Current Date

Search
Close this search box.
Search
Close this search box.

യമനീ സിനിമകളുടെ കാൽപ്പനിക സൗന്ദര്യം

ആളുകൾ തിക്കിത്തിരക്കുന്ന ബാങ്കിൽ കാഷ്യറുടെ മുമ്പിൽ നിൽക്കുകയാണ് അഹമദ്. ടി.വി – റേഡിയോ ബ്രോഡ്കാസ്റ്റിംഗ് വകുപ്പിൽ ശമ്പളമെത്തിയോ എന്നാണ് അയാൾക്ക് അറിയേണ്ടത്. എത്തിയിട്ടില്ലെന്ന് കാഷ്യറുടെ മറുപടി. എപ്പോൾ എത്തും എന്ന ചോദ്യത്തിന് അയാൾ കൈ മലർത്തി. കുറച്ചപ്പുറത്ത് അഹ്മദിന്റെ ഭാര്യ ഇസ്റാ ഒരു സ്വർണ്ണക്കടക്കാരനുമായി വില പേശുകയാണ്. തന്റെ ആഭരണങ്ങൾ വിൽക്കാനുള്ള ശ്രമത്തിലാണ് അവൾ. രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന ഭർത്താവിനെ സഹായിക്കാൻ അവൾക്ക് അങ്ങനെ മാത്രമേ കഴിയൂ. ഇത് യമനിലെ ഏദൻ നഗരത്തിൽ നിന്നുള്ള കാഴ്ച്ച. അതിനിടയിൽ ഇസ്റാ താൻ ഗർഭിണിയാണെന്ന് മനസ്സിലാക്കുന്നു. അതിന്റെ ചെലവുകൾ കൂടി താങ്ങാൻ ഒരു നിവൃത്തിയുമില്ല. ഗർഭഛിദ്രം നടത്തുകയല്ലേ എന്ന് ഭാര്യയും ഭർത്താവും ചർച്ച ചെയ്യുന്നു. അത് മതപരമായി ശരിയാകുമോ എന്ന സന്ദേഹം അവരെ പിടികൂടുന്നു. 2023 – ൽ പുറത്തിറങ്ങിയ യമനീ സിനിമ ‘അൽമുർഹഖൂൻ’ (The Burdened / ഭാരം ചുമക്കുന്നവർ ) എന്ന സിനിമയുടെ ഇതിവൃത്തം വികസിക്കുന്നത് ഇങ്ങനെയാണ്. യമൻകാരനായ അംറ് ജമാലാണ് സംവിധായകൻ.

ഈ വർഷം നടക്കുന്ന ബർലിൻ അന്താരാഷ്ട്ര ഫിലിമോത്സവത്തിൽ മത്സരിക്കാൻ അവസരം ലഭിച്ച ആദ്യ യമനീ സിനിമയാണിത്. ആംനസ്റ്റി ഇന്റർനാഷനലിന്റെ രണ്ട് അവാർഡുകൾ ഇതിനകം സിനിമ നേടിക്കഴിഞ്ഞു. യമനീ സിനിമയെ സംബന്ധിച്ചിടത്തോളം, ബോംബിംഗിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങളിൽ നിന്നുള്ള ഫിനീക്സ് പക്ഷിയുടെ ഉയർത്തെഴുന്നേൽപ്പാണിത്. യമനിനകത്ത് ‘ഭാരം ചുമക്കുന്നവരു’ടെ ദീന രോദനം നമുക്കിതിൽ കേൾക്കാം. രാഷ്ട്രീയമായി ഒന്നിച്ചെങ്കിലും ഉത്തര -ദക്ഷിണ യമനുകൾ തമ്മിലെ വൈവിധ്യത്തെയും തർക്കങ്ങളെയും ഇത് പ്രശ്നവൽക്കരിക്കുന്നുണ്ട്. യുദ്ധം ഏൽപ്പിച്ച ആഘാതങ്ങളെയും സിനിമ കാണിച്ചു തരുന്നു.

പല കാരണങ്ങളാൽ ഏതാനും വർഷങ്ങളിലെ അറബ് സിനിമ പരിശോധിച്ചാൽ ഈ സിനിമ ധീരമായ പുതിയ കാൽവെപ്പാണ്.

ഒന്ന് : പുതു തലമുറയിൽ നിന്നുള്ള ഒരാളാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. കത്തുന്ന ഒരു പ്രദേശത്തിന്റെ നേർചിത്രമാണ് സംവിധായകൻ അവതരിപ്പിക്കുന്നത്. ജനജീവിതത്തിന്റെ കഷ്ടപ്പാടുകൾ തുറന്നു കാണിക്കുന്നു. ഒരു യഥാർഥ സംഭവത്തിൽ നിന്നാണ് താനിക്കഥ സ്വീകരിച്ചിരിക്കുന്നത് എന്ന് സംവിധായകൻ പറയുന്നുണ്ട്. ഒരു വ്യക്തിയുടെ കഥ പറയുന്നതിലൂടെ ഒരു സമൂഹത്തിന്റെ കഥ പറയുകയാണ്.

രണ്ട് : യമനിൽ വെച്ചു തന്നെയാണ് ഇതിന്റെ ഷോട്ടുകൾ എടുത്തിരിക്കുന്നത്. യമനികളിൽ നിന്ന് തന്നെ അഭിനേതാക്കളെ കണ്ടെത്താനും കഴിഞ്ഞു.

മൂന്ന് : യമനിൽ ജനം എങ്ങനെ കഴിയുന്നു എന്നാണ് ഇതിൽ വിശദാംശങ്ങളോടെ ചിത്രീകരിക്കപ്പെടുന്നത്. യമൻ ഇന്ന് വാർത്തകളിൽ നിറയുന്നത് ആഭ്യന്തര യുദ്ധത്തിന്റെ പേരിലാണല്ലോ. യുദ്ധ ചിത്രീകരണങ്ങളല്ല ഇതിൽ കാണാൻ കഴിയുക.

അംറ് ജമാൽ എന്ന സംവിധായകന്റെ രണ്ടാമത്തെ ഫീച്ചർ ഫിലിം ആണിത്. ‘കല്യാണത്തിന് മുമ്പ് പത്ത് ദിനങ്ങൾ’ എന്നതാണ് ആദ്യത്തെ കഥാചിത്രം. 2018-ൽ സംവിധാനം ചെയ്ത ഈ ചിത്രം ഏദൻ തിയേറ്ററുകളിൽ പ്രദർശിപ്പിച്ചിരുന്നു. അന്യഭാഷാ ചിത്രങ്ങളിൽ ഓസ്കാർ നാമനിർദേശവും നേടിയിരുന്നു. കല്യാണം കഴിക്കാൻ പോകുന്ന യുവാവും യുവതിയും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളാണ് ഇതിവൃത്തം. നാം ചർച്ച ചെയ്യുന്ന രണ്ടാമത്തെ ചിത്രമാവട്ടെ, കല്യാണം കഴിഞ്ഞ് കുട്ടികൾ ഒക്കെ ആയതിന് ശേഷമുള്ള പ്രതിസന്ധികളാണ്. റിട്ടയർമെന്റിന് ശേഷമുള്ള യമനീ ജനത എങ്ങനെ ജീവിക്കുന്നു എന്ന പ്രമേയം ആസ്പദമാക്കി മൂന്നാമതൊരു സിനിമ കൂടി അദ്ദേഹം നിർമിക്കുമെന്നാണ് ഞാൻ കരുതുന്നത്. ആ സിനിമാ ത്രയം മനോഹരമായിരിക്കും.

Salmon Fishing in the Yemen

യമനിലെ ഏദൻ നഗരത്തിലാണ് സിനിമ റിലീസ് ചെയ്തത്. ഏദൻ തെക്കൻ യമനിലാണല്ലോ. തെക്ക് – വടക്ക് തർക്കങ്ങൾക്ക് ഇത് വഴി വെച്ചിട്ടുണ്ട്. മനോഹരമായ ഭൂപ്രകൃതിയും വൈവിധ്യമാർന്ന പൈതൃകങ്ങളും ആചാര സമ്പ്രദായങ്ങളും ഉണ്ടായിട്ടും വടക്കൻ യമൻ കലാ പ്രവർത്തനങ്ങളിൽ ശ്രദ്ധിക്കുന്നില്ല എന്നാണ് ആരോപണം. യമനുകളിൽ തമ്മിലെ ഈ സാംസ്കാരിക ധ്രുവീകരണം കലാ പ്രവർത്തനത്തെ തളർത്തിയിട്ടുണ്ട് എന്നത് ശരിയാണ്.

യമനികളെയും 2007-ൽ Salmon Fishing in the Yemen എന്ന പുസ്തകമെഴുതിയ പോൾ ടോർഡ (paul Torday )യെയും സംവിധായകൻ ജമാൽ നന്നായി സന്തോഷിപ്പിച്ചിരിക്കുമെന്ന് ഉറപ്പ്. ടോർഡെ പുസ്തകമെഴുതുന്നത് അമ്പത് വയസ്സ് കഴിഞ്ഞ ശേഷമാണ്. ഇത് പിന്നീട് ഇതേ പേരിൽ 2011 ൽ ബ്രിട്ടീഷ് സിനിമയായി. റൊമാൻസ് കോമഡി ഇനത്തിൽ പെടുന്ന ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് സ്വീഡിഷുകാരനായ ക്രിസ്റ്റിൻ ലാസെ ഹാൽസ്ടോ ആണ്. ഈജിപ്ഷ്യൻ നടൻ അംറ് വാകിദ് ഇതിൽ അഭിനയിച്ചിട്ടുണ്ട്. സലമൺ മത്സ്യബന്ധനം ഹോബിയാക്കി സ്കോട്ട്ലൻഡിൽ താമസമാക്കിയ ഒരു യമനീ കുബേരൻ അതിനുള്ള മുഴുവൻ സംവിധാനങ്ങളും യമനീ തീരത്തേക്ക് പറിച്ചു നടാൻ ശ്രമിക്കുന്നതാണ് ഇതിവൃത്തം. ഇതിൽ മതകീയ പശ്ചാത്തലമൊന്നുമില്ലെങ്കിലും വിശ്വാസത്തിലേക്കുള്ള തിരിച്ച് വരവ് അതിൽ സൂചിതമായിട്ടുണ്ട്. അത് കൊണ്ടാണ് ന്യൂയോർക്ക് ടൈംസ് ആ ചിത്രത്തെ’ സന്ദേഹത്തിൽ നിന്ന് വിശ്വാസത്തിലേക്ക്’ എന്ന് വിശേഷിപ്പിച്ചത്.

ഇതിൽ അത്ഭുതമൊന്നുമില്ല. ഓരോ യമനീ സിനിമ കാണുമ്പോഴും എനിക്ക് ഓർമ വരിക പത്തൊമ്പതാം നൂറ്റാണ്ടിലെ ബെൽജിയൻ / ഹോളണ്ട് ചിത്രകാരൻ പെട്രസ് വാൻ ഷെൻഡലി ( Petrus Van Schendel) ന്റെ പെയിന്റിംഗുകളാണ്. ജനങ്ങളുടെ രാത്രി ജീവിതം മെഴുകുതിരി വെട്ടത്തിലാണ് അദ്ദേഹം ചിത്രീകരിക്കുക. ഇത് സ്വപ്ന സന്നിഭമായ ഒരു റൊമാന്റിക് പരിവേഷം ചിത്രങ്ങക്ക് നൽകുന്നു. ഇത് പോലെ നൻമകളുടെ യമനീ പൈതൃകം എത്തിനോക്കുന്നവയാണ് അവിടെ നിന്ന് വരുന്ന സിനിമകൾ.

വിവ. അശ്റഫ് കീഴുപറമ്പ്

???? വാട്‌സാപ് ഗ്രൂപ്പിൽ അംഗമാകാൻ????: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles