Current Date

Search
Close this search box.
Search
Close this search box.

ഇറോം ശര്‍മിള അവര്‍ക്കൊരു ഭീഷണിയേയല്ല

Irom-Sharmila.jpg

ഇക്കഴിഞ്ഞ മാര്‍ച്ച് 14-ന് മണിപൂരി മനുഷ്യാവകാശ പ്രവര്‍ത്തക ഇറോം ശാര്‍മിളക്ക് 44 വയസ്സ് പൂര്‍ത്തിയായി. ജീവിതത്തിന്റെ മൂന്നിലൊരുഭാഗവും ഇംഫാലിലെ ജവഹര്‍ലാല്‍ നെഹ്‌റു ഹോസ്പിറ്റലിലെ കട്ടിലിലായിരുന്നു അവര്‍ ചെലവഴിച്ചത്. അതാണ് കഴിഞ്ഞ 16 വര്‍ഷമായി അവരുടെ വീട്.

ഇംഫാല്‍ വിമാനത്താവളത്തിന് സമീപത്തുള്ള മാലോമില്‍ ഒരു ബസ്സ്‌റ്റോപ്പില്‍ ബസ്സ് കാത്തുനില്‍ക്കുകയായിരുന്ന 10 സിവിലിയന്‍മാരെ ഒരു കാരണവുമില്ലാതെ ആസാം റൈഫിള്‍സ് വെടിവെച്ച് കൊന്നതിനെതിരെ പ്രതിഷേധിച്ചു കൊണ്ടാണ് 2000-മാണ്ട് നവംബറില്‍ ഇറോം ശാര്‍മിള നിരാഹാര സമരം ആരംഭിച്ചത്. സൈനികര്‍ക്ക് അമിതാധികാരം നല്‍കുന്ന, മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ‘ആരെയും വെടിവെച്ച് കൊല്ലാനുള്ള അവകാശം’ നല്‍കുന്ന അഫ്‌സ്പ എന്ന ഭീകരനിയമം പിന്‍വലിക്കണമെന്നാണ് ശര്‍മിളയുടെ പ്രധാന ആവശ്യം.

അന്ന് മുതല്‍ക്ക് ഓരോ വര്‍ഷവും, ഐ.പി.സി 309-ാം വകുപ്പ് പ്രകാരം ആത്മഹത്യാശ്രമത്തിന് ശര്‍മിളയുടെ മേല്‍ കുറ്റം ചാര്‍ത്തുന്നുണ്ട്, ആ വകുപ്പ് അനുസരിച്ചുള്ള പരമാവധി ജയില്‍ ശിക്ഷയായ 365 ദിവസം അവരെ ജയിലില്‍ പാര്‍പ്പിക്കും, അതിന് ശേഷം മോചിപ്പിക്കും, രണ്ട് ദിവസം കഴിഞ്ഞതിന് ശേഷം അതേ കുറ്റം തന്നെ ചാര്‍ത്തി വീണ്ടും ജയിലില്‍ തന്നെ കൊണ്ടിടും. വളരെയധികം കാര്യക്ഷമതയോടെ അരങ്ങേറി കൊണ്ടിരിക്കുന്ന ഒരു ചാക്രികമായ നിയമനടപടിയാണിത്. ആദ്യമായി അറസ്റ്റ് ചെയ്യപ്പെട്ടത് മുതല്‍ക്ക് 4776 ദിവസം ഇറോം ശര്‍മിളക്ക് ജയിലില്‍ കിടക്കേണ്ടി വന്നിട്ടുണ്ട് എന്നാണ് 2014 മെയ് 28-ലെ, മണിപ്പൂര്‍ സെന്‍ട്രല്‍ ജയിലിലെ ഔദ്യോഗിക രേഖകള്‍ വ്യക്തമാക്കുന്നത്.

രണ്ടാഴ്ച്ച മുമ്പ്, ഇംഫാല്‍ വെസ്റ്റിലെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്, വിധി പറഞ്ഞത് എന്തെന്നാല്‍, ‘ഐ.പി.സി 309-ാം വകുപ്പ് പ്രകാരമുള്ള ആത്മഹത്യശ്രമം തെളിയിക്കുന്ന അനിവാര്യ ഘടകങ്ങളൊന്നും തന്നെ കേസില്‍ ആരോപണവിധേയയായ വ്യക്തിക്കെതിരെ (ഇറോം ശാര്‍മിള) തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല’ എന്നാണ്. എന്നാല്‍ കോടതി ഉത്തരവ് വന്ന് 48 മണിക്കൂറിന് ശേഷം ഇറോം ശാര്‍മിളി വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ടു. അവര്‍ക്കെതിരെ ഒരു പുതിയ എഫ്.ഐ.ആര്‍ എഴുതപ്പെട്ടു, 309-ാം വകുപ്പ് തന്നെയാണ് ഇത്തവണയും ഉപയോഗിച്ചത്. മോചിപ്പിക്കപ്പെട്ടതിന് ശേഷമുള്ള രണ്ട് ദിവസങ്ങളില്‍ അവരെ പരിശോധിച്ച ഒരു ഗവണ്‍മെന്റ് ഡോക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞത് ‘അവരുടെ (ശാര്‍മിള) ശരീരത്തിലെ ജലാംശം വളരെയധികം കുറഞ്ഞിട്ടുണ്ട്,’ എന്നാണ്. ചിലപ്പോള്‍ അവരുടെ ശാരീരികാരോഗ്യം പരിഗണിച്ചു കൊണ്ടായിരിക്കാം അവരെ പെട്ടെന്ന് തന്നെ അറസ്റ്റ് ചെയ്യുന്നത്.

തനിക്കെതിരെയുള്ള ‘ആത്മഹത്യ ശ്രമ’കേസിന് എതിരെ ഹരജി നല്‍കാന്‍ ശര്‍മിള ഒരുക്കമല്ല. തന്റെ നിരാഹാരം തികച്ചും വ്യക്തിപരമായ അഹിംസയില്‍ അധിഷ്ഠിതമായ സമാധാനപരമായ രാഷ്ട്രീയ പ്രതിഷേധമാണെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് അവര്‍. അതുകൊണ്ടു തന്നെ അത് തുടരുക തന്നെ ചെയ്യും. ഈ പ്രക്രിയയില്‍ നിയമത്തിന്റെ വകുപ്പുകളെ അവര്‍ നിരന്തരം വെല്ലുവിളിക്കുകയുണ്ടായി, ഇന്ന് ആ നിയമങ്ങള്‍ക്ക് അവരെ ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്.

ശാര്‍മിളക്ക് മേല്‍ 309-ാം വകുപ്പ് ചാര്‍ത്തിയിട്ടില്ലെങ്കിലും ശരി, കാര്യങ്ങള്‍ക്ക് യാതൊരു മാറ്റവും ഉണ്ടാവാന്‍ പോകുന്നില്ല. ജീവിതകാലം മുഴുവന്‍ മൂക്കിലൂടെ കുഴലിട്ട് കിടന്നാലും ശരി, ശാര്‍മിളയുടെ ജീവന്‍ കാത്തുരക്ഷിക്കുക എന്നത് തങ്ങളുടെ ധാര്‍മിക ബാധ്യതയായിട്ടാണ് മണിപ്പൂര്‍ സര്‍ക്കാര്‍ കാണുന്നത്.

ശര്‍മിളയോട് സര്‍ക്കാര്‍ അനുവര്‍ത്തിക്കുന്ന മോചിപ്പിക്കുക-അറസ്റ്റ് ചെയ്യുക-വീണ്ടും മോചിപ്പിക്കുക-അറസ്റ്റ് ചെയ്യുക എന്ന നയത്തോട് പ്രതികരിച്ചു കൊണ്ട് സൗത്ത് ഏഷ്യ ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ച് ഡയറക്ടര്‍ മീനാക്ഷി ഗാംഗുലി പറയുകയുണ്ടായി, ‘ഇറോം ശര്‍മിളയുടെ ആവശ്യം തികച്ചും സാധാരണമാണ്. അവരുടെ ജീവന്‍ സംരക്ഷിക്കേണ്ടത് സര്‍ക്കാറിന്റെ ഉത്തരവാദിത്തമാണ്. അവരെ ഇങ്ങനെ അറസ്റ്റ് ചെയ്യുന്നതിന് പകരം അവര്‍ ഉന്നയിക്കുന്ന ആവശ്യങ്ങളെ അഭിസംബോധന ചെയ്യാന്‍ ശ്രമിക്കുകയും അവരോട് സംവദിക്കുകയുമാണ് ചെയ്യേണ്ടത്. ശാര്‍മിള ആത്മഹത്യ ചെയ്യാനൊന്നും ശ്രമിക്കുന്നില്ല. അഫ്‌സ്പ എന്ന ഭീകരനിയമം പിന്‍വലിക്കണമെന്നാണ് അവര്‍ പറയുന്നത്. ഇതൊരു അസാധാരണമായ ആവശ്യമൊന്നുമല്ല. ഈ നിയമം നടപ്പിലുള്ള ജമ്മുകാശ്മീരിലും, നോര്‍ത്ത് ഈസ്റ്റിലും അതിനെതിരെ ശബ്ദമുയരുന്നുണ്ട്. അഫ്‌സ്പ അതിഭീകരമായ ഒരു ചൂഷണ നിയമമാണെമന്നും, അത് പിന്‍വലിക്കേണ്ടത് അനിവാര്യമാണെന്നും വിവിധ സര്‍ക്കാര്‍ കമ്മീഷനുകളും, മനുഷ്യാവകാശ സംഘടനകളും, പ്രവര്‍ത്തകരും, നിയമവിദഗ്ദരും, ഐക്യരാഷ്ട്രസഭാ വക്താക്കളും പറഞ്ഞ് കഴിഞ്ഞു.’

ശാര്‍മിള തന്റെ ശബ്ദം എല്ലാവരെയും കേള്‍പ്പിക്കാന്‍ മാത്രമാണ് ശ്രമിക്കുന്നതെന്ന പരാമര്‍ശം കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ മണിപ്പൂരിലെ കോടതികളില്‍ നിന്ന് രണ്ട് തവണ കേള്‍ക്കാനിടയായി. തന്റെ വിധി പ്രഖ്യാപനത്തില്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് പറയുകയുണ്ടായി: ‘ആരോപണവിധേയയായ വ്യക്തി (ഇറോം ശാര്‍മിള) സ്വയം കൊല്ലാനോ നശിപ്പിക്കാനോ അല്ല ശ്രമിക്കുന്നത്. മറിച്ച് തന്റെ ശബ്ദവും ആവശ്യങ്ങളും എല്ലാവരും കേള്‍ക്കാനും അവ സഫലീകരിക്കാനും വേണ്ടി എല്ലാ ബുദ്ധിമുട്ടുകളും ക്ലേശങ്ങളും സ്വയം സഹിക്കുകയാണ് അവര്‍ ചെയ്യുന്നത്.’ 2014 ആഗസ്റ്റില്‍ സമാനമായ വിധി ഇംഫാല്‍ സെഷന്‍സ് കോടതിയും പുറപ്പെടുവിച്ചിരുന്നു. ആ സമയത്ത്, ശാര്‍മിള മോചിപ്പിക്കപ്പെട്ടിരുന്നു. തന്റെ സമര ജീവിതത്തിനിടയിലെ ആദ്യത്തെ പത്രസമ്മേളനം അന്നാണ് അവര്‍ നടത്തിയത്. ‘ജീവിതത്തെ കുറിച്ചും, നാവ് കടിച്ച് മുറിച്ച് വിഴുങ്ങിയതിനെ കുറിച്ചും’ എല്ലാം അന്നവര്‍ സംസാരിച്ചു. രണ്ട് ദിവസത്തിന് ശേഷം ചാക്രികമായ നിയമനടപടി വീണ്ടും ആവര്‍ത്തിച്ചു. അവര്‍ക്ക് വേണ്ടി ഒത്തുകൂടിയിരുന്ന സ്ത്രീകളുടെ ആ കൂട്ടത്തിനിടയില്‍ കൂടി ശാര്‍മിളയെ അവര്‍ വീണ്ടും അറസ്റ്റ് ചെയ്തു കൊണ്ടുപോയി. നിരാലംബരായ ആ സ്ത്രീകള്‍ പൊരുതി നോക്കി, ചിലര്‍ പോലിസ് വാനിന് നേരെ കല്ലെറിഞ്ഞു. ശാര്‍മിളയും കുറേ ഒച്ചയിട്ട് നോക്കി. പക്ഷെ ആ ബഹളങ്ങള്‍ക്കിടയിലൂടെ അവര്‍ ശാര്‍മിളയെ കൊണ്ടുപോവുക തന്നെ ചെയ്തു. ശര്‍മിളയുടെ ചെറിയ രീതിയിലെങ്കിലും ആശയവിനിമയം നടത്താനുള്ള ആ അവസരവും അങ്ങനെ അടഞ്ഞു പോയി. തൊട്ടടുത്ത ദിവസം തന്നെ സന്ദര്‍ശിച്ച മാധ്യമപ്രവര്‍ത്തകരോട് മണിപ്പൂര്‍ ഉപമുഖ്യമന്ത്രി ഗൈഖന്‍ഗാം ഗാംമെയ് പറഞ്ഞ്, ‘നമുക്കെന്താണ് ചെയ്യാന്‍ കഴിയുക, അവരെ മരിക്കാന്‍ അനുവദിക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ല. ഇങ്ങനെയൊക്കെയാണ് അവരുടെ ജീവിതം.’ എന്നാണ്. ഒരു സംവാദം, ഒരു സംസാരം, ഒരു കുറിപ്പ്, മന്ത്രിസഭയില്‍ വിഷയം ഉന്നയിക്കല്‍, ഒരു രാഷ്ട്രീയ ഇടപെടല്‍ ഇങ്ങനെയുള്ള ഒന്നും തന്നെ മന്ത്രിയുടെ തലയില്‍ ഇതുവരെ ഉദിച്ചിട്ടില്ല.

ശാര്‍മിളക്ക് ഭക്ഷണം നല്‍കാന്‍ ബലംപ്രയോഗിച്ച് അവരുടെ നാസാദ്വാരം വഴിയിട്ടിട്ടുളള കുഴലും അവരുടെ നിരാഹാര സമരവും ഒരു വലിയ വിരോധാഭാസം തന്നെയാണ്. ഗവണ്‍മെന്റിന് പ്രത്യേകിച്ച് എന്തെങ്കിലും ചെയ്യാനില്ലാത്ത ഒരു സ്ഥിതിവിശേഷമാണ് ഇപ്പോഴുള്ളത്. 309-ാം വകുപ്പിന് പുറമേ മറ്റൊരു വകുപ്പിനെ കുറിച്ച് ഗവണ്‍മെന്റിന് ചിന്തിക്കുക പോലും വേണ്ട. ശാര്‍മിള ഗവണ്‍മെന്റിനെ സംബന്ധിച്ചിടത്തോളം ഒരു ഭീഷണിയേയല്ല. കാരണം അവര്‍ മരിക്കാതെ നോക്കാനുള്ള എല്ലാ ഏര്‍പ്പാടുകളും ഗവണ്‍മെന്റ് ചെയ്തിട്ടുണ്ട്. അതുകൊണ്ട് അവര്‍ ജീവിക്കുന്നുണ്ട്, അതു തന്നെ ധാരാളം.

ശര്‍മിളയുടെ കാര്യത്തില്‍ ആത്മഹത്യക്കും രാഷ്ട്രീയ പ്രതിഷേധത്തിനും ഇടയിലുള്ള അതിര്‍ത്തി ചിലസമയങ്ങളില്‍ മങ്ങും. ഒരു ജീവന്‍രക്ഷാ മാര്‍ഗമെന്ന നിലയില്‍ നിയമവിധേയമായ ‘നിര്‍ബന്ധിച്ച് ഭക്ഷിപ്പിക്കല്‍’ ആണ് കഴിഞ്ഞ 16 വര്‍ഷമായി ശാര്‍മിളയുടെ പോരാട്ടത്തിന്റെ മുനയൊടിച്ചത്. അത് അവരെ കാഴ്ച്ചബംഗ്ലാവിലെ ഒരു കാഴ്ച്ചവസ്തുവാക്കി തീര്‍ത്തു. അവര്‍ ജീവനോടെ ഇരിക്കുന്നുണ്ടെന്ന് മാത്രം.

‘എന്റെ ലക്ഷ്യം നേടുന്നത് വരേക്കും ഞാന്‍ ഒന്നും കഴിക്കില്ല,’ അടുത്തിടെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ ശാര്‍മിള പറഞ്ഞതാണിത്. നാസാദ്വാരത്തിലൂടെ കുഴല്‍ ഇട്ടിരിക്കുന്ന കാലത്തോളം ചിലര്‍ അവരുടെ വാക്കുകള്‍ക്ക് യാതൊരു പ്രധാന്യവും നല്‍കാന്‍ പോകുന്നില്ല.

(‘Mother, Where’s My Country?: Looking for light in the darkness of Manipur’ എന്ന കൃതിയുടെ കര്‍ത്താവാണ് ലേഖിക.)

വിവ: ഇര്‍ഷാദ് കാളാച്ചാല്‍

Related Articles