Current Date

Search
Close this search box.
Search
Close this search box.

നാസി ഫാസിസത്തില്‍ നിന്നും അഭയം തേടിയ ജൂതര്‍ക്ക് അഭയം നല്‍കിയ പാരിസ് ഗ്രാന്‍ഡ് മസ്ജിദ്

പാരീസിലെ പ്രശസ്തമായ ലാറ്റിന്‍ ക്വാര്‍ട്ടറിന്റെ ഹൃദയഭാഗത്താണ് പാരിസ് ഗ്രാന്‍ഡ് മസ്ജിദ് (ഗ്രാന്‍ഡെ മോസ്‌ക് ഡി പാരീസ്) സ്ഥിതി ചെയ്യുന്നത്. വിവിധ മതവിഭാഗങ്ങള്‍ക്കെതിരായ വിദ്വേഷ കുറ്റകൃത്യങ്ങളുടെ പശ്ചാതലത്തില്‍ മനുഷ്യത്വത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും പ്രതീകമായി മസ്ജിദ് ഇന്നും നിലകൊള്ളുന്നുണ്ട്.

രണ്ടാം ലോകമഹായുദ്ധത്തിന്റെ പ്രക്ഷുബ്ധമായ സമയത്ത് നാസി അധിനിവേശത്തിന്‍ കീഴിലായിരുന്നു ഫ്രാന്‍സ്. ശേഷിക്കുന്ന ഫ്രഞ്ച് പ്രദേശങ്ങള്‍ വിച്ചി ഫ്രാന്‍സ് എന്നാണ് അറിയപ്പെട്ടിരുന്നത്. 1940 ജൂലൈ മുതല്‍ 1944 ഓഗസ്റ്റ് വരെ അധികാരം കൈവശം വച്ച നാസി ജര്‍മ്മനിയുമായി സഹകരിച്ച് പോകാന്‍ ഈ വിച്ചി സര്‍ക്കാര്‍ തീരുമാനിച്ചു.

വിച്ചി ഫ്രാന്‍സില്‍ യഹൂദ വിരുദ്ധത നിയമവിധേയമാക്കുന്നതിനും സ്ഥാപനവല്‍ക്കരിക്കുന്നതിനുമിടയില്‍ മസ്ജിദിന്റെ സ്ഥാപക റെക്ടര്‍ സി കദൂര്‍ ബെംഗബ്രിറ്റിന്റെ നേതൃത്വത്തില്‍ വിവേകത്തോടെ പ്രവര്‍ത്തിക്കുകയും പള്ളി, തങ്ങളുടെ സഹ യഹൂദ സഹോദരങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ തുറന്നുനല്‍കുകയുമായിരുന്നു. നാസി ജര്‍മ്മനിയുടെ വിവേചനം നേരിടുന്ന മുസ്ലീങ്ങളെയും ജൂതന്മാരെയും ഒരുമിപ്പിക്കാന്‍ പാരീസിലെ ഈ പള്ളിക്ക് കഴിഞ്ഞുവെന്ന് ചരിത്രത്തില്‍ രേഖപ്പെടുത്തിയതാണ്.

വ്യത്യസ്ത വിശ്വാസത്തിലുള്ള ആളുകളെ ഇരുകൈയും നീട്ടി സ്വീകരിച്ച ചരിത്രമാണ് പാരിസിലെ ഗ്രാന്‍ഡ് മോസ്‌കിന് പറയാനുള്ളത്. പഴയ കുലീനമായ പൈതൃകം ഇപ്പോഴും നിലനിര്‍ത്തുന്നുണ്ട് ഗ്രാന്‍ഡ് മസ്ജിദ്. പള്ളിയുടെ ഭൂഗര്‍ഭ ചേംബറിലാണ് ജൂത അഭയാര്‍ത്ഥികള്‍ക്ക് താമസിക്കാന്‍ സ്ഥലം ഒരുക്കിയിരുന്നത്. ജര്‍മന്‍ നാസി സൈന്യത്തിന്റെയും 1940ലെ വിചി സര്‍ക്കാരിന്റെയും ക്രൂരമായ പീഡനത്തില്‍ നിന്നും അഭയം തേടിയവര്‍ക്കാണ് പള്ളി തുറന്നുനല്‍കിയത്. ജൂതര്‍ക്കും മുസ്ലിംകള്‍ക്കുമിടയില്‍ സഹവര്‍ത്തിത്വത്തിന്റെയും സഹകരണത്തിന്റെയും കഥയുടെ എല്ലാ നന്ദിയും ധൈര്യവും മസ്ജിദിന്റെ റെക്ടര്‍ സി കദൂര്‍ ബെംഗബ്രിറ്റിന് അവകാശപ്പെട്ടതാണ്.

ഫ്രാന്‍സിലെ രു ലക്ഷത്തോളം അള്‍ജീരിയന്‍ ജൂതരുടെ പൗരത്വമാണ് വിച്ചി ഭരണകൂടം എടുത്തുകളഞ്ഞത്. 1940നും 1943നും ഇടയില്‍ 76,000 ജൂതരെ നാസി കോണ്‍സണ്‍ട്രേഷന്‍ ക്യാംപിലേക്കയച്ചു. ഇതില്‍ 3000ല്‍ താഴെ പേര്‍ക്ക മാത്രമാണ് ജീവന്‍ തിരിച്ചുകിട്ടിയത്. ജൂതരുടെ ജീവന്‍ അപകടത്തിലായതോടെ അവരെ സംരക്ഷിക്കാന്‍ വേണ്ടി മസ്ജിദ് ഇമാം അവര്‍ മുസ്ലിംകളാണെന്ന് തെളിയിക്കുന്ന വ്യാജ രേഖകള്‍ നിര്‍മിച്ച് തന്ത്രപ്രധാനമായി വിഷയത്തെ കൈകാര്യം ചെയ്തു. എന്നാല്‍ ചിലപ്പോഴെക്കെ ഈ തന്ത്രം വിജയിച്ചെങ്കിലും സംശയം ഉണ്ടായതിനെത്തുടര്‍ന്ന് ഇങ്ങനെ ചെയ്യുന്നത് അവസാനിപ്പിക്കാന്‍ ഫ്രഞ്ച് അധികാരികള്‍ ഇമാമിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി.

മസ്ജിദില്‍ അഭയം തേടിയ നിരവധി ജൂതര്‍ അവസാനം മത്സ്യബന്ധന ബോട്ട് വഴി മൊറോക്കോയിലേക്കും സ്‌പെയിനിലേക്കും രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ നൂറ്റാണ്ടുകള്‍ക്കിപ്പുറം, ഇതേ ജൂത സമൂഹമാണ് ഫലസ്തീനില്‍ നിന്നും മുസ്ലിംകളെ വംശഹത്യ നടത്തുകയും അവരുടെ ഭൂമിയില്‍ നിന്നും പുറത്താക്കുകയും മസ്ജിദുല്‍ അഖ്‌സ കൈയേറുകയും ചെയ്യുന്നത് എന്നത് വിരോധാഭാസമാണ്.

Related Articles