Current Date

Search
Close this search box.
Search
Close this search box.

മുതനബ്ബി നഗരം; ബാഗ്‍ദാദിൻ്റെ തോരാത്ത കണ്ണുനീര്‍

ഒരു കാലത്ത് ഇസ്്‌ലാമിക സാംസ്‌കാരത്തിന്റെയും നാഗരികതയുടെയും കളിത്തൊട്ടിലയിരുന്ന ബാഗ്ദാദിലെ പ്രശസ്തമായ മുതനബ്ബി തെരുവ് ഇങ്ങനെ ആയിത്തീരുമെന്ന് ഇറാഖികള്‍ ഒരിക്കലും വിചാരിച്ചതല്ല. സാഹിത്യത്തിന്റെ മണവും രുചിയും എങ്ങോ പോയ്മറഞ്ഞു. പകരം തീനും കുടിയും തുടങ്ങിയ സകല ദുരാചാരങ്ങളും മുതനബ്ബി തെരുവില്‍ സ്ഥാനമുറപ്പിച്ചു.

അബ്ബാസി കാലഘട്ടത്തില്‍ സ്ഥാപിതമായ ഇറാഖിലെ മുതനബ്ബി തെരുവ്് 1932 ല്‍ ഫൈസല്‍ ഒന്നാമന്റെ കാലം മുതല്‍ കുറച്ചുകാലം മുമ്പ് വരെ അതിന്റെ ചരിത്രപരമായ പൈതൃകത്തോടെ നിലനിന്നിരുന്നു. 2003 ലെ അമേരിക്കന്‍ അധിനിവേശത്തിന് ശേഷം ഇറാഖ് പുറന്തള്ളിയ എല്ലാ വിപത്കരമായ മാറ്റങ്ങള്‍ക്കും പിന്നീട് മുതനബ്ബി തെരുവ് വേദിയായി. പുസ്തകങ്ങള്‍ തിങ്ങിയിരുന്ന സ്ഥലങ്ങള്‍ ഭക്ഷണശാലകളായി മാറി.

എഴുത്തുകാരനായ അഹ്്മദ് അസ്സിറാജി പിന്നീടുണ്ടായ മാറ്റങ്ങളെ കുറിച്ച് പറയുന്നുണ്ട്. ഭക്ഷണവും അതിന്റെ മാലിന്യങ്ങളും ഇവിടെ തിങ്ങിനിറഞ്ഞിരിക്കുന്നുവെന്നും സാഹിത്യവാസനയുള്ളവരെ പ്രകോപിപ്പിക്കും വിധമാണ് ഇപ്പോള്‍ മുതനബ്ബി തെരുവിന്റെ അവസ്ഥയെന്നും അദ്ദേഹം വ്യക്തമാക്കുന്നു. സാംസ്‌കാരികമായി ഉന്നതമായിരുന്ന സമയത്തും ഇപ്പോഴും മുതനബ്ബിയില്‍ ജീവിക്കുന്ന ആളുകള്‍ക്കാണ് അസ്വസ്ഥപ്പെടുത്തുന്ന ഈ പരിണാമം കൂടുതല്‍ മനസ്സിലാവുക.

എഴുത്തുകാരനും റിപ്പോര്‍ട്ടറുമായ ഡോ. അലാ അല്‍ ഹിതാബ് പറയുന്നതിങ്ങനെ: ‘ മുതനബ്ബി തെരുവില്‍ കുറേ കുടുംബങ്ങള്‍ വരുന്നുണ്ട്. അവര്‍ക്ക് പുസ്തകമോ സാഹിത്യമോ ആയി ഒരു ബന്ധവുമില്ല. വെറുതെ കറങ്ങാന്‍ വരുന്നതാണ്. ഇരുവശത്തും പുസ്തകങ്ങള്‍ നിറഞ്ഞിരുന്ന തെരുവില്‍ നിന്നും ഭക്ഷണസാധനങ്ങള്‍ വാങ്ങുകയാണവര്‍’. പൗരാണിക മുതനബ്ബി തെരുവിനെ തിരിച്ചുപിടിക്കാന്‍ അവിടെയുള്ള വ്യാപാരികള്‍ വിചാരിച്ചാലല്ലാതെ നടക്കുകയില്ലെന്ന് അദ്ദേഹം തുടര്‍ന്ന് പറയുന്നുണ്ട്.

മുതനബ്ബി തെരുവിന്റെ അവസ്ഥ ഇവിടം കൊണ്ടൊന്നും അവസാനിക്കുന്നില്ല. തെരുവില്‍ പുസ്തകക്കട നടത്തിയിരുന്ന കരീം ഹന്‍സ് പറയുന്നത് പല ധാര്‍മികച്യുതികള്‍ക്കും മുതനബ്ബി തെരുവ് സാക്ഷിയാവുന്നുണ്ട് എന്നാണ്. ബുക്കുകളൊക്കെ മാഞ്ഞുതുടങ്ങി, പലതും മോഷ്ടിക്കപ്പെടുകയാണ്. പുസ്തകപ്പുരകള്‍ മിക്കതും ഇന്ന് വെറും വിനോദകേന്ദ്രങ്ങളായി മാറിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

ഇപ്പോള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന തിരക്കിനെ കുറിച്ച് കവിയായ ശാക്കിര്‍ വാദി ശര്‍ഖാവി സൂചിപ്പിക്കുന്നത്, ഈയൊരു മാറ്റം ഭാവിയില്‍ മുതനബ്ബി തെരുവിന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കുമെന്നാണ്. ഇവിടെ ഫുഡ് സ്‌പോട്ടിലേക്കും മറ്റ് ദുരാചാരങ്ങളിലേക്കുമാണ് ആളുകള്‍ വരുന്നത്. ഇതൊന്നും ഒരര്‍ത്ഥത്തിലും അംഗീകരിക്കാവുന്നതല്ലെന്നും അദ്ദേഹം പറയുന്നു.

മുതനബ്ബി തെരുവിനുണ്ടായ മാറ്റത്തെ ഏറെ പ്രധിഷേധത്തോടെയാണ് സാംസ്‌കാരിക ലോകത്തുള്ളവര്‍ കാണുന്നത്. എഴുത്തുകാരനായ മുഹ്്‌സിന്‍ ബഹാദുലി പറയുന്നത്, ‘മുതനബ്ബിയിലെ ഭക്ഷണശാലകളില്‍ വ്‌ളോഗര്‍മാര്‍ വരെയുണ്ട്. എന്നാല്‍ പുസ്തകങ്ങളെ എല്ലാവരും കൈവിട്ടിരിക്കുകയാണ്. പക്ഷേ, മുതനബ്ബി ക്ക്് അതിന്റേതായ പ്രത്യേകതയുണ്ട്്. അത് നഷ്ടപ്പെടാന്‍ നമ്മള്‍ സമ്മതിക്കില്ല. ഇറാഖികള്‍ക്ക് ടൈഗ്രീസും യൂഫ്രട്ടീസും കഴിഞ്ഞാല്‍ പിന്നെ മൂന്നാമത്തെ ‘നദി’യാണ് മുതനബ്ബി.’

ബാഗ്ദാദിലെ മെുതനബ്ബി തെരുവിനെ പഴയ പ്രൗഢിയിലേക്കും പ്രതാപത്തിലേക്കും തിരിച്ചുകൊണ്ടുവരണമെന്ന സാംസ്‌കാരിക ലോകത്തിന്റെ ആവശ്യം ശക്തമാണ്. അഹ്‌മദ് അസ്സിറാജി പറഞ്ഞതു പോലെ പുസ്തകങ്ങളുടെയും സാഹിത്യത്തിന്റെയും സ്വച്ഛതക്ക് തടസ്സം നില്‍ക്കുന്ന എല്ലാം നീക്കം ചെയ്യപ്പെടേണ്ടതുണ്ട്.

അവലംബം: അല്‍ജസീറ

വിവ: മുഖ്താർ നജീബ്

Related Articles