Current Date

Search
Close this search box.
Search
Close this search box.

വഖഫ് സംവിധാനം ഫലസ്‍തീനെ അഭിവൃദ്ധിപ്പെടുത്തിയതെങ്ങനെയാണ്?

രണ്ടാം ഖലീഫ ഉമർ ബിൻ ഖത്താബ് (റ) ഫലസ്തീൻ പിടിച്ചടക്കിയ ഹിജ്റ വർഷം 16 മുതൽ തന്നെ ആ പ്രദേശം ഇസ്ലാമിക ലോകത്തിൻ്റെ ഭാഗമാണ്. അന്ന് മുതൽ കിഴക്കുനിന്നും പടിഞ്ഞാറൻ ഭാഗങ്ങളിലേക്ക് പോകുന്ന ലോക മുസ്ലിംകളുടെ അഭയ സ്ഥാനമാണ് ഫലസ്തീൻ. സച്ചരിതരായ മഹാന്മാരും പണ്ഡിതന്മാരും വിശ്വാസികളും ഒഴുകിയെത്തുന്ന മസ്ജിദുൽ അഖ്സ അവിടെയാണ് കുടികൊള്ളുന്നത്. ശത്രുവിനെതിരെ ഒന്നിച്ചുനിൽക്കാൻ മുസ്ലിംകളെ പ്രചോദിപ്പിക്കുന്ന കഥകളാൽ സമ്പന്നമായ അസ്ഖലാൻ (അഷ്കലോൺ), ഇബ്രാഹിം നബി (അ) അന്തിയുറങ്ങുന്ന അൽ ഖലീൽ (ഹെബ്രോൺ), പ്രവാചക തിരുമേനിയുടെ പിതാമഹന്മാരിൽ ഒരാളായ ഹാശിം മരണപ്പെട്ട ഗസ്സ തുടങ്ങിയ ചരിത്ര നഗരങ്ങൾ നിലകൊള്ളുന്നതും അവിടെ തന്നെ. പ്രവാചക പിതാമഹൻ ഹാശിമിന്റെ പേരിനോട് ചേർത്ത് ‘ഗസ്സത്തുൽ ഹാശിം’ (ഹാഷിമിന്റെ ഗസ്സ) എന്ന അപരനാമത്താൽ അറിയപ്പെടുന്ന ഗസ്സ പട്ടണത്തിലാണ് ഇമാം ശാഫിഈ (റ) ഭൂജാതനാവുന്നത്. മതപരവും ചരിത്രപരവുമായ സവിശേഷതകൾ കാരണം, ഖിലാഫതുർറാശിദ മുതൽ ഉസ്മാനിയ ഖിലാഫത്ത് വരെയുള്ള കാലങ്ങളിൽ ഭരണാധികാരികളുടെയും വിവിധ സുൽത്താൻമാരുടെയും പ്രത്യേക പരിഗണനകൾക്ക് ഫലസ്തീൻ പാത്രമായിട്ടുണ്ട്. 

ഫലസ്തീൻ ഭൂപ്രദേശത്തെ മത- വിദ്യാഭ്യാസ- ആരോഗ്യ- സാമൂഹിക രംഗങ്ങൾ അടക്കമുള്ള വിവിധ മേഖലകളിലെ നിർമ്മാണ സേവന പ്രവർത്തനങ്ങൾക്ക് സംഭാവനകളർപ്പിക്കാൻ ഓരോ തലമുറയും പ്രത്യേകം താൽപര്യം കാണിച്ചതായി കാണാം. അങ്ങനെ വന്ന ഭരണാധിപരിൽ പെട്ടവരാണ്, മംഗോളിയരെ തുരത്തി, ഈജിപ്ത്, ശാം, ഹിജാസ് എന്നീ പ്രദേശങ്ങളോടൊപ്പം ഫലസ്തീൻ ഭരിച്ച തുർക്കികളായ മംലൂക്കീ സുൽത്താൻമാർ. ഏതാണ്ട് രണ്ടര നൂറ്റാണ്ടുകാലം നീണ്ടുനിന്ന മംലൂക്കുകളുടെ കാലത്തെ സംരംഭങ്ങളിൽ പലതും ഇന്നും അവശേഷിക്കുന്നവയാണ്. 

ആദ്യകാല മംലൂക്കുകളുടെ വഖ്‍ഫുകൾ 

ഇത്തരം ഭൂരിഭാഗം സംരംഭങ്ങളും ‘വഖ്‍ഫ്’ സ്വത്തുക്കളായിരുന്നു എന്നതാണ് ശ്രദ്ധേയം. ആസ്തി നിലനിർത്തി ആനുകൂല്യം ഒരു നിശ്ചിത കാര്യത്തിനായി പരിമിതിപ്പെടുത്തുന്ന പ്രക്രിയയാണ് വഖ്ഫില്‍ നടക്കുന്നത്. അഥവാ, സ്ഥിരവരുമാനം ലഭിക്കുന്ന ഭൂമികളിലോ സ്ഥാപനങ്ങളിലോ നിന്നുള്ള സ്ഥാവര – ജംഗമ വസ്തുക്കളുടെ ആദായം നിർണയിക്കപ്പെട്ട സാമൂഹിക- ആരോഗ്യ- മത- വിദ്യാഭ്യാസ മേഖലകളിലെ പ്രവർത്തനങ്ങൾക്കായി മാത്രം ഉപയോഗപ്പെടുത്തുന്ന രീതിയാണത്. ദീർഘകാല സ്വഭാവത്തിൽ വിവിധ തലമുറകൾക്ക് ഇതിലൂടെ പ്രയോജനം കണ്ടെത്താൻ സാധിക്കുന്നു എന്നതാണ് ഇതിൻറെ സവിശേഷത. ഇത്തരം വഖ്‍ഫ് പദ്ധതികളിലൂടെയാണ് ഇസ്ലാമിക സമൂഹത്തിന്റെ നാഗരിക ചലനങ്ങളെ ദ്രുതഗതിയിൽ മുമ്പോട്ടു കൊണ്ടുപോയത്. മുസ്ലിം ഉമ്മത്തിന്റെ ഇത:പര്യന്തമുള്ള സർവതോൻമുഖമായ പുരോഗതിയുടെയും വാതായനങ്ങൾ ‘വഖ്ഫ് ‘ എന്ന താക്കോലുകളാൽ തുറക്കപ്പെട്ടത് തന്നെയാണ്. 

മംലൂക്കുകളുടെ കാലത്തെ വഖ്ഫ് വ്യവസ്ഥയെക്കുറിച്ചും അതു മുഖേന കിഴക്കൻ ഇസ്ലാമിക പ്രദേശങ്ങൾ കൈവരിച്ച അഭിവൃദ്ധിയെക്കുറിച്ചും ഇബ്നു ഖൽദൂൻ സൂചിപ്പിക്കുന്നുണ്ട്. പതിനാലാം നൂറ്റാണ്ടിന്റെ അവസാനങ്ങളിൽ മംലൂക്കുകളുടെ കീഴിലായിരുന്ന ഈജിപ്തിലേക്ക് താമസം മാറുന്ന വേളയിലാണ് ഇബ്നു ഖൽദൂൻ, രാഷ്ട്രത്തിൻറെ വളർച്ചയുടെ സുപ്രധാന കാരണങ്ങളിലൊന്നായി അവിടുത്തെ ശക്തമായ ‘വഖ്ഫ്’  സംവിധാനത്തെ ശ്രദ്ധിക്കുന്നത്. അദ്ദേഹം പറയുന്നു: “കിഴക്കൻ പ്രദേശങ്ങൾ വൈജ്ഞാനികാഭിവൃദ്ധിയാൽ വളർന്നിരുന്നു. നിർമ്മാണ – നാഗരിക രംഗങ്ങളിൽ വികസനം പ്രാപിച്ചത് ആ പ്രദേശത്തെ അതിശക്തമായ വഖ്ഫ് സംരംഭങ്ങളുടെ ഫലമായാണ്”. 

ഈജിപ്തിലെ വൈജ്ഞാനിക- ജീവകാരുണ്യ മേഖലകളിലെ വഖ്ഫുകളെ കുറിച്ചാണ് ഇബ്നു ഖൽദൂൻ സൂചിപ്പിച്ചതെങ്കിൽ ഫലസ്തീനിലും അത് വ്യാപകമായി നിലനിന്നിരുന്നു. അവിടത്തെ വഖ്ഫ്  പ്രവർത്തനങ്ങളിൽ ഏറ്റവും മുമ്പിൽ ഉണ്ടായിരുന്നത് സുൽത്താൻ ളാഹിർ ബൈബറസ് ബുൻദുഖ്ദാരി ആയിരുന്നു. ഈജിപ്തിലും ശാമിലും അദ്ദേഹത്തിൻറെ കാലത്ത് മസ്ജിദുകളും മറ്റ് ദീനി സ്ഥാപനങ്ങളും വലിയതോതിൽ നിർമ്മിക്കപ്പെട്ടു. അതേസമയം അദ്ദേഹത്തിൻറെ മിക്ക പ്രവർത്തനങ്ങളും ജറൂസലേം (ഖുദ്സ്) പ്രദേശം കേന്ദ്രീകരിച്ചായിരുന്നു. അധികാരമേറ്റ കൃത്യം ഒരു വർഷത്തിനുശേഷം (ഹിജ്റ 659ൽ)  തകർന്നു പോയിരുന്ന മസ്ജിദുൽ അഖ്സയുടെ ‘ഖുബ്ബതുസ്സഖ്റ’ (ഡോം ഓഫ് ദ റോക്ക്)  നിർമ്മിക്കാൻ ധനസമാഹാരത്തിനായി സുൽത്താൻ’ ഉത്തരവിട്ടു. അതിനായി നിർമ്മാണ വിദഗ്ധരെയും യന്ത്രങ്ങളും അദ്ദേഹം അയച്ചു. 

അഖ്സയിലെ തന്നെ ‘ഖുബ്ബതുസ്സിലസില’ പുനർനിർമ്മിച്ച് അലങ്കരിച്ച സുൽത്താൻ ബൈബിറസ് അതിനായി നാബുലുസ്, ഖലീൽ പട്ടണങ്ങളിലെ വരുമാനം ചെലവഴിക്കുകയും ചെയ്തു. മൂന്നു വർഷങ്ങൾക്കുശേഷം പള്ളികളും വിദ്യാലയങ്ങളും പുനസ്ഥാപിച്ച് ജെറുസലേം നഗരത്തിന്റെ പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കായി ബൈബിറസ് ഒരു പുതിയ ദൗത്യസംഘത്തെ നിയോഗിച്ചു. തദ്ഫലമായി, സുൽത്താന്റെ അമീറുമാരും ജെറുസലേം നിർമ്മാണ പ്രവർത്തനങ്ങളിൽ ഉത്സാഹം കാണിക്കാൻ തുടങ്ങി.  മസ്ജിദുൽ അഖ്സയുടെ സമീപത്തായി അൽബസീർ അങ്കണം നിർമ്മിച്ച അമീർ അയ്ദുഗ്ദി അവരിൽ ഒരാളാണ്. അരീഹ (ജെറീക്കോ) പട്ടണത്തിൽ ഒരു പള്ളിയും അദ്ദേഹം പണിതു. 

ഖുദ്സിലേക്കുള്ള യാത്രക്കാർക്കും അവിടുത്തെ പരിസരവാസികൾക്കും അവിടെ തങ്ങുന്ന വിശ്വാസികൾക്കും നൽകാൻ തങ്ങളുടെ ഉപജീവന വരുമാനങ്ങൾ വഖ്ഫ് ചെയ്ത നിരവധി ഫലസ്തീനി ഗ്രാമങ്ങളാണ് ഉള്ളത്. ഹിജ്റ 661 ൽ സുൽത്താൻ ബൈബറസ് ജെറുസലേമിലെ സ്ഥിതിഗതികൾ പരിശോധിക്കാൻ അവിടം സന്ദർശിക്കുകയുണ്ടായി. മസ്ജിദുൽ അഖ്സയുടെ ധൈഷണികവും നാഗരികവുമായ വികസനത്തിന്റെ സുഗമമായ നടത്തിപ്പിനായി ഓരോ വർഷവും 5000 ദിർഹം അദ്ദേഹം മാറ്റിവെച്ചു. 

ഒപ്പം മുൻകാല ഖലീഫമാരും മുസ്ലിം ഭരണാധികാരികളും മസ്ജിദുൽ അഖ്സയ്ക്ക് നൽകിയ വഖ്ഫ് സ്വത്തുകൾ പുന:പരിശോധിക്കുകയും അത് സംരക്ഷിക്കാൻ വേണ്ട മുൻകരുതലുകൾ എടുക്കുകയും ചെയ്തു. അൽ ഖലീൽ നഗരത്തിലെ ഇബ്രാഹിം നബിയുടെ മഖാമിന്റെ പുനർനിർമ്മാണം ബൈബ്രേസിന്റെ മുഖ്യ പരിഗണനയിൽ ഉണ്ടായിരുന്ന കാര്യമായിരുന്നു. സമീപസ്ഥരായ താമസക്കാർക്കും സന്ദർശകർക്കും നൽകിവന്നിരുന്ന സാമ്പത്തിക സഹായം ഉയർത്തിയ സുൽത്താൻ, പുതിയ സംരംഭങ്ങൾ നിശ്ചയിക്കുകയും ഗ്രാമത്തിൽ നിന്നുള്ള വരുമാനം ഇബ്രാഹിമി മഖാമിന്റെ ആവശ്യങ്ങൾക്കായി പരിമിതപ്പെടുത്തുകയും ചെയ്തു.

അൽ ഖലീൽ നഗരത്തിൽ സുൽത്താൻ ബൈബറസ് ഒരു ഭക്ഷണശാല സ്ഥാപിക്കുകയുണ്ടായി. സന്ദർശകരെ പരിഗണിച്ചുകൊണ്ട് ഭരണസംവിധാനത്തിന്റെ സംരംഭമായി സ്ഥാപിക്കപ്പെട്ട പ്രസ്തുത ഭക്ഷണ ശാലയിൽ, ആവശ്യമായ തൊഴിലാളികളെ സുൽത്താൻ നിശ്ചയിക്കുകയും അവർക്ക് മാസശമ്പളം ഏർപ്പെടുത്തുകയും ചെയ്തു. ഈ സംവിധാനം, ഒരു നൂറ്റാണ്ടിനു ശേഷം വന്ന സുൽത്താൻ ബർഖൂഖിൻ്റെ കാലം വരെ നിലനിന്നതായി ചരിത്രം പറയുന്നു. അദ്ദേഹമാകട്ടെ നാബുലിസിന്റെ തെക്കുപടിഞ്ഞാറൻ ഭാഗത്ത് സ്ഥിതിചെയ്യുന്ന ദേർ ഇസ്തിയ എന്ന ഗ്രാമത്തെ കൂടി വഖ്ഫിൻ്റെ ഭാഗമാക്കി മാറ്റി. അവിടെയുള്ള ഇബ്രാഹിം മസ്ജിദിന്റെ വാതിലിന്റെ ഒരു ഭാഗത്തായി സുൽത്താൻ ഈ വഖ്ഫിന്റെ രേഖകൾ കൊത്തിവെക്കുകയും ചെയ്തു. 

സുൽത്താൻ ളാഹിർ ബൈബറസിന് ശേഷം ജെറുസലേം നഗരവും മസ്ജിദും മുഖ്യ പരിഗണനയിലെടുത്തും മറ്റു നിർമ്മാണ പ്രവർത്തനങ്ങളുമായി വന്ന ഭരണാധികാരിയാണ് സുൽത്താൻ മൻസൂർ ഖല്ലാവൂൻ. അദ്ദേഹം ‘മസ്ജിദുൽ അഖ്സയെ പടിഞ്ഞാറ് ഭാഗത്തുനിന്ന് മസ്ജിദുൽ അമ്പിയാ’യുടെ ഭാഗത്തേക്ക് പുനർ നിർമ്മിച്ചു. ‘രിബാത്തുൽ മൻസൂരി’ എന്നപേരിൽ അറിയപ്പെടുന്ന, സൂഫികൾക്കായി ഒരു അങ്കണവും അദ്ദേഹം സ്ഥാപിച്ചു. ഖുബ്ബത്തുസ്സഖ്റയുടെ രണ്ട് വടക്കൻ പടികളിൽ കമാനങ്ങൾ നിർമ്മിച്ച അദ്ദേഹം അഖ്സയുടെ ‘ബാബുൽ ഖത്താനീൻ’ പുനർ നിർമ്മിക്കുകയും ചുറ്റുമതിലുകൾക്ക് പുറത്തായി ‘അസ്സബീൽ’ എന്ന കനാൽ നിർമ്മിക്കുകയും ചെയ്തു. 

മസ്ജിദുൽ അഖ്സയ്ക്ക് വാർഷിക വിഹിതം എന്ന പദ്ധതിയും നിശ്ചയിച്ച മൻസൂർ ഖല്ലാവൂൻ, വഖ്ഫ് പദ്ധതികളെ ആശ്രയിച്ച് ,നഗരത്തിന്റെ നിർമ്മാണ പ്രക്രിയകളിൽ കാര്യമായി ശ്രദ്ധ നൽകുകയും ചെയ്തു. ശേഷം വന്ന ഭരണാധികാരിയായ – തന്റെ മകൻ കൂടിയായ – സുൽത്താൻ നാസിർ മുഹമ്മദ് ഖല്ലാവൂൻ പിതാവ് അവസാനിപ്പിച്ചിടത്തു നിന്നും തുടങ്ങി. പിതാവ് തുടങ്ങിവച്ച പല സംരംഭങ്ങളും പൂർത്തിയാക്കിയ നാസിർ മുഹമ്മദ്, നഗരത്തിന് പടിഞ്ഞാറ് ഭാഗത്തുള്ള നിരവധി ഒലിവ് തോട്ടങ്ങളിൽ നിന്നും മറ്റു ഫലസ്തീൻ ഗ്രാമങ്ങളിൽ നിന്നും ലഭിക്കുന്ന വരുമാനങ്ങൾ ജെറുസലേം നഗര നിർമ്മാണങ്ങൾക്കായി വഖ്ഫ് ചെയ്തതായും ചരിത്രം പറയുന്നു.

നാസിർ മുഹമ്മദിൻ്റെ കാലത്ത് ശാമിലും ഫലസ്തീനിലും പള്ളികൾക്കും വിദ്യാലയങ്ങൾക്കുമായി വഖ്ഫ് ചെയ്യപ്പെട്ട കൃഷിഭൂമികളെ കുറിച്ച് ചരിത്രകാരന്മാർ സൂചിപ്പിക്കുന്നുണ്ട്. ശാമിൽ മാത്രം ഒരു ലക്ഷത്തി മുപ്പതിനായിരം ഏക്കറോളം വരുമെന്നാണ് അവർ കണക്കുകൂട്ടുന്നത്. അതിനിടെ, സുൽത്താൻ നാസിർ മുഹമ്മദ്, സൻജർ അൽ ജാവലിയെ ഗസ്സയുടെ അമീറായി നിശ്ചയിക്കുകയും പിന്നീട് ഫലസ്തീന്റെ മൊത്തം ഗവർണറായി അദ്ദേഹം മാറുകയും ചെയ്തു. അമീർ ജാവലി, ഖലീൽ നഗരത്തിൽ ഒരു വലിയ പള്ളി സ്ഥാപിക്കുകയുണ്ടായി. മൂന്നു വർഷത്തോളം നീണ്ട നിർമ്മാണ പ്രവർത്തനങ്ങൾക്കൊടുവിൽ സ്ഥാപിതമായ പള്ളി, ഇബ്രാഹീം മസ്ജിദിന്റെ വടക്കുകിഴക്കൻ മതിലിനു സമീപമായാണ് സ്ഥിതി ചെയ്യുന്നത്. 

രാഷ്ട്രത്തിൻറെ പൊതുമുതലിനു പകരം അമീർ, അദ്ദേഹത്തിൻറെ പ്രത്യേക ധനശേഖരത്തിൽ നിന്നാണ് പള്ളി നിർമ്മിച്ചത് എന്നതാണ് ശ്രദ്ധേയം. പള്ളിയുടെ മതിലുകളിലൊന്നിൽ ഇപ്രകാരം കൊത്തിവെക്കപ്പെട്ടതായി ഇന്നും കാണാം: ”സുൽത്താൻ മാലിക് അന്നാസിറിന്റെ കാലത്ത് പണികഴിപ്പിക്കപ്പെട്ടത്. അല്ലാഹുവിൻറെ വിനീതനായ ദാസൻ സൻജർ ബിൻ അബ്ദുല്ലയുടെ മേൽനോട്ടത്തിൽ സ്വന്തം വിഹിതം ഉപയോഗിച്ച് പണിത ഈ നിർമിതിയിൽ, നിഷിദ്ധമായ ഒരു പങ്കും ചേർന്നിട്ടില്ല. റബീഉൽ അവ്വൽ മാസം, വർഷം എഴുന്നൂറ്റി ഇരുപത്”. 

ഈ പള്ളിയോട് ചേർന്ന് അമീർ സൻജരി സന്ദർശകരെയും പരിസരവാസികളായ താമസക്കാരെയും ദരിദ്രരെയും ഉദ്ദേശിച്ച്, ഒരു ഭക്ഷണശാല പണിതിരുന്നു. അങ്ങനെ വഖ്ഫ് സംരംഭത്തിന്റെ ഭാഗമായി, ആവശ്യക്കാർക്ക് സൗജന്യമായി ഭക്ഷണം വിതരണം ചെയ്യപ്പെടുന്ന രണ്ട് പട്ടണങ്ങളായി ഖലീലും ജെറുസലേമും അറിയപ്പെട്ടു. ഇത് പക്ഷേ, മംലൂക്കുകൾക്ക് മുൻപേ ഉണ്ടായിരുന്നതായി ചരിത്രം പറയുന്നുണ്ട്. ഹിജ്റ 439 ൽ പേർഷ്യൻ സഞ്ചാരിയായ നാസർ ഖുസ്റു ഖലീൽ പട്ടണം സന്ദർശിച്ചപ്പോൾ പള്ളിക്ക് മുകൾഭാഗത്ത് അതിഥികൾക്കായി പ്രത്യേക ഇടം കണ്ടതായി പറയുന്നുണ്ട്. അദ്ദേഹം പറയുന്നു: ”പള്ളിയുടെ മുകൾഭാഗത്തായി, അതിഥികളായ സന്ദർശകർക്കുള്ള മുറികളുണ്ട്. ജെറുസലേമിൽ നിന്നും മറ്റു നിരവധി ഗ്രാമങ്ങളിൽ നിന്നുമുള്ള വഖ്ഫ് സ്വത്തുക്കൾ മുഖേനയാണ് ഇതിൻ്റെ പ്രവർത്തനങ്ങൾ നടക്കുന്നത്”.

ഹിജ്റ 745 ൽ ഖലീൽ നഗരം സന്ദർശിച്ച ചരിത്രകാരനായ ഇബ്നു ഫദലില്ലാഹ് അൽ ഉമരി പ്രസ്തുത ഭക്ഷണശാല സന്ദർശിച്ചതായി എഴുതുന്നുണ്ട്. അദ്ദേഹം പറയുന്നു: ” ഹി. 745 ലെ ഒരു റബീഉൽ അവ്വലിൽ ഞാൻ അവിടെ ചെന്നു. അവിടെ ജോലി ചെയ്തിരുന്ന ഏതാനും തൊഴിലാളികൾ എന്നോട് പറഞ്ഞത്, ഈ മാസം ചില രാത്രികളിൽ 13,000 ത്തോളം അപ്പങ്ങളാണ് വിതരണം ചെയ്യപ്പെട്ടത്. പൊതുവിൽ ഇത് പതിനായിരത്തിനും ഏഴായിരത്തിനും ഇടയിലാണ് വിതരണം ചെയ്യപ്പെടാറ്. റൊട്ടിയും പയറും എണ്ണയും അതിൻറെ കൂടെ നൽകാറുണ്ട്. പകൽ സമയത്ത് അരിപ്പൊടിയും, വരുന്നവർക്ക് പാചകം ചെയ്ത് നൽകുന്നു. ചില ആഴ്ചകളിൽ മികച്ച നിലവാരത്തിൽ തന്നെ പാചകം ചെയ്യപ്പെടാറുണ്ട്.

15, 16 നൂറ്റാണ്ടുകളിൽ, ജെറുസലേം – അൽ ഖലീൽ പ്രദേശങ്ങളുടെ ചരിത്രകാരനായ മുജീറുദ്ദീൻ അൽ ഉലൈമി വഖ്ഫ് ചെയ്യപ്പെട്ട ഈ ഭക്ഷണശാലയെ കുറിച്ചും വിവിധങ്ങളായ അതിൻ്റെ പ്രവർത്തനങ്ങളെക്കുറിച്ചും പറയുന്നത് കാണാം. സന്ദർശകർക്കും പരിസരവാസികൾക്കും ദിനേന മൂന്നുനേരം ഭക്ഷണം വിതരണം ഉണ്ടായിരുന്നു. ദിവസവും പതിനാലായിരത്തോളം റൊട്ടികൾ വിതരണം ചെയ്യപ്പെട്ടതായി അദ്ദേഹം കുറിക്കുന്നുണ്ട്. ചില ദിവസങ്ങളിൽ എണ്ണം 15,000 ത്തിനും മുകളിൽ കടക്കുമെന്നും അദ്ദേഹം പറയുന്നു. 

ഈ ആവശ്യങ്ങൾക്കായി വഖ്ഫ് ചെയ്യപ്പെട്ട പ്രസ്തുത ഭക്ഷണശാലയിൽ സമ്പന്നനെന്നോ ദരിദ്രനെന്നോഎന്നോ വേർതിരിവ് ഉണ്ടായിരുന്നില്ലെന്നും മുജീറുദ്ദിൻ സൂചിപ്പിക്കുന്നു. ആറ് മില്ലുകളും മൂന്ന് വലിയ പാചക ഉപകരണങ്ങളും ഒരു വലിയ സംഭരണശാലയും അവിടെയുണ്ടായിരുന്നു. അവിടുത്തെ പാചകപ്പുരയുടെ സംവിധാനങ്ങളുടെ വേഗതയെക്കുറിച്ച് അദ്ദേഹം എഴുതുന്നുണ്ട്. ആദ്യം ഗോതമ്പ്, സ്റ്റോർ ഹൗസിലേക്ക് കൊണ്ടുവരുന്നു. ശേഷം മില്ലുകളിലേക്കും പിന്നെ അത് ബേയ്ക്ക് ചെയ്തെടുക്കുകയും ഒടുവിൽ ബ്രഡ് ആയി പുറത്തുവരുകയും ചെയ്യുന്നു. അങ്ങനെ സ്റ്റോറുകൾ അതിവേഗം കാലിയാകുന്നു. ഇതിൻറെ പ്രവർത്തനങ്ങൾക്കായി പാചകപ്പുരയുടെ വിവിധ മേഖലകളിൽ നിരവധി തൊഴിലാളികളും ഉണ്ടായിരുന്നതായി മുജീറുദ്ദീൻ രേഖപ്പെടുത്തുന്നുണ്ട്.

ഈ ബൃഹദ് സംവിധാനങ്ങളെല്ലാം നിർമ്മിക്കപ്പെട്ടതും മുന്നോട്ടു പോയതും അന്നത്തെ വഖഫ് പദ്ധതികളുടെ ഭാഗമായായിരുന്നു. അതിനു നേതൃത്വം കൊടുത്തതാകട്ടെ, അമീർ സൻജർ അൽ ജാവലി എന്ന സൂക്ഷ്മതയും ഭക്തിയും കൈമുതലായുള്ള ഭരണാധികാരിയും. ശാഫിഈ മദ്ഹബ്കാരനായ അൽ ജാവലി, ദിയാർ ബകർ സ്വദേശിയായിരുന്നു. അതേസമയം, ഇതിൽ തൻ്റെ പ്രവർത്തനങ്ങൾ പരിമിതപ്പെടുത്താൻ അൽ ജാവലി ഒരുക്കമായിരുന്നില്ല. മസ്ജിദുൽ അഖ്സയുടെ വടക്കു പടിഞ്ഞാറൻ ഭാഗത്ത് ‘അൽ മദ്രസത്തുൽ ജാവലിയ’ എന്ന പേരിൽ ഒരു വിദ്യാലയം അദ്ധേഹം നിർമ്മിച്ചു. ഇന്ന് ‘നാഷണൽ നോളജ് ഗാർഡൻ’ എന്നറിയപ്പെടുന്ന ഭാഗത്താണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്. 

ബ്രിട്ടീഷ് അധിനിവേശ സമയത്ത് 1936 ൽ ബ്രിട്ടീഷുകാർ ഈ നിർമിതി പോലീസ് ഹെഡ് കോട്ടേഴ്സ് ആക്കി മാറ്റിയെങ്കിലും 1948 ൽ  അബ്ദുൽ ഖാദർ ഹുസൈനിയുടെ നേതൃത്വത്തിൽ പോരാളികൾ അത് തിരിച്ചു പിടിച്ചു. അമീർ അൽ- ജാവലി തൻ്റെ ഓഫീസ് സ്ഥിതി ചെയ്തിരുന്ന ഗസ്സാ പട്ടണത്തിൽ നടത്തിയ നിർമ്മാണ പ്രവർത്തനങ്ങളെക്കുറിച്ച് ഇബ്നു ബത്തൂത്തയും രേഖപ്പെടുത്തുന്നത് കാണാം. ആരോഗ്യ- വിദ്യാഭ്യാസ- മത മേഖലകളിൽ മംലൂക്കീ രാഷ്ട്രത്തിലെ ഏറ്റവുമധികം നഗരവൽക്കരിക്കപ്പെട്ട പട്ടണമാക്കി ഗസ്സയെ അൽ ജാവലി മാറ്റി. 

അതിൽ ഏറ്റവും പ്രസിദ്ധമായത് അവിടുത്തെ വലിയ മസ്ജിദ് ആയിരുന്നു. പള്ളി നിർമ്മിച്ച രണ്ട് നൂറ്റാണ്ടിനു ശേഷം വന്ന ഗസ്സക്കാരനായ ചരിത്രകാരൻ നജബുദ്ധീൻ ഗസിയ് അതിന്റെ വിശാലതയെ കുറിച്ച് പറയുന്നത് ഇങ്ങനെ: ”റമദാനിലെ ഓരോ രാത്രിയിലും നിസ്കരിക്കാനായി നാനൂറോളം കുതിര പടയാളികൾ അവിടെ വരുമായിരുന്നു. നിസ്കരിക്കാനല്ലാതെ അവിടെ വരുന്ന ആളുകളുടെ എണ്ണം കൂടാതെയാണിത്. അവരിൽ നിരവധി പണ്ഡിതന്മാരും അധ്യാപകരും വിവിധ മദ്ഹബുകളുടെ ഇമാമുമാരും ഉൾപ്പെടുന്നു. പള്ളിയുടെ വാതിൽക്കൽ രണ്ട് വലിയ മാർബിൾ പാത്രങ്ങൾ അഭിമുഖമായി സ്ഥാപിച്ചിരുന്നു. റമദാനിലെ എല്ലാ രാത്രികളിലും അതിൽ മധുര പാനീയം നിറക്കുകയും വന്നു പോകുന്നവർ അതിൽ നിന്നും പാനം ചെയ്യുകയും ചെയ്തിരുന്നു.

ഗസ്സയിലെയും മറ്റു പ്രദേശങ്ങളിലെയും വരുമാനങ്ങൾ ഇതിനായി വഖ്ഫ് ചെയ്യപ്പെട്ടു. ആ ഗ്രാമങ്ങളുടെ  പേരുകൾ മസ്ജിദുൽ അഖ്സയുടെ മിഹ്റാബിന് അഭിമുഖമായി ഒരു കുബ്ബയിൽ കൊത്തി വച്ചിട്ടുണ്ട്. പള്ളിയുടെ ചുവരുകളിൽ നിന്നും പദ്ധതിയുടെ ഇന്നും അവശേഷിക്കുന്ന രേഖകൾ ഫലസ്തീൻ ചരിത്രകാരന്മാർ കണ്ടെടുത്തിട്ടുണ്ട്. വഖ്ഫിന്റെ ഇനം, തീയതി, സുൽത്താന്റെ പേര് അടക്കമുള്ള വിവരങ്ങളാണ് കൊത്തിവയ്ക്കപ്പെട്ടിട്ടുള്ളത്. സുൽത്താൻ ബിർസ് ബേ, ഔജ, നൂബിഇമ എന്നീ രണ്ട് ഗ്രാമങ്ങളാണ് ഇതിനായി വഖ്ഫ് ചെയ്തതെന്ന വിവരം ഖുബ്ബത്ത് സഖ്റയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

ബ്രിസ് ബേയ്ക്കു ശേഷം വന്ന സുൽത്താൻമാരായ ജക്മുഖ്, ഈനാൽ, ഖുശ്ഖദം എന്നിവർ ഈ വിഷയത്തിൽ മുൻഗാമികളുടെ പാത സ്വീകരിച്ചവരായിരുന്നു. ജെറുസലേം, ഖലീൽ എന്നിവിടങ്ങളിൽ വഖ്ഫ് ഉദ്യമങ്ങൾ അവർ വ്യാപിപ്പിച്ചു. മുസ്ഹഫുകൾ കൊടുത്തയക്കുക, അക്രമ സംഭവങ്ങൾ അമർച്ച ചെയ്യുക അടക്കമുള്ള പ്രവർത്തനങ്ങളിൽ അവർ പ്രത്യേക ശ്രദ്ധ നൽകി. യഥാർത്ഥത്തിൽ ഖുദ്സ്, ഖലീൽ എന്നീ പട്ടണങ്ങളെ സാമ്പത്തികമായി പരിപോഷിപ്പിക്കുന്നതിൽ മംലൂക്കികളായ സുൽത്താൻമാരുടെയും അവരുടെ ഉദ്യോഗവൃന്ദത്തിന്റെയും മതപരമായ അഭിനിവേശം വലിയ പങ്കാണ് നിർവഹിച്ചത്. വഖ്ഫ് സംരംഭങ്ങൾക്ക് പുറമേ, സദഖകളും സമ്മാനങ്ങളും മറ്റു സേവനങ്ങളും ഇവിടേക്ക് അവർ നിർബാധം ഒഴുക്കി.

പിൽക്കാല മംലൂക്കി ഭരണാധികാരികളിൽ ഏറ്റവും പ്രസിദ്ധനായ സുൽത്താൻ അഷ്റഫ് ഖേത്ബേ, ഇവ്വിഷയകമായി പ്രസ്താവ്യമായ സംഭാവന അർപ്പിച്ച വ്യക്തിത്വമാണ്. ഖുദ്സിലും ജറൂസലേമിലും നിർമ്മാണ പരിഷ്കരണ പ്രവർത്തനങ്ങൾ ചടുലമാക്കിയ ഖേത്ബേയുടെ കാലത്ത് നിർമ്മിക്കപ്പെട്ട മദ്രസകളിലും ഖുബ്ബത്തുസ്സഖ്റയുടെ പരിഷ്കരണങ്ങളിലും പലതും ഇന്നും അവശേഷിക്കുന്നു. മസ്ജിദുൽ അഖ്സയുടെ ബാബു സിൽസിലയുടെ സമീപത്ത് സ്ഥിതി ചെയ്യുന്ന അഷ്റഫിയ മദ്രസ അതിൽ പ്രധാനപ്പെട്ടതാണ്. 

പ്രസ്തുത മദ്രസ സുൽത്താൻ ളാഹിർ ഖുശ്ഖദമിൻ്റെ കാലത്താണ് ആദ്യമായി നിർമ്മിക്കപ്പെടുന്നതെങ്കിലും ഖേത്ബേ അത് പുനർനിർമ്മിച്ചു. അൽ അഖ്സ മസ്ജിദിന് ശേഷം ജെറുസലേമിന്റെ തന്നെ അമൂല്യ സ്വത്തായി അഷ്റഫിയ മദ്രസ പരിഗണിക്കപ്പെടുന്നു. അതിമനോഹരമായ അലങ്കാര പണികളാൽ നിർമ്മിക്കപ്പെട്ട മദ്രസയിൽ, സുൽത്താൻ ഖേത്ബേ സൂഫീ ഫിഖ്ഹീ പഠനങ്ങൾക്കായി പണ്ഡിതന്മാരെയും അധ്യാപകരെയും നിശ്ചയിച്ചിരുന്നു. മദ്രസയുടെ ഒരു പ്രധാന ഭാഗം 1497 ഒരു ഭൂകമ്പത്തിൽ തകർന്നെങ്കിലും പിന്നീട് പുനർ നിർമ്മിക്കപ്പെട്ടു

ഫലസ്തീനിൽ പൊതുവെയും ഖുദ്സ്, അൽ ഖലീൽ എന്നീ പട്ടണങ്ങളിൽ സവിശേഷമായും ചരിത്രത്തിൽ നടന്ന മംലൂക്കീ സുൽത്താന്മാരുടെ വഖ്ഫ് പദ്ധതികളെ പറ്റിയാണ് ഇവിടെ സൂചിപ്പിച്ചത്. ഇസ്ലാമിന്റെ ഭവനങ്ങളിൽ ഏറെ പവിത്രമായ കരുതപ്പെടുന്ന ഈ പ്രദേശങ്ങളോടുള്ള വിവിധ മുസ്ലിം ഭരണകർത്താക്കന്മാരുടെ ഗുണാത്മക സമീപനത്തിന്റെ അടയാളപ്പെടുത്തലാണിതൊക്കെയും. ദൈർഘ്യം ഭയന്ന്, ഇവിടെ പരാമർശിക്കാൻ സാധിക്കാതെ പോയ ഇനിയും അനവധി സംരംഭങ്ങളുടെ ചരിത്രം പറയാനുണ്ട്. ഇസ്ലാമിക ചരിത്രത്തിൽ ഫലസ്തീനിന്റെ മണ്ണ് എത്രമേൽ മൂല്യവത്താണെന്ന പാഠമാണിത് പകരുന്നത്. 

വിവ: ബിലാൽ നജീബ്

Related Articles