ഇന്ത്യയിലെ ഹിന്ദുത്വ വലതുപക്ഷം ലോകവ്യാപകമായി തങ്ങളുടെ കാഴ്ചപ്പാടിന് വേണ്ടി വളരെ കാലമായി പ്രവര്‍ത്തിക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാര്‍ട്ടി, ബി.ജെ.പിയുടെ അന്താരാഷ്ട്ര ശാഖയാണിതിന് സഹായമൊരുക്കുന്നത്. വിശ്വ ഹിന്ദു പരിഷത്ത് അല്ലെങ്കില്‍ വേള്‍ഡ് ഹിന്ദു കൗണ്‍സില്‍ (World Hindu Council) പോലെയുള്ള സഖ്യകക്ഷികളാണത്. ഹിന്ദുത്വ രാഷ്ട്രീയ തത്വചിന്ത ഇന്ത്യക്ക് പുറത്തുള്ള നഗരങ്ങളില്‍ അക്രമാസക്ത വഴിയിലൂടെ പ്രചരിപ്പിക്കുകയെന്ന ഹിന്ദുത്വയുടെ സ്വപ്‌ന സാക്ഷാത്ക്കാരമാണ് യു.കെയിലെ ലെസ്റ്ററില്‍ അടുത്തിടെയുണ്ടായ സംഭവം അടയാളപ്പെടുത്തുന്നത്. സെപ്റ്റംബര്‍ 17ന്, ഹിന്ദുത്വ കാഴ്ചപ്പാട് വെച്ചുപുലര്‍ത്തുന്ന യുവാക്കള്‍ ലെസ്റ്ററിലെ തെരുവുകളിലൂടെ ‘ജയ് ശ്രീറാം’ വിളിച്ച് മാര്‍ച്ച് നടത്തുകയും മുസ്‌ലിംകളെ ആക്രമിക്കുകയും ചെയ്തു. മെയ് മാസത്തില്‍, ഹിന്ദുത്വ ആള്‍ക്കൂട്ടത്തിന്റെ ആക്രമണത്തെ തുടര്‍ന്ന് മുസ്‌ലിം ചെറുപ്പക്കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നു. ആഗസ്റ്റ് മാസത്തില്‍, പാക്കിസ്ഥാനെതിരായ ക്രിക്കറ്റ് മത്സരത്തില്‍ ഇന്ത്യ വിജയിച്ചതിനെ തുടര്‍ന്ന് ഹിന്ദുത്വ ആള്‍ക്കൂട്ടം, ‘പാക്കിസ്ഥാന്റെ മരണം’ എന്ന മുദ്രവാക്യം വിളിച്ച് സിഖുകാരുനെ ഉപദ്രവിച്ചു. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള മറ്റൊരു ക്രിക്കറ്റ് മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടപ്പോഴും സമാനമായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹിന്ദുത്വ സൃഷ്ടിക്കുന്ന അസ്വസ്ഥതകള്‍ ലോകത്ത് വ്യാപിച്ചുകൊണ്ടിരക്കുകയാണ്.
യു.കെയില്‍, ഹിന്ദുത്വ ദേശീയവാദികളും കണ്‍സര്‍വേറ്റീവ് പാര്‍ട്ടികളും തമ്മിലുള്ള സഹകരണത്തിന് ദീര്‍ഘകാലത്തെ ചരിത്രമുണ്ട്. 2016ലെ ലണ്ടന്‍ മേയര്‍ തെരഞ്ഞെടുപ്പ് സമയത്ത്, കണ്‍സര്‍വേറ്റീവ് സ്ഥാനാര്‍ഥി സാക് ഗോള്‍ഡ്‌സ്മിത്ത് തന്റെ മുസ്‌ലിം എതിരാളിയായ ലേബര്‍ പാര്‍ട്ടിയുടെ സാദിഖ് ഖാനെ പരാജയപ്പെടുത്തുന്നതിന് ഹിന്ദുക്കള്‍ക്കും സിഖുകാര്‍ക്കും മുസ്‌ലിം വിരുദ്ധ സാഹിത്യങ്ങള്‍ വിതരണം ചെയ്തിരുന്നു. 2019ലെ പൊതു തെരഞ്ഞെടുപ്പിന് തലേന്ന്, യു.കെയിലെ ഹിന്ദുത്വ ദേശീയ ഗ്രൂപ്പുകള്‍ കണ്‍സര്‍വേറ്റീവ് സ്ഥാനിര്‍ഥിക്ക് വേണ്ടി സജീവമായി പ്രചാരണം നടത്തിയിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇന്ത്യന്‍ അധീനതയിലുള്ള കശ്മീരില്‍ മോദി ഭരണകൂടം നടത്തിയ 2019ലെ അടിച്ചമര്‍ത്തലിനെ ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്‍ വിമര്‍ശിച്ചിരുന്നു. ഇതിനെതിരെയാണ് ഹിന്ദുത്വര്‍ യു.കെയില്‍ പ്രചാരണം നടത്തിയത്. ഇത്തരത്തിലുള്ള ഗ്രൂപ്പുകള്‍ക്ക് ബി.ജെ.പിയുമായി നേരിട്ട് ബന്ധമുണ്ട്. അന്താരാഷ്ട്ര തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനുള്ള ശ്രമങ്ങള്‍ ഈ ഗ്രൂപ്പുകള്‍ നടത്തുന്നുമുണ്ട്. ഇത് യു.കെയില്‍ മാത്രമല്ല. ഹിന്ദുത്വ ദേശീയതയുടെ വിപത്ത് ലോകം മൊത്തം ബാധിക്കുന്ന പ്രശ്‌നമായിരിക്കുന്നു.
യു.കെയിലെ പോലെ, ഹിന്ദുത്വ ദേശീയവാദികള്‍ യു.എസിലും വലതുപക്ഷ ഇസ്‌ലാമോഫോബിക് സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി സജീവമായി പ്രചാരണം നടത്തിയിരുന്നു. 2016ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി അമേരിക്കന്‍ ഹിന്ദുക്കളെ അണിനിരത്താന്‍ ഹിന്ദുത്വ ഗ്രൂപ്പുകള്‍ മുഴുവനും രംഗത്തിറങ്ങിയിരുന്നു. മോദിയുമായി അടുത്ത ബന്ധമുള്ള, ചിക്കാഗോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വ്യവസായി ശലബ് കുമാറാണ് 2015ല്‍ ഇന്ത്യന്‍ അമേരിക്കന്‍ ലോബിയായ ആര്‍.എച്ച്.സി (Republican Hindu Coalition) രൂപീകരിക്കുന്നത്. യു.എസ് മുന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ പ്രചാരണത്തിനിറങ്ങിയത് ആര്‍.എച്ച്.സി അംഗങ്ങളായിരുന്നു. പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ ആര്‍.എച്ച്.സി ട്രംപിനെ പിന്തുണച്ചു. ‘ഇന്ത്യക്കാര്‍ക്കും ഹിന്ദു സമൂഹത്തിനും വൈറ്റ് ഹൗസില്‍ നല്ല സുഹൃത്തുണ്ടായിരിക്കും’ എന്ന് വോട്ടെടുപ്പിന് മുമ്പ് ഒരു പരിപാടിയില്‍ ട്രംപ് വ്യക്തമാക്കി. മോദിയെ ‘നല്ല മനുഷ്യനെ’ന്ന് ട്രംപ് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു.
2020ലെ യു.എസ് പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി മോദി ട്രംപിന്റെ പ്രചാരകനായി പ്രത്യക്ഷപ്പെട്ടു. ഡൊണള്‍ഡ് ട്രംപിനൊപ്പം രണ്ട് സംയുക്ത റാലികള്‍ -ഒന്ന് ഇന്ത്യയിലെ അഹ്‌മദാബാദിലാണെങ്കില്‍ രണ്ടാമത്തേത് ടെക്‌സസിലെ ഹ്യൂസ്റ്റണില്‍- നടത്തി. ഇക്കഴിഞ്ഞ ആഗസ്റ്റില്‍, ന്യജേഴ്‌സിയിലെ എഡിസണിലെ ഇന്ത്യന്‍ സ്വാതന്ത്ര്യദിന പരേഡില്‍ പ്രത്യക്ഷപ്പെട്ട മോദിയുടെയുടെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും പോസ്റ്ററുകളില്‍ ബുള്‍ഡോസറുകളും ഉണ്ടായിരുന്നു. ഇന്ത്യയിലെ മുസ്‌ലിം ആക്ടിവിസ്റ്റുകളുടെ വീടുകള്‍ പ്രാദേശിക സര്‍ക്കാര്‍ പൊളിക്കുന്നത് പരസ്യമായി ആഘോഷിക്കുകയായിരുന്നു. വിമര്‍ശനത്തെ തുടര്‍ന്ന് സംഘാടകരായ ഇന്ത്യന്‍ ബിസിനസ് അസോസിയേഷന്‍ സംഭവത്തില്‍ ക്ഷമാപണം നടത്തി.
കാനഡയിലും ഹിന്ദുത്വ ദേശീയവാദികള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നുണ്ട്. കഴിഞ്ഞ ഡിസംബറില്‍, സിഖ് വിരുദ്ധ മുദ്രവാക്യങ്ങളും ഹിന്ദുത്വ സ്വസ്തികയും സിഖ് വിദ്യാലയത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇന്ത്യയിലെ മോദി സര്‍ക്കാറിനെ വിമര്‍ശിച്ചതിന്റെ പേരില്‍ വിവിധയിടങ്ങളില്‍ കനേഡിയന്‍ അക്കാഡമീഷ്യന്മാര്‍ പീഡനങ്ങള്‍ക്കിരയായി. ഹിന്ദുത്വ അനുയായികളില്‍ നിന്ന് ബലാത്സംഗ ഭീഷണിയും നേരിട്ടു. ജൂണില്‍, മുസ്‌ലിംകളെയും സിഖുകാരെയും വംശഹത്യ നടത്തണമെന്ന് കനേഡിയന്‍ ഹിന്ദുത്വ ദേശീയവാദി റോണ്‍ ബാനര്‍ജി പരസ്യമായി ആഹ്വാനം ചെയ്തു. ‘മോദിയുടെ പ്രവര്‍ത്തനങ്ങള്‍ മഹനീയമാണെ’ന്നാണ് ബാനര്‍ജിയുടെ നിരീക്ഷണം. ‘ഇന്ത്യന്‍ റിപ്പബ്ലിക്കില്‍ മുസ്‌ലിംകളെയും സിഖുകാരെയും കൊല്ലുന്നതിനെ ഞാന്‍ പിന്തുണക്കുന്നു. കാരണം അവര്‍ മരിക്കേണ്ടിവരാണ്’ -ബാനര്‍ജി യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
മുസ്‌ലിംകള്‍ക്കും സിഖുകാര്‍ക്കുമെതിരെ ഹിന്ദുത്വയുടെ വിദ്വേഷ കുറ്റകൃത്യങ്ങള്‍ ഓസ്‌ട്രേലിയയലും വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. സിഖുകാര്‍ക്കെതിരെ രാജ്യത്ത് തുടര്‍ച്ചയായി ആക്രമണം നടത്തിയ വിഷാല്‍ സൂദിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ശിക്ഷിക്കുകയും വിസ കാലാവധി കഴിഞ്ഞതിനാല്‍ നാടുകടത്തുകയും ചെയ്തിരുന്നു. എന്നാല്‍, ഇന്ത്യയിലെത്തിയ അദ്ദേഹത്തിന് നായക പരിവേഷമാണ് ലഭിച്ചത്. മോദിയെയും ഹിന്ദുത്വ ദേശീയ നയങ്ങളെയും വിമര്‍ശിക്കുന്നവരെ നിശ്ശബ്ദരാക്കനുള്ള ശ്രമങ്ങള്‍ ഓസ്‌ട്രേലിയയിലും ഇന്ത്യന്‍ അധികൃതര്‍ നടത്തികൊണ്ടിരിക്കുന്നു. ഇന്ത്യന്‍ ഹൈകമ്മീഷനില്‍ നിന്നുള്ള ഇടപെടലും ഗവേഷണങ്ങള്‍ സെന്‍സര്‍ ചെയ്യാനുള്ള ശ്രമവും ചൂണ്ടിക്കാട്ടി മെല്‍ബണ്‍ സര്‍വകലാശാലയിലെ ഓസ്‌ട്രേലിയ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് പതിമൂന്ന് ആക്കാദിമിക് ഫെലോകളാണ് രാജിവെച്ചത്. ഇതെല്ലാം ഇന്ത്യയുടെ മുഖച്ഛായക്ക് മങ്ങലേല്‍പ്പിക്കുന്നതാണ്.
ആഗോളതലത്തില്‍ ഹിന്ദുത്വ ദേശീയതയുടെ ഉയര്‍ച്ചക്ക് മോദിയുടെ ഉദയവുമായി നല്ല ബന്ധമുണ്ട്. 2014ല്‍ നരേന്ദ്ര മോദി പ്രധാനമന്ത്രിയായതിന് ശേഷം, മുസ്‌ലിം അഭയാര്‍ഥികാളോട് വിവേചനം കാണിക്കുന്ന വിവാദമായ പൗരത്വ ഭേദഗതി കൊണ്ടുവന്നു. ജമ്മുകശ്മീരിന് ഭരണഘടനാപരമായി നല്‍കപ്പെട്ടിരുന്ന സ്വയംഭരണം റദ്ദാക്കി. 1992ല്‍ ഹിന്ദുത്വ ഭീകരവാദികള്‍ തകര്‍ത്ത ചരിത്രപ്രസിദ്ധമായ മസ്ജിദിന്റെ സ്ഥാനത്ത് ക്ഷേത്രം നിര്‍മിച്ചു. പ്രതിപക്ഷ നേതാക്കളും അക്ടിവിസ്റ്റുകളും ഉയര്‍ത്തുന്ന വിമര്‍ശനങ്ങള്‍ക്കിടയിലാണ് രാജ്യത്ത് ഇതെല്ലാം നടന്നത്. ഹിന്ദുത്വയുടെ വാഗ്ദാനങ്ങള്‍ രാജ്യത്ത് നിറവേറ്റുന്നതില്‍ മോദിയുടെ വിജയം, അദ്ദേഹത്തിന്റെ അനുയായികളെ അന്താരാഷ്ട്ര തലത്തില്‍ വര്‍ഗീയ അഭിമാനബോധമുള്ളവരാക്കി. മോദിയെ അംഗീകരിക്കുന്ന ലോക നേതാക്കളും ഇതില്‍ കുറ്റക്കാരാണ്. യു.എസ് മുന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവും ബ്രസീലിയന്‍ പ്രസിഡന്റ് ജെയിര്‍ ബോള്‍സനാരോയും വിവിധ വലതുപക്ഷ രാഷ്ട്രീയക്കാരുമെല്ലാം തങ്ങളെ മോദിയുടെ ‘സുഹൃത്തുക്കളെ’ന്നാണ് വിശേഷിപ്പിച്ചത്. പ്രത്യേകിച്ച് വ്യക്തമായ വലതുപക്ഷ അജണ്ടയില്ലാത്ത പാശ്ചാത്യ നേതാക്കള്‍ പോലും മോദി സര്‍ക്കാറിന്റെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് നേരെ കണ്ണടച്ച് ഇന്ത്യയുമായി സാമ്പത്തികവും നയതന്ത്രപരവുമായ ബന്ധം സ്ഥാപിക്കാനും ശക്തിപ്പെടുത്താനുമാണ് താല്‍പര്യപ്പെടുന്നത്.
അവലംബം: aljazeera.com
വിവ: അര്‍ശദ് കാരക്കാട്
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj