Current Date

Search
Close this search box.
Search
Close this search box.

എന്താണ് സയണിസം? ഫലസ്തീനികളോട് ചോദിക്കാം

nakba-48.jpg

‘അവിടെ മറ്റു താമസക്കാര്‍ ആരെങ്കിലുമുണ്ടെങ്കില്‍, അവരെ മറ്റേതെങ്കിലും സ്ഥലത്തേക്ക് മാറ്റുക തന്നെ വേണം. ആ ഭൂമി നാം പിടിച്ചെടുക്കുക തന്നെ ചെയ്യണം. ചുരുക്കം ചില അറബ് കര്‍ഷകരെ സംരക്ഷിക്കുന്നതിന് ഉപരിയായി, അതിമഹത്തരവും ഉന്നതവുമായ ഒരു ഉല്‍കൃഷ്ട ലക്ഷ്യം നമുക്കുണ്ട്.’ – മെനാഹെം ഉസ്സിഷ്‌കിന്‍, ചെയര്‍ ഓഫ് ജ്യൂയിഷ് നാഷണല്‍ ഫണ്ട്, 1930.

ഇന്ന് സയണിസത്തെ സംബന്ധിച്ച് ഒരുപാട് ചര്‍ച്ചകള്‍ നടക്കുന്നുണ്ട്: അതിനെ എങ്ങനെ നിര്‍വചിക്കാം, ആന്റി-സയണിസ്റ്റ് എന്നാല്‍ എന്താണ് അര്‍ത്ഥം, ആന്റി-സെമന്റിസവും ആന്റി-സയണിസവും ഒന്നാണോ? അങ്ങനെ തുടങ്ങിയ ചര്‍ച്ചകള്‍. പക്ഷെ ഇവിടെ വളരെ ശ്രദ്ധിക്കേണ്ടതും, വിജ്ഞാപ്രദവുമായ ഒന്നിന്റെ അഭാവം ഈ ചര്‍ച്ചകളില്‍ മുഴച്ച് നില്‍ക്കുന്നുണ്ട്: ഫലസ്തീനികളെ സംബന്ധിച്ചിടത്തോളം എന്താണ് സയണിസം എന്നതിന്റെ മനസ്സിലാക്കല്‍.

ആദ്യം നമുക്ക് സയണിസത്തിന് അടുത്ത കാലങ്ങളിലായി നല്‍കപ്പെട്ട നിര്‍വചനങ്ങള്‍ നോക്കാം.

ഈ മാസം ആദ്യത്തില്‍ ബി.ബി.സി റേഡിയോ 4-ല്‍, ദി ഗാര്‍ഡിയനിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജോനാഥന്‍ ഫ്രീഡ്‌ലാന്‍ഡ് ആരാണ് സയണിസ്റ്റ് എന്ന് നിര്‍വചിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ‘ഫലസ്തീനില്‍ ഒരു ജൂത ഗേഹത്തിന്റെ നിലനില്‍പ്പിനെ പിന്തുണക്കുന്ന ആരും തന്നെ ഏറിയോ കുറഞ്ഞോ സയണിസ്റ്റ് ആണ്’. ടൈംസ് കോളമിസ്റ്റ് ഡേവിഡ് ആരോണോവിച്ചിനെ സംബന്ധിച്ചിടത്തോളം, ‘ജൂത രാഷ്ട്രം എന്ന ആശയത്തെ കേവലം പിന്തുണക്കുന്നതാണ് സയണിസം’.

അതിനിടക്ക്, ‘ജൂത ജനതയുടെ ദേശീയ സ്വത്വത്തിന്റെ മൗലികാവിഷ്‌കാരമല്ലാതെ മറ്റൊന്നുമല്ല സയണിസം എന്ന ആശയം. എല്ലാ ജനങ്ങള്‍ക്കുമുള്ള ഒരു അവകാശമാണത്.’ എന്നാണ് ജ്യൂയിഷ് ലേബര്‍ മൂവ്‌മെന്റ് പ്രസ്താവിച്ചത്.

ഇസ്രായേല്‍ അനുകൂല ലോബിയായ BICOM-ന്റെ തലവന്‍ ജെയിംസ് സൊറീന്റെ അഭിപ്രായത്തില്‍, ‘ജൂത ജനതയുടെ ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനമാണ് സയണിസം.’ മറ്റൊരിടത്ത് BICOM കുറച്ച് കൂടി സാരഗര്‍ഭമായി പറയുന്നുണ്ട് : ‘ജൂതന്‍മാരുടെ ദേശീയ സ്വത്വം അടയാളപ്പെടുത്തുന്നതിനും, സ്വാതന്ത്ര്യത്തിനുമുള്ള ഒരു പ്രസ്ഥാനമാണ് സയണിസം.’

മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, ചോദ്യങ്ങള്‍ ഒന്നും ചോദിക്കരുത്. കാര്യങ്ങളെ സങ്കീര്‍ണ്ണമാക്കരുത്, അതിനേക്കാളുപരി, ഫലസ്തീനികളെ കുറിച്ച് ഒരക്ഷരം മിണ്ടരുത്.

‘ആന്റി-സെമിറ്റിസവും ആന്റി-സയണിസവും തമ്മിലുള്ള വ്യത്യാസം എന്താണ്?’ എന്നതിനെ ആസ്പദമാക്കി ബി.ബി.സി പ്രസിദ്ധീകരിച്ച ഒരു ലേഖനം എടുക്കാം. വ്യത്യസ്തമായ അഭിപ്രായങ്ങള്‍ പങ്കുവെക്കുന്നുണ്ടെങ്കിലും, ഫലസ്തീനികളെ കുറിച്ച് കാര്യമായൊന്നും തന്നെ (ഒന്നും തന്നെ) പറയുന്നില്ലെന്ന് കാണാം.

ഉള്ളതില്‍ തന്നെ പറയാന്‍ പറ്റുന്നത് ഇത് മാത്രമാണ്: ‘ഇസ്രായേല്‍ ഭരണകൂടം ഫലസ്തീനികളെ കൈകാര്യം ചെയ്യുന്ന രീതിയെ അടിസ്ഥാനത്തില്‍, ചില സയണിസ്റ്റ് വിരുദ്ധര്‍ സയണിസം അതിന്റെ ഉണ്മയില്‍ തന്നെ ഒരു വംശീയ പ്രത്യയശാസ്ത്രമാണെന്ന് പറയുന്നുണ്ട്.’ പക്ഷെ ഇവിടെയും വസ്തുതകളുടെ സമ്പൂര്‍ണ്ണമായ അഭാവം കാണാന്‍ കഴിയും. എങ്ങനെയാണ് ഇസ്രായേല്‍ ഭരണകൂടം ഫലസ്തീനികളെ കൈകാര്യം ചെയ്യുന്നത്?

അല്ലെങ്കില്‍, ബി.ബി.സി റേഡിയോ 1-ന്റെ ന്യൂസ്ബീറ്റില്‍ വന്ന, സെമിറ്റിക്ക് വിരുദ്ധ, സയണിസം തുടങ്ങിയവയെ നിര്‍വചിക്കാന്‍ ശ്രമിക്കുന്ന ഈ ഉരുപ്പടി എടുക്കാം. ‘ഹോളോകോസ്റ്റിന് ശേഷം, ജൂതന്‍മാര്‍ക്ക് പുനരധിവാസ ഭൂമി നല്‍കപ്പെട്ടു. ഇസ്രായേല്‍ മേഖല അവര്‍ സ്വന്തം മാതൃഭൂമിയായി കണക്കാക്കി. പക്ഷെ, ആ സമയത്ത് ഫലസ്തീനിലും, അതിന്റെ സമീപപ്രദേശങ്ങളിലും ജീവിച്ചിരുന്ന അറബികള്‍ അത് അംഗീകരിക്കാന്‍ തയ്യാറായില്ല.’

എന്തുകൊണ്ടാണ് അവര്‍ ‘അത് അംഗീകരിക്കാതിരുന്നത്’?  ഫലസ്തീനികളുടെ എതിര്‍പ്പുകള്‍ വിശദീകരിക്കപ്പെട്ടില്ല, അവ യുക്തിരഹിതവും, മുന്‍വിധി നിറഞ്ഞതുമായി മുദ്രകുത്തപ്പെട്ടു.

ഇനി നമുക്ക് ചില അടിസ്ഥാന ചരിത്രയാഥാര്‍ത്ഥ്യങ്ങള്‍ ഓര്‍ത്തെടുക്കാം. 1897-ല്‍, ബേസിലില്‍ വെച്ച് പ്രഥമ സയണിസ്റ്റ് കോണ്‍ഗ്രസ്സ് അരങ്ങേറിയ സമയത്ത്, ഏകദേശം 96 ശതമാനം അറബികളും 4 ശതമാനം ജൂതന്‍മാരും അടങ്ങുന്നതായിരുന്നു ഫലസ്തീന്‍ ജനസംഖ്യ. 1917-ലെ ബാള്‍ഫര്‍ പ്രഖ്യാപന സമയത്തും, ഫലസ്തീന്‍ ജനസംഖ്യയുടെ 10 ശതമാനം താഴെ മാത്രമേ ജൂതന്‍മാര്‍ ഉണ്ടായിരുന്നുള്ളു.

ഫലസ്തീന്‍ മണ്ണില്‍ ജൂതന്‍മാരുടെ സ്വയം നിര്‍ണയാവകാശത്തിന് വേണ്ടിയുള്ള പ്രസ്ഥാനമായിട്ടാണ് സയണിസം മനസ്സിലാക്കപ്പെടുന്നത്. അങ്ങനെ തന്നെയാണ് നാമിന്ന് കണ്ടുകൊണ്ടിരിക്കുന്നതും അവതരിപ്പിക്കപ്പെടുന്നും. സ്വയം നിര്‍ണയാവകാശത്തിന്റെ തത്വങ്ങള്‍ക്ക് തികച്ചും കടകവിരുദ്ധമായാണ് ജൂതരാഷ്ട്രം നിര്‍മിച്ചിരിക്കുന്നത്.

സയണിസ്റ്റ് ആക്റ്റിവിസ്റ്റുകള്‍ക്ക് അത് അറിയുകയും ചെയ്യാം. ബ്രിട്ടീഷ് മാന്‍ഡേറ്റിന്റെ കാലത്ത്, ലണ്ടനിലെ ദി സയണിസ്റ്റ് ഓര്‍ഗനൈസേഷന്‍ പറയുകയുണ്ടായി, ‘ജനാധിപത്യത്തിന്റെ ‘പ്രശ്‌നം’ എന്താണെന്ന് വെച്ചാല്‍, വൈവിധ്യങ്ങളും, നാഗരികതയുടെ ഘട്ടങ്ങളും, ഗുണ വ്യത്യാസങ്ങളും പരിഗണിക്കാതെയുള്ള ഭൂരിപക്ഷത്തിന്റെ ഭരണമായിട്ടാണ് അത് പൊതുവെ മനസ്സിലാക്കപ്പെടുന്നത്. ഫലസ്തീനില്‍ ഇപ്പോഴോ അല്ലെങ്കില്‍ ഭാവിയിലോ ജനാധിപത്യത്തിന്റെ ഈ അപരിഷ്‌കൃത ഗണിതതത്വം നടപ്പാക്കിയാല്‍, അവിടെ ഭൂരിപക്ഷ അറബികളായിരിക്കും ഭരണം കൈയ്യാളുക.’

1947 ആയിട്ടും, ജൂത കുടിയേറ്റ തരംഗത്തിന് ശേഷവും, ഫലസ്തീന്‍ ജനസംഖ്യയുടെ മൂന്നില്‍ രണ്ടും അറബികളായിരുന്നു. ഫലസ്തീനില്‍ ഒരു ജൂത രാഷ്ട്രം നിര്‍മിക്കാനുള്ള പദ്ധതികള്‍ ‘സ്വയം നിര്‍ണയാവകാശം, ഭൂരിപക്ഷ ഭരണം തുടങ്ങിയ തത്വങ്ങളെ അവഗണിക്കുമെന്ന്’ അതേ വര്‍ഷം തന്നെ ഒരു മുതിര്‍ന്ന അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഒഫിഷ്യല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഫലസ്തീനില്‍ ഒരു ജൂത രാഷ്ട്രം സ്ഥാപിക്കാന്‍ ഒരൊറ്റ വഴി മാത്രമേ ഉണ്ടായിരുന്നുള്ളു; ജൂതന്‍മാര്‍ അല്ലാത്ത എല്ലാവരെയും ഫലസ്തീനില്‍ നിന്നും പുറത്താക്കുക. 1947-49 കാലയളവില്‍, ഇന്ന് ഇസ്രായേലായി മാറിയ ഭൂപ്രദേശത്ത് താമസിച്ചിരുന്ന 85-90 ശതമാനം ഫലസ്തീനികളും ആട്ടിപുറത്താക്കപ്പെട്ടു. ഫലസ്തീനില്‍ താമസിച്ചിരുന്ന അഞ്ച് അറബ് വംശങ്ങളില്‍ നാലും വംശീയമായി ഉന്മൂലനം ചെയ്യപ്പെട്ടു.

നഖബ എന്നാണ് ഫലസ്തീനികള്‍ ഇതിനെ വിശേഷിപ്പിക്കുന്നത്, ദുരന്തം എന്നതിന്റെ അറബി വാക്കാണത്.

ബലപ്രയോഗത്തിലൂടെയും, നിയമനിര്‍മാണത്തിലൂടെയുമാണ് ഇന്ന് കാണുന്ന ഫലസ്തീന്‍ അഭയാര്‍ത്ഥികളെ അവരുടെ പട്ടണങ്ങളില്‍ നിന്നും, ഗ്രാമങ്ങളില്‍ നിന്നും ആട്ടിപുറത്താക്കിയത്. അവരുടെ ഭൂമിയും സ്വത്തുവകകളും കണ്ടുകെട്ടി. തങ്ങളുടെ സ്വഗേഹങ്ങളിലേക്ക് മടങ്ങിപോകാന്‍ ശ്രമിച്ചവരെ വെടിവെച്ച് കൊന്ന് തള്ളി.

ഇതൊക്കെയാണ് ചരിത്ര യാഥാര്‍ത്ഥ്യങ്ങള്‍, എന്നിട്ടും ഒരുപാട് പേര്‍ ഇത് നിഷേധിച്ചു കൊണ്ടിരിക്കുകയാണ്. പക്ഷെ സംഭവിച്ചതെല്ലാം നല്ലതാണെന്ന് കരുതുകയും, അങ്ങനെ തന്നെ സംഭവിക്കണം എന്ന് വിശ്വസിക്കുകയും ചെയ്യുന്നവരാണ് ഏറെ അസ്വസ്ഥപ്പെടുത്തുന്നത്.

വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ വളരെ നേരത്തെ തന്നെ അങ്ങനെ ചിന്തിച്ചിരന്നു. 1937-ല്‍ ഫലസ്തീന്‍ റോയല്‍ കമ്മീഷനോട് അദ്ദേഹം പറഞ്ഞു: ‘അമേരിക്കയിലെ റെഡ് ഇന്ത്യക്കാരോടും, ആസ്‌ട്രേലിയയിലെ കറുത്ത വര്‍ഗക്കാരോടും ആരെങ്കിലും എന്തെങ്കിലും മഹാപാതകം ചെയ്തതായി ഞാന്‍ സമ്മതിക്കുകയില്ല. അതുപോലെ ഈ ജനതയോടും ആരെങ്കിലും എന്തെങ്കിലും തെറ്റ് ചെയ്തതായി ഞാന്‍ സമ്മതിക്കുകയില്ല. യഥാര്‍ത്ഥത്തില്‍ അതിശക്തരായ ഒരു വംശം വരികയും മറ്റവരുടെ പ്രദേശം കൈയ്യടക്കുകയും ചെയ്തു എന്ന് മാത്രം.’

ഇന്നത്തെ കാലത്ത് അധികമാരും തന്നെ ഇത്തരത്തില്‍ പറയുകയില്ല. പക്ഷെ ജോനാഥന്‍ ഫ്രീഡ്‌ലാന്‍ഡിന്റെ വാക്കുകള്‍ നോക്കുക. നഖബ എന്ന ‘യാഥാര്‍ത്ഥ്യം’ അംഗീകരിക്കുന്നതോടൊപ്പം തന്നെ, ഇസ്രായേല്‍ ചെയ്തതാണ് ശരി എന്ന് വിശ്വസിക്കുകയും ചെയ്യുന്ന ആളാണ് അദ്ദേഹം. ഫ്രീഡ്‌ലാന്‍ഡിനെ സംബന്ധിച്ചിടത്തോളം, ഫലസ്തീനിലെ ജൂതരാഷ്ട്ര സംസ്ഥാപനം എന്നത് ‘ഒരുപാട് ഫലസ്തീനികളെ കൊന്ന് തള്ളേണ്ടി വന്നെങ്കിലും, അതൊരു ധാര്‍മികമായ അനിവാര്യത’ തന്നെയായിരുന്നു എന്നാണ് വിശ്വാസം.

തീര്‍ച്ചയായും ഫലസ്തീനികളാണ് വിലയൊടുക്കിയത്. അവര്‍ ഇന്നും വില നില്‍കികൊണ്ടിരിക്കുന്നു. അടുത്തിടെ ദി ന്യൂയോര്‍ക്ക് ടൈംസില്‍ ഒരു ഫലസ്തീന്‍ വിദ്യാര്‍ത്ഥി എഴുതുകയുണ്ടായി, അവന്റെ ‘ബന്ധുക്കള്‍ അന്യായമാണ് അവരുടെ വീടുകളില്‍ നിന്നും പുറത്താക്കപ്പെട്ടത്, ഇസ്രായേല്‍ ഗവണ്‍മെന്റിന്റെ നയങ്ങള്‍ കാരണം അന്യായമായി തന്നെയാണ് ഇന്നും ഫലസ്തീനില്‍ അവരുടെ മണ്ണില്‍ പിഴുത് മാറ്റപ്പെടുന്നത്.’

ഫലസ്തീനികളെ സംബന്ധിച്ചിടത്തോളം, കൈയ്യേറ്റം, കവര്‍ച്ച, നാടുകടത്തല്‍, കോളനിവല്‍ക്കരണം, വര്‍ണ്ണവിവേചനം, വംശവിവേചനം തുടങ്ങിയ അര്‍ത്ഥങ്ങളാണ് സയണിസം എന്ന വാക്കിനുള്ളത്. സമകാലിക ചര്‍ച്ചകളില്‍ കണ്ടു വരുന്ന ഈ വസ്തുതകളുടെ അഭാവമാണ് ഫലസ്തീനികളെ അതിക്രൂമായി ‘അപ്രത്യക്ഷരാക്കുന്നത്’. ഒരു ഇസ്രായേലി ചരിത്രകാരന്റെ വാക്കുകളില്‍ പറഞ്ഞാല്‍ ‘എപ്പോഴും സയണിസ്റ്റ് സ്വപ്‌നത്തിന്റെ ഹൃദയത്തില്‍ ആയിരിക്കുക, അതിന്റെ യാഥാര്‍ത്ഥ്യവല്‍ക്കരണത്തിന് അതൊരു നിര്‍ബന്ധ ഉപാധിയാണ്.’

വിവ: ഇര്‍ഷാദ് കാളാച്ചാല്‍

Related Articles