Current Date

Search
Close this search box.
Search
Close this search box.

ഒരു റോഹിങ്ക്യന്‍ അഭയാര്‍ഥിയുടെ ഇന്ത്യയിലേക്കുള്ള രക്ഷപ്പെടല്‍

muhammad-kareem.jpg

വീടെന്ന് സ്വയം വിളിക്കുന്ന അഭയാര്‍ത്ഥി ക്യാമ്പില്‍ ഇരിക്കുകയായിരുന്നു മുഹമ്മദ് കരീം. തീക്ഷണമായ അദ്ദേഹത്തിന്റെ കണ്ണുകളില്‍ അടങ്ങാത്ത രോഷം ഇടക്കിടെ മിന്നിതെളിയുന്നുണ്ടായിരുന്നു. എല്ലാം നഷ്ടപ്പെട്ടവന്റെ ശരീരഭാഷയായിരുന്നു അദ്ദേഹത്തിന്. മുഹമ്മദ് നിര്‍ത്താതെ വെത്തില ചവച്ച് കൊണ്ടിരുന്നു. അനുഭവിക്കേണ്ടി വന്ന ദുരന്തങ്ങളുടെ ഓര്‍മചിത്രങ്ങള്‍ മനസ്സില്‍ നിന്നും ആട്ടിയോടിക്കാന്‍ ശ്രമം നടത്തുകയാണ് അദ്ദേഹമെന്ന് ഒരുവേള തോന്നിപ്പോകും.

ക്യാമ്പിലങ്ങിങ്ങായി കൂടിയിരുന്ന് കലപില വര്‍ത്തമാനങ്ങള്‍ പറഞ്ഞുക്കൊണ്ടിരുന്ന ആള്‍ക്കൂട്ടങ്ങളില്‍ നിന്നും മുഹമ്മദ് വേറിട്ട് നിന്നു. ആ സജീവമായി നിന്നിരുന്ന ക്യാമ്പില്‍ ഒറ്റപ്പെട്ടു നില്‍ക്കുന്ന ഒരാളായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ അയല്‍ക്കാര്‍ ടാര്‍പോളിന്‍ കൊണ്ട് കെട്ടിയുണ്ടാക്കിയ അവരുടെ വീടുകള്‍ക്ക് പുറത്ത് അങ്ങോട്ടുമിങ്ങോട്ടും എന്താണ് ചെയ്യേണ്ടതെന്നറിയാതെ നടക്കുന്നുണ്ടായിരുന്നു.

പക്ഷെ എന്താണ് മുഹമ്മദ് ഇങ്ങനെ യാതൊന്നിലും താല്‍പര്യമില്ലാതെ ഇരിക്കുന്നത് എന്നതിന്റെ കാരണം ഞാന്‍ കണ്ടെത്തി. അദ്ദേഹമവിടെ പുതുതായി വന്നു ചേര്‍ന്ന അഭയാര്‍ത്ഥിയായിരുന്നു. ഈ ക്യാമ്പിലും, ഹൈദരാബാദ് സിറ്റിയിലും, ഇന്ത്യയിലും അവന്‍ ആദ്യമായിട്ടാണ് വരുന്നത്. ഭാര്യയില്‍ നിന്നും, സ്വന്തം മകളില്‍ നിന്നും, മാതാവില്‍ നിന്നും, സഹോദരിയില്‍ നിന്നുമെല്ലാം വേര്‍പ്പെടുത്തപ്പെടുന്നതിന്റെ കഠിനമായ യാഥാര്‍ത്ഥ്യത്തിന് അവന്‍ പുതുക്കക്കാരനായിരുന്നു. 32 വയസ്സുകാരനായ മുഹമ്മദ് മ്യാന്‍മറിലെ റാഖേന്‍ സ്റ്റേറ്റില്‍ നിന്നാണ് വരുന്നത്.

മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പാണ് അദ്ദേഹം ഹൈദരാബാദിലെത്തിയത്. നേരെ ഇങ്ങോട്ട് പോന്നു. ദക്ഷിണേന്ത്യയിലെ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്കിടയില്‍ ദക്ഷിണേന്ത്യയിലെ ഹൈദരാബാദ് പട്ടണം ‘ക്യാമ്പ് വണ്‍’ എന്നാണ് അറിയപ്പെടുന്നത്. ഇവിടെയാണ് അവര്‍ ജീവിതം വീണ്ടും കരുപിടിപ്പിക്കുന്നതിനുള്ള സാധ്യതകള്‍ തേടുന്നത്. സ്വദേശത്ത് അനുഭവിക്കേണ്ടി വന്ന പീഢനങ്ങളെ സംബന്ധിച്ച ഭയപ്പാടുകളില്‍ നിന്നും അവര്‍ മോചനം നേടാന്‍ തുടങ്ങിയിരിക്കുന്നു.

മുഹമ്മദിന്റെ ജീവിതകഥ പകര്‍ത്താന്‍ വളരെ പ്രയാസപ്പെടേണ്ടി വന്നു. ഭാഷ ഒരു പ്രശ്‌നം തന്നെയായിരുന്നു. ഇനി അദ്ദേഹം പറയുന്നത് കേള്‍ക്കാം : ‘മ്യാന്‍മറില്‍ റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ക്ക് ജീവിക്കാന്‍ അര്‍ഹതയില്ലന്നാണ് ബുദ്ധന്‍മാരുടെ വാദം. ഞങ്ങള്‍ മ്യാന്‍മറുകാരല്ലന്നാണ് അവര്‍ ഞങ്ങളോട് പറയുന്നത്. ഞങ്ങള്‍ ബംഗ്ലാദേശ്, ഇന്ത്യ, മലേഷ്യ അങ്ങനെ മറ്റുപലയിടങ്ങളില്‍ നിന്നും വന്നവരാണത്രെ. എന്തൊക്കെയാണെങ്കിലും മ്യാന്‍മറുകാരല്ല. അവര്‍ ഞങ്ങളോട് പുറത്ത് പോകാന്‍ ആവശ്യപ്പെട്ടു. ഞങ്ങളെ പുറത്താക്കുന്നതിന് വേണ്ടി വീടുകള്‍ അഗ്നിക്കിരയാക്കി, മസ്ജിദുകള്‍ തകര്‍ത്തു, പീഡിപ്പിച്ചു, അനേകം പേരെ കൊന്നുതള്ളി.’

‘സമാധാനമില്ലാത്ത, നീതി ലഭിക്കുമെന്ന കാര്യത്തില്‍ യാതൊരു പ്രതീക്ഷയുമില്ലാത്ത ഒരു രാജ്യത്ത് ജീവിതം മുന്നോട്ട് കൊണ്ടു പോകാന്‍ ഞങ്ങള്‍ക്ക് കഴിയില്ല. അതുകൊണ്ട് തന്നെയാണ് ജീവന്‍ പണയം വെച്ച് മ്യാന്‍മറില്‍ നിന്നും പുറത്ത് കടക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചത്.’

‘മ്യാന്‍മറില്‍ നിന്നും പുറത്തേക്കുള്ള വഴി ദൈര്‍ഘ്യമേറിയതും വളരെ അപകടം പിടിച്ചുതമാണ്. അതുകൊണ്ടുതന്നെ ഒരുപാടാളുകള്‍ക്ക് പുറത്ത് കടക്കാന്‍ സാധിച്ചില്ല. മലേഷ്യ, ജപ്പാന്‍, തായ്‌ലാന്റ് തുടങ്ങിയ രാജ്യങ്ങളിലേക്ക് ബോട്ട് മാര്‍ഗം കടക്കാന്‍ ശ്രമിച്ചവരുടെ ബോട്ടുകള്‍ ഒന്നുകില്‍ കടലില്‍ മുങ്ങുകയാണ് പതിവ്, അല്ലെങ്കില്‍ അവര്‍ പിടിക്കപ്പെടുകയും ജയിലിലടക്കപ്പെടുകയും ചെയ്യും.’

മ്യാന്‍മറില്‍ നിന്നുള്ള രക്ഷപ്പെടല്‍
ഇതെല്ലാം കാരണമാണ് ഞാന്‍ കുടുംബത്തോടൊപ്പം ഇന്ത്യയിലേക്ക് രക്ഷപ്പെടാന്‍ തീരുമാനിച്ചത്. ഞങ്ങളെ പോലെയുള്ള ആളുകളെ ഇന്ത്യ സ്വീകരിക്കുമെന്ന് ഞാന്‍ കേട്ടിരുന്നു. ഇന്ത്യയില്‍ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ ഉണ്ടെന്ന് ഞാന്‍ അറിഞ്ഞു. എന്റെ ചില ബന്ധുക്കള്‍ക്ക് ഇവിടെ സുരക്ഷിതസ്ഥാനം കണ്ടെത്താന്‍ സാധിച്ചിട്ടുണ്ട്. ഇന്ത്യയിലെത്തിയാല്‍ എന്റെ കുടുംബം സുരക്ഷിതരായിരിക്കുമെന്ന് ഞാന്‍ കരുതി. അങ്ങനെ ഇരുട്ടിന്റെ മറവില്‍ ഭാര്യയേയും ഒമ്പത് മാസം പ്രായമുള്ള എന്റെ മകളേയും കൂട്ടി വീടുപേക്ഷിച്ച് ഞാന്‍ പുറപ്പെട്ടു.

ബംഗ്ലാദേശിലെ ചിറ്റഗോംങിലാണ് ഞങ്ങള്‍ ആദ്യമായി എത്തിയത്. ഇന്ത്യയിലേക്ക് അതിര്‍ത്തി കടക്കാന്‍ അവിടെയുള്ള ചില തദ്ദേശവാസികളാണ് ഞങ്ങളെ സഹായിച്ചത്. അങ്ങനെ ഞങ്ങള്‍ വെസ്റ്റ് ബംഗാളിലെത്തിച്ചേര്‍ന്നു. പക്ഷെ അവിടെ മുതല്‍ കാര്യങ്ങള്‍ വഷളായി.

അധികൃതര്‍ ഭാര്യയേയും എന്റെ കുഞ്ഞു മകളേയും പിടിച്ചു കൊണ്ടു പോയി. എങ്ങനെയൊക്കെയോ ഒരുവിധത്തില്‍ എനിക്ക് രക്ഷപ്പെടാന്‍ സാധിച്ചു. ഇപ്പോള്‍ അവര്‍ എവിടെയാണെന്നതിനെ സംബന്ധിച്ച് എനിക്ക് യാതൊരു അറിവുമില്ല. എന്റെ ഉമ്മയും സഹോദരിയും ഇപ്പോഴും മ്യാന്‍മറില്‍ കുടുങ്ങിക്കിടക്കുകയാണ്. കുടുംബത്തെ കണ്ടെത്താനും, സുരക്ഷിതമായ ഒരിടത്ത് അവരെ എത്തിക്കാനും എന്താണ് ചെയ്യേണ്ടതെന്ന് എനിക്കിപ്പോഴും അറിയില്ല.

മൊഴിമാറ്റം : ഇര്‍ഷാദ് കാളാച്ചാല്‍
അവലംബം : അല്‍ജസീറ

Related Articles