Current Date

Search
Close this search box.
Search
Close this search box.

സദൂസീ : പ്രവാചക ശിഷ്യന്മാരുടെ നീന്തൽ ഗുരു

എൺപതിലേറെ യുദ്ധങ്ങളിൽ പങ്കെടുത്ത ഒരു സ്വഹാബിയുണ്ട്. ഉമർ (റ) ന്റെ കാലത്ത് ഇറാന്റെ ദക്ഷിണ മേഖലയിലെ ഏറ്റവും വലിയ പട്ടണം ശൂസ്തർ ഇസ്ലാമിക സാമ്രാജ്യത്തിന്റെ ഭാഗമാക്കിയ പോരാളി, ഏത് സമുദ്രവും നിമിഷ നേരം കൊണ്ട് നീന്തിക്കയറിയ കാന്യോണിംഗ് താരം, പ്രവാചക ശിഷ്യന്മാരുടെ നീന്തൽ ഗുരു, മദീനയിലെ റിയൽ ബാഹുബലി… സദൂസിയുടെ വിശേഷണങ്ങൾ ഏറെയാണ്. ഉമറിന്റെ കാലത്ത് സസാനിയൻ സാമ്രാജ്യത്തിന്റെ തലസ്ഥാനമായ ശൂസ്തറിന്റെ കവാടത്തിൽ അബൂ മൂസൽ അശ്അരി (റ) ഒരു വർഷത്തോളം ഉപരോധിച്ചു.

നാലു വശവും വെള്ളത്താൽ ചുറ്റപ്പെട്ട ആ ദ്വീപിലേക്ക് പോകാൻ പറ്റിയ പോരാളികൾ ആരും മുസ്ലിം സമൂഹത്തിൽ ഉണ്ടായിരുന്നില്ല. അപ്പോഴാണ് മദീനത്തെ സദൂസ് ഗോത്രത്തിലെ സൗറിന്റെ പുത്രൻ മജ്സഅ എന്ന ചെറുപ്പക്കാരനെ കുറിച്ച് അബൂ മൂസ (റ) കേൾക്കുന്നത്. ഉടനെ തന്നെ തന്റെ കൂടെയുള്ള മൂപ്പത്തഞ്ച് പോരാളികളെ നീന്തൽ പരിശീലനം നൽകാൻ മജ്സഅയെ അബൂ മൂസ നേരിട്ട് ഏർപ്പാട് ചെയ്തു. ആ പോരാളികളുമായി താറാവുകളെപ്പോലെ നീന്തി ശൂസ്തറിന്റെ കരയിലെത്തുകയും തക്ബീർ ചൊല്ലി ആ പട്ടണം വളരെ നിഷ്പ്രയാസം കീഴടക്കുകയും ചെയ്തു. അവിടത്തെ ഉയരം കൂടിയ മതിലിന്റെ മുകളിലുണ്ടായിരുന്ന നാവിക സംരക്ഷണ സേനയുടെ നിരന്തരമായ അമ്പെയ്ത്തിലാണ് മജ്സഅ അന്ന് ശഹീദാവുന്നത്.

ശൈഖ് ഇബ്നു അബീ ഹാതിം തന്റെ പ്രസിദ്ധ ഹദീസ് നിദാന ശാസ്ത്ര ഗ്രന്ഥമായ അൽ ജർഹു വത്തഅദീലിൽ ആ സംഭവം വിശദീകരിക്കുന്നത് ഇങ്ങനെ ചുരുക്കി പറയാം:

ഉമറിന്റെ കാലത്ത് ഹിജ്റ 17 ൽ ശൂസ്തറിന്റെ ഉപരോധസമയത്ത്, മാസങ്ങൾ നീണ്ട ഉപരോധത്തിനുശേഷം സൈന്യത്തലവൻ അബൂ മൂസയാണ് തന്റെ ആത്മ മിത്രമായ ബറാഉബ്നു മാലികിനോട് തന്റെ ആവശ്യം പറഞ്ഞത്. അദ്ദേഹം ഉടനെ തന്റെ യുദ്ധങ്ങളിലെ സന്തത സഹചാരിയായ മജ്സഅയെയും ശിഷ്യന്മാരെയും ആ ദ്വീപ് കീഴടക്കാൻ ഏല്പിച്ചു. അവരവിടെ എത്തിയതറിഞ്ഞു മുന്നൂറിലേറെ നീന്തലുകാർ അവരുടെ കൂടെ കൂടി. അവരിൽ എഴുപത് പേർ മാത്രമാണ് ലക്ഷ്യസ്ഥാനത്തെത്തിയത്. അവസാനം പേർഷ്യക്കാരുടെ കമാൻഡറായ ഹുർമുസാന്റെ കാവൽക്കാരാണ് ദ്വീപ് നീന്തിക്കടന്ന മജ്സഅയെ വകവരുത്തിയത്.

ഗുരു നേതൃത്വം നൽകിയ മിഷൻ പൂർത്തീകരിച്ച് ശിഷ്യന്മാർ ഹുർമുസാനോടു പകരം വീട്ടി. ഒരു മരം പോലും മുറിക്കാതെ, ഒരു തുള്ളി രക്തം പോലും ചിന്താതെ ശൂസ്തറെന്ന പേർഷ്യൻ നഗരം അന്നാ തക്ബീർ നെഞ്ചിലേറ്റി. ഒരു പാട് പള്ളികളും പള്ളിക്കൂടങ്ങളും അവിടെയുണ്ടായി. നാട്ടുകാരെല്ലാം ഇസ്ലാമിലേക്ക് കൂട്ടം കൂട്ടമായി പ്രവേശിച്ചു.

ഒരു പാട് കാലം മക്കത്തെ കഅ്ബയിലെ കില്ലക്കുള്ള നൂൽ കൊണ്ട് വന്നിരുന്നത് ശൂസ്തറെന്ന തുസ്തറിൽ നിന്നായിരുന്നു. നബിയുടെ കാലത്തും അതിനു ശേഷവും ചെറുതും വലുതുമായി എൺപതിലേറെ യുദ്ധങ്ങളിൽ പങ്കെടുത്ത ആ പോരാളിയെ അതേ പേരിലാണ് (صاحب الـ ٨٠ معركة) ചരിത്രം രേഖപ്പെടുത്തിയിട്ടുള്ളത് .

റഫറൻസ്:
1-الإصابة في تمييز الصحابة / ابن حجر العسقلاني
2- الأعلام – خير الدين الزركلي
3- تاريخ الإسلام – الذهبي – ج 3

കൂടുതൽ വായനക്ക്‌ : https://chat.whatsapp.com/LOeNnwBHadrGqajJzvbLUW

Related Articles