Current Date

Search
Close this search box.
Search
Close this search box.

ഗസ്സയിലെ റമദാനിന്റെ സൗന്ദര്യം ഓര്‍ത്തെടുക്കുമ്പോള്‍

പുണ്യമാസമായ റമദാന്‍ ആരംഭിച്ചിരിക്കുകയാണ്. ലോകമെമ്പാടുമുള്ള മുസ്‌ലിംകള്‍ വ്രതമനുഷ്ടിക്കുകയും അവരുടെ കുടുംബവുമൊത്ത് സമയം ചിലവഴിക്കുകയും പ്രാര്‍ത്ഥനക്കും ആരാധനക്കും അവര്‍ സ്വയം സമര്‍പ്പിതരാവുകയും ചെയ്യുന്നു. എന്നാല്‍ ഞങ്ങള്‍ക്ക്, ഗസ്സയിലെ മുസ്ലിംകള്‍ക്ക് ഈ പുണ്യമാസം ഹൃദയഭേദകവും സങ്കടം നിറഞ്ഞതുമാണ്.

ഇപ്പോള്‍ അഞ്ച് മാസത്തിലധികമായി, ഇസ്രായേല്‍ സൈന്യത്തിന്റെ കൈകളാല്‍ കൂട്ടക്കൊലകളും രോഗങ്ങളും പട്ടിണിയും ദാഹവും ഞങ്ങള്‍ സഹിച്ചു. റമദാന്‍ ആരംഭിച്ചിട്ടും അവരുടെ അക്രമവും ക്രൂരതയും അവസാനിക്കുകയോ കുറയുകയോ ചെയ്തിട്ടില്ല. നോമ്പ് തുറക്കുന്നതിന് ഭക്ഷണം മേശപ്പുറത്ത് എത്തിക്കാനും നമസ്‌കാരം നിര്‍വഹിക്കുന്നതിന് സുരക്ഷിതമായ ഇടം കണ്ടെത്തുന്നതിനും നമ്മളില്‍ പലരും പാടുപെടുമ്പോള്‍, കഴിഞ്ഞ റമദാനുകളുടെ ഓര്‍മ്മകള്‍ നമ്മെ കുളിര്‍പ്പിക്കുന്നു.

ഇസ്രായേല്‍ ഡ്രോണുകളുടെ മുഴക്കങ്ങള്‍ക്കും സ്‌ഫോടനങ്ങളുടെ ശബ്ദത്തിനും ഇടയില്‍, ഞാന്‍ കണ്ണുകള്‍ അടച്ച് ഗസ്സയിലെ റമദാനിന്റെ കഴിഞ്ഞകാല പ്രൗഢിയെ ഓര്‍ത്തെടുക്കുകയാണ്. പുണ്യമാസത്തിനായുള്ള ഒരുക്കങ്ങള്‍ ഗസ്സയില്‍ എല്ലായിപ്പോഴും നേരത്തെ തന്നെ തുടങ്ങാറുണ്ട്. റമദാന്റെ ഏതാനും ആഴ്ചകള്‍ മുമ്പ് തന്നെ ആളുകള്‍ റമദാനിലെക്കാവശ്യമായ എല്ലാ സാധനസാമഗ്രികളും പര്‍ച്ചേസ് ചെയ്യും.

ഇതിന് പോകാന്‍ ആളുകള്‍ ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലമാണ് ഗസ്സയിലെ പഴയ നഗരവും അതിന്റെ പരമ്പരാഗത മാര്‍ക്കറ്റായ അല്‍-സാവിയയും.
അവിടെ, എല്ലാവിധ പരമ്പരാഗത റമദാന്‍ ഭക്ഷണ വിഭവങ്ങളും വസ്തുക്കളും നിരത്തിവെച്ചിട്ടുണ്ടാകും. വിവിധ അച്ചാറുകള്‍, ഈത്തപ്പഴങ്ങള്‍, സ്വാദിഷ്ടമായ ഒലീവുകള്‍, വിവിധ മസാലകള്‍, ഉണങ്ങിയ ആപ്രിക്കോട്ട് പേസ്റ്റ്, ഖമര്‍ അല്‍-ദിന്‍ പാനീയങ്ങള്‍, ഡ്രൈ ഫ്രൂട്‌സ്, കൂടാതെ വിവിധതരം ജ്യൂസുകള്‍, ഖോറൂബ് (കരോബ്) തുടങ്ങിയവയെല്ലാം ഇവിടുത്തെ ഏറ്റവും ജനപ്രിയമാണ്.

പുത്തന്‍ വസ്ത്രങ്ങള്‍ വാങ്ങുക എന്നത് റമദാനിലെ നിര്‍ബന്ധ പര്‍ച്ചേസ് ആണ്. പെണ്‍കുട്ടികള്‍ക്കുള്ള ഫാന്‍സി വസ്ത്രങ്ങളും നിസ്‌കാര കുപ്പായവും ആണ്‍കുട്ടികള്‍ക്ക് ആകര്‍ഷകമായ വസ്ത്രങ്ങളുമെല്ലാം ഇതില്‍ പ്രധാനമാണ്. ചെറിയ കുട്ടികള്‍ മാതാപിതാക്കളുടെ കൈകളില്‍ തൂങ്ങി ‘റമദാന്‍ കരീം’ എന്നെഴുതിയ അലങ്കാര വിളക്കുകള്‍ വാങ്ങിത്തരണമെന്ന് വാശിപിടിക്കുന്നതും മാര്‍ക്കറ്റിലെ നിത്യകാഴ്ചയാണ്.

തെരുവുകള്‍ ആളുകളുടെ തിരക്കുകൊണ്ട് നിറഞ്ഞുകവിയും. എങ്ങും അലങ്കാര വിളക്കുകളും തോരണങ്ങളും, മധുമയമായ റമദാന്‍ ഗാനങ്ങള്‍ എങ്ങും മുഴങ്ങികേള്‍ക്കും. ഈ കാത്തിരിപ്പിന്റെ അന്തരീക്ഷം മറ്റൊന്നിനുമുണ്ടാകില്ല. റമദാനിന്റെ ആദ്യ ദിനത്തിന്റെ തലേന്ന് ഗസ്സയുടെ പരിസരങ്ങളെല്ലാം തറാവീഹ് പ്രാര്‍ത്ഥനകളാല്‍ മുഖരിതമാകും. പുണ്യമാസത്തിന്റെ സമാരംഭം അറിയിക്കാന്‍ കുട്ടികള്‍ രാത്രി വൈകും വരെ തെരുവുകളില്‍ കളിച്ചും, വിളക്കുകള്‍ പിടിച്ചും, പാട്ടുപാടിയും, പടക്കം പൊട്ടിച്ചും പുറത്തു തന്നെയുണ്ടാകും.

അത്താഴ ഭക്ഷണം കഴിക്കാനും സുബ്ഹി ജമാഅത്തിന് നമസ്‌കരിക്കാനും കുടുംബങ്ങളെല്ലാം ഒത്തുചേരും. അതിന് ശേഷം ചിലര്‍ ഉറങ്ങും മറ്റു ചിലര്‍ ജോലിക്കും സ്‌കൂളിലേക്കും പോകും. ഉച്ചയ്ക്ക് ശേഷം എല്ലാവരും വീട്ടിലേക്ക് മടങ്ങിയെത്തും, പിന്നെ വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യാനുള്ള സമയമാണ്. കുട്ടികള്‍ വീടുകളിലും പള്ളികളിലും വെച്ച് ഖുര്‍ആന്‍ പാരായണം ചെയ്യുകയും മനഃപാഠമാക്കുകയും ചെയ്യും. ഉപ്പൂപ്പമാരും ഉമ്മൂമമാരും കുട്ടികള്‍ക്കും കൊച്ചുമക്കള്‍ക്കും പ്രവാചകന്മാരുടെ കഥകള്‍ പറഞ്ഞുകൊടുക്കും.

പിന്നാലെ ഇഫ്താര്‍ വിരുന്നിനുള്ള ഭക്ഷണം തയ്യാറാക്കാനുള്ള സമയമാകും. സൂര്യാസ്തമയത്തിന് ഒരു മണിക്കൂര്‍ മുമ്പ്, പരിസരം മുഴുവന്‍ വിവിധ ഭക്ഷണങ്ങളുടെ രുചികരമായ ഗന്ധം കൊണ്ട് നിറയും. എല്ലാ വീട്ടിലെയും അടുക്കളയില്‍ സ്ത്രീകള്‍ ഭക്ഷണം തയാറാക്കുന്നതിനായി കഠിനാധ്വാനം ചെയ്യുന്ന തിരക്കിലാകും. ഒരാള്‍ മഖ്ലൂബ (അരിയും പച്ചക്കറികളും ഉള്ള ഒരു മാംസം വിഭവം), മറ്റൊരാള്‍ – മുസാഖന്‍ (ഒരു ചിക്കന്‍ വിഭവം), മറ്റൊരാള്‍ – മുലൂഖിയ (ചണ സൂപ്പ്) എന്നിവ തയാറാക്കുന്നതിന്റെ തിരക്കിലാകും.

അതിനിടയില്‍, ഒരു അയല്‍ക്കാരന്‍ തന്റെ വീട്ടില്‍ ഉണ്ടാക്കിയ ഭക്ഷണ വിഭവം നിറച്ച തളിക കൊണ്ടുവരും. തീര്‍ച്ചയായും, അദ്ദേഹവും വെറുംകൈയോടെയാകില്ല വീട്ടിലേക്ക് മടങ്ങുക. മഗ്‌രിബ് ആകുന്നതോടെ ഇഫ്താര്‍ ടേബിളിന് ചുറ്റും എല്ലാവരും വട്ടത്തില്‍ ഇരിക്കും. പിന്നാലെ തക്ബീറിന്റെ താളത്തിനൊത്ത് പള്ളികളില്‍ നിന്ന് നോമ്പ് തുറക്കാനുള്ള വിളി വരും. എല്ലാവരും സന്തോഷത്തോടെ സംസാരിച്ചും ചിരിച്ചും സ്വാദിഷ്ടമായ ഭക്ഷണം പങ്കിട്ട് കഴിക്കും. ഇഫ്താറിന് ശേഷം, പുരുഷന്മാരും സ്ത്രീകളും കുട്ടികളും ഒരുമിച്ച് തറാവീഹ് നമസ്‌കരിക്കാന്‍ പള്ളികളിലേക്ക് പോകും, വിശുദ്ധ ഖുര്‍ആനിന്റെ ശബ്ദങ്ങളാലും പ്രാര്‍ത്ഥനകളാലും ഗസ്സയുടെ എല്ലാ ഭാഗങ്ങളും മുഖരിതമാകും.

ഉമ്മമാര്‍ വിശുദ്ധ മാസത്തില്‍ മാത്രം ഉണ്ടാക്കുന്ന പ്രശസ്തമായ പലഹാരമായ ഖതായ്ഫ് തയാറാക്കുന്നതിനാല്‍, ചെറിയ കുട്ടികള്‍ക്കിത് ഏറ്റവും സന്തോഷകരമായ സമയമാണ്. പിന്നീട് കുടുംബങ്ങളില്‍ പരസ്പരം സന്ദര്‍ശനം നടത്തുകയോ ടി.വിക്ക് മുന്നില്‍ അവരുടെ പ്രിയപ്പെട്ട റമദാന്‍ സീരീസ് കാണാന്‍ ഒത്തുകൂടുകയോ ചെയ്യും. ഗസ്സയിലെ ജനങ്ങള്‍ക്ക്, റമദാന്‍ എന്നത് വര്‍ഷത്തിലെ ഏറ്റവും സവിശേഷമായ സമയമാണ്. റമദാനിലെ ഗസ്സ എന്നാല്‍, അത് ഭൂമിയിലെ തന്നെ ഏറ്റവും മനോഹരമായ സ്ഥലമാണ്.

എന്നാല്‍ ഇത്തവണത്തെ ഈ വിശുദ്ധ മാസത്തില്‍ നമുക്ക് സമാധാനത്തോടെ ആരാധനകള്‍ നിര്‍വഹിക്കാനും അവ ആസ്വദിക്കാനും കഴിയുന്നില്ല. വര്‍ണ്ണാഭമായ വിളക്കുകളും അലങ്കാരങ്ങളും ഈണങ്ങളും പാട്ടുകളുമെല്ലാം ഇസ്രായേല്‍ ബോംബുകളാലും ശബ്ദങ്ങളാലും കീഴ്‌പ്പെടുത്തി. തെരുവുകളില്‍ കളിക്കുന്ന കുട്ടികളുടെ ആഹ്ലാദകരമായ ശബ്ദത്തിന് പകരം ഇസ്രായേലി ബോംബാക്രമണത്തെത്തുടര്‍ന്ന് കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിയ ആളുകളുടെ നിലവിളികളാണ് കേള്‍ക്കുന്നത്. ആളുകള്‍ തിങ്ങിപ്പാര്‍ത്ത അയല്‍പക്കങ്ങളെല്ലാം ഇന്ന് ശ്മശാനങ്ങളായി മാറിയിരിക്കുന്നു.

മസ്ജിദുകള്‍ എല്ലാം തകര്‍ന്നതിനാല്‍ അവിടെയൊന്നും ആളുകളില്ല. ആളുകളൊഴിഞ്ഞ തെരുവുകള്‍. അവിടെയെല്ലാം കെട്ടിടാവശിഷ്ടങ്ങളാല്‍ മൂടപ്പെട്ടിരിക്കുന്നു. ഭക്ഷണമോ വെള്ളമോ ഇല്ലാതെ ആളുകള്‍ ഇഫ്താറിന് ബുദ്ധിമുട്ടുന്നു. ഇപ്പോള്‍ കുടുംബങ്ങള്‍ ഒത്തുകൂടുന്നത് പരസ്പരം അഭിവാദ്യം ചെയ്യാനും റമദാന്‍ ആഘോഷിക്കാനുമല്ല, മരിച്ചവര്‍ക്ക് വേണ്ടി ഒരുമിച്ച് കൂടാനും പ്രാര്‍ത്ഥിക്കാനുമാണ്. വിശുദ്ധ റമദാന്‍ മാസത്തിലും രക്തസാക്ഷികളോട് വിട പറയുകയാണ് ഈ ജനത. മുസ്ലിംകളുടെ പുണ്യമാസത്തിലും ഗസ്സയില്‍ ഇസ്രായേല്‍ വംശഹത്യ നടത്തുന്നത് തുടരാന്‍ അനുവദിച്ചുകൊണ്ട് ലോകം ഫലസ്തീന്‍ ജനതയെ കൈവിട്ടുവെന്ന തിരിച്ചറിവാണ് ഈ വേദനയെ കൂടുതല്‍ വഷളാക്കുന്നത്.

അവലംബം: അല്‍ജസീറ
വിവ: പി.കെ സഹീര്‍ അഹ്‌മദ്

 

 

 

 

 

 

 

 

Related Articles