Current Date

Search
Close this search box.
Search
Close this search box.

‘അമാനത് ഖാൻ ശീറാസി’; താജ്മഹലിനെ സുന്ദരിയാക്കിയ ഇറാനിയൻ കലിഗ്രഫർ

എല്ലാം മേഖലയിലും മികവ് തെളിയിച്ച ലോക പ്രശസ്ത വ്യക്തികളെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്ക് ക്ഷണിക്കുകയും അവരുടെ കഴിവുകളെ രാജ്യത്തിൻ്റെ ഉയർച്ചക്ക് വേണ്ടി ഉപയോഗപ്പെടുത്തുകയും ചെയ്ത കാലഘട്ടമായിരുന്നു മുഗളന്മാരുടേത്. ഇന്ത്യ എന്ന മഹാരാജ്യത്തിൻ്റെ പ്രൗഢിയുടെ ചിഹ്നങ്ങൾ നിർമിക്കപ്പെട്ടതും മുഗൾ സാമ്രാജ്യ കാലത്താണെന്ന് നിസ്സംശയം പറയാം. അതിൽ എടുത്തുപറയേണ്ട നിർമിതിയാണ് ഷാജഹാൻ നിർമിച്ച താജ്മഹൽ.

ലോകാത്ഭുതങ്ങളിൽ ഒന്നായ താജ്മഹലിൻ്റെ സൗന്ദര്യത്തെ കൂടുതൽ പ്രകാശിപ്പിക്കുന്ന ഘടകമാണ് താജ്മഹലിൽ മനോഹരമായി കൊത്തിവെച്ച ഖുർആൻ ആയത്തുകൾ. താജ്മഹലിൻ്റെ വാസ്തുശില്പികളോടൊപ്പം ചരിത്രം അടയാളപ്പെടുത്തിയ വ്യക്തിയാണ് അബ്ദുൾ ഹഖ് ശീറാസി. അബ്ദുൾ ഹഖ് ശീറാസി ചരിത്രത്തിൽ അറിയപ്പെടുന്നത് ‘അമാനത് ഖാൻ’ എന്ന നാമത്തിലാണ്. താജ്മഹലിൻ്റെ ‘മാസ്റ്റർ കലിഗ്രഫർ ‘ എന്ന നിലയിൽ ഷാജഹാൻ നൽകിയ സ്ഥാനപ്പേരാണ് ‘അമാനത് ഖാൻ ‘. അറബി കലിഗ്രഫിയിലെ ‘സയ്യിദുൽ ഖത്ത്’ (പ്രധാന എഴുത്ത് ശൈലി) എന്ന് വിശേഷിപ്പിക്കുന്ന ‘സുലുസ് ‘ എഴുത്തു ശൈലിയിലാണ് ഖുർആൻ ലിഖിതങ്ങൾ താജ്മഹലിൽ എഴുതിയിരിക്കുന്നത്.

താജ്മഹലിൽ കാണപ്പെടുന്ന ലിഖിത രൂപങ്ങൾ (Inscriptions) മിനുസമുള്ള വെളുത്ത മർബിൾ (polish ) പ്രതലത്തിൽ കറുത്ത മഷി ഉപയോഗിച്ചാണ് കൊത്തിവെച്ചിട്ടുള്ളത്. മാത്രമല്ല കലിഗ്രഫിയിൽ ഖുർആൻ ആയത്ത് എഴുതിയ കലിഗ്രഫറുടെ പേര് അടയാളപ്പെടുത്തിയിട്ടുള്ള ഏക നിർമിതിയാണ് താജ്മഹൽ. പരിശുദ്ധ ഖുർആനിലെ വ്യത്യസ്ത ആശയങ്ങൾ ഉൾകൊള്ളുന്ന ആയത്തുകളാണ് ( സൂറ: യാസീൻ / സൂറ: അസുമർ / സൂറ: അൽ ഫതഹ് / അൽ – മുൽക് / അൽ മുർസലാത്ത്/ അത്തക് വീർ/അൽ ഇൻഫിത്വാർ/ അൽ ഇൻശിഖാഖ് / അലം നഷ്‌റഹ് / അത്തീൻ / അള്ളുഹാ/ അൽ ഫജ്ർ/ അശ്ശംസ്/ അൽ ബയ്യിന / അൽ ഇഖ്ലാസ്) അമാനത് ഖാൻ എഴുതാനായി തിരഞ്ഞെടുത്തത്. 1637 ൽ അബ്ദുൾ ഹഖ് തൻ്റെ ജോലികൾ പൂർത്തീകരിച്ചിരിച്ച് ലാഹോറിലേക്ക് മടങ്ങി.

ഷാജഹാൻ്റെ പ്രധാനമന്ത്രിയായിരുന്ന ശുക്റുള്ളാഹ് അഫ്സൽ ഖാൻ ശീറാസിയുടെ സഹോദരനാണ് അബ്ദുൽ ഹഖ് ശീറാസി . കലിഗ്രഫർ എന്ന പദവിയോടൊപ്പം ജഹാംഗീറിൻ്റെ രാജകൊട്ടാരത്തിലെ പ്രധാന ലൈബ്രേറിയൻ കൂടിയായിരുന്നു അമാനത് ഖാൻ. ലൈബ്രറിയിൽ നിന്ന് പിൽക്കാലത്ത് ലഭിച്ച കൈയ്യെഴുത്തുപ്രതികളിൽ ‘അബ്ദുൽ ഹഖ് ഷാജഹാനി’ എന്ന പേരിൽ മുദ്രണം ചെയ്ത അമാനത് ഖാൻ ശീറാസിയുടെ പേരുകൾ കാണാൻ സാധിക്കും. തെഹ്റാനിലെ ഗുലിസ്ഥാൻ ലൈബ്രറിയിൽ പ്രസ്തുത കൈയ്യെഴുത്തുപ്രതി സൂക്ഷിക്കപ്പെട്ടിട്ടുണ്ട്. അമാനത് ഖാൻ ഡിസൈൻ ചെയ്ത ഖുർആൻ പതിപ്പും അതിമനോഹരമാണ്.

അബ്ദുൽ ഹഖ് ശീറാസി ഡിസൈൻ ചെയ്ത ഖുർആൻ

1608 ലാണ് ഇറാനിലെ ശീറാസിൽ നിന്ന് അബ്ദുൽ ഹഖ് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെത്തുന്നത്. താജ്മഹലിൻ്റെ നിർമാണത്തിനായി ലോക പ്രശസ്തരും പ്രഗത്ഭരുമായ വ്യക്തികളെ ഷാജഹാൻ ഇന്ത്യയിലേക്ക് ക്ഷണിക്കുകയായിരുന്നു. പ്രധാന കൊത്തുപണികൾ ചെയ്യാനായി പ്രഗത്ഭരായ ജോലിക്കാരെ ബുഖാറ, ബലൂചിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നും കലിഗ്രഫി ചെയ്യുന്നതിനായി പേർഷ്യ, സിറിയ എന്നിവിടങ്ങളിൽ നിന്നുമാണ് കലാകാരന്മാരെ കൊണ്ടുവന്നത്. 16-ാം നൂറ്റാണ്ടിൽ മനോഹരമായ കൈയ്യക്ഷരമുള്ളവരുടെ നാടായി പേരെടുത്ത പ്രദേശമാണ് ഇറാനിലെ ശീറാസ്. തുർക്കിയിലെ ഒട്ടോമൻ കാലഘട്ടത്തിൽ പ്രശസ്തനായ ഇസ്മാഈൽ അഫൻന്ദി, ഉസ്താദ് ഈസ അഫൻന്ദി എന്നീ പ്രമുഖർ താജ്മഹലിൻ്റെ പ്രധാന വാസ്തുശില്പികളാണ്.

1638 ന് ശേഷം ആഗ്രയിൽ നിന്ന് മടങ്ങിയ അമാനത് ഖാൻ, പിന്നീട് ലാഹോറിലാണ് ജീവിച്ചത്. അമൃതസറിൽ നിന്ന് 29 കിലോമീറ്റർ അകലെ സറായ് അമാനത് ഖാൻ എന്ന പേരിൽ പണി കഴിപ്പിച്ച നിർമിതി ഇന്നും സന്ദർശകർക്ക് കാണാൻ സാധിക്കും.

Related Articles