Current Date

Search
Close this search box.
Search
Close this search box.

ഇഖ്‍വാനും ഹമാസും; ചെറുത്തുനിൽപ്പിൻ്റെ നാൾവഴികൾ

ഉസ്മാനിയ ഖിലാഫത്തിന്റെ പതനത്തിനുശേഷം, ബ്രിട്ടീഷ് അധിനിവേശത്തിനും അറബ് നാടുകളുടെ ശിഥിലീകരണത്തിനുമെതിരെ ഈജിപ്തിൽ പിറവിയെടുത്ത ഇസ്ലാമിക പ്രസ്ഥാനത്തിൻറെ പ്രതിരൂപമായും തുടർച്ചയായുമാണ് ഫലസ്തീനിലെ ഇസ്ലാമിക പ്രസ്ഥാനം പരിഗണിക്കപ്പെടുന്നത്. ശൈഖ് റഷീദ് രിദയുടെ ശിഷ്യനായിരുന്ന ജെറുസലം ഗ്രാൻഡ് മുഫ്തി ഷെയ്ക്ക് അമീൻ അൽ ഹുസൈനി, കൈറോയിലെ അൽ അസ്ഹറിൽ നിന്ന് പഠനം പൂർത്തീകരിച്ചയാളും ഈജിപ്തിലെ പരിഷ്കരണ മുന്നേറ്റങ്ങളുടെ പതാക വാഹകനുമായിരുന്നു എന്നത് ശ്രദ്ധേയമാണ്. ഇന്ന് ഹമാസ് ഉൾപ്പെടെയുള്ള ഫലസ്തീനിലെ പല ചെറുത്തുനിൽപ്പ് വിഭാഗങ്ങളുടെയും മാതൃ സംഘടനയായി ഫലസ്തീനിലെ ഇസ്ലാമിക പ്രസ്ഥാനം അറിയപ്പെടുന്നു. 

ബ്രിട്ടൻ, ഫ്രാൻസ്, യു.എസ് അടക്കമുള്ള വൻശക്തികളുടെ കാർമികത്വത്തിൽ ഫലസ്തീനിൽ നടന്ന അനധികൃത ജൂത അധിനിവേശം ജനങ്ങളിൽ ഉണ്ടാക്കിയ രോഷാഗ്നിയിലാണ് അവിടെ പ്രസ്ഥാനം തിടം വെച്ചത്. 1987 ലെ ഒന്നാം ഇൻതിഫാദയോടെ വരവറിയിച്ച ഹമാസ് ഇന്ന് വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ്. ധൈഷണികമായും സംഘടനാപരമായും അൽ ഇഖ്‍വാനുൽ മുസ്ലിമൂനുമായി ചേർന്നു നിൽക്കുന്ന പ്രസ്ഥാനം എന്ന നിലക്ക് ഹമാസ് പിറവി കൊണ്ടതിന്റെ ചരിത്രപരമായ അന്വേഷണങ്ങൾക്ക് കുറച്ചുകൂടി പിറകിലേക്ക് പോകേണ്ടതുണ്ട്. 

ഫലസ്തീനിലെ ഇഖ്‍വാനുൽ മുസ്ലിമൂൻ 

1935 ഓഗസ്റ്റ് മാസത്തിൽ ഈജിപ്തിലെ ഇഖ്‍വാന്റെ രണ്ടു പ്രതിനിധികൾ ആദ്യം ഫലസ്തീനിലേക്കും പിന്നീട് സിറിയയിലേക്കും എത്തുന്നതോടെ തന്നെ ഫലസ്തീനിലെ ഇഖ്‍വാൻ പ്രവർത്തനങ്ങൾക്ക് തുടക്കമായിട്ടുണ്ടെന്നാണ് ചരിത്രം. ഹസനുൽ ബന്നയുടെ സഹോദരൻ അബ്ദുറഹ്മാൻ ബന്നയും മഹ്‍മൂദ് അസ്അദ് ഹക്കീമുമായിരുന്നു ആ രണ്ടുപേർ. ജെറുസലേമിലെത്തിയ അവർ ഇമാം അമീൻ അൽ ഹുസൈനിയെ കണ്ടുമുട്ടുകയും പ്രസ്ഥാനത്തിലേക്ക് ആളുകളെ ക്ഷണിക്കാനും തുടങ്ങി. ആ കാലഘട്ടത്തിൽ ബ്രദർഹുഡ് സംഘടനാ രൂപീകരണത്തെക്കുറിച്ചുള്ള സൂചനകൾ ഒന്നുമില്ലെങ്കിലും 1936- 39 വർഷങ്ങളിൽ നടന്ന ഫലസ്തീൻ വിപ്ലവ പോരാട്ടങ്ങളിൽ ഇഖ്‍വാനികൾ നിർണായകമായ പങ്കു വഹിച്ചതായി കാണാം. 

പിന്നീട് ഫലസ്തീനിലെ ബ്രിട്ടീഷ് അധിനിവേശത്തെ രൂക്ഷമായി കടന്നാക്രമിച്ച് രംഗത്ത് വന്ന അവരുടെ മാഗസിൻ ഏറെ സ്വീകരിക്കപ്പെടുകയും, വിശിഷ്യാ വെസ്റ്റ്ബാങ്ക് പ്രദേശത്തെ ജനങ്ങളുടെ ശ്രദ്ധ ഈ സംഘത്തിലേക്ക് തിരിയുകയും ചെയ്തു.  അങ്ങനെ 1939 നും 45 നും ഇടയിലുള്ള വർഷങ്ങളിൽ ഫലസ്തീനികൾ വ്യാപകമായി ഇഖ്‍വാനിൽ ചേരാൻ ആരംഭിക്കുകയും ഓഫീസുകളും സ്വന്തമായ പ്രസിദ്ധീകരണങ്ങളും തുടങ്ങുകയും ചെയ്തു. 1945 മുതൽ 48 വരെയുള്ള കാലത്ത് ഇഖ്‍വാൻ കൂടുതൽ കരുത്താർജിച്ചു. 

ഈ കാലത്ത് ജെറുസലം, യാഫ, ഖൽഖിൽയ, ലൈദ (ലോഡ്), തുൽകറം, മജ്ദൽ, സിൽവാദ്, ഖലീൽ (ഹെബ്രോൺ), ഗസ്സ, ബിഇറു സബ (ബേർശേബ), നാസിറ (നസ്റേത്), ഹൈഫ എന്നീ പ്രദേശങ്ങളിലേക്ക് പ്രസ്ഥാനം വ്യാപിച്ചു. അന്ന് തെക്കും വടക്കും മധ്യഭാഗത്തുമായി ഫലസ്തീനിൽ ഇഖ്‍വാൻ്റെ ഇരുപതിലധികം ശാഖകളുണ്ട് എന്ന് ഹസനുൽ ബന്ന തൻറെ ഒരു കുറിപ്പിൽ സൂചിപ്പിക്കുന്നുണ്ട്.

1946 ലാണ് ഹൈഫയിൽ വെച്ച് ഇഖ്‍വാൻ്റെ വലിയ സമ്മേളനം നടക്കുന്നത്. ജോർദാനിലും ലെബനാനിലും ഉള്ള പ്രതിനിധികൾ പങ്കെടുത്ത ആ സമ്മേളനത്തിലാണ്   പ്രസ്ഥാനം തങ്ങളുടെ ലക്ഷ്യങ്ങൾ പ്രഖ്യാപിക്കുന്നത്. രാജ്യത്തെ കലുഷമായ രാഷ്ട്രീയ സാഹചര്യങ്ങൾ ഫലസ്തീൻ ബ്രിട്ടീഷ് ഗവൺമെൻറ് പരിഗണിക്കുക, ഫലസ്തീൻ സ്വാതന്ത്ര്യത്തിനായുള്ള അറബ് ലീഗ് തീരുമാനത്തെ പിന്തുണയ്ക്കുക, നൈൽ താഴ്വരയ്ക്കായുള്ള ഈജിപ്തിന്റെ ആവശ്യത്തെ പിന്തുണയ്ക്കുക, ജൂത കുടിയേറ്റ ഗ്രൂപ്പുകളെ അംഗീകരിക്കാതിരിക്കുക തുടങ്ങിയയായിരുന്നു അവ. 

1947 ഒക്ടോബറിൽ ഹൈഫയിൽ തന്നെ സംഘടിപ്പിച്ച സമ്മേളനത്തിൽ ഫലസ്തീൻ രാഷ്ട്രത്തിൻ്റെ വിമോചനാഹ്വാനം പ്രഖ്യാപിക്കപ്പെട്ടു. ഐക്യരാഷ്ട്രസഭയിലും സെക്യൂരിറ്റി കൗൺസിലിലും ഉള്ള തങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടതായി പ്രഖ്യാപിച്ച സമ്മേളനം സകല മാർഗ്ഗങ്ങളും ഉപയോഗിച്ച് നാടിനായി പ്രതിരോധിക്കാനുള്ള തീരുമാനവും എടുത്തു.

1948 യുദ്ധവും ഇഖ്‍വാനും 

1948 നവംബറിൽ രാഷ്ട്ര വിഭജനത്തിനുള്ള യു.എന്നിൻ്റെ തീരുമാനം അറബ് ജനതയെ പൊതുവിലും ഫലസ്തീനികളെ പ്രത്യേകിച്ചും ഞെട്ടിക്കുന്നതായിരുന്നു. 1936 ൽ ബ്രിട്ടീഷുകാർക്കും ജൂതർക്കുമെതിരെയുള്ള വിപ്ലവത്തിനായി സ്ഥാപിക്കപ്പെട്ട ‘അറബ് ഉന്നത സമിതി’ ജെറുസലം മുഫ്തി അമീൻ അൽ ഹുസൈനിയുടെ നേതൃത്വത്തിൽ ‘വിശുദ്ധ ജിഹാദ് സൈന്യം’ എന്ന സായുധ സംഘം രൂപീകരിച്ചിരുന്നു. അതേ സമിതി തന്നെ 1948 ലെ യുദ്ധത്തിനായി അബ്ദുൽ ഖാദർ അൽ ഹുസൈനിയുടെ നേതൃത്വത്തിൽ രൂപീകരിച്ച സായുധ വിഭാഗത്തോടൊപ്പം ഇഖ്‍വാനും ചേർന്നു. 

ഈജിപ്ത്, സിറിയ, ജോർദാൻ, ഇറാഖ് തുടങ്ങിയ രാജ്യങ്ങളിലുള്ള ഇഖ്‍വാനുൽ മുസ്ലിമൂൻ പ്രസ്ഥാനത്തെ താരതമ്യം ചെയ്യുമ്പോൾ ഫലസ്തീനിലെ ഇഖ്‍വാന്റെ അംഗബലം കുറവായിരുന്നു. യുദ്ധത്തിൻ്റെ തുടക്കം മുതൽ തന്നെ വ്യവസ്ഥാപിതമല്ലാതെ അവർ സൈന്യത്തിൽ നിലകൊണ്ടു. ഫലസ്തീനിന്റെ വടക്ക് – മധ്യ ഭാഗങ്ങളിൽ അവിടങ്ങളിലെ പ്രാദേശിക നേതൃത്വങ്ങളോട് സഹകരിച്ച് അവർ യുദ്ധം ചെയ്തു. അതേസമയം  ബേർ ശേബ, ഗസ്സ പോലെയുള്ള തെക്കൻ പ്രദേശങ്ങളിൽ കമാൽ ശരീഫിന്റെ നേതൃത്വത്തിൽ ഈജിപ്തിൽ നിന്നും വന്ന ബ്രദർഹുഡ് സന്നദ്ധ പ്രവർത്തകരോടൊപ്പം ഫലസ്തീനികളായ ഇഖ്‍വാനികളും ചേർന്നു. അന്ന് ഇഖ്‍വാനികളായ ഫലസ്തീൻ പോരാളികൾ എണ്ണൂറോളമുണ്ടായിരുന്നതായി രേഖകൾ പറയുന്നു. 

1948 ലെ യുദ്ധം സയണിസത്തിന്റെ വിജയത്തിൽ കലാശിച്ചു. ജൂതരാഷ്ട്രം പ്രഖ്യാപിക്കപ്പെട്ടതോടെ വലിയ സംഘം ഫലസ്തീനികൾ വെസ്റ്റ് ബാങ്കിലേക്കും പരിസര പ്രദേശങ്ങളിലേക്കും നിർബന്ധിത പലായനത്തിന് വിധേയരായി. തെക്കൻ പ്രദേശം ഗസ്സാ മുനമ്പിലേക്ക് ചുരുങ്ങി. ഗസ്സയുടെ നിയന്ത്രണാധികാരം ആ സമയത്ത് ഈജിപ്ത്യൻ ജനറൽ അഹമ്മദ് ഫുആദ് സാദിഖിന്റെ കീഴിലായി. 

സകലശക്തിയും ഉപയോഗിച്ച് പ്രദേശത്തെ സാദിഖ് സംരക്ഷിച്ചു നിർത്തി. പ്രസ്തുത  യുദ്ധത്തിൽ ഈജിപ്തിലെയും ഫലസ്തീനിലെയും ഇഖ് വാനികൾ ഈജിപ്തിന് പിന്തുണ നൽകി നിർണായക‍ ശക്തിയായി നിലകൊണ്ടു. ഇഖ്‍വാൻ പോരാളികൾക്കു യുദ്ധാനന്തരം പ്രശംസ പത്രവും ജോലിയും ആവശ്യമായ സാമ്പത്തിക സഹായവും നൽകണമെന്ന് ഈജിപ്തിൽ ഗവൺമെന്റിനോട് ജനറൽ ഫുആദ് സാദിഖ് 1950 ൽ ആവശ്യപ്പെട്ടത് അതിൻറെ സാക്ഷ്യപത്രമാണ്.

ശേഷം 1948 -1956 വർഷങ്ങളിൽ ഈജിപ്തിനെതിരെ നടന്ന ത്രികക്ഷി ആക്രമണം വരെ ഗസ്സ മുനമ്പ് ഈജിപ്തിനു കീഴിലായിരുന്നു. 1956 ൽ നാലുമാസത്തോളം ഇസ്രായേൽ ഗസ്സ പിടിച്ചെടുത്തുവെങ്കിലും 1957 ൽ  ഈജിപ്ത് തിരിച്ചുപിടിച്ചു. ഒടുവിൽ 1967 ലെ യുദ്ധത്തിൽ അറബ് രാഷ്ട്രങ്ങൾ കനത്ത പരാജയം നേരിടുന്നത് വരെയുള്ള 10 വർഷം ഈജിപ്തിനു കീഴിൽ ഗസ്സ തുടർന്നു. ’67ലെ യുദ്ധത്തിൽ സീനായ് പ്രദേശം, ഗോലാൻ മലനിരകൾ, വെസ്റ്റ് ബാങ്ക്, ഗസ്സ എന്നിവ ഇസ്രയേൽ പിടിച്ചെടുത്തു.

ഈജിപ്തിന്റെ രാജാധിപത്യ സമയത്തും പിന്നീട് റിപ്പബ്ലിക്കായി മാറിയപ്പോഴും 1955 വരെയുള്ള കാലം വരെയും ഗസ്സയിലെ ശക്തമായ സാന്നിധ്യമായി ഇഖ്‍വാൻ ഉണ്ടായിരുന്നുവെന്നത് ശ്രദ്ധേയമാണ്. 1954 മുതൽ ഈജിപ്ത് ഭരണകൂടം കുപ്രസിദ്ധമായ ഇഖ്‍വാന്‍ വേട്ട ആരംഭിക്കുന്നതോടെ അവശേഷിക്കുന്ന ഇഖ്‌വാനികൾ ഒളിവിലും രഹസ്യ പ്രവർത്തനങ്ങളിലും ആയി ചുരുങ്ങി.

ശൈഖ് അഹ്‍മദ് യാസീൻ്റെ ഹമാസ്

ജമാൽ അബ്ദുന്നാസിറിൻ്റെ ഭരണകൂട വേട്ടയുടെ ക്രൂരമായ നടപടികളെ തുടർന്ന് 1957 മുതൽ 67 വരെയുള്ള കാലഘട്ടത്തിൽ ഗസ്സയിൽ ഇഖ്‍വാൻ്റെ സാന്നിധ്യം ശോഷിച്ചു. ഈ സമയത്താണ് ഫലസ്തീൻ വിഷയത്തിൽ ‘ഫതഹ്’ പോലെയുള്ള മറ്റ് പ്രാദേശിക സംഘങ്ങൾ രൂപം കൊള്ളുന്നത്. പക്ഷേ ഗസ്സയിലും വെസ്റ്റ് ബാങ്കിലുള്ള ഇസ്രായേൽ അധിനിവേശം ഫലസ്തീനിയൻ ചെറുത്തുനിൽപ്പിൻ്റെ പൊതുബോധത്തെ ഒന്നിപ്പിക്കുകയാണ് ചെയ്തത്. നാസിറിയൻ തേർവാഴ്ച ഘട്ടത്തിനു ശേഷം ഇഖ്‍വാൻ ഗസ്സയിൽ തിരിച്ചുവരാൻ തുടങ്ങി. 1967 സെപ്റ്റംബറിൽ തങ്ങളുടെ ലക്ഷ്യങ്ങളും പ്ലാനുകളും തയ്യാറാക്കാൻ അവർ ഒത്തുചേർന്നു. ഇരുപത് വർഷങ്ങൾക്കു ശേഷം (1987ൽ) രംഗപ്രവേശം ചെയ്ത ‘ഹമാസി’ന്റെ രൂപീകരണത്തിലേക്ക് നയിച്ച നിർണായക സമ്മേളനമായിരുന്നു അത്. 

അന്ന് മുതൽ, 2004 ലെ തൻ്റെ രക്തസാക്ഷിത്വം വരെയും ഗസ്സയിൽ മുഴങ്ങി നിന്ന നാമമായിരുന്നു ശൈഖ് അഹമ്മദ് യാസീൻറേത്. ഗസ്സയിലെ തലമുതിർന്ന ഇഖ്‍വാനീ നേതാവ്, പ്രബോധന – പ്രഭാഷണ രംഗത്തെ നിറസാന്നിധ്യം എന്നീ നിലകളിൽ അദ്ദേഹം നേരത്തെ പ്രസിദ്ധനാണ്. അസ്ഖലാനിൽ  (അശ്കലോൺ) നിന്നും ഗസ്സയിലേക്ക് കുടുംബ സഹിതം കുടിയേറിയതാണ് അഹ്‍മദ് യാസീൻ. 

ബ്രിട്ടീഷ് അധിനിവേശം, നകബ,  ഈജിപ്ത് ഭരണകൂടം എന്നീ കാലങ്ങളിലൂടെ ജീവിച്ച അഹ്‍മദ് യാസീൻ 1956 ലെ ഈജിപ്തിനെതിരെയുള്ള ത്രികക്ഷി ആക്രമണത്തിൽ ഈജിപ്തിനെ പിന്തുണച്ചു കൊണ്ടുള്ള പ്രക്ഷോഭങ്ങളിലും പങ്കാളിയായിട്ടുണ്ട്. അൻപതുകളുടെ അവസാനം കൈറോയിലെ അൽ അസ്ഹറിൽ ചേർന്ന്  ഈജിപ്തിൽ ഇഖ്‍വാൻ്റെ പ്രചരണം ഏറ്റെടുത്തതോടെ അഹ്‍മദ് യാസീൻ അറസ്റ്റിലാവുകയും ചെയ്യുന്നുണ്ട്.

അതിനുമുമ്പേ അദ്ദേഹത്തിന് തളർവാതം (Quadriplegia ) പിടിപ്പെട്ടിരുന്നു. അങ്ങനെ ഗസ്സയിലേക്ക് അറബി ഭാഷാ അധ്യാപകനായി തിരിച്ചുവന്നതോടെ കുട്ടികളുടെ വിദ്യാഭ്യാസത്തിലും കൗമാരക്കാരെ വളർത്തിയെടുക്കുന്നതിലും അദ്ദേഹം സജീവമായി. 1973 ല്‍ ‘മുജമ്മഉൽ ഇസ്ലാമി’ എന്ന പേരിൽ ഇഖ്‍വാനുൽ മുസ്ലിമൂൻ്റെ ഗസ്സ ഘടകത്തെ അഹ്‍മദ് യാസീൻ രൂപീകരിച്ചു. പിന്നീട് 1976 ൽ അത് ‘ജംഇയ്യത്തുൽ ഇസ്ലാമിയ്യ’ ആയി. 

1976 ൽ സ്ഥാപിതമായ ഗസ്സയിലെ ഇസ്ലാമിക് യൂണിവേഴ്സിറ്റിക്കു പിന്നിലും ഇഖ്‍വാനുൽ മുസ്ലീമൂൻ്റെ നിർണായക സ്വാധീനം കാണാം. 1987 ൽ ഹമാസ് പ്രത്യക്ഷപ്പെടുന്നതിന് മുമ്പ് 1982- 87 കാലഘട്ടങ്ങളിൽ രാഷ്ട്രീയ സ്വാധീനം നിർമ്മിക്കാനും ശക്തി സംഭാരണത്തിനുമുള്ള ശ്രമങ്ങൾക്ക് പ്രസ്ഥാനം മുൻകൈയെടുത്തിരുന്നതായി ചില ഗവേഷകർ ചൂണ്ടിക്കാണിക്കുന്നുണ്ട്.

ഈ കാലഘട്ടത്തിലാണ് വെസ്റ്റ് ബാങ്കും ഗസ്സയും തമ്മിലുള്ള ബന്ധം രൂഢമൂലമാകുന്നത്. ആയുധ സംഭരണവും പരിശീലനവും അന്നേ അവർ തുടങ്ങിയിരുന്നു. 1984 ൽ ആയുധ പരിശീലനത്തിന് അഹ്‍മദ് യാസീനെയും ഒരു സംഘം പ്രസ്ഥാന നേതാക്കളെയും ഇസ്രയേൽ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ‘ഫലസ്തീൻ മുജാഹിദീൻ’ എന്ന പേരിൽ ഒരു മിലിറ്റൻറ് കേന്ദ്രവും മറ്റു സുരക്ഷാ ഉപകരണങ്ങളും ഇവർ നിർമ്മിച്ചതായി ഇസ്രായേൽ കണ്ടെത്തിയിരുന്നു. തൊട്ടടുത്ത വർഷം തന്നെ ബന്ധി കൈമാറ്റ കരാറിന്റെ അടിസ്ഥാനത്തിൽ അഹ്‍മദ് യാസീനും ആയിരത്തിലധികം ഫലസ്തീൻ തടവുകാരും വിട്ടയക്കപ്പെട്ടു. 

ശേഷം രണ്ടുവർഷമേ എടുത്തുള്ളൂ. 1987 ഡിസംബർ 9 ന് ഒന്നാം ഇൻതിഫാദയുടെ രോഷാഗ്നി ആളിക്കത്തി. തലേദിവസം നാല് ഫലസ്തീൻ തൊഴിലാളികൾ അധിനിവേശ ക്രൂരതയിൽ രക്തസാക്ഷികളായ സംഭവത്തെ തുടർന്നാണ് പ്രക്ഷോഭം പടർന്നത്. അതിശക്തമായ പ്രക്ഷോഭ പരിപാടികൾ ആസൂത്രണം ചെയ്ത് ഇസ്ലാമിക പ്രസ്ഥാനം സമരത്തെ മുന്നിൽ നിന്ന് നയിച്ചു. ജബലിയാ ക്യാമ്പിലെ പള്ളിയിൽ നിന്ന് തുടങ്ങിയ പ്രക്ഷോഭത്തിൽ ഹാതിം അബൂ സീസ്, റാഇദ് ശഹാദ: എന്നിവർ രക്തസാക്ഷികളായി.

യാസിർ അറഫാത്തിൻ്റെ നേതൃത്വത്തിൽ ‘ഫലസ്തീൻ ലിബറേഷൻ സംഘം’ നടത്തിയ പോരാട്ടങ്ങൾക്ക് ശേഷം ഫലസ്തീൻ ജനത ഇസ്രയേൽ അധിനിവേശ ശക്തിയോട് നേർക്കുനേരെ തെരുവിൽ സമരത്തീ പടർത്തിയ രംഗത്തിനാണ് അന്ന് സാക്ഷ്യം വഹിച്ചത്. 1993 ൽ ഓസ്ലോ കരാർ പ്രഖ്യാപിക്കും വരെയുള്ള നീണ്ട ആറു വർഷങ്ങളിൽ ഒന്നാം ഇൻതിഫാദ നീണ്ടുനിന്നു. ഹമാസ്, ഇസ്ലാമിക് ജിഹാദ് പോലുള്ള പല പ്രസ്ഥാനങ്ങളും ഓസ്ലോ കരാർ അംഗീകരിച്ചിരുന്നില്ല.

ഒന്നാം ഇൻതിഫാദ’യുടെ തുടക്കവും ഹമാസിന്റെ ആവിർഭാവവും ഒന്നിച്ചായിരുന്നു. പ്രക്ഷോഭം തുടങ്ങി അഞ്ചാം നാളിൽ, 1987 ഡിസംബർ 14 ന് ഹമാസ് അതിൻറെ ആദ്യത്തെ പ്രസ്താവന പുറത്തിറക്കി. ഇഖ്‍വാനുൽ മുസ്ലിമൂൻ്റെ സംഘടനാ രൂപമായിരിക്കും ഹമാസ് എന്ന അന്നത്തെ പ്രഖ്യാപനത്തോടെ ഫലസ്തീൻ പ്രദേശങ്ങളുടെ വിവിധ ഇടങ്ങളിൽ വൻ ജനപങ്കാളിത്തത്തോടെ ഹമാസ് പടർന്നുകയറി. 

ഗവേഷകനായ മുഹ്സിൻ മുഹമ്മദ് സ്വാലിഹ് ഇക്കാര്യം പറയുന്നത് ഇങ്ങനെയാണ്: ”വിദ്യാർത്ഥി – പ്രൊഫഷണൽ യൂണിയനുകളിലെ ഇലക്ഷനുകളിൽ മൂന്നിലൊന്ന് എന്നതിൽ നിന്ന് പകുതി വോട്ട് ശതമാനം എന്നതിലേക്ക് ഉയർത്തുന്നതിൽ ഹമാസ് വിജയിച്ചു. ഖലീൽ, ഗസ്സ അടക്കമുള്ള യൂണിവേഴ്സിറ്റികൾ,  ഡോക്ടർമാർ, എൻജിനീയർമാർ, അധ്യാപക-അഭിഭാഷക സംഘടനകളിൽ ഒക്കെ വലിയ സ്വാധീനം പ്രസ്ഥാനം ഉണ്ടാക്കി. അതേ സമയം തന്നെ ഫലസ്തീൻ മുജാഹിദീൻ എന്നറിയപ്പെട്ടിരുന്ന സൈനിക വിഭാഗം ശൈഖ് സ്വലാഹ് ശഹാദയുടെ നേതൃത്വത്തിൽ ഇസ്രയേലിനെതിരെ സൈനികങ്ങൾ തുടങ്ങിയിരുന്നു. 

ഇസ്രയേൽ സൈനികരായ എവി സാർപോർട്ടാസ്, ഇലാൻ സഅദൂൻ എന്നിവരെ തട്ടിക്കൊണ്ടുപോയി വധിച്ചത് 1989 ലാണ്. ഇതിൻ്റെ മറവിൽ ഇസ്രായേൽ ശക്തമായ ആക്രമണമാണ് അഴിച്ചുവിട്ടത്. 1990 മെയ് മാസത്തിൽ ഫലസ്തീൻ മുജാഹിദീൻ്റെ സ്ഥാനത്ത് ഇസ്സുദ്ദീൻ അൽ ഖസ്സാം ബ്രിഗേഡിന് ഹമാസ് രൂപം നൽകുന്നത് അങ്ങനെയാണ്. തൊട്ടടുത്ത വർഷങ്ങളിൽ തുടർച്ചയായ സൈനിക മുന്നേറ്റങ്ങൾക്ക് ഖസ്സാം പോരാളികൾ നേതൃത്വം നൽകി. 1993 ൽ മാത്രം 138 ആക്രമണങ്ങളാണ് ഖസ്സാം അഴിച്ചുവിട്ടത്. ഇസ്രയേൽ റിപ്പോർട്ടുകൾ പ്രകാരം തന്നെ 79 മരണവും 220 പേർക്ക് പരിക്കും ശത്രുപക്ഷത്ത് വിതയ്ക്കാൻ ഹമാസിന് സാധിച്ചു. 

ഇതിനിടയിൽ ‘ഫതഹ്’ പാർട്ടി, ഇസ്രായേലുമായി ഓസ്‌ലോ കരാർ അടക്കമുള്ള ധാരണകളിൽ എത്തുകയും ഗസ്സയിലും വെസ്റ്റ് ബാങ്കിലും ഭരണത്തിലേറുകയും ചെയ്തത് ഹമാസിന്റെ സൈനിക നടപടികളെ പ്രതികൂലമായി ബാധിച്ചു. തുടർന്നാണ് രണ്ടാം ഇൻതിഫാദ സംഭവിക്കുന്നത്. പിന്നീട്, സമ്പൂർണ്ണ വംശീയ ഉന്മൂലന ഭീഷണിയിൽ കഴിയുന്ന ഗസ്സയുടെ ഈ നിമിഷം വരെയുള്ള നീണ്ട പതിനാറു വർഷങ്ങൾ ഗസ്സയിൽ അധികാരം നിലനിർത്താൻ ഹമാസിന് സാധിക്കുകയും ചെയ്തു. 1930 മുതൽ ഫലസ്തീൻ മണ്ണിൽ പോരാട്ട പക്ഷത്തുള്ള ഇഖ്‍വാനുൽ മുസ്ലിമൂനും ഇന്നത്തെ ഹമാസും തമ്മിലുള്ള ചരിത്രപരമായ ഇഴയടുപ്പങ്ങളെ സംക്ഷിപ്തമായി കണ്ടെടുക്കാനാണ് ഇതിൽ ശ്രമിച്ചത്.

വിവ: ബിലാൽ നജീബ് 

Related Articles