥാനത്തിലായിരുന്നു ആ തീരുമാനം.

വാട്‌സപ്പ്, ട്വിറ്റര്‍, ഫേസ്ബുക്ക് എന്നിവയുടെ കാലത്ത് സത്യത്തിന് മേല്‍ അട്ടിയിട്ട നുണപ്രചാരണങ്ങളാണ് പെട്ടെന്ന് ജനങ്ങളിലേക്ക് എത്തുന്നതും, ജനങ്ങള്‍ വിശ്വാസത്തിലെടുക്കുന്നതും. അവസാനം സത്യം പുറത്ത് വരുമ്പോഴേക്കും നുണ ലോകം ചുറ്റിയിട്ടുണ്ടാകും.

2013-ല്‍, മുന്‍കാല സര്‍ക്കാറുകള്‍ നമ്മുടെ മഹത്തായ രാഷ്ട്രത്തോട് ചെയ്ത കാര്യങ്ങളെ കുറിച്ചോര്‍ത്ത് മറ്റേതൊരു ഇന്ത്യന്‍ പൗരയെ/നെ പോലെ തന്നെ ഞാനും അസംതൃപ്തയായിരുന്നു. 2014-ലാണ് ഞാന്‍ ആദ്യമായി എന്റെ സമ്മതിദാനാവകാശം ഉപയോഗിക്കുന്നത്. മോദിക്കാണ് ഞാന്‍ എന്റെ കന്നി വോട്ട് നല്‍കിയത്, കാരണം മെച്ചപ്പെട്ട ഇന്ത്യ എന്ന അദ്ദേഹത്തിന്റെ സ്വപ്‌നത്തിലും അദ്ദേഹത്തിലും ഞാന്‍ വിശ്വസിച്ചു. ഈ വിശ്വാസമാണ് ബി.ജെ.പിയുടെ മിഷന്‍ 272+ സീറ്റുകള്‍ എന്ന ദൗത്യസംഘത്തില്‍ ചേരാന്‍ എനിക്ക് പ്രചോദനം നല്‍കിയത്. മിഷന്‍ 272+-ന്റെ ‘നൂതന പ്രചാരണ പരിപാടികളില്‍’ ട്രോളിംഗും, അപകീര്‍ത്തിപ്പെടുത്തലും, ജനങ്ങളുടെ ബുദ്ധിയെ കളിയാക്കുന്ന വിധത്തിലുള്ള സത്യം നിര്‍മിച്ചെടുക്കലും ഉണ്ടെന്ന കാര്യം എനിക്ക് അറിയില്ലായിരുന്നു.

2015 നവംബറില്‍, അസഹിഷ്ണുതയുമായി ബന്ധപ്പെട്ട് രാജ്യത്ത് നിലനില്‍ക്കുന്ന സാഹചര്യത്തെ സംബന്ധിച്ച് ആമിര്‍ ഖാന്‍ തന്റെ അഭിപ്രായം രേഖപ്പെടുത്തിയപ്പോള്‍, അരവിന്ദ് ഗുപ്തയുടെ നേതൃത്വത്തിലുള്ള ബി.ജെ.പിയുടെ ഐ.ടി സെല്‍, സ്‌നാപ്ഡീലിന്റെ അംബാസഡര്‍ സ്ഥാനത്ത് നിന്ന് ആമിര്‍ ഖാനെ നീക്കം ചെയ്യാന്‍ സമ്മര്‍ദ്ദം ചെലുത്തുന്ന സോഷ്യല്‍ മീഡിയ കാമ്പയിന് തുടക്കമിട്ടു. ആമിര്‍ ഖാനെതിരെ ട്രോളുകള്‍ നിര്‍മിക്കാനും, അദ്ദേഹത്തെ താറടിച്ച് കാണിക്കാനും, അദ്ദേഹത്തിന്റെ സിനിമകള്‍ ബഹിഷ്‌കരിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യുന്ന പ്രചാരണങ്ങള്‍ നടത്താനായിരുന്നു ഞങ്ങള്‍ക്ക് (ബി.ജെ.പി സോഷ്യല്‍ സെല്‍) ലഭിച്ച കല്‍പ്പന. ബി.ജെ.പിയുടെ ഭ്രാന്തന്‍ സൈന്യത്തിന്റെ ഭാഗമായി തുടരാന്‍ ഞാന്‍ വിശ്വസിക്കുന്ന ആശയാദര്‍ശങ്ങളും, എന്റെ മനസാക്ഷിയും എന്നെ അനുവദിച്ചില്ല. അങ്ങനെ വ്യാമോഹങ്ങളില്‍ നിന്നും മുക്തിനേടി ഞാന്‍ ബി.ജെ.പിയുടെ സോഷ്യല്‍ മീഡിയ സെല്ലില്‍ നിന്നും രാജിവെച്ചു. 2016 ജനുവരിയില്‍, സമ്മര്‍ദ്ദം സഹിക്കവയ്യാതെ ആമിര്‍ ഖാനുമായുള്ള കരാര്‍ സ്‌നാപ്ഡീല്‍ അവസാനിപ്പിച്ചു.

ഈ പ്രവര്‍ത്തനങ്ങളുടെ കനത്ത പ്രത്യാഘാതങ്ങളെ കുറിച്ച് ഞങ്ങള്‍ ചിന്തിച്ചിരുന്നില്ല. നമ്മുടെ രാജ്യത്ത്, നമ്മുടെ ഹൃദയങ്ങളില്‍ വര്‍ഷങ്ങളോളം ജീവിച്ച ഒരു മഹാനടന്‍, പെട്ടെന്നൊരു ദിവസം നമുക്ക് കേവലം ‘മുസ്‌ലിം’ ആയി മാറി! വിദ്വേഷം പ്രചരിപ്പിക്കുന്ന അത്യന്തം അപകടകരമായ ഒരു ഉപകരണമായി സോഷ്യല്‍ മീഡിയ മാറിക്കഴിഞ്ഞിട്ടുണ്ട്. സാമുദായിക സംഘര്‍ഷങ്ങള്‍ക്ക് വരെ അത് കാരണമാകും. രാഷ്ട്രീയം നമ്മെ വിഭജിച്ചത് പോലെയൊന്നും മതം നമ്മെ വിഭജിച്ചിട്ടില്ല.

രണ്ട് വര്‍ഷക്കാലത്തോളം, ഞാന്‍ അത്യുത്സാഹത്തോടെ ട്വിറ്ററില്‍ പ്രധാനമന്ത്രിയെ പിന്തുണച്ചു, ബി.ജെ.പിക്ക് വേണ്ടി സജീവമായി പ്രചാരണപരിപാടികള്‍ നടത്തി, സ്മൃതി ഇറാനി, കിരണ്‍ ഖേര്‍ തുടങ്ങിയ ബി.ജെ.പി നേതാക്കളെ എല്ലാ കാര്യത്തിലും സഹായിച്ചു, അവരുടെ അജണ്ടകള്‍ നടപ്പാക്കുന്നതില്‍ പങ്കുവഹിച്ചു. നേതൃത്വത്തിന്റെ അഭാവവും, നയവൈകല്യങ്ങളും ചൂണ്ടികാണിച്ച് അതാത് സമയങ്ങളില്‍ കോണ്‍ഗ്രസ്സിനെ വരെ ഞാന്‍ വിമര്‍ശിച്ചിട്ടുണ്ട്. ഇതൊക്കെ നടക്കുന്ന സമയത്താണ്, പഞ്ചാബിനോടുള്ള എന്റെ സ്‌നേഹം സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്ന ഭീതിപ്പെടുത്തുന്ന മയക്കുമരുന്ന് വിപണിയെ വെളിച്ചത്ത് കൊണ്ടുവരുന്നതിലേക്ക് എന്നെ നയിച്ചത്. അതിനെ കുറിച്ച് ഞാനൊരു ഡോക്യുമെന്റിയും ചെയ്തു. സംഭവത്തിന്റെ ഗൗരവം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിന് വേണ്ടി ട്വിറ്ററില്‍ അദ്ദേഹത്തിന് ഞാന്‍ നിരന്തരം സന്ദേശങ്ങള്‍ അയച്ചു. തന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുടെ കൂട്ടത്തില്‍, മയക്കുമരുന്നിനെതിരെ പോരാട്ടം നടത്തുമെന്ന് മോദി വാഗ്ദാനം നല്‍കിയിരുന്നു. പക്ഷെ എന്റെ സഹായാഭ്യര്‍ത്ഥനകളെ അദ്ദേഹം അവഗണിച്ചു തള്ളുകയാണ് ചെയ്തത്.

മോദിയുടെ അവഗണന എന്നെ കോണ്‍ഗ്രസ്സിനെ സമീപിക്കാന്‍ പ്രേരിപ്പിച്ചു. രാഹുല്‍ ഗാന്ധി എന്റെ ആവശ്യം കേള്‍ക്കാന്‍ തയ്യാറായി, അതേ സമയം, ഞാന്‍ വളരെയധികം പിന്തുണ നല്‍കിയ നരേന്ദ്ര മോദി എന്റെ ആവശ്യങ്ങള്‍ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിഞ്ഞു. കോണ്‍ഗ്രസ്സ് വൈസ്പ്രസിഡന്റുമൊത്തുള്ള എന്റെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പരക്കെ പ്രചരിപ്പിച്ച ബി.ജെ.പിയുടെ ട്രോളിംഗ് സൈന്യത്തിന് ഞാന്‍ നന്ദി പറയുന്നു. എന്റെ വെളിപ്പെടുത്തലുകള്‍ എന്റെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്ന തരത്തില്‍ ചിത്രീകരിക്കപ്പെട്ടു. 2016 മാര്‍ച്ച് 18-ന് അമൃത്സറില്‍ വെച്ച് രാഹുല്‍ ഗാന്ധി എന്റെ ഡോക്യുമെന്ററി പ്രകാശനം ചെയ്തു. ഇതാണ് കോണ്‍ഗ്രസ്സുമായുള്ള എന്റെ ഏക ബന്ധം.

2014-ലെ തെരഞ്ഞെടുപ്പ് ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ മുഖം തന്നെ മാറ്റി. മാധ്യമങ്ങളെ ഉപയോഗിക്കാന്‍ അറിയാവുന്ന പ്രധാനമന്ത്രി ഇന്റര്‍നെറ്റിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്തു. ട്വിറ്ററിലൂടെയും, ഫേസ്ബുക്കിലൂടെയുമാണ് അദ്ദേഹം ജനങ്ങളുമായി സംവദിക്കുന്നത്. ദശലക്ഷകണക്കിന് ആളുകളാണ് അദ്ദേഹത്തിനെ ഫോളോ ചെയ്യുന്നത്. പക്ഷെ വളരെ കുറച്ച് പേരെ, അതും അപകീര്‍ത്തിപ്പെടുത്തുന്ന ട്രോളുകള്‍ പോസ്റ്റ് ചെയ്യുന്ന ആളുകളെ മാത്രമാണ് പ്രധാനമന്ത്രി ഫോളോ ചെയ്യുന്നത്. സമയാസമയങ്ങളില്‍ ഇത്തരം അധിക്ഷേപകരമായ ട്രോളുകളെ പ്രധാനമന്ത്രി അഭിനന്ദിച്ചു കൊണ്ടിരുന്നു.

നിര്‍മാണാത്മകമായ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നതിന് പകരം, എതിര്‍ അഭിപ്രായങ്ങളും വ്യത്യസ്ത വീക്ഷണങ്ങളും വെച്ച് പുലര്‍ത്തുന്ന ആളുകളെ അവഹേളിക്കാനും നിന്ദിക്കാനുമാണ് ബി.ജെ.പിയുടെ ട്രോളിംഗ് സൈന്യം സോഷ്യല്‍ മീഡിയയെ ഉപയോഗിക്കുന്നത്. ആരോഗ്യപരമായ വിമര്‍ശനം ഏതൊരു വ്യക്തിയുടെയും, സ്ഥാപനത്തിന്റെയും, സമൂഹത്തിന്റെയും വളര്‍ച്ചക്കും പുരോഗതിക്കും അനുഗുണമായി ഭവിക്കും. എന്നാല്‍ തികച്ചും അശ്ലീലവും, സഭ്യതക്ക് നിരക്കാത്തതുമായ രീതിയിയുള്ള വിമര്‍ശനം ആരുടെ മേലും കുതരകയറാം എന്ന മാനസികാവസ്ഥയില്‍ നിന്നും വരുന്നതാണ്. പ്രധാനമന്ത്രിയെ പിന്തുണക്കാത്തവരെല്ലാം വ്യക്തിഹത്യ ചെയ്യപ്പെടുന്നു. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ വൃത്തികെട്ട ചിത്രമാണ് ഇത് വെളിപ്പെടുത്തുന്നത്. രാഷ്ട്രീയ എതിരാളികള്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങി എതിര്‍ച്ചേരിയില്‍ നില്‍ക്കുന്നവര്‍ ആരൊക്കെയോ അവരുടെയെല്ലാം അഭിമാനത്തിന് ക്ഷതമേല്‍പ്പിക്കാന്‍, സമൂഹത്തില്‍ അവരുടെ പ്രതിച്ഛായ കളങ്കപ്പെടുത്താന്‍ ഉതകുന്ന തരത്തിലുള്ള ഇല്ലാക്കഥകള്‍ മെനയാനുള്ള നിര്‍ദ്ദേശങ്ങളാണ് കൂലിത്തൊഴിലാളികളായ ബി.ജെ.പി വളണ്ടിയര്‍മാര്‍ക്ക് കിട്ടിക്കൊണ്ടിരിക്കുന്നത്. വ്യത്യസ്തമായ അഭിപ്രായമുള്ളവരെല്ലാം മോദി വിരുദ്ധനെന്നും, രാജ്യദ്രോഹിയെന്നും മുദ്രകുത്തപ്പെടുന്നു. അങ്ങേയറ്റം വൃത്തിക്കെട്ട രൂപത്തിലാണ് സ്ത്രീകളും, ന്യൂനപക്ഷങ്ങളും വേട്ടയാടപ്പെടുന്നത്. രാഹുല്‍ ഗാന്ധിയെയും അദ്ദേഹത്തിന്റെ അമ്മ സോണിയ ഗാന്ധിയെയും ചളിവാരിയെറിഞ്ഞു. ബര്‍ഖ ദത്തിനെ പോലെയുള്ള മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേര്‍ക്ക് വധഭീഷണിയും, ബലാത്സംഗ ഭീഷണികളും മുഴക്കപ്പെട്ടു.

പക്ഷെ സമൂഹത്തിന്റെ നാനാഭാഗത്ത് നിന്നും പിന്തുണ ലഭിക്കാന്‍ തുടങ്ങി. ഇന്ത്യയുടെ മുക്കിലും മൂലയിലും വരെ കഥ എത്തി. അഭിപ്രായ വ്യത്യാസങ്ങളെ അടിച്ചമര്‍ത്താന്‍ സോഷ്യല്‍ മീഡിയ ദുരുപയോഗം ചെയ്യുന്ന ഭരണപാര്‍ട്ടിയെ ജനം ചോദ്യം ചെയ്യാന്‍ തുടങ്ങി. ഇപ്പോള്‍ ബി.ജെ.പിയുടെ സോഷ്യല്‍ മീഡിയ സൈന്യം കേട്ടാല്‍ അറക്കുന്ന തെറിവിളികളും, ലൈംഗിക ചുവയുള്ള ആക്ഷേപങ്ങളും, വധഭീഷണികളും കൊണ്ട് എന്നെയും, സ്വാതി ചതുര്‍വേദിയേയും ആക്രമിച്ച് കൊണ്ടിരിക്കുകയാണ്. അവരെ സംബന്ധിച്ച അപ്രിയ സത്യങ്ങള്‍ വിളിച്ച് പറഞ്ഞിനാലാണ് ഇതെല്ലാം സംഭവിച്ചത്. സത്യം തീര്‍ച്ചയായും വേദനിപ്പിക്കുന്ന ഒന്നാണ്.

മതത്തിന്റെയും, രാഷ്ട്രീയത്തിന്റെയും പേരില്‍ ജനങ്ങളെ തമ്മിലടിപ്പിക്കാനും, വ്യത്യസ്ത അഭിപ്രായങ്ങള്‍ വെച്ചു പുലര്‍ത്തുന്നവര്‍ക്കെതിരെ കുപ്രചരണങ്ങള്‍ അഴിച്ച് വിട്ട് വ്യക്തിഹത്യ ചെയ്യാനും സോഷ്യല്‍ മീഡിയ ഉപയോഗിച്ച് കള്ളപ്രചാരണങ്ങള്‍ നടത്തുന്നവരെ സമൂഹത്തിന് മുന്നില്‍ തുറന്ന് കാട്ടേണ്ടത് എന്റെ കടമയാണെന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു. ഞാന്‍ എന്റെ മനസാക്ഷിയെ അനുസരിക്കുക മാത്രമാണ് ചെയ്തത്.

സ്‌നേഹത്തേക്കള്‍ വളരെ വേഗത്തില്‍ വെറുപ്പ് പടര്‍ന്നുപിടിക്കുന്നത് വേദനാജനകം തന്നെയാണ്. പരസ്പര വിദ്വേഷത്തിന് വേണ്ടിയല്ല, മറിച്ച് മാറ്റത്തിന് വേണ്ടിയാണ് ഞാന്‍ മോദിക്ക് വോട്ട് ചെയ്തത്. ഞാന്‍ പറയേണ്ടത് തന്നെയാണ് പറഞ്ഞത്. ഞാന്‍ ഉറച്ച് വിശ്വസിക്കുന്നത് തന്നെയാണ് ഞാന്‍ ചെയ്തത്.

സാമൂഹിക പ്രവര്‍ത്തകയും, രാഷ്ട്രീയ നിരീക്ഷകയുമാണ് ലേഖിക

കടപ്പാട്: scroll.in
മൊഴിമാറ്റം: irshad shariathi

 

Related Articles