Current Date

Search
Close this search box.
Search
Close this search box.

ചരിത്രത്തിലെ ഉരുക്കു വനിത സുകൈനഃ

പല പുരുഷ കേസരികളും പതറിപ്പോയ സന്ദർഭങ്ങളിലും ചിതറാത്ത ചിത്തത്തോടെ ഉറച്ചു നിന്ന ഒരു സ്ത്രീ രത്നമുണ്ട് ഇസ്ലാമിക ചരിത്രത്തിൽ . പ്രവാചകപൗത്രൻ ഹുസൈൻ (റ) ന്റെ പുത്രി സുകൈനഃയാണവർ. AH 49-ൽ (CE 671) ലായിരുന്നു ജനനം. അവരുടെ മാതാവ് ഇമ്രുൽ-ഖൈസ് ബിൻ ഉദയ്‌യുടെ മകളായ റബാബ് . അവരാണ് മകൾക്ക് സുകൈനഃ എന്ന പേര് എന്ന് വിളിച്ചത്. ചൈതന്യമുള്ള / സന്തോഷവതിയായ കൊച്ചു പെൺകുട്ടി എന്നാണ് ആ നാമത്തിന്റെ സാരം.

സൗന്ദര്യത്തിന് പേരുകേട്ട സുകൈനഃ ദയ, വിമർശനാത്മക മനസ്സ്, വാക്ചാതുര്യം എന്നിവയുടെ കൂടി ആൾ രൂപമായിരുന്നു.

61 AH മുഹർറത്തിൽ ഇറാഖിലെ ത്വഫ് പ്രദേശത്ത് നടന്ന കർബലാ സംഭവം നേരിൽ കാണുകയും ശേഷം ആരേയും കൂസാതെ സംഭവങ്ങളുടെ ദൃക്സാക്ഷി വിവരണം നടത്തുകയും ചെയ്തിട്ടുള്ള അപൂർവ്വം ചില പ്രത്യേക ജനുസിൽ പെട്ട സ്ത്രീയായിരുന്നു സുകൈനഃ . കർബലാ സംഭത്തിന് ശേഷം കൂഫയിലെ ഉബൈദുല്ലാഹു ബിൻ സിയാദിന്റെ അടുത്തേക്കും അതിനുശേഷം സിറിയയിലെ യസീദ് ബിൻ മുആവിയയിലേക്കും മാപ്പുസാക്ഷികളായി കൊണ്ടുപോയ സ്ത്രീകളിൽ അവരും ഉണ്ടായിരുന്നു. കർബലാ ദിവസം സ്വന്തം ഉപ്പ ഹുസൈന്റെ (റ)യും ആദ്യ ഭർത്താവ് അബ്ദുല്ലാഹിബ് ഹസന്റെ (റ) യും രക്തസാക്ഷിത്വത്തിന് സാക്ഷിയായ പെൺതരി.

തുടർന്ന് ഹിജാസിലേക്ക് മടങ്ങി, അവിടെ മദീനയിൽ ഉമ്മ റബാബിനൊപ്പം സഹോദരൻ സൈനുൽ ആബിദീന്റെ
സംരക്ഷണത്തിൽ ഏതാനും വർഷങ്ങൾ ജീവിച്ചു. സ്വന്തം പിതൃസഹോദര പുത്രനായ അബ്ദുല്ലയുടെ ഓർമകളിൽ നിന്നും മുക്തയാവാത്തത് കൊണ്ട് വർഷങ്ങൾ തെരെഞ്ഞെടുത്തു ജീവിക്കുന്നതിനിടയിലാണ് കുടുംബ സൃഹുത്തായ സുബൈറിന്റെ പുത്രൻ മുസ്അബിന്റെ വിവാഹാലോചന വരുന്നത്. എന്നാൽ ഹിജ്റ 72 – CE 691 നവംബർ / ജുമാദൽ ആഖിറയിലെ ഹജ്ജാജ് ബിൻ യൂസുഫ് തന്റെ രണ്ടാം ഭർത്താവ് മുസ്അബിന്റെ ഗളഛേദത്തിനും സാക്ഷിയാവേണ്ടി വന്നു. ഏറ്റവും ഇഷ്ടപ്പെട്ട മൂന്നുപേരുടെ കൊല്ലാക്കൊലകൾക്കും നേർസാക്ഷിയായിട്ടും തല ചുറ്റലുപോലും ഉണ്ടാവാത്ത ധീര . ഇത്രയും ധൈര്യവും ക്ഷമയുമുള്ള മറ്റൊരു സ്ത്രീ മനുഷ്യ ചരിത്രത്തിൽ തന്നെ ഉണ്ടായിരിക്കില്ല.

ശക്തരായ പുരുഷന്മാർ അവരെ വിവാഹം കഴിക്കാൻ കാത്തിരിക്കുകയായിരുന്നു. പക്ഷേ രാഷ്ട്രീയ കാരണങ്ങളാൽ അവർ അവരെ സ്വീകരിച്ചില്ല. മൊത്തം അഞ്ച് തവണ വിവാഹം കഴിച്ചെങ്കിലും അവരുടെ മതപരതയും സത്യസന്ധതയും കെട്ടിയോന്മാരെ പലപ്പോഴും കോടതികയറ്റി.

പിതാവിൽനിന്നും ധാരാളം ജ്ഞാനം ശേഖരിച്ച സുകൈനഃ നല്ലൊരു ഭാഷാ പണ്ഡിതയായിരുന്നു. പ്രസിദ്ധ കവികളായിരുന്ന ജരീറും ഫറസ്ദഖും സന്ദർശിക്കാറുള്ള കവയിത്രികുടിയായിരുന്നു അവർ. പക്ഷേ പ്രസിദ്ധ ഖുർആൻ പണ്ഡിത ആഇശാ അബ്ദുർറഹ്മാൻ ബിന്തുശ്ശാത്വിഅ് പറയുന്നത് പോലെ അധികവും വിഷാദ ഭാവത്തിലുള്ള അനുശോചന കാവ്യങ്ങളേ അവരുടെതായി ആധികാരികമായി ലഭ്യമായിട്ടുള്ളൂ എന്നത് മറ്റു കവിതാ സങ്കേതങ്ങളിൽ അവർ കൈവെച്ചിട്ടില്ല എന്നതിന് തെളിവല്ല.

يا عين فاحتفلى طول الحياة دمًا لا تبك ولدًا ولا أهلاً ولا رفقة

[കണ്ണേ, ആയുസ്സുള്ള കാലത്തോളം രക്തത്താൽ ആഘോഷിക്കൂ,
കുട്ടിയെയോ കുടുംബത്തെയോ ചങ്ങാതിയെയോ ഓർത്ത് കരയാതിരിക്കൂ ]

എന്നു തുടങ്ങുന്ന സ്വന്തം പിതാവിനെ അനുസ്മരിച്ചു തുടങ്ങുന്ന കവിത അവരുടെ അനുശോചന കാവ്യത്തിനുദാഹരണമാണ്. ഇബ്നു ഖലിക്കാൻ, ഇസ്ഫഹാനി എന്നിവർ റിപ്പോർട്ട് ചെയ്ത ആധികാരികമായ റിപ്പോർട്ടുകൾ അനുസരിച്ച് 71-ാം വയസ്സിൽ മദീനത്താണ് അവർ മരിച്ചത്. അവിടെത്തന്നെയാണ് അവരെ ഖബറടക്കിയിട്ടുള്ളതും . അറബി ഫിലിം / സീരിയലുകളിൽ ഇന്നും എന്നും നിറഞ്ഞു നിൽക്കുന്ന താരമാണ് സുകൈനഃ . ധീരതയുടേയും ക്ഷമയുടേയും എക്കാലത്തേയും പ്രതീകമായി സുകൈനഃ എന്ന കഥാപാത്രം അറബി നോവലുകളിലും കാണാം.

 

അവലംബം
1 – أنساب الأشراف للبلاذري، ج 2، ص 197
2 -الطبقات الكبرى لابن سعد، ج8، ص475؛
3 -വിക്കിപ്പീഡിയ

Related Articles