ഇസ്ലാം സമാധാനത്തിന്റെ ദര്‍ശനമാണെന്ന് തെളിയിക്കുന്ന നിരവധി ഖുര്‍ആനിക വചനങ്ങളും പ്രവാചക ജീവിത സാക്ഷ്യങ്ങളുമുണ്ട്. സില്മ് (സന്ധി) എന്നപദവും അതില്‍ നിന്നും നിഷ്പന്നമായ രൂപങ്ങളും നൂറ്റിനാല്പതോളം തവണ ഖുര്‍ആന്‍ പ്രയോഗിച്ചിട്ടുണ്ട്. അതേസമയം യുദ്ധത്തെ കുറിക്കുന്ന ഹര്‍ബ് എന്ന പദം ആറ് തവണ മാത്രമാണ് ഖുര്‍ആനില്‍ വന്നത്. അവ രണ്ടിനോടുമുള്ള ഇസ്ലാമിന്റെ നിലാപാട് വ്യക്തമാക്കുന്നതാണ് അവയുടെ എണ്ണത്തിലുള്ള വ്യത്യാസം. എതിരാളികളോട് പരമാവധി സന്ധിചെയ്ത് സമാധാനത്തില്‍ കഴിയാനാണ് പ്രവാചകന് ശ്രമിച്ചിരുന്നത്.
അമുസ്ലിങ്ങള്‍ സന്ധിക്കും സമാധാനത്തിനും താല്പര്യം കാണിക്കുകയാണെങ്കില്‍ അതാണ് ചെയ്യേണ്ടതെന്ന് ഖുര്‍ആന്‍ വിശ്വാസികളോട് കല്പ്പിക്കുന്നു. ‘അവര്‍ സന്ധിക്കു സന്നദ്ധരായാല്‍ നീയും അതിനനുകൂലമായ നിലപാടെടുക്കുക.’ മുസ്ലിങ്ങള്‍ക്ക് സന്ധിയോടും സമാധാനത്തോടുമുള്ള താല്പര്യം ഖണ്ഡിതമായി വ്യക്തമാക്കുകയാണ് ഈ സൂക്തം. മുസ്ലിങ്ങളുടെ മനോവീര്യം തകര്‍ക്കുന്നതോ അവകാശങ്ങള്‍ ഹനിക്കുന്നതോ ആയിരിക്കരുത് എന്ന നിബന്ധന പാലിച്ചു കൊണ്ടായിരിക്കണമത്. പരസ്പരം അറിയുന്നതിനും സഹകരിക്കുന്നതിനും ഉപകരിക്കുന്ന എല്ലാ ജനങ്ങള്‍ക്കുമിടയില്‍ നന്മ വ്യാപിപ്പിക്കുന്നതുമായ അവസ്ഥയാണ് സന്ധി എന്നാണ് പ്രമുഖ പണ്ഡിതനായ മഹ്മൂദ് ശല്‍തൂത് പറയുന്നത്. മുസ്ലിങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ മുന്നോട്ട് വരുന്നത് അമുസ്ലിങ്ങളാണെങ്കിലും മാനുഷികമായി അവരെ സഹോദരന്മാരായി കാണുന്നതാണ് ഇസ്ലാമിന്റെ വീക്ഷണം.
ഒരു വിശ്വാസി സൗഖ്യത്തിനായി അതിയായി ആഗ്രഹിക്കുകയും അതിന്റെ സാഫല്യത്തിനായി അല്ലാഹുവിനോട് പ്രാര്‍ഥിക്കാനുമാണ് പ്രവാചകന് നമ്മോട് ആവശ്യപ്പെട്ടിട്ടുള്ളത്. ‘അല്ലാഹുവേ, ഇഹത്തിലും പരത്തിലും സൗഖ്യം നല്കേണമേ ‘ എന്ന് പ്രവാചക തിരുമേനി സാധാരണ പ്രാര്‍ഥിക്കാറുണ്ടായിരുന്നു. അദ്ദേഹത്തിന് അരോചകമായ പദമായിരുന്നു ‘ഹര്‍ബ്’. നബി(സ) പറയുന്നു: ‘അല്ലാഹുവിന് ഏറ്റവും പ്രിയപ്പെട്ട നാമങ്ങളാണ്, അബ്ദുല്ല, അബ്ദുറഹ്മാന്. അവയില്‍ പുണ്യകരമായത് ഹാരിസ്, ഹമ്മാം. അവയില്‍ ഏറ്റവും അരോചകമായത് ഹര്‍ബ്, മുര്‍റ തുടങ്ങിയവയാണ്.’
മക്കാ മുശ്രിക്കുകളോടുള്ള പ്രവാചക ഇടപെടലിന്റെ സവിശേഷതകള്‍
തികച്ചും വ്യതിരിക്തമായ ഒരു ശൈലിയായിരുന്നു മക്കാ മുശ്രിക്കുളോടുള്ള പ്രവാചകന്റെ ഇടപാടുകള്‍. അവരെ ദുര്‍മാര്‍ഗത്തില്‍ നിന്നും വഴികേടില്‍ നിന്നും മോചിപ്പിക്കാനാനുള്ള എല്ലാ ശ്രമങ്ങളും അദ്ദേഹം നടത്തി. നബി(സ)യോടും അനുയായികളോടും കഠിനമായ ശത്രുതയും വിദ്വേഷവും പുലര്ത്തിയിരുന്നവരോടാണ് ഈ നിലപാട് സ്വീകരിച്ചത് എന്നതാണ് അതിന്റെ പ്രസക്തി. ഇഹ-പര വിജയത്തിന് നിദാനമായ ഇസ്ലാമിന്റെ സന്ദേശം എത്തിക്കുന്നതിലദ്ദേഹം അതീവശ്രദ്ധ പുലര്‍ത്തിയിരുന്നു.
1. സന്മാര്ഗ ദര്‍ശനത്തിനായുള്ള പ്രാര്‍ഥന:
അതില്‍ പ്രഥമമാണ് അവര്‍ക്ക് സന്മാര്ഗദര്ശനം ലഭിക്കാനായുള്ള അദ്ദേഹത്തിന്റെ പ്രാര്‍ഥന. മുശ്രിക്കുളില്‍ ആരെയും തന്റെ പ്രാര്‍ഥനയില്‍ നിന്നദ്ദേഹം ഒഴിവാക്കിയില്ല. അദ്ദേഹത്തോട് കടുത്ത ശത്രുത വെച്ചുപുലര്‍ത്തിയിരുന്ന അബൂ ജഹ്ലിനും ഉമര്‍ ഖതാബിനും (ഇസ്ലാം സ്വീകരിക്കുന്നതിന് മുമ്പ്) വേണ്ടി പ്രാര്‍ഥിച്ചത് വളരെ പ്രസിദ്ധമാണ്. ‘അല്ലാഹുവേ, ഈ രണ്ടു വ്യക്തികളില്‍ നിനക്ക് ഏറ്റവും പ്രിയപ്പെട്ടവനെ കൊണ്ട് ഇസ്ലാമിനെ ശക്തിപ്പെടുത്തേണമേ, ഒന്നുകില്‍ അബു ജഹ്ല് അല്ലെങ്കില്‍ ഉമര്‍ ബിന്‍ ഖതാബ്. അല്ലാഹുവിന് അവരില്‍ ഏറ്റവും പ്രിയപ്പെട്ടത് ഉമര്‍ ബിന്‍ ഖത്താബ് ആയിരുന്നു.’
2. സന്തോഷവാര്‍ത്തയറിയിക്കല്‍
നബി(സ)യുടെ മറ്റൊരു സവിശേഷതയായിരുന്നു സന്തോഷവാര്‍ത്തയറിയിക്കല്‍. അദ്ദേഹത്തിന്റെ വാക്കുകളും പ്രവര്‍ത്തികളുമെല്ലാം സന്തോഷവാര്‍ത്തയെ കുറിക്കുന്നതായിരുന്നു. ബഹുദൈവാരാധകര്‍ അദ്ദേഹത്തോട് കാണിച്ച പാരുഷ്യം ആ നിലപാടിനെ മാറ്റിയില്ല. റബീഅ ബിന്‍ ഉബാദ് പറയുന്നു: ‘ദുല്‍ മജാസ് അങ്ങാടിയില്‍ അല്ലാഹുവിന്റെ ദൂതനെ എന്റെ കണ്ണുകള്‍ കൊണ്ട് കണ്ടു. അദ്ദേഹം ഇങ്ങനെ പറയുന്നുണ്ടായിരുന്നു ‘ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവല്ലാതെ ഇലാഹില്ലെന്ന് പ്രഖ്യാപിക്കുക. എങ്കില്‍ നിങ്ങള്‍ വിജയിച്ചതു തന്നെ.’ ആളുകള്‍ ഒരുമിച്ചു കൂടിയ വഴികളില്‍ അദ്ദേഹം ഇങ്ങനെ വിളിച്ച് പറയുമ്പോള്‍ എല്ലാവരും നിശബ്ദരാകുന്നത് ഞാന്‍ കണ്ടു. അപ്പോള്‍ പുറകില്‍ നിന്നും ഒരാള്‍ മുഹമ്മദ്(സ) പുത്തന്‍ വാദിയും കള്ളനുമാണെന്ന് വിളിച്ചു പറഞ്ഞു. അപ്പോള്‍ അതാരാണെന്ന് ഞാന്‍ ചോദിച്ചു. അത് അബ്ദുല്ലയുടെ മകന് മുഹമ്മദാണെന്നും പ്രവാചകത്വത്തെ കുറിച്ചാണദ്ദേഹം പറയുന്നതെന്നും അവിടെ ഉണ്ടായിരുന്ന ആളുകള്‍ പറഞ്ഞു. അദ്ദേഹത്തെ കളവാക്കുന്നവന്‍ ആരെന്ന് അന്വേഷിച്ചപ്പോള്‍ പിതൃവ്യന് അബൂ ലഹബ് ആണെന്നും പറഞ്ഞു.
വളരെ വ്യക്തമായി തന്നെ ദ്രോഹിച്ചിട്ടും പ്രവാചകന് അബൂ ലഹബിനോടുള്ള നിലപാടില്‍ മാറ്റം വരുത്തിയില്ല. വിജയത്തിലേക്കും മോചനത്തിലേക്കും ആളുകളെ ക്ഷണിക്കുന്ന രീതിയാണദ്ദേഹം സ്വീകരിച്ചിരുന്നത്. അല്ലാഹുവില്‍ വിശ്വസിക്കുകയും അവനില്‍ പങ്കുചേര്‍ക്കാതിരിക്കുകയും ചെയ്താല്‍ പരലോകത്തു ലഭിക്കുന്ന പ്രതിഫലത്തെ കുറിച്ചു മാത്രമല്ല ഇഹലോകത്ത് ലഭ്യമാകുന്ന ആധിപത്യത്തെ പറ്റിയും അദ്ദേഹം സന്തോഷ വാര്ത്തയറിയിച്ചിരുന്നു. അബൂ ത്വാലിബ് രോഗിയായപ്പോള്‍ ഖുറൈശികളെല്ലാം സന്ദര്‍ശിച്ചു. അവിടെ വേറെയും ആളുകളുണ്ടായിരുന്നു. നബി(സ)യും അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ ചെന്നപ്പോള്‍ അബൂ ജഹ്ല് അദ്ദേഹത്തെ തടയാനായി എണീറ്റു. അബൂ ത്വാലിബിനോടദ്ദേഹം പരാതിപ്പെട്ടപ്പോള്‍ എന്താണ് താങ്കളുടെ സമൂഹത്തില്‍ നിന്ന് പ്രതീക്ഷിക്കുന്നത് എന്നന്വേഷിച്ചു. അറബികളും അനറബികളും നിങ്ങള്‍ക്ക് കീഴ്പ്പെടാനുള്ള ഒരു വാക്യം മാത്രമാണ് ഞാനുദ്ദേശിക്കുന്നത് എന്നാണതിന് പ്രവാചകന് നല്കിയ മറുപടി. ഏതാണ് ആ വാക്യമെന്ന് അത്ഭുതത്തോടെ അബൂ ത്വാലിബ് ചോദിച്ചു. അല്ലാഹുവല്ലാതെ ഇലാഹില്ലെന്ന് പ്രഖ്യാപിക്കുക എന്ന് അദ്ദേഹമതിന് മറുപടി നല്കി. ഏക ഇലാഹ് എന്നത് പൂര്‍വ്വ മതങ്ങളില്ലാത്തതും കെട്ടിച്ചമച്ചതുമാണെന്ന ന്യായീകരണമായിരുന്നു അവര്‍ക്കപ്പോള്‍ പറയാനുണ്ടായിരുന്നത്. ഇത്രയൊക്കെ പറഞ്ഞിട്ടും പ്രവാചകന് അവരില്‍ നിന്ന് മുഖം തിരിക്കുകയോ അവരുടെ സദസുകളെ ബഹിഷ്കരിക്കുകയോ ചെയ്തില്ല. പിന്തിരിയുന്ന ധിക്കാരികളോട് സ്വീകരിക്കുന്ന സമീപനം സ്വീകരിക്കുന്നതിന് പകരം സ്നേഹത്തോടും വാത്സല്യത്തോടും പെരുമാറുകയായിരുന്നു. ഇഹലോകത്ത് ലഭിക്കാനിരിക്കുന്ന അധികാരത്തെയും പരലോകത്ത് ലഭിക്കുന്ന അനുഗ്രഹങ്ങളെയും കുറിച്ചവരെ സന്തോഷവാര്‍ത്ത അറിയിച്ചുകൊണ്ടിരിക്കുയും ചെയ്തു.
3. ബഹുദൈവാരാധകരുമായുള്ള സംഭാഷണങ്ങള്‍
അവരുമായുള്ള പെരുമാറ്റത്തിന്റെ മൂന്നാമത്തെ സവിശേഷതയായിരുന്നു സംഭാഷണങ്ങള്‍. ‘ചോദിക്കുക: ‘ആകാശഭൂമികളില്‍നിന്ന് നിങ്ങള്‍ക്ക് അന്നം തരുന്നത് ആരാണ്?’ പറയുക: അല്ലാഹു. അപ്പോള്‍ ഞങ്ങളോ നിങ്ങളോ രണ്ടിലൊരു വിഭാഗം നേര്‍വഴിയിലാണ്. അല്ലെങ്കില്‍ പ്രകടമായ വഴികേടിലും. പറയുക: ‘ഞങ്ങള്‍ തെറ്റ് ചെയ്യുന്നതിനെപ്പറ്റി നിങ്ങളോടാരും ചോദിക്കുകയില്ല. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി ഞങ്ങളോടും ചോദിക്കുകയില്ല.’പറയുക: ‘നമ്മുടെ നാഥന് നമ്മെയെല്ലാം ഒരുമിച്ചുകൂട്ടും. പിന്നീട് അവന് നമുക്കിടയില്‍ ന്യായമായ തീരുമാനമെടുക്കും. അവന് എല്ലാം അറിയുന്ന വിധികര്‍ത്താവാണ്.’ എന്ന ഖുര്‍ആന്‍ വചനത്തില്‍ സ്വീകരിച്ചിരിക്കുന്ന ശൈലിയുടെ പ്രയോഗവല്‍കരണമായിരുന്നു നബി(സ)യുടെ സംഭാഷണം. നബി(സ) സത്യത്തില്‍ തന്നെയായിരുന്നു എന്ന പൂര്‍ണ്ണബോധ്യമുണ്ടായിട്ടും ഇത്തരം സമീപനം സ്വീകരിക്കാനാണ് അല്ലാഹു ആവശ്യപ്പെടുന്നത്. നമ്മെ പോലെ ഒരു പൊതു ഇടത്തില്‍ ഒരാള്‍ സത്യത്തിലാണെങ്കില്‍ മറ്റെ ആള് മിഥ്യയിലായിരിക്കുമെന്നതില് സംശയമില്ല. അതിനാല്‍ യാഥാര്‍ഥ്യം മനസിലാകുന്നത് വരെ ചര്‍ച്ചയിലേര്‍പ്പെടാം. അതാണ് സംഭാഷണത്തിന്റെ മാന്യവും ഉന്നതവുമായ മാതൃക. ‘ജുര്‍മ് അഥവാ കുറ്റം സ്വന്തത്തിലേക്ക് ചേര്‍ത്ത് പറയാനാണ് അല്ലാഹു തന്റെ ദൂതനോട് കല്‍പ്പിച്ചിട്ടുള്ളത്. തെറ്റുകളെയും വീഴ്ചകളെയും സൂചിപ്പിക്കാനുപയോഗിക്കുന്ന പദമായ ജുര്മാണ് ഇവിടെ ഖുര്‍ആന്‍ പ്രയോഗിച്ചിരിക്കുന്നത്. തെറ്റാവാനും ശരിയാവാനും സാധ്യതയുള്ള ‘അമല്‍’ (പ്രവര്‍ത്തി) എന്ന പദമാണ് അവരിലേക്ക് ചേര്‍ത്തു പറയുന്നത്. കാര്യങ്ങള്‍ എല്ലാം അല്ലാഹുവില്‍ ഏല്‍പ്പിക്കുകയാണ് തുടര്‍ന്ന് ചെയ്യുന്നത്. അല്ലാഹു എല്ലാവരെയും അന്ത്യദിനത്തില്‍ ഒരുമിച്ചു കൂട്ടുമെന്നും, സത്യസന്ധമായി നമുക്കിടയില്‍ വിധികല്പ്പിക്കുകയും ചെയ്യുമെന്നും പറയുന്നു. അന്നേരം ആര്‍ക്കായിരുന്നു തെറ്റ് പറ്റിയത് ആരായിരുന്നു ശരി പ്രവര്‍ത്തിച്ചത് എന്ന് ബോധ്യമാകും.
ചര്‍ച്ചയുടെ ഏറ്റവും ഉത്തമമായ മാതൃക ഇതാണെന്നതില്‍ തര്‍ക്കമില്ല. അതില്‍ യാതൊരുവിധ പക്ഷപാതിത്വമോ വേര്‍തിരിവോ കാണിക്കുന്നില്ല. എതിര് വിഭാഗത്തെ മാനിക്കുന്നതും പരിഗണിക്കുന്നതുമാണത്. ഇത്തരം ആയത്തുകളെ അവയുടെ ആധിക്യം കാരണം തിട്ടപ്പെടുത്താന്‍ പ്രയാസമാണ്. ഈ ആയത്തുകളെ പ്രവാചകന് എങ്ങനെ പ്രയോഗവല്‍കരിച്ചു എന്നതാണ് പ്രധാനം.
4. പ്രവാചകന്റെ സഹനം
ഖുറൈശികളില്‍ നിന്നുണ്ടായിരുന്ന ദ്രോഹങ്ങളില്‍ നബി(സ) അവലംബിച്ച സഹനമായിരുന്നു അദ്ദേഹത്തിന്റെ മറ്റൊരു സവിശേഷത. ഒരിക്കല്‍ പ്രവാചകന് നമസ്കരിക്കുമ്പോള്‍ ഉഖ്ബത് ബിന്‍ അബീ മുഈത്വ് തന്റെ വസ്ത്രം കൊണ്ട് പ്രവാചകന്റെ കഴുത്ത് കഠിനമായി മുറുക്കി. അതുകണ്ട അബൂബകര്‍(റ) തടഞ്ഞുകൊണ്ടു പറഞ്ഞു: ‘എന്റെ നാഥന് അല്ലാഹുവാണ് എന്നു പറഞ്ഞതിന്റെ പേരില്‍ നിങ്ങള്‍ ഒരു മനുഷ്യനെ കൊല്ലുകയോ?’
പ്രവാചകനെ തന്റെ സമൂഹം മായജാലക്കാരനെന്നും ഭ്രാന്തനെന്നും ആരോപിച്ചു. ഭ്രാന്തനെന്ന് ആരോപിച്ചവരോട് ഞാന്‍ അല്ലാഹുവിന്റെ ദൂതനും അടിമയുമാണെന്ന മറുപടിയായിരുന്നു അദ്ദേഹത്തിന് നല്കാനുണ്ടായിരുന്നത്.
അബൂത്വാലിബിന്റെ മരണത്തിന് ശേഷം ഖുറൈശികളില്‍ നിന്ന് അദ്ദേഹത്തിനെതിരെയുണ്ടായ ഉപദ്രവം കഠിനമായി. ഇബ്നു ഹിശാം വിവരിക്കുന്നു: ‘അബൂ ത്വാലിബ് ജീവിച്ചിരിക്കെ അനുഭവിക്കാത്ത പ്രയാസങ്ങള്‍ അദ്ദേഹത്തിന്റെ മരണത്തിന് ശേഷം നബി(സ)ക്ക് അനുഭവിക്കേണ്ടി വന്നു. ഖുറൈശികളിലെ പമ്പരവിഢ്ഢികള് വരെ അദ്ദേഹത്തെ എതിര്‍ക്കാന്‍ ധൈര്യം കാണിക്കുകയും തലയില്‍ മണ്ണുവാരിയിടുകയും ചെയ്തു. പ്രവാചകന്റെ മകള്‍ വന്ന് അത് വൃത്തിയാക്കി കരഞ്ഞു. അപ്പോള്‍ റസൂല്‍ അവളോട് പറഞ്ഞു: ‘എന്റെ പ്രിയപ്പെട്ട മകളെ , നീ കരയരുത്. നിന്റെ പിതാവിനെ അല്ലാഹു സംരക്ഷിക്കും’. ഇത്തരം പ്രതികരണങ്ങളൊന്നും അവരോടുള്ള പെരുമാറ്റം മോശമാക്കുന്നതിന് കാരണമായില്ല. ഖുറൈശികള്‍ നുബുവ്വത്തിന്റെ ഏഴാം വര്‍ഷം മുസ്ലിങ്ങള്ക്കുമേല് കടുത്ത സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. എന്നിട്ടു പോലും അവര്‍ തങ്ങളുടെ വസ്തുക്കള്‍ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചിരുന്നത് പ്രവാചകനെയായിരുന്നു. അവര്‍ അദ്ദേഹത്തെ വധിക്കാനുള്ള ഗൂഢാലോചന നടത്തിയിട്ട് പോലും സൂക്ഷിക്കാനേല്പ്പിച്ച വസ്തുക്കളെല്ലാം തിരിച്ചു നല്കാന് അലി(റ)നെ ഏല്പ്പിച്ചാണദ്ദേഹം ഹിജ്റ പോയത്. ഇപ്രകാരമായിരുന്നു കാരുണ്യത്തിലും അനുകമ്പയിലും അധിഷ്ടിതമായ ഖുറൈശികളോടുള്ള പ്രവാചകന്റെ സമീപനം.
( കടപ്പാട് )
കൂടുതൽ വായനക്ക് 👉🏻: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU