Current Date

Search
Close this search box.
Search
Close this search box.

ആനപ്പട സംഭവം അഥവാ ആനക്കലഹം

യമനിലെ ജൂതരാജാവായിരുന്ന ദൂനുവാസ് നജ്‌റാനിലുണ്ടായിരുന്ന ക്രിസ്ത്യാനികളുടെ നേരെ നടത്തിയ അതിക്രമങ്ങൾക്ക് പ്രതികാരമായി അബിസീനിയയിലെ ക്രൈസ്തവ സാമ്രാജ്യം യമനെ ആക്രമിക്കുകയും ഹിംയരി ഭരണകൂടത്തിന് അന്ത്യംകുറിക്കുകയും ചെയ്ത സംഭവം സൂറ അൽബുറൂജിന്റെ വ്യാഖ്യാനത്തിന്റെ 4-ആം അടിക്കുറിപ്പിൽ വിവരിച്ചിട്ടുണ്ട്. ക്രിസ്ത്വബ്ദം 525-ൽ ഈ പ്രദേശത്താകമാനം അബിസീനിയൻ ആധിപത്യം സ്ഥാപിതമായി. ഈ സംഭവങ്ങളെല്ലാം ഉണ്ടായത്, കോൺസ്റ്റാന്റിനോപ്പിളിലെ റോമാസാമ്രാജ്യത്തിന്റെയും അബിസീനിയൻ ഭരണകൂടത്തിന്റെയും സഹകരണത്തോടെയാണ്. കാരണം, അബിസീനിയക്ക് അന്ന് പറയത്തക്ക നാവികപ്പടയുണ്ടായിരുന്നില്ല. റോം കപ്പലുകൾ അയച്ചുകൊടുത്തു. അതുവഴി അബിസീനിയ തങ്ങളുടെ എഴുപതിനായിരം ഭടന്മാരെ യമൻ തീരത്തിറക്കി.

തുടർന്നുള്ള സംഭവങ്ങൾ മനസ്സിലാക്കുന്നതിന് പ്രാഥമികമായിത്തന്നെ അറിഞ്ഞിരിക്കേണ്ട ഒരു കാര്യമുണ്ട്: ഇതൊക്കെ നടന്നത് മതവികാരംകൊണ്ട് മാത്രമല്ല. രാഷ്ട്രീയവും സാമ്പത്തികവുമായ താൽപര്യങ്ങളും അതിനുപിന്നിൽ പ്രവർത്തിച്ചിട്ടുണ്ട്. എന്നല്ല, മിക്കവാറും അതുതന്നെയായിരുന്നു യഥാർഥ പ്രേരകം. ക്രൈസ്തവ മർദിതരുടെ രക്തത്തിനു പകരംവീട്ടൽ ഒരു പുറംപൂച്ചിൽ കവിഞ്ഞൊന്നുമായിരുന്നില്ല. റോമാസാമ്രാജ്യം ഈജിപ്തും സിറിയയും പിടിച്ചടക്കിയിരുന്നു. അക്കാലത്ത് ഉത്തരാഫ്രിക്ക, ഇന്ത്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളും റോം അധീനപ്രദേശങ്ങളും തമ്മിലുള്ള സമുദ്രവ്യാപാരം അറബികളുടെ കൈവശമായിരുന്നു. ഈ വ്യാപാരനിയന്ത്രണം പിടിച്ചെടുത്ത് സ്വന്തം കൈകളിലൊതുക്കാനും അങ്ങനെ അറബികളുടെ മധ്യവർത്തിത്വം ഒഴിവാക്കി അതിന്റെ മുഴുവൻ നേട്ടങ്ങളും സ്വന്തമാക്കാനും ഈജിപ്ത് അധീനപ്പെടുത്തിയ കാലം മുതലേ റോം ശ്രമമാരംഭിച്ചിട്ടുണ്ടായിരുന്നു. ഈ ഉദ്ദേശ്യാർഥം ബി.സി. 24-ലോ 25-ലോ സീസർ അഗസ്റ്റസ് ഒരു വൻ സൈന്യത്തെ റോമൻ ജനറലായ ഏലിയസ് ഗാലസിന്റെ (Aelius Gallus) നേതൃത്വത്തിൽ പശ്ചിമ അറേബ്യൻ തീരത്ത് ഇറക്കുകയുണ്ടായി. ദക്ഷിണ അറേബ്യയിൽനിന്ന് സിറിയയിലേക്കുള്ള സമുദ്രമാർഗം കൈയടക്കുകയായിരുന്നു അവരുടെ ദൗത്യം.

പക്ഷേ, അറേബ്യയുടെ പരുക്കൻ ഭൂപ്രകൃതി ഈ സംരംഭത്തെ പരാജയപ്പെടുത്തി. അതിനുശേഷം റോം അതിന്റെ നാവികപ്പടയെ ചെങ്കടലിൽ വിന്യസിക്കുകയും സമുദ്രമാർഗമുള്ള അറബികളുടെ വ്യാപാരം അവസാനിപ്പിക്കുകയും ചെയ്തു. പിന്നെ കരയിലൂടെയുള്ള കച്ചവടം മാത്രമേ അവർക്കവശേഷിച്ചുള്ളൂ. ഈ കരമാർഗം കൈവശപ്പെടുത്താനാണ് റോം അബിസീനിയയിലെ ക്രൈസ്തവ ഭരണകൂടവുമായി ഐക്യപ്പെട്ടതും കപ്പലുകൾ അയച്ചുകൊടുത്ത് യമൻ കീഴടക്കാൻ സഹായിച്ചതും. അബിസീനിയൻ സൈന്യത്തിന്റെ യമൻ ആക്രമണത്തെ അറേബ്യൻ ചരിത്രകാരന്മാർ വ്യത്യസ്ത രീതിയിലാണ് വിവരിച്ചത്.

ഹാഫിള് ഇബ്‌നു കസീർ എഴുതുന്നു: അത് രണ്ട് സൈനിക നായകന്മാരുടെ നേതൃത്വത്തിലായിരുന്നു. ഒന്ന്, അർയാത്വ്. രണ്ട്, അബ്‌റഹത്ത് . സൈന്യാധിപൻ അർയാത്വായിരുന്നുവെന്നും അബ്‌റഹത്ത് അതിലുണ്ടായിരുന്നുവെന്നുമാണ് ഇബ്‌നുഇസ്ഹാഖ് എഴുതിയത്. അർയാത്വും അബ്‌റഹത്തും തമ്മിൽ കലഹിച്ചകാര്യത്തിൽ രണ്ടുപേരും യോജിച്ചിട്ടുണ്ട്. തുടർന്ന് അർയാത്വ് കൊല്ലപ്പെട്ടു. അബ്‌റഹത്ത് അധികാരം കൈയടക്കി. തന്നെ യമനിലെ പ്രതിപുരുഷനായി നിശ്ചയിക്കാൻ അബ്‌റഹത്ത് പിന്നെ അബിസീനിയൻ ചക്രവർത്തിയെക്കൊണ്ട് സമ്മതിപ്പിച്ചു.

നേരെമറിച്ച്, യവനചരിത്രകാരൻമാരും സുറിയാനി ചരിത്രകാരന്മാരും പറയുന്നതിങ്ങനെയാണ്: യമൻ ജയിച്ചടക്കിയശേഷം അബിസീനിയക്കാർ എതിർക്കുന്ന യമനീ നേതാക്കന്മാരെ ഒന്നൊന്നായി കൊന്നുകളയാൻ തുടങ്ങി. ഈ സാഹചര്യത്തിൽ അവരിൽപെട്ട അസ്സുമൈഫിഅ് അശ്‌വഖ് (Esympheaus എന്നാണ് യവനചരിത്രകാരന്മാർ എഴുതിയിട്ടുള്ളത്.) എന്നു പേരുള്ള ഒരു നേതാവ് അബിസീനിയയുടെ ആധിപത്യം അംഗീകരിക്കുകയും കപ്പം കൊടുത്തുകൊള്ളാമെന്ന കരാറിൽ, തന്നെ യമനിലെ ഗവർണറായി നിയോഗിച്ചുകൊണ്ടുള്ള തിട്ടൂരം അബിസീനിയൻ ചക്രവർത്തിയിൽനിന്ന് സമ്പാദിക്കുകയും ചെയ്തു. പക്ഷേ, അബിസീനിയൻ സൈന്യം അയാളെ ആക്രമിക്കുകയും അബ്‌റഹത്തിനെ ഗവർണറാക്കുകയുമാണുണ്ടായത്. അബിസീനിയൻ തുറമുഖപട്ടണമായ വലീസിലെ ഒരു യവനവർത്തകന്റെ അടിമയായിരുന്നു അയാൾ. യമൻ കീഴടക്കിയ അബിസീനിയൻ സൈന്യത്തിൽ അയാൾ സ്വന്തം സാമർഥ്യംകൊണ്ട് വലിയ ശക്തിയും സ്വാധീനവും നേടിയെടുത്തു. അയാളെ ശിക്ഷിക്കാൻ അബിസീനിയൻ ചക്രവർത്തി അയച്ച സൈന്യങ്ങൾ ഒന്നുകിൽ അയാളുടെ പക്ഷം ചേർന്നു. അല്ലെങ്കിൽ അയാൾ അവരെ തോൽപിച്ചോടിച്ചു. ഒടുവിൽ ചക്രവർത്തിയുടെ മരണശേഷം വന്ന പിൻഗാമി അയാളെ അബിസീനിയയിൽനിന്നുള്ള യമൻ ഗവർണറായി അംഗീകരിക്കുകയായിരുന്നു. യവന ചരിത്രകാരന്മാർ അയാളുടെ പേർ അബ്രാമിസ് (Abrames) എന്നും സുറിയാനി ചരിത്രകാരന്മാർ അബ്രഹാം (Abraham) എന്നുമാണെഴുതുന്നത്. ഈ പദത്തിന്റെ അബിസീനിയൻ തദ്ഭവമായിരിക്കണം അബ്‌റഹത്ത്. കാരണം, അറബിയിൽ അതിന്റെ ഉച്ചാരണം ഇബ്‌റാഹീം എന്നാണല്ലോ. ഈ മനുഷ്യൻ ക്രമേണയായി യമനിൽ പരമാധികാരമുള്ള രാജാവായിത്തീർന്നു. എങ്കിലും അബിസീനിയൻ ചക്രവർത്തിയുടെ നാമമാത്ര മേൽക്കോയ്മ അംഗീകരിച്ചിരുന്നു. മുഫദ്ദലുൽ മലിക് (ഉപരാജാവ്) എന്നാണയാൾ സ്വയം വിളിച്ചിരുന്നത്. അയാൾ നേടിയെടുത്ത സ്വാധീനശക്തി ഊഹിക്കാവുന്ന ഒരു സംഭവമുണ്ട്.

ക്രി. 543-ൽ മഅ്‌റബ് അണക്കെട്ടിന്റെ പുനരുദ്ധാരണം പൂർത്തിയാക്കിയതിനെത്തുടർന്ന് അയാൾ ഒരു വമ്പിച്ച ഉത്സവം സംഘടിപ്പിച്ചു. റോമിലെ സീസറിന്റെയും ഇറാൻ ചക്രവർത്തിയുടെയും ഹീറാ രാജാവിന്റെയും ഗസ്സാൻ രാജാവിന്റെയും പ്രതിപുരുഷന്മാർ അതിൽ പങ്കെടുത്തിരുന്നു. അബ്‌റഹത്ത് മഅ്‌റബ് അണക്കെട്ടിൽ സ്ഥാപിച്ച ലിഖിതത്തിൽ അത് വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ലിഖിതങ്ങളിപ്പോഴും നിലനിൽക്കുന്നു. ഗ്ലയ്‌സർ (Glaser) അതുദ്ധരിച്ചിട്ടുണ്ട്. യമനിൽ സ്വന്തം അധികാരം ഭദ്രമാക്കിയശേഷം അബ്‌റഹത്ത്, നേരത്തേ റോമാസാമ്രാജ്യവും സഖ്യകക്ഷിയായ ക്രൈസ്തവ അബിസീനിയയും ലക്ഷ്യമിട്ടിട്ടുണ്ടായിരുന്ന ദൗത്യത്തിലേക്കു നീങ്ങി. ഒരുവശത്ത്, അറേബ്യയിൽ ക്രിസ്തുമതം പ്രചരിപ്പിക്കുകയും മറുവശത്ത്, അറബികൾ കൈയടക്കിവെച്ചിരുന്ന, റോമൻ അധിനിവിഷ്ട പ്രദേശങ്ങളും പൗരസ്ത്യനാടുകളും തമ്മിലുള്ള വ്യാപാരത്തിന്റെ നിയന്ത്രണം അവരിൽനിന്ന് പിടിച്ചെടുക്കുകയുമായിരുന്നു അത്. ഇറാനിലെ സാസാനി സാമ്രാജ്യവും റോമും തമ്മിലുള്ള സംഘട്ടനങ്ങൾ മൂലം റോമും പൗരസ്ത്യ ദേശങ്ങളും തമ്മിലുള്ള വ്യാപാരത്തിന്റെ മറ്റെല്ലാ മാർഗങ്ങളും അടഞ്ഞുപോയത് ഈ ദൗത്യത്തിന്റെ പ്രാധാന്യം കൂടുതൽ വർധിപ്പിച്ചിട്ടുണ്ടായിരുന്നു.

ഈ ലക്ഷ്യങ്ങൾ മുന്നിൽവെച്ച് അബ്‌റഹത്ത് യമനിന്റെ തലസ്ഥാനമായ സ്വൻആയിൽ ഗംഭീരമായ ഒരു ചർച്ച് പണിതു. അറബി ചരിത്രകാരന്മാർ ഇതിനെ അൽഖലീസ് എന്നോ അൽഖുലൈസ് എന്നോ ആണ് വിളിച്ചിരുന്നത്. Ekklesia എന്ന യവനപദത്തിന്റെ അറബി തദ്ഭവമാണത്. ഉർദു ഭാഷയിലെ ‘കലീസാ’യും ഈ യവനപദത്തിന്റെ തദ്ഭവം തന്നെ. മുഹമ്മദുബ്‌നു ഇസ്ഹാഖ് പറയുന്നു: അതിന്റെ പണിപൂർത്തിയായപ്പോൾ അബ്‌റഹത്ത് അബിസീനിയൻ ചക്രവർത്തിക്കെഴുതി: അറബികളുടെ തീർഥാടനം ഞാൻ കഅ്ബയിൽനിന്ന് ഈ ചർച്ചിലേക്ക് മാറ്റുകതന്നെ ചെയ്യും. (യമനിൽ രാഷ്ട്രീയാധികാരം നേടിയ ക്രൈസ്തവർ കഅ്ബക്കു പകരം മറ്റൊരു കഅ്ബയുണ്ടാക്കാനും അത് അറബികളുടെ കേന്ദ്രസ്ഥാനമാക്കാനും തുടർച്ചയായി ശ്രമിച്ചുപോന്നിരുന്നു. അങ്ങനെയാണ് അവർ നജ്‌റാനിലും ഒരു കഅ്ബ നിർമിച്ചത്.)

ഇബ്‌നു കസീർ എഴുതി: അയാൾ തന്റെ ഉദ്ദേശ്യം പരസ്യമായി പ്രകടിപ്പിക്കുകയും വിളംബരപ്പെടുത്തുകയും ചെയ്തു. നമ്മുടെ വീക്ഷണത്തിൽ ഈ നടപടിയുടെ ലക്ഷ്യം, അറബികളെ ആക്രമിക്കാനും കഅ്ബ നശിപ്പിക്കാനും പറ്റിയ ഒരു കാരണം കിട്ടത്തക്കവണ്ണം അറബികളെ പ്രകോപിതരാക്കുകയായിരുന്നു. മുഹമ്മദുബ്‌നു ഇസ്ഹാഖ് പറയുന്നു: ഈ വിളംബരത്തിൽ രോഷാകുലനായ ഒരു അറബി എങ്ങനെയോ ചർച്ചിൽ നുഴഞ്ഞുകയറി മലവിസർജനം ചെയ്തു. അതു ചെയ്തത് ഒരു ഖുറൈശിയായിരുന്നുവെന്ന് ഇബ്‌നു കസീർ പ്രസ്താവിച്ചിട്ടുണ്ട്. ചില ഖുറൈശിയുവാക്കൾ ചെന്ന് ചർച്ചിനു തീവെച്ചു എന്നാണ് മുഖാതിലുബ്‌നു സുലൈമാന്റെ നിവേദനം.

ഇപ്പറഞ്ഞതിൽ ഏതു സംഭവിച്ചിട്ടുണ്ടെങ്കിലും അദ്ഭുതത്തിനവകാശമില്ല. കാരണം, അബ്‌റഹത്തിന്റെ വിളംബരം വലിയ കോളിളക്കം സൃഷ്ടിക്കുന്നതായിരുന്നു. പൗരാണിക ജാഹിലീ കാലത്ത് ഏതെങ്കിലും അറബിയോ ഖുറൈശിയോ ചില ഖുറൈശി യുവാക്കളോ അതിൽ പ്രകോപിതരായി ചർച്ച് മലിനപ്പെടുത്തുകയോ തീവെക്കുകയോ ചെയ്യുന്നത് മനസ്സിലാക്കാവുന്നതേയുള്ളൂ. മക്കയെ ആക്രമിക്കുന്നതിന് അവസരം സൃഷ്ടിക്കാൻവേണ്ടി അബ്‌റഹത്തുതന്നെ വല്ലവരെയും അങ്ങനെ ചെയ്യാൻ രഹസ്യമായി ഏർപ്പെടുത്തിയതായിക്കൂടായ്കയുമില്ല. അതുവഴി ഖുറൈശികളെ നശിപ്പിച്ച് അറബികളെയാകമാനം ഭയപ്പെടുത്തി തന്റെ രണ്ടു ലക്ഷ്യങ്ങളും നേടാനാകുമല്ലോ. രണ്ടു രൂപങ്ങളിൽ സംഭവിച്ചത് ഏതു രൂപമായാലും, കഅ്ബയുടെ വിശ്വാസികൾ തന്റെ ചർച്ചിനെ നിന്ദിച്ചിരിക്കുന്നുവെന്ന അബ്‌റഹത്തിന് കിട്ടിയ വാർത്ത സത്യമായതുകൊണ്ട് കഅ്ബ തകർത്തുകളയാതെ ഇനി താൻ അടങ്ങിയിരിക്കുകയില്ല എന്ന് അയാൾ പ്രതിജ്ഞയെടുത്തു. ഈ സംഭവത്തിനുശേഷം അബ്‌റഹത്ത് 570-ലോ, ’71-ലോ അറുപതിനായിരം ഭടന്മാരും പതിമൂന്നു ആനയും (ഒരു നിവേദനപ്രകാരം ആനകളുടെ എണ്ണം ഒൻപതാണ്.) അടങ്ങുന്ന ഒരു സൈന്യവുമായി മക്കയിലേക്ക് പുറപ്പെട്ടു. വഴിക്കുവെച്ച്, യമനിലെ ദൂനഫ്ർ എന്നു പേരായ പ്രമാണി അറബികളുടെ ഒരു പട സംഘടിപ്പിച്ച് അബ്‌റഹത്തിനെ തടഞ്ഞുവെങ്കിലും സൈന്യം അവരെ തോൽപിച്ചു തടവിലാക്കുകയാണുണ്ടായത്. പിന്നീട് ഖശ്അം പ്രദേശത്തുവെച്ച് ഖശ്അ ഗോത്രം അവരുടെ തലവനായ നുഫൈലുബ്‌നു ഹബീബിന്റെ നേതൃത്വത്തിൽ അവരെ നേരിട്ടു. അവരും തോൽപിക്കപ്പെടുകയും തടവിലാക്കപ്പെടുകയും ചെയ്തു. നുഫൈലിന് ആത്മരക്ഷാർഥം അബ്‌റഹത്തിന്റെ സേനയെ വഴികാട്ടിയായി സേവിച്ചുകൊള്ളാമെന്ന് സമ്മതിക്കേണ്ടിയുംവന്നു.

അബ്‌റഹത്തും സേനയും ത്വാഇഫിനടുത്തെത്തിയപ്പോൾ, ഇത്ര വിപുലമായ ഒരു പടയെ നേരിടാൻ തങ്ങൾക്ക് കഴിയില്ലെന്ന് ഥഖീഫ് ഗോത്രത്തിനു തോന്നി. സ്വന്തം ദൈവമായ ലാത്തിന്റെ ക്ഷേത്രവും അബ്‌റഹത്ത് തകർത്തുകളയുമോ എന്ന ഭീതിയിലായിരുന്നു അവർ. അതുകൊണ്ട് അവരുടെ ഗോത്രത്തലവനായ മസ്ഊദ് ഒരു പ്രതിനിധിസംഘവുമായി അബ്‌റഹത്തിനെ സന്ദർശിച്ചു. അവർ അബ്‌റഹത്തിനോട് പറഞ്ഞു: ‘അങ്ങ് തകർക്കാൻ പുറപ്പെട്ടിട്ടുള്ള മന്ദിരം ഞങ്ങളുടെ ക്ഷേത്രമല്ല. അതങ്ങ് മക്കയിലാണ്. അതുകൊണ്ട് അങ്ങ് ഞങ്ങളുടെ ക്ഷേത്രത്തെ ഒഴിവാക്കണം. മക്കയിലേക്ക് അങ്ങയെ വഴികാണിക്കാൻ ഞങ്ങൾ വഴികാട്ടിയെ അയച്ചുതരാം.’ അബ്‌റഹത്ത് അത് അംഗീകരിച്ചു. ഥഖീഫ്‌ഗോത്രം അബൂരിഗാൽ എന്നു പേരുള്ള ഒരാളെ അവർക്കൊപ്പം അയച്ചുകൊടുക്കുകയും ചെയ്തു. മക്കയുടെ മൂന്നു നാഴിക അടുത്തെത്തിയപ്പോൾ അൽമുഗമ്മസ് (അല്ലെങ്കിൽ മുഗമ്മിസ്) എന്ന സ്ഥലത്തുവെച്ച് അബൂരിഗാൽ മരണപ്പെട്ടു. അറബികൾ വളരെക്കാലത്തോളം അയാളുടെ ഖബ്‌റിന്മേൽ കല്ലെറിയാറുണ്ടായിരുന്നു. ലാത്തിന്റെ ക്ഷേത്രം രക്ഷിക്കുന്നതിനുവേണ്ടി അല്ലാഹുവിന്റെ മന്ദിരം തകർക്കാൻ പിന്തുണച്ചവരെന്ന നിലക്ക് ഥഖീഫ്‌ഗോത്രവും ഏറെക്കാലം ആക്ഷേപിക്കപ്പെട്ടു.

മുഹമ്മദുബ്‌നു ഇസ്ഹാഖ് നിവേദനം ചെയ്യുന്നു: മുഗമ്മിസിൽനിന്ന് അബ്‌റഹത്ത് തന്റെ മുന്നണിസേനയെ മുമ്പോട്ട് നയിച്ചു. അവർ തിഹാമക്കാരുടെയും ഖുറൈശികളുടെയും ധാരാളം കാലികളെ കൊള്ളയടിച്ചു. അക്കൂട്ടത്തിൽ നബി(സ)യുടെ പിതാമഹനായ അബ്ദുൽമുത്ത്വലിബിന്റെ ഇരുനൂറ് ഒട്ടകങ്ങളുമുണ്ടായിരുന്നു. അനന്തരം അയാൾ ഒരു ദൂതനെ മക്കയിലേക്കയച്ചു. ദൂതന്റെ വശം മക്കാവാസികൾക്കുള്ള സന്ദേശം ഇതായിരുന്നു: ‘നാം നിങ്ങളോട് യുദ്ധം ചെയ്യാനല്ല വന്നത്. ഈ മന്ദിരം (കഅ്ബ) പൊളിച്ചുകളയാനാണ് നാം വന്നത്. നിങ്ങൾ യുദ്ധം ചെയ്യുന്നില്ലെങ്കിൽ നിങ്ങളുടെ ജീവന്നും ധനത്തിനും ഒരാപത്തുമുണ്ടാവില്ല.’ മക്കക്കാർക്ക് വല്ലതും പറയാനുണ്ടെങ്കിൽ അതിന് അവരുടെ നേതാക്കളെ തന്റെ സന്നിധിയിലേക്ക് കൂട്ടിക്കൊണ്ടുവരാനും അബ്‌റഹത്ത് ദൂതനോട് നിർദേശിച്ചിരുന്നു. അന്ന് മക്കയിലെ ഏറ്റവും മുഖ്യനായ നേതാവ് അബ്ദുൽമുത്ത്വലിബായിരുന്നു. ദൂതൻ അദ്ദേഹത്തെ സന്ദർശിച്ച് അബ്‌റഹത്തിന്റെ സന്ദേശമറിയിച്ചു. അദ്ദേഹം പറഞ്ഞു: ‘അബ്‌റഹത്തിനോട് പടപൊരുതാൻ ഞങ്ങൾക്ക് ത്രാണിയില്ല. ഇത് അല്ലാഹുവിന്റെ ഗേഹമാണ്. അവൻ ഉദ്ദേശിക്കുന്നുവെങ്കിൽ അവന്റെ ഗേഹം രക്ഷിച്ചുകൊള്ളും.’ ദൂതൻ പറഞ്ഞു: ‘അങ്ങ് എന്നോടൊപ്പം അബ്‌റഹത്തിന്റെ സന്നിധിയിലേക്കു വരണം.’ അദ്ദേഹം അത് സമ്മതിച്ച് ദൂതനോടൊപ്പം പോയി. അബ്ദുൽമുത്ത്വലിബ് വളരെ തേജസ്വിയും ഗംഭീരനുമായ വ്യക്തിത്വമായിരുന്നു. അദ്ദേഹത്തെ കണ്ടപ്പോൾ അബ്‌റഹത്തിന് വലിയ മതിപ്പുതോന്നി. അയാൾ സ്വന്തം സിംഹാസനത്തിൽനിന്ന് ഇറങ്ങിവന്നു. അബ്ദുൽമുത്ത്വലിബിനോടൊപ്പമിരുന്നു. അനന്തരം അയാൾ ചോദിച്ചു: ‘താങ്കൾക്കെന്താണു വേണ്ടത്?’ അദ്ദേഹം പറഞ്ഞു: ‘അങ്ങു പിടിച്ചെടുത്ത എന്റെ ഒട്ടകങ്ങളെ തിരിച്ചുതരേണം.’ അബ്‌റഹത്ത് പറഞ്ഞു: ‘താങ്കളെക്കണ്ടപ്പോൾ എനിക്ക് വലിയ മതിപ്പുതോന്നി. പക്ഷേ, ഈ വർത്തമാനം താങ്കളെ എന്റെ കണ്ണിൽ വളരെ താഴ്ത്തിക്കളഞ്ഞു. താങ്കൾ താങ്കളുടെ ഒട്ടകത്തെയാണ് ചോദിക്കുന്നത്. താങ്കളുടെയും താങ്കളുടെ പൂർവപിതാക്കളുടെയും മതത്തിന്റെ ആധാരമായ ഈ മന്ദിരത്തെക്കുറിച്ച് ഒന്നും പറയാനില്ല!’ അബ്ദുൽ മുത്ത്വലിബ് പറഞ്ഞു: ‘ഞാൻ എന്റെ ഒട്ടകത്തിന്റെ മാത്രം ഉടമയാണ്. അതിന്റെ കാര്യമാണ് ഞാൻ താങ്കളോട് അപേക്ഷിക്കുന്നത്. ഈ മന്ദിരമാകട്ടെ, അതിന്റെ ഉടമസ്ഥൻ റബ്ബ് ആകുന്നു. അതിന്റെ രക്ഷ അവൻതന്നെ ചെയ്തുകൊള്ളും.’ ‘അവന്ന് എന്നിൽനിന്ന് രക്ഷപ്പെടാനാവില്ല’ എന്നായിരുന്നു അബ്‌റഹത്തിന്റെ മറുപടി. ‘അത് നിങ്ങളുടെയും അവന്റെയും കാര്യം’ എന്നു പറഞ്ഞ് അബ്ദുൽമുത്ത്വലിബ് എഴുന്നേറ്റുപോന്നു. അദ്ദേഹത്തിന് തന്റെ ഒട്ടകങ്ങൾ തിരിച്ചുകിട്ടി.

ഇബ്‌നു അബ്ബാസിന്റെ നിവേദനം ഇതിൽനിന്നു ഭിന്നമാണ്. അതിൽ ഒട്ടകത്തെ ചോദിച്ച പരാമർശമില്ല. അബ്ദുബ്‌നു ഹുമൈദ് , ഇബ്‌നുൽ മുൻദിർ, ഇബ്‌നുമർദവൈഹി , ഹാകിം , അബൂനുഐം, ബൈഹഖി എന്നിവർ അദ്ദേഹത്തിൽനിന്നുദ്ധരിച്ച നിവേദനത്തിൽ പറയുന്നതിങ്ങനെയാണ്: അബ്‌റഹത്ത് അസ്സ്വിഫാഹ് എന്ന സ്ഥലത്തെത്തിയപ്പോൾ (അറഫക്കും ത്വാഇഫിനുമിടയിലുള്ള മലകൾക്കിടയിൽ ഹറമിന്റെ അതിർത്തിയോടടുത്തുകിടക്കുന്ന സ്ഥലമാണിത്.) അബ്ദുൽമുത്ത്വലിബ് സ്വയം അയാളുടെ അടുത്തുചെന്നു. അദ്ദേഹം ചോദിച്ചു: ‘അങ്ങേക്ക് ഇത്രത്തോളം വരേണ്ട ആവശ്യമെന്തായിരുന്നു? അങ്ങേക്ക് വല്ലതും ആവശ്യമുണ്ടായിരുന്നുവെങ്കിൽ ഞങ്ങളോട് പറഞ്ഞയച്ചാൽ മതിയായിരുന്നല്ലോ. ഞങ്ങൾതന്നെ അത് അങ്ങയുടെ സമക്ഷത്തിങ്കലെത്തിക്കുമായിരുന്നു.’ അബ്‌റഹത്ത് പറഞ്ഞു: ‘ഈ ഗേഹം അഭയഗേഹമാണെന്നു നാം കേട്ടിരിക്കുന്നു. അതിന്റെ അഭയം അവസാനിപ്പിക്കാനാണ് നാം വന്നിരിക്കുന്നത്.’ അബ്ദുൽമുത്ത്വലിബ്: ‘ഇത് അല്ലാഹുവിന്റെ മന്ദിരമാകുന്നു. അവൻ ഇന്നുവരെ ആരെയും അതു കീഴടക്കാൻ അനുവദിച്ചിട്ടില്ല.’ അബ്‌റഹത്ത്: ‘നാം അതു തകർക്കാതെ തിരിച്ചുപോവില്ല.’ അബ്ദുൽ മുത്ത്വലിബ്: ‘അങ്ങ് വേണ്ടതെന്താണെങ്കിലും ഞങ്ങളിൽനിന്ന് വസൂൽചെയ്ത് തിരിച്ചുപോകണം.’ അബ്‌റഹത്ത് അതു വകവെക്കാതെ അബ്ദുൽമുത്ത്വലിബിനെ പിന്നിലാക്കി തന്റെ പടയോട് മുന്നോട്ട് ഗമിക്കാൻ ഉത്തരവിട്ടു. രണ്ടു നിവേദനങ്ങളും തമ്മിലുള്ള ഈ വ്യത്യാസം അവിടെയിരിക്കട്ടെ. നാം അതിലേതെങ്കിലുമൊന്നിന് മുൻഗണന നൽകേണ്ടതില്ല. സംഭവം ഇപ്പറഞ്ഞ രണ്ടു രൂപത്തിൽ ഏതായിരുന്നാലും ഒരു കാര്യം സ്പഷ്ടമാകുന്നു. മക്കയും പരിസരഗോത്രങ്ങളും ഇത്ര വിപുലമായ ഒരു പടയോട് പൊരുതി കഅ്ബയെ രക്ഷിക്കാൻ ശക്തമായിരുന്നില്ല. അതുകൊണ്ട് ഖുറൈശികൾ അബ്‌റഹത്തിനെ ചെറുക്കാൻ ശ്രമിക്കാതിരുന്നത് മനസ്സിലാക്കാവുന്നതാണ്. അഹ്‌സാബ് യുദ്ധവേളയിൽ മുശ്‌രിക്കുകളെയും ജൂതഗോത്രങ്ങളെയുമെല്ലാം കൂട്ടിപ്പിടിച്ചിട്ടും കവിഞ്ഞത് പത്തുപന്തീരായിരം ഭടന്മാരെയാണല്ലോ ഖുറൈശികൾക്ക് സംഘടിപ്പിക്കാൻ കഴിഞ്ഞത്. എന്നിരിക്കെ അവർക്കെങ്ങനെയാണ് അബ്‌റഹത്തിന്റെ അറുപതിനായിരം വരുന്ന ഭടന്മാരെ നേരിടാൻ കഴിയുക?

മുഹമ്മദുബ്‌നു ഇസ്ഹാഖ് പറയുന്നു: അബ്‌റഹത്തിന്റെ സൈനിക പാളയത്തിൽനിന്ന് തിരിച്ചെത്തിയ അബ്ദുൽ മുത്ത്വലിബ് ഖുറൈശികളോടു പ്രസ്താവിച്ചു: ‘കുടുംബത്തെയും കുട്ടികളെയും കൂട്ടി മലകളിലേക്ക് പോകുവിൻ. അവർ കൂട്ടക്കൊലക്കിരയാവാതിരിക്കട്ടെ.’ അനന്തരം അദ്ദേഹവും ഏതാനും ഖുറൈശി പ്രമാണിമാരും ചേർന്നു ഹറമിലെത്തി. കഅ്ബയുടെ കവാടത്തിന്റെ വട്ടക്കണ്ണി പിടിച്ചുകൊണ്ട് അവർ അല്ലാഹുവിനോട് പ്രാർഥിച്ചു; അവൻ തന്റെ മന്ദിരത്തിനും അതിന്റെ പരിചാരകർക്കും രക്ഷവരുത്തേണമെന്ന്. അന്ന് കഅ്ബക്കകത്ത് 360 വിഗ്രഹങ്ങളുണ്ടായിരുന്നു. പക്ഷേ, ആ നിർണായകഘട്ടത്തിൽ അവർ അവയെയെല്ലാം മറന്ന് അല്ലാഹുവിന്റെ നേരെ മാത്രമാണ് കൈനീട്ടിയത്. ചരിത്രങ്ങളിൽ ഉദ്ധൃതമായിട്ടുള്ള അവരുടെ പ്രാർഥനകളിലൊന്നുംതന്നെ അല്ലാഹുവല്ലാത്ത ആരുടെയും പേരുപോലുമില്ല. ഇബ്‌നു ഹിശാം തന്റെ സീറയിൽ അബ്ദുൽമുത്ത്വലിബിന്റേതായി ഉദ്ധരിച്ച കവിത ഇപ്രകാരമാണ്: لاَ هُمْ إنَّ العَبْدَ يَمْنَعُ رَحْلَةً فَامْنَعْ حِلاّ لَك (ദൈവമേ, ദാസൻ സ്വന്തം വീട് കാക്കുന്നു. നീ നിന്റെ വീടും കാത്തുകൊള്ളേണമേ.) لاَ يَغْلِبَنَّ صَلِيبُهُمْ وَمِحَالُهُمْ غَدًا مِحَالَكَ (നാളെ അവരുടെ കുരിശും തന്ത്രങ്ങളും നിന്റെ തന്ത്രത്തെ അതിജയിക്കാതിരിക്കേണമേ). إنْ كُنْتَ تَارِكُهُمْ وَقِبْلَتنَا فَامُرْ مَا بَدَا لَكَ (അവരെയും ഞങ്ങളുടെ ഖിബ്‌ലയെയും നീ അവയുടെ പാട്ടിനു വിടാൻ ഇച്ഛിക്കുന്നുവെങ്കിൽ നീ ഇച്ഛിച്ചതുപോലെ കൽപിച്ചുകൊള്ളുക).

റൗദുൽ അൻഫ് എന്ന കൃതിയിൽ സുഹൈൽ ഉദ്ധരിക്കുന്നു: وَانْصُرْنَا عَلَى آلِ الصَّلِيبِ وَعَابِدِيهِ الْيَوْمَ آلَكَ (കുരിശിന്റെ ആളുകൾക്കും അതിന്റെ ആരാധകർക്കുമെതിരെ നീ നിന്റെ ആളുകളെ തുണക്കേണമേ.) ഈ സന്ദർഭത്തിൽ പ്രാർഥിച്ചുകൊണ്ട് അബ്ദുൽമുത്ത്വലിബ് പാടിയതായി ഇബ്‌നുജരീർ ഉദ്ധരിക്കുന്നു: يَارَبِّ لاَ أرْجُو لَهُمْ سِوَاكَا يَارَبِّ فَامْنَعْ مِنْهُمُ حِمَاكَا (നാഥാ, അവരെ നേരിടുന്നതിന് ഞാൻ നിന്നിലല്ലാതെ മറ്റാരിലും പ്രതീക്ഷയർപ്പിക്കുന്നില്ല. അതുകൊണ്ട് നാഥാ, അവരിൽനിന്ന് നിന്റെ ഹറമിനെ രക്ഷിക്കേണമേ). إنَّ عَدُوَّ الْبَيْتِ مَنْ عَادَاكَا إمْنَعْهُمُ أنْ يَحْرِبُوا قَرَاكًا (ഈ മന്ദിരത്തിന്റെ ശത്രു നിന്റെ ശത്രുവാകുന്നു. നിന്റെ പട്ടണം തകർക്കുന്നവരിൽനിന്ന് അവരെ ചെറുക്കേണമേ.) ഇങ്ങനെ പ്രാർഥിച്ചുകൊണ്ട് അബ്ദുൽമുത്ത്വലിബും കൂട്ടരും മലകളിലേക്കു പോയി.

അടുത്തദിവസം അബ്‌റഹത്തും കൂട്ടരും മക്കയിൽ പ്രവേശിക്കുന്നതിനായി എത്തി. പക്ഷേ, മുന്നേറിക്കൊണ്ടിരുന്ന അദ്ദേഹത്തിന്റെ മഹ്മൂദ് എന്ന പേരുള്ള വിശേഷപ്പെട്ട പടയാന പെട്ടെന്ന് ഇരുന്നുകളഞ്ഞു. വളരെയേറെ അടിച്ചും കുത്തിയും തോട്ടി കൊളുത്തി വലിച്ചുമൊക്കെ ശ്രമിച്ചുനോക്കിയെങ്കിലും ആനക്കു മുറിവേറ്റതല്ലാതെ അത് അനങ്ങാൻ കൂട്ടാക്കിയില്ല. അതിനെ തെക്കോട്ടും വടക്കോട്ടും കിഴക്കോട്ടും തെളിക്കുമ്പോഴൊക്കെ അത് ഓടിത്തുടങ്ങും. എന്നാൽ, മക്കയുടെ ദിശയിലേക്കു തെളിച്ചാൽ ഇരുന്നുകളയും. എന്തു ചെയ്താലും നടക്കാൻ കൂട്ടാക്കില്ല. ഈ ഘട്ടത്തിൽ പറവകൾ കൂട്ടംകൂട്ടമായി അവയുടെ കൊക്കുകളിലും കാലുകളിലും ചരൽക്കല്ലുകളുമേന്തി പറന്നെത്തി. അവ ആ കല്ലുകൾ ഈ സൈന്യത്തിന് മീതെ വർഷിച്ചു. ആ കല്ല് കൊണ്ടവരുടെയെല്ലാം ശരീരം അളിയാൻ തുടങ്ങി.

മുഹമ്മദുബ്‌നു ഇസ്ഹാഖും ഇക്‌രിമയും നിവേദനം ചെയ്യുന്നു: അത് വസൂരിയായിരുന്നു. അറബുനാട്ടിൽ ആദ്യമായി വസൂരി കാണപ്പെട്ടത് ആ വർഷമായിരുന്നു. ഇബ്‌നുഅബ്ബാസ് പറയുന്നു: ആ കല്ലുകൊള്ളുന്നവർക്ക് അസഹ്യമായ ചൊറിച്ചിലുണ്ടാവുകയും ചൊറിഞ്ഞ് ചൊറിഞ്ഞ് ശരീരം പൊട്ടിപ്പൊളിഞ്ഞു മാംസം ഉതിർന്നുപോയിത്തുടങ്ങുകയും ചെയ്തു. ഇബ്‌നു അബ്ബാസിന്റെയും മറ്റും നിവേദനം ഇങ്ങനെയാണ്: മാംസവും രക്തവും വെള്ളംപോലെ ഒഴുകിപ്പോയി അസ്ഥികൾ വെളിപ്പെട്ടുകൊണ്ടിരുന്നു. അബ്‌റഹത്തിനും ഈ യാതനയുണ്ടായി. അയാളുടെ ദേഹം കഷണം കഷണമായി വീഴുകയായിരുന്നു. അതിന്റെ കഷണങ്ങൾ വീണിടത്ത് ദുർനീരും ചീഞ്ചലവും ഒഴുകിയിരുന്നു. അവർ സംഭ്രാന്തരായി യമനിലേക്ക് തിരിച്ചോടാൻ തുടങ്ങി. വഴികാട്ടിയായി ഖശ്അമിൽനിന്നു പിടിച്ചുകൊണ്ടുവന്ന നുഫൈലുബ്‌നു ഹബീബിനെ തെരഞ്ഞുപിടിച്ച് തിരിച്ചുപോകാനുള്ള വഴി കാണിച്ചുകൊടുക്കാനാവാശ്യപ്പെട്ടു. അദ്ദേഹം അതിനു വിസമ്മതിച്ചുകൊണ്ട് ഇപ്രകാരം പാടുകയാണ് ചെയ്തത്: أيْنَ المَفَرُّ وَالإلـهُ الطَّالِبُ وَالأَشْرَمُ الْمَغْلُوبُ لَيْسَ الْغَالِبُ (ദൈവം പിന്തുടർന്നുകൊണ്ടിരിക്കെ ഇനി നിങ്ങൾ എങ്ങോട്ടോടാനാണ്? മുറിമൂക്കൻ [അബ്‌റഹത്ത്] ഇപ്പോൾ ജയിക്കപ്പെട്ടവനാണ്, ജേതാവല്ല.) ഈ നെട്ടോട്ടത്തിൽ അവർ അവിടവിടെ വീണു മരിച്ചുകൊണ്ടിരുന്നു.

അത്വാഉബ്‌നുയസാർ പറയുന്നു: എല്ലാവരും ഒരേ സമയത്തല്ല നശിച്ചത്. ചിലർ അവിടത്തന്നെ മരിച്ചു. ചിലർ ഓടിപ്പോകുമ്പോൾ വഴിയിലങ്ങിങ്ങ് മരിച്ചുവീണു. ഖശ്അം പ്രദേശത്തെത്തിയപ്പോൾ അബ്‌റഹത്തും മരിച്ചു. (ഈയൊരു ശിക്ഷ മാത്രമല്ല അല്ലാഹു അബിസീനിയക്കാർക്ക് നൽകിയത്. മൂന്നുനാലു വർഷത്തിനകം യമനിലെ അബിസീനിയൻ ആധിപത്യംതന്നെ അവസാനിപ്പിക്കുകയും ചെയ്തു. ആനക്കലഹ സംഭവത്തിനുശേഷം യമനിൽ അവരുടെ ശക്തി തീരെ ക്ഷയിച്ചുപോയതായി ചരിത്രത്തിൽനിന്നു മനസ്സിലാക്കാം. യമനി നേതാക്കൾ അങ്ങിങ്ങ് കലാപക്കൊടിയുയർത്തി. പിന്നെ സൈഫുബ്‌നു ദീയസൻ എന്നു പേരായ ഒരു യമൻ നേതാവ് ഇറാൻ ചക്രവർത്തിയോട് സഹായം തേടുകയും ഇറാൻ ആയിരം ഭടന്മാരെയും ആറു കപ്പലുകളും അയച്ചുകൊടുക്കുകയും ചെയ്തു. യമനിലെ അബിസീനിയൻ ഭരണകൂടത്തെ തകർക്കാൻ അതുതന്നെ മതിയായിരുന്നു. ക്രി. 575-ലാണ് ഈ സംഭവം നടന്നത്.) മുസ്ദലിഫയുടെയും മിനായുടെയും ഇടക്കുള്ള വാദി മുഹസ്സ്വബിലെ മുഹസ്സിർ എന്ന സ്ഥലത്താണ് ഈ സംഭവം നടന്നത്.

സ്വഹീഹ് മുസ്‌ലിം അബൂദാവൂദിൽനിന്ന് നിവേദനം ചെയ്ത, ജഅ്ഫറുബ്‌നു സ്വാദിഖ് പിതാവ് ഇമാം മുഹമ്മദ് ബാഖിറിൽനിന്നും അദ്ദേഹം ജാബിറുബ്‌നു അബ്ദില്ലാഹിയിൽനിന്നും ഉദ്ധരിച്ച നബി(സ) തിരുമേനിയുടെ വിടവാങ്ങൽ ഹജ്ജിന്റെ കഥയിൽ പറയുന്നു: മുസ്ദലിഫയിൽനിന്ന് മിനായിലേക്ക് പോകവെ വാദീ മുഹസ്സിറിലെത്തിയപ്പോൾ തിരുമേനി വേഗം കൂട്ടി. അതിനെ വ്യാഖ്യാനിച്ചുകൊണ്ട് ഇമാം നവവി എഴുതുന്നു: ആ സ്ഥലത്താണ് അസ്ഹാബുൽ ഫീൽ സംഭവം അരങ്ങേറിയത്. അതുകൊണ്ട് അവിടം വേഗത്തിൽ പിന്നിടുകയാണ് സുന്നത്ത്.

മുവത്വയിൽ ഇമാം മാലിക് ഉദ്ധരിക്കുന്നു: മുസ്ദലിഫ മുഴുവൻ താമസസ്ഥലമാകുന്നു. എന്നാൽ, വാദീ മുഹസ്സിറിൽ താമസിക്കരുത്. നുഫൈലുബ്‌നു ഹബീബിൽനിന്ന് ഇബ്‌നുഇസ്ഹാഖ് ഉദ്ധരിച്ച കവിതയിൽ അദ്ദേഹം ഈ സംഭവം നേരിൽ കണ്ടത് വർണിച്ചിട്ടുണ്ട്: رُدَيْنَةُ لَوْ رَأَيْتِ وَلاَ تَرَاه لَدَى جَنْبِ المُحَصَّبِ مَا رِأَيْنَا (അല്ലയോ റുദൈനാ, കഷ്ടം! വാദീ മുഹസ്സ്വബിൽ ഞങ്ങൾ കണ്ടത് നീ കണ്ടിരുന്നുവെങ്കിൽ, നിനക്കത് കണ്ടുനിൽക്കാൻ കഴിയുമായിരുന്നില്ല.) حَمِدْتُ اللهَ إِذْ أَبْصَرْتُ طَيْرًا وَخِفْتُ حِجَارَةً تَلْقَى عَلَيْنَ (പക്ഷികളെ കണ്ടപ്പോൾ ഞാൻ അല്ലാഹുവിനെ സ്തുതിച്ചു. കല്ലുകൾ ഞങ്ങളുടെ മേൽ പതിക്കുമോ എന്ന് ഞാൻ ഭയപ്പെട്ടു.) وَكُلُّ الْقَوْم يَسْأَلُ عَنْ نُفَيْلٍ كَأَنَّ عَلَيَّ لِلْحَبْشَانِ دَيْنًا (അവരിലോരോരുത്തനും നുഫൈലിനെ അന്വേഷിച്ചുകൊണ്ടിരുന്നു; ഞാൻ അബിസീനിയക്കാർക്ക് വല്ല കടവും വീട്ടേണ്ടതുള്ളതു പോലെ.) അറേബ്യയിലെങ്ങും പ്രസിദ്ധമായ മഹാസംഭവമാണിത്. നിരവധി കവികൾ അത് തങ്ങളുടെ കവിതകൾക്ക് പ്രമേയമാക്കിയിട്ടുണ്ട്. എല്ലാവരും ആ സംഭവത്തെ അല്ലാഹുവിന്റെ കഴിവിന്റെ അദ്ഭുതമായി കരുതി എന്നതാണ് ആ കവിതകളിൽ മുഴച്ചുകാണുന്ന സംഗതി.

കഅ്ബയിൽ പൂജിക്കപ്പെട്ടുകൊണ്ടിരുന്ന വിഗ്രഹങ്ങൾക്ക് അതിൽ വല്ല കൈയുമുണ്ടായിരുന്നതായി എവിടെയും സൂചിപ്പിക്കുകയോ ധ്വനിപ്പിക്കുകയോ പോലും ചെയ്യുന്നില്ല. ഉദാഹരണമായി, അബ്ദുല്ലാഹിബ്‌നുസ്സിബഅ്‌റാ പാടുന്നു: سِتُّونَ أَلْفًا لَمْ يَؤْبُوا أَرْضَهُمْ وَلَمْ يَعِشْ بَعْدَ الإيَابِ سَقِيمُهَ (അറുപതിനായിരത്തിന് അവരുടെ നാട്ടിലേക്ക് മടങ്ങാനായില്ല. മടങ്ങിയ ശേഷം അവരുടെ രോഗി [അബ്‌റഹത്ത്] ജീവിച്ചതുമില്ല.) كَانَتْ بِهَا عَادٌ وَ جُرْهُمُ قَبْلَهُمْ وَاللهُ مِنْ فَوْقِ الْعِبَادِ يُقِيمُهَا (ഇവിടെ അവർക്കു മുന്നം ആദും ജുർഹുമുമുണ്ടായിരുന്നു. അല്ലാഹു അടിമകൾക്കുമീതെയുണ്ട്. അവൻ അതിനെ നിലനിർത്തുന്നു.) അബുൽഖൈസിബ്‌നു അസ്‌ലത് പാടി: فَقُومُوا فَصَلُّوا رَبَّكُمْ وَتَمَسَّحُوا بِأَرْكَانِ هَـذَا الْبَيْتِ بيْنَ الأَخَاشِبِ (എഴുന്നേറ്റ് നിങ്ങളുടെ നാഥനെ നമസ്‌കരിക്കുക. മക്കയിലെയും മിനായിലെയും മലകൾക്കിടയിലുള്ള ദൈവികമന്ദിരത്തിന്റെ കോണുകൾ തൊട്ടുതലോടുക.) فَلَمَّا أتَاكُمْ نَصْرُ ذِى الْعَرْشِ رَدَّهُمْ جُنُودُ الْمَلِكِ بَيْنَ سَافٍّ وَحَاصِبٍ (സിംഹാസനമുടയവന്റെ സഹായമെത്തിയപ്പോൾ രാജാവിന്റെ ഭടന്മാരിൽ ചിലർ മണ്ണിൽ പതിച്ചുപോയി. ബാക്കിയുള്ളവർ കല്ലെറിയപ്പെട്ടവരായി.)

ഇതിനെല്ലാം പുറമെ, നബി(സ) പ്രസ്താവിച്ചതായി ഹ. ഉമ്മുഹാനിഉം സുബൈറുബ്‌നുൽ അവാമും നിവേദനം ചെയ്യുന്നു: ഖുറൈശികൾ പത്തു വർഷത്തോളം (ചില നിവേദനങ്ങൾ പ്രകാരം ഏഴു വർഷത്തോളം) പങ്കുകാരാരുമില്ലാത്ത ഏകനായ അല്ലാഹുവിനെയല്ലാതെ മറ്റാരെയും ആരാധിച്ചില്ല. ഉമ്മുഹാനിഇന്റെ നിവേദനം ഇമാം ബുഖാരി തന്റെ താരീഖിലും ത്വബറാനി , ഹാകിം, ഇബ്‌നുമർദവൈഹി, ബൈഹഖി തുടങ്ങിയവർ അവരുടെ ഹദീസ് സമാഹാരങ്ങളിലും ഉദ്ധരിച്ചിട്ടുണ്ട്. ഹ. സുബൈറിന്റെ പ്രസ്താവന ത്വബറാനിയും ഇബ്‌നുമർദവൈഹിയും ഇബ്‌നു അസാകിറും ഉദ്ധരിച്ചിരിക്കുന്നു. ബഗ്ദാദി, തന്റെ താരീഖിൽ രേഖപ്പെടുത്തിയിട്ടുള്ള, സഈദുബ്‌നുൽ മുസയ്യബിന്റെ മുർസലായ നിവേദനം ഇതിനെ ബലപ്പെടുത്തുന്നു. ഈ സംഭവം നടന്ന ആണ്ടിനെ അറബികൾ عَامُ الْفِيل (ഗജവർഷം) എന്നു വിളിക്കുന്നു. അതേവർഷംതന്നെയാണ് റസൂലി(സ)ന്റെ തിരുജനനമുണ്ടായതും. ആനപ്പട സംഭവം നടന്നത് മുഹർറം മാസത്തിലും തിരുമേനിയുടെ ജനനമുണ്ടായത് റബീഉൽ അവ്വൽ മാസത്തിലും ആണെന്നതിൽ ചരിത്രകാരന്മാരും ഹദീസ് വിശാരദന്മാരും ഏറക്കുറെ യോജിച്ചിട്ടുണ്ട്. ആനപ്പടസംഭവം നടന്ന് അമ്പതു ദിവസത്തിനുശേഷമാണ് പ്രവാചക ജനനമുണ്ടായതെന്നത്രേ അധികപേരും പറയുന്നത്.

???? To Join Whatsapp Group ????: https://chat.whatsapp.com/BxliWKickAyDu0ikv75WY5

Related Articles