Current Date

Search
Close this search box.
Search
Close this search box.

ഇസ്ലാമിക് സ്റ്റഡീസിലെ പാലിയോഗ്രാഫിയും എപിഗ്രാഫിയും

Paleography and Epigraphy in Islamic Studies

വിജ്ഞാനീയങ്ങളെയും വൈജ്ഞാനിക ശാഖകളെയും ശുദ്ധി വരുത്തി പാകപ്പെടുത്തി കൃത്യമായ വഴികളിലൂടെ തലമുറകളെ നയിക്കാനുള്ള ബാധ്യത പണ്ഡിത സമൂഹത്തിനുണ്ട്. ഇസ്ലാമിക വിഷയങ്ങൾ (Islamic Studies) കാലോചിത വിശകലനങ്ങൾക്ക് വിധേയമാക്കി പുതിയ അനുഭവങ്ങളിലേക്ക് വിദ്യാർത്ഥിയെ നയിക്കാൻ ഉതകുന്നതാവണം ഏതൊരു കരിക്കുലവും. Calligraphy, Inscriptions, Epigraphy എന്നീ പഠനശാഖകൾ റോമൻ, സസാനിയൻ സമൂഹത്തിൽ വലിയ സ്വാധീനം ചെലുത്തിയ പഠന ശാഖകളായി വിലയിരുത്തപ്പെട്ടവയാണ്. അവയിൽ ഇസ്ലാമിക വിജ്ഞാനീയങ്ങളിലെ പ്രധാന പഠന ശാഖകളായി വിലയിരുത്തപ്പെടുന്നവയാണ് ഫിലോളജി, പാലിയോഗ്രാഫി, എപിഗ്രാഫി എന്നിവ. ഒരു ഭാഷയുടെ വാക്കുകളെയും പ്രയോഗങ്ങളെയും അടിസ്ഥാനമാക്കി സംവിധാനിക്കപ്പെട്ട ഫിലോളജി പഠനശാഖയും ഇസ്ലാമിക വിഷയങ്ങളിൽ പ്രധാനപ്പെട്ടവയാണ്.

ലോകത്ത് കടലാസിന്റെ കണ്ടുപിടുത്തത്തോടെ വിജ്ഞാന സമ്പാദന രംഗത്ത് വലിയ കുതിച്ചുചാട്ടം നടത്തിയ സമൂഹമാണ് മുസ്ലിംങ്ങൾ. ചൈന തുടങ്ങി വെച്ച കടലാസ് വിപ്ലവം വിവിധ തലങ്ങളിലൂടെ മുസ്ലിം ലോകം അവതരിപ്പിക്കാൻ തുടങ്ങി. കടലാസ് നിർമാണം, ബൈൻഡിംഗ്, ഡിസൈനിംഗ്, കലാവിഷ്കാരങ്ങൾ, പെയിന്റിംഗ് എന്നിവയെ ഉപയോഗപ്പെടുത്തി ഗ്രന്ഥരചനയിൽ മനോഹരവും ആഢ്യത്തം പ്രകടമാക്കുന്ന തരത്തിലുള്ള അച്ചടിശാലകൾ ഇസ്ലാമിക ലോകത്ത് ഉയർന്നുവന്നു. അച്ചടിശാലകൾ ഉയർന്നുവരുന്നതിന് മുമ്പ് തന്നെ ഇസ്ലാമിക ലോകത്ത് ഖുർആൻ എഴുത്തുകൾ കണ്ടെത്തിയത് ശിലാലിഖിതങ്ങളായിട്ടാണ്.

ഭീമാകാരങ്ങളായ പാറകളിലും വലിയ കല്ലുകളിലും കൊത്തിവെച്ച അറബി എഴുത്തുകളെക്കുറിച്ച പഠനങ്ങളാണ് ഇസ്ലാമിക് സ്റ്റഡീസിലെ എപിഗ്രഫി എന്ന് പറയുന്നത്. പഴയ കാല എഴുത്ത് രീതികളെക്കുറിച്ചും ശിലാലിഖിത ശൈലികളെക്കുറിച്ചും ചർച്ച ചെയ്യുന്ന വിജ്ഞാന ശാഖയാണ് പാലിയോഗ്രാഫി. ഇവ രണ്ടും ഇസ്ലാമിക് സ്റ്റഡീസിലെ മറ്റു വിജ്ഞാനീയങ്ങൾക്ക് കരുത്തു പകരുന്ന സുപ്രധാന മാധ്യമങ്ങളാണ്. പഴയ കാല പണ്ഡിതന്മാർ അറിവന്വേഷണത്തിന്റെ ഭാഗമായി നടത്തിയ യാത്രകൾ ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെട്ടതാണ്. അത്തരം യാത്രകൾക്കിടയിൽ അവർ യാത്ര ചെയ്ത സ്ഥലങ്ങളും തങ്ങിയ നാടുകളും പരിചയപ്പെട്ട വ്യക്തികളെയും അടിസ്ഥാനപ്പെടുത്തിയുള്ള വിവരണങ്ങൾ പിൽക്കാല ചരിത്രകാരന്മാർ വായിച്ചെടുത്തത് മറ്റേതെങ്കിലും ഒരു രാജ്യത്തെ പള്ളിയുടെ ചുവരുകളിൽ എഴുതിയ inscription ലൂടെയോ, അതുമല്ലെങ്കിൽ അവർ കടന്നു പോയ വഴികളിലെ വലിയ പാറക്കെട്ടുകളിൽ കൊത്തിവെച്ച ശിലാലിഖിതങ്ങളിൽ നിന്നോ ആയിരിക്കും. ഇസ്ലാമിക് സ്റ്റഡീസ് കേവല സൈദ്ധാന്തിക ചർച്ചകളിൽ മാത്രം ശ്രദ്ധയൂന്നേണ്ടുന്ന പഠനശാഖയല്ല. Outdoor Learning രംഗത്ത് ഇസ്ലാമിക് സ്റ്റഡീസിന്റെ സാധ്യതകളാണ് പാലിയോഗ്രാഫിയും എപിഗ്രാഫിയും അതിനോട് ചേർന്നു വരുന്ന ഉപഘടകങ്ങളും. ഇന്ന് ലോകത്ത് Arabic Philology and Textual Practice, Epigraphy and Islamic Culture, Epigraphy : the Quran and the religious landscape of Arabia എന്നീ വ്യത്യസ്ത തലങ്ങളിലൂടെ പ്രസ്തുത വിഷയങ്ങളെ യൂണിവേഴ്സിറ്റികൾ സമീപിക്കുന്നു. Edinburgh University press ഈയടുത്ത് പബ്ലിഷ് ചെയ്ത “Studies in Islamic Paining, Epigraphy and Decorative Arts ” എന്ന പുസ്തകം കൂടുതൽ ഈ മേഖലയിൽ മുതൽക്കൂട്ടാണ്. കയ്യെഴുത്ത്പ്രതികളെക്കുറിച്ച (Islamic Manuscript Studies) ഡിപ്പാർട്ട്മെന്റിന് കീഴിലാണ് മേൽപരാമർശിച്ച വിഷയങ്ങൾ അധികവും കടന്നുവരുന്നത്. ജപ്പാനിലെ ടോക്കിയോ യൂണിവേഴ്സിറ്റിയിലെ Department of Letters ഭാഷയുടെ വ്യത്യസ്ത അവസ്ഥകളെ വിദ്യാർത്ഥികൾക്ക് മുമ്പിൽ അവതരിപ്പിക്കുന്നുണ്ട്.

മതകീയ വിഷയങ്ങളിലെ ഭാഷാ, തത്വജ്ഞാനം, കർമശാസ്ത്രം, ചരിത്രം എന്നിവയിൽ മാത്രം ഒതുക്കി പുതുമകളെക്കുറിച്ച് ചർച്ച ചെയ്യേണ്ടുന്ന വിജ്ഞാന ശാഖയല്ല ഇസ്ലാമിക് സ്റ്റഡീസ്. കാലാന്തരത്തിൽ ഇസ്ലാമിക് സ്റ്റഡീസിൽ വന്ന ചലനങ്ങളെ ഉൾകൊള്ളാൻ പണ്ഡിത സമൂഹം തയ്യാറാവണം. ഇവ്വിഷയകവുമായ പുതിയ പ്രവണതകളെ അറിയാൻ വേണ്ടി മാത്രം ഒരു ഫാക്കൽക്ക് രൂപം നൽകിയാലും അത് അധികമാവില്ല. ലോകത്തെ പല യൂണിവേഴ്സിറ്റികളും ഹ്രസ്വകാല കോഴ്സുകൾ അവതരിപ്പിച്ച് കൊണ്ടാണ് വിദ്യാർത്ഥികൾക്ക് മുമ്പിൽ പുതിയ വിഷയങ്ങളെ പരിചയപ്പെടുത്തുന്നത് പോലും. പിന്നീട് അവയെല്ലാം ഒരു ഡിപ്പാർട്ട്മെന്റായി തന്നെ രൂപപാന്തരപ്പെടുന്നുണ്ട്.

ഇസ്ലാമിക് സ്റ്റഡീസിന്റെ വായനകളിൽ കടന്നുവരേണ്ടുന്ന പ്രധാന മേഖലയാണ് ഇസ്ലാമിക കല (Islamic Art). ലോകത്തെ പ്രധാനപ്പെട്ട മുഴുവൻ യൂണിവേഴ്സിറ്റികളിലും Islamic Art ന്റെ പ്രാധാന്യം പ്രസ്തുത യൂണിവേഴ്സിറ്റി കവാടത്തിന്റെ ജ്യാമിതീയ കലകളിലൂന്നിയുള്ള വാസ്തുശില്പ രീതി മുതൽ ഒരു വിദ്യാർത്ഥിക്ക് അനുഭവിക്കാൻ കഴിയും എന്നത് വിസ്മരിക്കാനാവാത്ത വസ്തുതയാണ്. ഇന്ത്യയിലെ പ്രധാന യൂണിവേഴ്സിറ്റികളായ അലീഗഢ്, ജാമിയ മില്ലിയ, ഇസ്ലാമിയ മൗലാനാ ആസാദ് എന്നിവയുടെ വാസ്തുവിദ്യാ രീതികളെ എത്ര മാത്രമാണ് ഇസ്ലാമിക കലാവിഷ്കാരങ്ങൾ സ്വാധീനിച്ചതെന്നറിയാൻ ഒരുവേള അവിടം സന്ദർശനം കൊണ്ട് മതിയാവുന്നതാണ്. കേരളത്തിലേക്കുള്ള ആദ്യ കാല മുസ്ലിംകളുടെ വരവ് ചർച്ച ചെയ്യുമ്പോൾ കടന്നു വരുന്ന പ്രധാന മേഖലയാണ് മലബാറിലെ പള്ളികളുടെ വാസ്തുവിദ്യാ രീതികൾ. പക്ഷെ ലോകത്ത് ഏറ്റവും മനോഹര സൗദങ്ങൾ നിർമിച്ച മുസ്ലിംകളുടെ തലമുറകൾ കേരളത്തിൽ നിന്ന് ഇസ്ലാമിക് സ്‌റ്റഡീസിനെ വായിച്ചപ്പോൾ Islamic Art, Islamic Architecture, Islamic Archaeology, Manuscript Studies, Paleography, epigrahy, Codicology, Arabic Calligraphy എന്നിവ കരിക്കുലത്തിൽ നിന്ന് എന്ത് കൊണ്ട് അപ്രത്യക്ഷമായി എന്നത് വിസ്മയമായി അവശേഷിക്കുന്നു.

മുസ്ലിം സമുദായത്തിൽ തന്നെ നല്ലൊരു ശതമാനം വിദ്യാർത്ഥികൾക്ക് ഇന്നും ഇസ്ലാമിക് സ്‌റ്റഡീസ് എന്ന ഡിപ്പാർട്ട്മെന്റ് കേവല മത ഗ്രന്ഥങ്ങൾ വായിച്ച് പഠിപ്പിക്കുന്ന പഠനശാഖ മാത്രമാണ്. മാത്രമല്ല ഇസ്ലാമിക് സ്‌റ്റഡീസിൽ പഠനം നടത്തുന്ന വിദ്യാർത്ഥികൾക്ക് പോലും തങ്ങളുടെ പഠനശാഖയുടെ പ്രാധാന്യം കൃത്യമായി മനസിലാക്കുവാൻ സാധിച്ചിട്ടില്ലെന്ന എന്നതാണ് സത്യം. കേരളത്തിലെ ഇസ്ലാമിയ കോളേജുകൾ സമൂഹത്തിൽ നടത്തിയ പരിവർത്തനങ്ങളെ എണ്ണിതിട്ടപ്പെടുത്തുക പ്രയാസകരമാണ്. എന്നാൽ മുൻകാലങ്ങളിൽ അത്തരം കോളേജുകൾ നിർവഹിച്ച സേവനങ്ങളെ കാലികമായ വായനക്ക് വിധേയമാക്കി പുതിയ തലമുറകൾക്ക് ഉൾകൊള്ളാൻ കഴിയുന്ന തരത്തിൽ പാഠ്യപദ്ധതികൾ തയ്യാറാക്കാൻ സ്ഥാപന മേലധികാരികൾ തയ്യാറാവേണ്ടതുണ്ട്.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles