Current Date

Search
Close this search box.
Search
Close this search box.

സ്മാര്‍ട്ട് ഫോണ്‍ കാലത്തെ തീര്‍ഥയാത്രകള്‍

selfie-haj.jpg

മുമ്പ് ഹറമുകളില്‍ ‘ഫോട്ടോഗ്രഫി അനുവദനീയമല്ല’ എന്ന ഒരു ബോര്‍ഡ് കാണാമായിരുന്നു. ബാഗുമായി എത്തുന്നവരെ ഗേറ്റില്‍ വലിയ കസേരകളിട്ടു കാത്തിരിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞു നിര്‍ത്തി ബാഗ് പരിശോധിച്ചു കാമറയുണ്ടെങ്കില്‍ വാങ്ങി വെക്കുന്നതും പതിവു കാഴ്ചയായിരുന്നു. ഇന്നത്തെപ്പോലെ ജനബാഹുല്യവും കാമറയുമായി നടക്കുന്ന ഫോടോഗ്രാഫര്‍മാരുടെ എണ്ണവും അക്കാലത്ത് പരിമിതമായിരുന്നതിനാല്‍ അത് പ്രായോഗികവും ആയിരുന്നു. ഇന്നിപ്പോള്‍ സ്മാര്‍ട്ട് ഫോണിന്റെ കാലമാണല്ലോ. എല്ലാവരുടെയും കൈയ്യില്‍ കാമറ സൗകര്യമുള്ള ഒരു ഫോണെങ്കിലും കാണും. ദിവസവും ലക്ഷക്കണക്കിന് ഫോണ്‍ വാങ്ങി വെക്കുന്നതും തിരികെ കൊടുക്കുന്നതും പ്രായോഗികമല്ലാത്തതിനാല്‍ അധികൃതര്‍ ആ നിയമം മാറ്റി. അല്ലാതെ അടുത്ത കാലത്ത് ഫോട്ടോഗ്രഫി അനുവദിച്ചു കൊണ്ട് വഹ്‌യ് ഇറങ്ങിയത് കൊണ്ടൊന്നുമല്ല. പക്ഷെ, ഈ സ്വാതന്ത്ര്യം ആളുകള്‍ ദുരുപയോഗം ചെയ്യുന്നതു കാണുമ്പോള്‍ ഇക്കാലത്ത് ഇതിനെതിരെ ഒരു വഹ്‌യ് ഇറങ്ങിയിരുന്നെങ്കില്‍ എന്ന് ആരും ആഗ്രഹിച്ചു പോവും. മറ്റുള്ളവര്‍ക്ക് അത്രമാത്രം ശല്യവും, അലോസരവും, അസഹനീയവും ആയിരിക്കുന്നു സെല്‍ഫി കമ്പക്കാരുടെ വിക്രിയകള്‍.

തുര്‍ക്കിയില്‍നിന്ന് വന്ന ഒരു വലിയ ഗ്രൂപിന് പ്രാര്‍ഥന ചൊല്ലിക്കൊടുത്തു നയിക്കുന്ന അമീറിന്റെ മുന്നില്‍ നടന്നു ഒരാള്‍ നീണ്ട സെല്‍ഫി സ്റ്റിക് ഉയര്‍ത്തിപിടിച്ചു അവരുടെ ഉംറ മുഴുവന്‍ വീഡിയോയില്‍ പകര്‍ത്തുന്നത് കണ്ടപ്പോള്‍ അറിയാതെ തലയില്‍ കൈ വെച്ചുപോയി. സഫാ-മര്‍വക്കിടയില്‍ വെച്ചാണ് ആ കാഴ്ച കണ്ടത്. മത്വാഫിലും അവസ്ഥ ഭേദമല്ല. കഅബയുടെ പശ്ചാത്തലത്തില്‍ സെല്‍ഫി എടുക്കുന്നവരും, കൂടെ വന്നവരെ നിരത്തി നിര്‍ത്തി ഫോടോ എടുക്കുന്നവരും, ത്വവാഫ് മുഴുവന്‍ വീഡിയോയില്‍ പകര്‍ത്തുന്നവരും, സ്‌കൈപിലൂടെ് തത്സമയം നാട്ടിലുള്ളവരുമായി കര്‍മങ്ങള്‍ പങ്കു വെക്കുന്നവരുമായ തീര്‍ഥാടകരില്‍ എല്ലാ രാജ്യക്കാരും ഉണ്ട്. ത്വവാഫിന്റെ ശര്‍ത്വും ഫര്‍ദുമൊന്നും ഇവര്‍ നോക്കി ചൊല്ലിക്കൊണ്ടു നടക്കുന്ന കൊച്ചു പ്രാര്‍ത്ഥനാപുസ്തകങ്ങളില്‍ ഇല്ലേ ആവോ? ഉംറയുടെ കച്ചവടം ഏജന്‍സികള്‍ക്ക് സൗദി ഭരണകൂടം ലേലം വിളിച്ചു കൊടുക്കുന്ന ഇക്കാലത്തു ഇവരെ കൊണ്ടുവരുന്ന ഏജന്റുമാരും അവരെ നയിക്കുന്ന അമീറുമാരും ഇക്കാര്യം ശ്രദ്ധിക്കാത്തതാണു കഷ്ടം. തമ്മില്‍ ഭേദം ഏഷ്യയില്‍ നിന്നുള്ളവര്‍, വിശേഷിച്ചും മലയാളികള്‍ ആണെന്ന് പറയാം. ഇക്കാര്യത്തില്‍ മാത്രമല്ല, ഹറമിന്റെ പവിത്രതയും തീര്‍ഥാടനത്തിന്റെ അച്ചടക്കവും പരമാവധി പാലിക്കുന്നവര്‍ മലയാളികളും അവരെ കൊണ്ട് വരുന്ന ഗ്രൂപുകളെ നയിക്കുന്നവരും ആണെന്ന് നിസ്സംശയം വിലയിരുത്താവുന്നതാണ്. (തുടരും)

ചില യാത്രാ വിചാരങ്ങള്‍

ചരിത്രമുറങ്ങുന്ന മലകളും കുന്നുകളും

Related Articles