Current Date

Search
Close this search box.
Search
Close this search box.

‘ശംസി ജമാ മസ്ജിദ്’: ഇന്ത്യയിലെ മൂന്നാമത്തെ പൗരാണിക മസ്ജിദ്

ഗ്യാൻവാപി, മഥുര ശാഹി ഈദ് ഗാഹ് പള്ളികൾക്കൊപ്പം സംഘ്പരിവാറിൻ്റെ അജണ്ടയിലെ ഇന്ത്യയിലെ പ്രധാന പള്ളികളിലൊന്നാണ് ഉത്തർ പ്രദേശിലെ ബദായുനിൽ നിർമിക്കപ്പെട്ട ‘ശംസി ജമാ മസ്ജിദ് ‘ എന്ന പേരിലറിയപ്പെടുന്ന ചരിത്ര നിർമിതി. ദില്ലി ഭരണാധികാരി ഇൽത്തുമിഷിൻ്റെ കാലത്ത്, നാല് വർഷത്തോളം ദില്ലി സൽത്തനത്തിൻ്റെ തലസ്ഥാന നഗരിയായിരുന്നു ബദായുൻ. ഇന്ത്യയിൽ നിലവിലുള്ള പൗരാണിക മസ്ജിദുകളിൽ മൂന്നാമത്തേതും രാജ്യത്തെ ഏറ്റവും വലിയ ഏഴാമത്തെ പള്ളിയുമാണ് ബദായുനിൽ പണികഴിപ്പിച്ചിട്ടുള്ളത്. ‘അസീമുശ്ശഹാൻ ജമാ മസ്ജിദ്’ എന്ന പേരിൽ കൂടി ചരിത്രം പള്ളിയെ വരച്ചിടുന്നുണ്ട്. 

“60 വർഷത്തിലധികമായി ഈ പള്ളിയിൽ സേവനം ചെയ്യുന്ന വ്യക്തിയാണ് ഞാൻ. മുസ്ലികളെ സംബന്ധിച്ചിടത്തോളം ബദായുൻ പള്ളിയും പരിസരവും എക്കാലവും അവർക്ക് പ്രിയപ്പെട്ടതാണ്. ഇവിടെയാണ് ഇൽത്തുമിഷിൻ്റെ മകളായ ഇന്ത്യയിലെ ഏക മുസ്ലിം സ്ത്രീ ഭരണാധികാരി റസിയ സുൽത്താന ജനിച്ചത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഇസ്‌ലാമിക നവജാഗരണ പ്രവർത്തനങ്ങളെ മുന്നിൽ നയിച്ച പണ്ഡിതനും ചിശ്തി സൂഫിധാരയിലെ പ്രധാന ആചാര്യനുമായ ശൈഖ് ഖ്വാജ സയ്യിദ് മുഹമ്മദ്  നിസാമുദ്ധീൻ ഔലിയ ജനിച്ചത് ബദായുനിലെ പള്ളിയോട് ചേർന്ന പ്രദേശത്താണെന്നതും ചരിത്ര വസ്തുതയാണ്. വർഷങ്ങളായി ഹിന്ദു-മുസ്ലിം ഐക്യത്തോടെയാണ് ജനങ്ങൾ ഇവിടെ ജീവിച്ചു വരുന്നത് “. പള്ളി പരിപാലകനായ മസർറത് ഫരീദിയുടെ വാക്കുകളാണ് മേൽ പരാമർശിച്ചത്.

1210 ൽ ആരംഭിച്ച പള്ളിയുടെ നിർമാണം പൂർത്തിയാകുന്നത് 13 വർഷങ്ങൾക്ക് ശേഷം 1223 ലാണ്. പേർഷ്യൻ, അഫ്ഗാൻ വാസ്തുവിദ്യയിലാണ് പള്ളി നിർമിച്ചിട്ടുള്ളത്. അഞ്ചിലധികം കുംഭഗോപുരങ്ങളാൽ സമ്പന്നമായ പള്ളിക്ക് മൂന്ന് പ്രധാന കവാടങ്ങളുമുണ്ട്. ഇന്ത്യയിലെ മറ്റേതൊരു പള്ളിയെക്കാളും വലിപ്പമുള്ള കുംഭഗോപുരം പ്രസ്തുത പള്ളിയിലാണെന്നത് ചരിത്ര വസ്തുതയാണ്. നടുത്തളത്തിൽ ദില്ലി ജമാമസ്ജിദിലെ വുളൂ ഖാനയെപ്പോലെ വിശാലമായ വുളൂ ഖാനയും കാണാം. പള്ളിക്കകത്തുള്ള കുംഭഗോപുരത്തിൽ മനോഹരമായി കൊത്തിവെച്ച ഖുർആൻ ആയത്തുകൾ ഇന്നും ദൃശ്യമാണ്. 

 

2022 മുതൽക്കാണ് പള്ളിക്ക് മേലുള്ള തീവ്ര ഹിന്ദു സംഘടനകളുടെ എതിർപ്പുകൾ ഉയരുന്നത്. ഹിന്ദു മഹാസഭയുടെ പരാതി പ്രകാരം നീൽകാന്ത് ക്ഷേത്രം തകർത്താണ് മസ്ജിദിൻ്റെ നിർമാണം നടത്തിയിട്ടുള്ളതെന്നാണ്. മഹിപാൽ എന്ന രാജാവിൻ്റെ കോട്ടയുടെ ഭാഗങ്ങളിലാണ് പള്ളി പണിതുയർത്തിയതെന്നതാണ് ഇതിലെ രണ്ടാമത്തെ ആരോപണം.  ആരോപണങ്ങളെ ശരിവെക്കും വിധം കൃത്യമായ യാതൊരു തെളിവുകളും കോടതിക്ക് മുമ്പാകെ ഹാജരാക്കാൻ പരാതിക്കാർക്ക് ഇത് വരെയും കഴിഞ്ഞിട്ടില്ല.എന്നാൽ പള്ളിയും പരിസരവും ഇന്ത്യയുടെ സാംസ്കാരിക ചരിത്ര ഭൂമികയിൽ ഇടം പിടിച്ചിട്ടുള്ളതുമാണ്. ഹിന്ദു സംഘടനകളുടെ  പരാതിക്ക് മേൽ  ഇന്ത്യയിലെ പുരാവസ്തു വിഭാഗം കോടതിക്ക് മുമ്പാകെ സമർപ്പിച്ച വിശദീകരണം ഈ വിഷയത്തിൽ ശ്രദ്ധേയമാണ്: ‘ബദായുനിലെ ശംസി ജമാ മസ്ജിദ് 800 വർഷം പഴക്കം ചെന്ന പള്ളിയാണെന്നും 1991 ലെ ആരാധനാലയ നിയമപ്രകാരം പ്രസ്തുത പള്ളി സംരക്ഷിക്കപ്പെടേണ്ടതാണെന്നും’ അറിയിച്ചത് മേൽ പറഞ്ഞ ചരിത്ര വസ്തുതകളെ ശക്തിപ്പെടുത്തുന്നുണ്ട്. 

 

1991 ലെ ആരാധനാലയ നിയമം നിലനിൽക്കെ സംഘപരിവർ ശക്തികൾ ഇന്ത്യയിലെ പ്രധാന പള്ളികൾക്ക് നേരെ ഉയർത്തുന്ന കേവല ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ കോടതികൾ പരാതികൾ സ്വീകരിക്കുന്ന രീതി ജനാധിപത്യ ഇന്ത്യയുടെ ഭാവിയെ തന്നെ പ്രതികൂലമായി ബാധിക്കുന്നതാണ്.

Related Articles