Current Date

Search
Close this search box.
Search
Close this search box.

ഈ യുദ്ധത്തിൽ അധിനിവേശത്തിന്റെ ചരിത്രവും പശ്ചാത്തലവും പ്രധാനമാണ്

യുണൈറ്റഡ് നാഷന്‍സ് സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസിന്റെ ഒക്ടോബര്‍ 24 ലെ പ്രസ്താവനയോട് അതിരൂക്ഷമായാണ് ഇസ്രായേല്‍ പ്രതികരിച്ചത്. ഒക്ടോബര്‍ 7 ന് ഹമാസ് നടത്തിയ ആക്രമണത്തെ ശക്തമായി അപലപിക്കുമ്പോഴും ആ ആക്രമണം ശൂന്യതയില്‍ നിന്ന് ഉണ്ടായതല്ല എന്ന് ലോകത്തെ ഓര്‍മിപ്പിക്കാന്‍ ആഗ്രഹിക്കുന്നു എന്നായിരുന്നു യു. എന്‍ സുരക്ഷ സമിതിയെ അഭിസംബോധന ചെയ്തു കൊണ്ട് അദ്ദേഹം നടത്തിയ പ്രസ്താവന. ആ ഒരു ദിവസത്തിലെ ദുരന്തത്തിലൂടെ 56 കൊല്ലത്തെ അധിനിവേശം മറന്നു കളയാന്‍ പറ്റുകയില്ല എന്ന് അദ്ദേഹം വിശദീകരിച്ചു.

പ്രസ്താവന പുറത്ത് വന്ന ഉടന്‍ തന്നെ അപലപിച്ചു കൊണ്ട് ഇസ്രായേല്‍ ഗവണ്മെന്റ് രംഗത്തു വന്നിരുന്നു. ഹമാസിനെയും അവര്‍ നടത്തിയ കൂട്ടക്കൊലയെയും ന്യായീകരിച്ചതിനാല്‍ ഗുട്ടറസ് രാജി വെക്കണമെന്നും ഇസ്രായേല്‍ ആവശ്യമുന്നയിച്ചു. ദ്രുതഗതിയില്‍ വിഷയത്തില്‍ ഇടപെട്ട ഇസ്രായേല്‍ മീഡിയകള്‍ യു.എന്‍ തലവന്റെ ധാര്‍മിക പാപ്പരത്തം പ്രകടമായി എന്ന വാദത്തിലാണ് കൂടുതല്‍ ഊന്നല്‍ നല്‍കിയത്. വിഷയത്തില്‍ വന്ന പ്രതികരണങ്ങളില്‍ നിന്നും പുതിയ തരം ആന്റി സെമിറ്റിസ ആരോപണത്തെ വായിച്ചെടുക്കാന്‍ പറ്റുന്നുണ്ട്. ഇസ്രായേല്‍ രാഷ്ട്രത്തെയും സയണിസത്തിന്റെ ധാര്‍മിക അടിസ്ഥാനത്തെയും പ്രശ്‌നവല്‍ക്കരിക്കുന്ന നടപടികളെ ആന്റി സെമിറ്റിസത്തിന്റെ നിര്‍വചനത്തില്‍ ഉള്‍പ്പെടുത്തണം എന്നതായിരുന്നു ഒക്ടോബര്‍ 7 വരെ ഇസ്രായേലിന്റെ ആവശ്യം. എന്നാല്‍, ഫലസ്തീന്‍ വിഷയത്തില്‍, അതിന്റെ പശ്ചാത്തലവും ചരിത്രവും പറയുന്നത് പോലും ആന്റി സെമിറ്റിസ ആരോപണങ്ങള്‍ക്ക് കാരണമാവുന്നതാണ് ഇപ്പോള്‍ കാണാന്‍ കഴിയുന്നത്.

ഇസ്രായേല്‍ ആക്രമണത്തിന്റെ നീണ്ട ചരിത്രത്തെ റദ്ദു ചെയ്യുന്നതിലൂടെ നൈതികതയുടെയും സ്ട്രാറ്റജിയുടെയും കാരണത്താല്‍ മുമ്പ് ഒഴിവാക്കേണ്ടി വന്ന പല പോളിസികളും നടപ്പില്‍ വരുത്തുവാന്‍ ഇസ്രായേലിനും പാശ്ചാത്യ ഗവണ്മെന്റുകള്‍ക്കും സാധിക്കുന്നതാണ്.

ആയതിനാല്‍, ഗസ്സ മുനമ്പില്‍ തങ്ങളുടെ വംശഹത്യ നയങ്ങള്‍ തുടരാനുള്ള ഉപായമായാണ് ഇസ്രയേല്‍ ഒക്ടോബര്‍ 7 ലെ ആക്രമണത്തെ ഉപയോഗിക്കുന്നത്. അമേരിക്കക്ക് മിഡില്‍ ഈസ്റ്റില്‍ അവരുടെ സാന്നിദ്ധ്യം പുനസ്ഥാപിക്കാനുള്ള ഉപായം കൂടിയാണ് ഈ ആക്രമണം. അത് പോലെ മറ്റു ചില യൂറോപ്യന്‍ രാജ്യങ്ങള്‍ ജനാധിപത്യ സ്വാതന്ത്ര്യത്തിന്റെ അതിരുകള്‍ ലംഘിക്കാനുള്ള പുതിയ ‘വാര്‍ ഓണ്‍ ടെറര്‍’ നുള്ള കാരണമായാണ് ഒക്ടോബര്‍ 7 ലെ ആക്രമണത്തെ നോക്കി കാണുന്നത്.

എന്നാല്‍ ഇപ്പോള്‍ ഫലസ്തീനിനും ഇസ്രായേലിനും ഇടയില്‍ സംഭവിക്കുന്നതിന് പിന്നില്‍ അവഗണിക്കാന്‍ പറ്റാത്ത വിധമുള്ള ചരിത്ര പശ്ചാത്തലങ്ങളുണ്ട്. ‘ജൂതരുടെ മടങ്ങി വരവ്’ എന്ന ആശയത്തെ സഹസ്രാബ്ധങ്ങള്‍ പഴക്കമുള്ള മത കല്പനയായി അവതരിപ്പിച്ചു കൊണ്ട് രംഗത്ത് വന്ന സുവിശേഷ ക്രിസ്ത്യാനികള്‍ തഥാവശ്യാര്‍ഥം ഫലസ്തീനില്‍ ഒരു ജൂത രാഷ്ട്രം സ്ഥാപിക്കുക എന്ന വാദമുന്നയിക്കുന്ന പത്തൊമ്പതാം നൂറ്റാണ്ടിന്റെ പകുതികള്‍ വരെ നീളുന്നതാണ് ഈ ചരിത്രം. ഇത് മരിച്ചവരുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിലേക്കും മിശിഹായുടെ മടങ്ങി വരവിലേക്കും സമയത്തിന്റെ അന്ത്യത്തിലേക്കും എത്തിക്കുമെന്നാണ് സങ്കല്‍പ്പം.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേക്കും ഈ ദൈവശാസ്ത്രം രാഷ്ട്രീയ നയമായി മാറുകയും രണ്ടു കാരണങ്ങളാല്‍ ഒന്നാം ലോക മഹാ യുദ്ധത്തിലേക്ക് നയിക്കുകയും ചെയ്തു.

ഒന്നാമതായി, ഓട്ടോമന്‍ സാമ്രാജ്യത്തെ തകര്‍ക്കാനും അതിലെ ചില ഭാഗങ്ങളെ ബ്രിട്ടീഷ് സാമ്രാജ്യത്തിലേക്ക് ചേര്‍ക്കാനുമുള്ള ചില ബ്രിട്ടീഷുകാരുടെ താത്പര്യങ്ങള്‍ക്ക് അനുകൂലമാവുന്നത് കാരണം. രണ്ട്, അശുഭകരമായ രീതിയില്‍ ബ്രിട്ടനിലേക്ക് അഭയാര്‍ഥി പ്രവാഹമുണ്ടാവാന്‍ കാരണമായി വര്‍ത്തിക്കുന്ന മധ്യ- കിഴക്കന്‍ യൂറോപ്പിലെ ആന്റി സെമിറ്റിസത്തിനുള്ള പരിഹാരമായി സയണിസം എന്ന ആശയത്തെ മുന്നോട്ട് വെക്കാന്‍ കഴിയുമെന്ന ജൂതരും ക്രൈസ്തവരുമായ ബ്രിട്ടീഷ് പ്രഭുക്കന്മാരുടെ മനസിലാക്കല്‍.

ഈ രണ്ട് താത്പര്യങ്ങളും ചേര്‍ന്നു വന്നപ്പോള്‍ പ്രസിദ്ധമായ, അല്ലെങ്കില്‍ കുപ്രസിദ്ധമായ 1917 ലെ ബാല്‍ഫര്‍ പ്രഖ്യാപനം നടത്താന്‍ ബ്രിട്ടീഷ് ഗവണ്മെന്റിനെ പ്രസ്തുത കക്ഷികള്‍ പ്രേരിപ്പിക്കുകയായിരുന്നു.

ജൂത ചിന്തകരും ആക്റ്റിവിസ്റ്റുകളും ‘ജൂതായിസത്തെ’ ദേശീയതയായി പുനര്‍വ്യാഖ്യാനിച്ചു. ഈ പുനര്‍വ്യാഖ്യാനത്തിലൂടെ യുറോപ്പില്‍ അസ്തിത്വ ഭീഷണി നേരിടുന്ന ജൂത സമുദായത്തിന് രക്ഷപെടാമെന്നായിരുന്നു അവരുടെ പ്രതീക്ഷ. ‘ജൂത രാഷ്ട്രത്തിന്റെ പുനര്‍ജന്മത്തിന്’ വേണ്ടി തങ്ങള്‍ ആഗ്രഹിക്കുന്ന ഇടമായി ഫലസ്തീനിനെ കണക്കാക്കലായിരുന്നു ഈ പ്രതീക്ഷയുടെ പ്രായോഗിക മാര്‍ഗം.

കാലക്രമേണ ബൗദ്ധികവും സാംസ്‌കാരികവുമായ സയണിസം എന്ന പദ്ധതി കയ്യേറ്റ അധിനിവേശത്തിലേക്ക്് (settler colonialism) പരിണമിച്ചു. തദ്ദേശീയരായ ഒരു ജനത ഫലസ്തീനില്‍ വസിക്കുന്നുണ്ടെന്ന യാഥാര്‍ഥ്യം പരിഗണിക്കാതെ ആ ചരിത്ര നാടിനെ ജൂതവല്‍ക്കരിക്കലായിരുന്നു ഈ പദ്ധതിയുടെ ലക്ഷ്യം.

മറുവശത്ത്, ആധുനികവത്കരണത്തിന്റെയും ദേശീയ അസ്തിത്വ രൂപീകരണത്തിന്റെയും തുടക്ക ഘട്ടത്തില്‍ മാത്രമായിരുന്ന തികച്ചും ഗ്രാമീണമായ ഫലസ്തീനി സമൂഹം അവരുടേതായ അധിനിവേശ വിരുദ്ധ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചു. അധിനിവേശ സയണിസത്തിനെതിരെ ആദ്യ മുന്നേറ്റമുണ്ടാവുന്നത് 1929 ലെ അല്‍ ബുറാഖ് വിപ്ലവത്തിലൂടെയാണ്. അത്തരം മുന്നേറ്റങ്ങള്‍ പിന്നീട് തുടര്‍ന്നു കൊണ്ടേയിരിക്കുന്നു.

നിലവിലെ പ്രതിസന്ധിയുമായി നേരിട്ട് ബന്ധമുള്ള ചരിത്ര സംഭവമാണ് 1948 ലെ വംശീയ ഉന്മൂലനം. അന്ന് വിവിധ ഗ്രാമങ്ങളില്‍ നിന്നുമുള്ള ഫലസ്തീനികളെ ഗസ്സ മുനമ്പിലേക്ക് ബലം പ്രയോഗിച്ചു നാട് കടത്തുകയായിരുന്നു. അങ്ങനെ ഫലസ്തീനികളുടെ സ്വത്തു വകകള്‍ക്ക് മേല്‍ കെട്ടി പൊക്കിയ ഇസ്രായേലി നിര്‍മാണങ്ങളാണ് (settlements) ഒക്ടോബര്‍ 7ന് ആക്രമിക്കപ്പെട്ടത്. വീടും നാടും നഷ്ട്ടപ്പെട്ട് അഭയാര്‍ഥികളായ 750000 ഫലസ്തീനികളില്‍ പെട്ടവരാണ് 1948 ല്‍ കുടിയിറക്കപ്പെട്ട ജനങ്ങളും.

ലോക രാജ്യങ്ങളുടെ ശ്രദ്ധയില്‍ പെട്ടുവെങ്കിലും വംശീയ ഉന്മൂലനം അപലപിക്കപ്പെട്ടില്ല. തത്ഫലമായി സാധ്യമാവുന്നത്ര കുറഞ്ഞ എണ്ണം തദ്ദേശീയരായ ഫലസ്തീനികളെ മാത്രം അവശേഷിപ്പിച്ചു കൊണ്ട് ഫലസ്തീനിന്റെ പൂര്‍ണ അധികാരം കയ്യടക്കുക എന്ന ലക്ഷ്യത്തോടെ ഇസ്രായേല്‍ ഉന്മൂലന നടപടികള്‍ തുടര്‍ന്നു. 1967 ലെ യുദ്ധത്തിനിടയിലും യുദ്ധനന്തരവുമായി പുറന്തള്ളപ്പെട്ട 300000 ഫലസ്തീനികളും അവിടം മുതലിങ്ങോട്ട് ഇന്ന് വരെ വെസ്റ്റ് ബാങ്കില്‍ നിന്നും ജറുസലേമില്‍ നിന്നും ഗസ്സയില്‍ നിന്നുമായി പുറന്തള്ളപ്പെട്ട 60000 ഫലസ്തീനികളും ആ ഉന്മൂലന നടപടികളുടെ ബാക്കി പത്രമാണ്.

ഇസ്രായേലി അധിനിവേശം വെസ്റ്റ് ബാങ്കിലും ഗസ്സയിലും നടത്തിയ പരാക്രമണങ്ങള്‍ മറ്റൊരു ചരിത്ര പശ്ചാത്തലമാണ്. കഴിഞ്ഞ 50 വര്‍ഷമായി ഈ ഭൂപ്രദേശങ്ങളിലെ ഫലസ്തീനികള്‍ അധിനിവേശ ശക്തികളുടെ പീഡനങ്ങള്‍ക്ക് ഇരയാക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഇസ്രായേലി കയ്യേറ്റക്കാരുടെയും സുരക്ഷ ഉദ്യോഗസ്ഥരുടെയും നിരന്തര ഉപദ്രവങ്ങള്‍ക്ക് വിധേയരാവുന്ന ഫലസ്തീനികളില്‍ പെട്ട ലക്ഷകണക്കിന് ആളുകള്‍ ഇസ്രായേലി ജയിലുകളിലുമാണ്.

2022 നവംബറില്‍ യാഥാസ്തിക മെസിയാനിക് ഇസ്രായേലി ഗവണ്മെന്റ് തെരെഞ്ഞെടുക്കപ്പെട്ട ശേഷം ഈ ആക്രമങ്ങള്‍ മുമ്പില്ലാത്ത അളവില്‍ വര്‍ധിച്ചിരിക്കുന്നു. അധിനിവിഷ്ഠ വെസ്റ്റ് ബാങ്കില്‍ കൊല്ലപ്പെടുന്നവരുടെയും പരിക്ക് പറ്റുന്നവരുടെയും അറസ്റ്റ്് ചെയ്യപ്പെടുന്നവരുടെയും എണ്ണം കുതിച്ചുയര്‍ന്നു. അതിന് പുറമെ ജറുസലേമിലെ മുസ്ലിം, ക്രൈസ്തവ പുണ്യസ്ഥലങ്ങളോടുള്ള ഇസ്രായേല്‍ ഗവണ്മെന്റ് നയങ്ങള്‍ കൂടുതല്‍ ആക്രമണാത്മകമായി.

അവസാനമായി, പതിനാറു വര്‍ഷമായി തുടരുന്ന ഗസ്സ ഉപരോധം എന്ന ചരിത്ര പശ്ചാത്തലം കൂടെയുണ്ട്. ഗസ്സയിലെ ആകെ ജനസംഖ്യയുടെ പകുതിയോളം എണ്ണവും കുട്ടികളാണ്. 2018 ല്‍ യു.എന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നത് 2020 ആവുമ്പോഴേക്കും ഗസ്സ മുനമ്പ് വാസയോഗ്യമല്ലാതാവും എന്നായിരുന്നു.

ഇസ്രായേല്‍ പിന്മാറിയ ശേഷം ഗസ്സയില്‍ നടന്ന ഇലക്ഷനില്‍ ഹമാസ് ജനാധിപത്യപരമായി തെരെഞ്ഞെടുക്കപ്പെട്ടതിനോടുള്ള പ്രതികരണമാണ് ഈ ഉപരോധം എന്ന ഓര്‍മ വളരെ പ്രധാനപ്പെട്ടതാണ്. അതിനേക്കാള്‍ പ്രധാനമാണ് 1990 കളിലെ കമ്പിവേലി കൊണ്ട് ചുറ്റപ്പെട്ട്, അധിനിവിഷ്ഠ വെസ്റ്റ് ബാങ്കില്‍ നിന്നും കിഴക്കന്‍ ജറുസലേമില്‍ നിന്നും പോലും ഒറ്റപ്പെട്ടു പോയ ഗസ്സയെ കുറിച്ച ഓര്‍മകള്‍. ഓസ്ലോ കരാറിനെ തുടര്‍ന്നായിരുന്നു ഈ നടപടി.

അധിനിവേശം തുടരാനുള്ള മറ്റൊരു ഉപാധി മാത്രമായിരുന്നു ഇസ്രായേലിന് ഓസ്ലോ കരാര്‍. ഇതിന്റെ കൃത്യമായ സൂചനകളായിരുന്നു വേലി കെട്ടി ഗസ്സയെ ഒറ്റപ്പെടുത്തിയതും വെസ്റ്റ് ബാങ്കിനെ കൂടുതല്‍ ജൂതവത്കരിച്ചതും. യാഥാര്‍ഥ സമാധാനത്തിലേക്കുള്ള വഴി ആയിരുന്നില്ല ഇസ്രായേലിനു ഓസ്‌ലോ കരാര്‍.

ഗസ്സയിലേക്കുള്ള പ്രവേശനവും പുറത്ത് കടക്കലും ഇസ്രായേലിന്റെ നിയന്ത്രണത്തിലായിരുന്നു. ഭക്ഷണ സാധനങ്ങളെ പോലും നിരീക്ഷിച്ചിരുന്ന ഇസ്രായേല്‍, ചില സമയങ്ങളില്‍ നിശ്ചിത അളവ് കലോറിക്ക് താഴെയുള്ള ഭക്ഷണ സാധനങ്ങള്‍ മാത്രമേ കൊണ്ട് പോവാന്‍ പറ്റുകയുള്ളൂ എന്ന് വരെ നിയന്ത്രണം വെച്ചിരുന്നു. ഇസ്രായേല്‍ പൗരന്മാര്‍ അധിവസിക്കുന്ന പ്രദേശങ്ങളിലേക്ക് റോക്കറ്റ് വിക്ഷേപിച്ചു കൊണ്ടാണ് ഗസ്സ ജനതയെ ദുര്‍ബലരാക്കുന്ന ഈ ഉപരോധത്തോട് ഹമാസ് പ്രതികരിച്ചത്.

ഹമാസിന്റെ ആക്രമണം പുതിയ തരം നാസിസമാണെന്ന ആരോപണമാണ് ഇസ്രായേല്‍ ഉന്നയിച്ചത്. ജൂതന്മാരെ കൊല്ലുക എന്ന പ്രത്യയശാസ്ത്രപരമായ പ്രേരണയാണ് ആക്രമണങ്ങള്‍ക്ക് പിന്നിലെന്ന് ഇസ്രായേല്‍ ആരോപിച്ചു. നക്ബ, 2 മില്യണ്‍ ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിച്ച ക്രൂര ഉപരോധം, ഗസ്സക്ക് പുറത്ത് ഫലസ്തീനിലെ മറ്റ് പ്രദേശങ്ങളിലെ അധിനിവേശം എന്നിവയൊന്നും പരിഗണിക്കാതെയാണ് ഇസ്രായേല്‍ ആരോപണമുന്നയിക്കുന്നത്.

പല അര്‍ഥത്തിലും ഈ നയങ്ങളോട് പ്രതികരിക്കുകയും പകരം ചോദിക്കുകയും ചെയ്ത ഒരേ ഒരു ഫലസ്തീനിയന്‍ വിഭാഗം ഹമാസ് മാത്രമാണ്. പ്രതികരിക്കാന്‍ അവര്‍ തെരെഞ്ഞെടുത്ത രീതി ഗസ്സയിലെങ്കിലും അവരുടെ തന്നെ പതനത്തിന് കാരണമായേക്കാം. കൂടാതെ ഫലസ്തീനിയന്‍ ജനതക്ക് മേല്‍ കൂടുതല്‍ അധിനിവേശം നടത്താന്‍ ഇസ്രായേലിനുള്ള ഉപായമായേക്കാവുന്നതുമാണ്. അവരുടെ ക്രൂരമായ അക്രമണങ്ങളെ ന്യായീകരിക്കാന്‍ കഴിയില്ല, എന്നാല്‍ അതിനര്‍ഥം അവയെ വിശദീകരിക്കാനോ പശ്ചാത്തലത്തിലേക്ക് ചേര്‍ത്ത് വായിക്കാനോ കഴിയില്ല എന്നല്ല. ആ ആക്രമണം ഭയപ്പെടുത്തുന്നതായിരുന്നു എന്നത് പോലെ മറ്റൊരു മോശ വശം കൂടിയുണ്ട്. ഇരു പക്ഷത്ത് നിന്നും വലിയ തോതിലുള്ള മനുഷ്യ നഷ്ടം സംഭവിച്ചിട്ടു പോലും കളി മാറ്റി മറിക്കുന്ന രീതിയിലുള്ള സംഭവമായിരുന്നില്ല എന്നതാണ് ആ മോശം വശം.

കയ്യേറ്റ അധിനിവേശ പ്രസ്ഥാനത്തിലൂടെ രൂപം കൊണ്ട ഒരു രാഷ്ട്രമായി ഇസ്രായേല്‍ തുടരും. രാഷ്ട്രത്തിന്റെ പ്രത്യയശാസ്ത്രപരമായ സ്വഭാവവും രാഷ്ട്രീയ ഡി.എന്‍.എ യും ആ പ്രസ്ഥാനത്തിന്റെ സ്വാധീനത്തില്‍ തന്നെയായിരിക്കും. അഥവാ, മിഡില്‍ ഈസ്റ്റിലെ ഒരേ ഒരു ജനാധിപത്യമെന്ന സ്വന്തം അവകാശവാദത്തിനിടയിലും ജൂത പൗരന്മാരുടെ മാത്രം ജനാധിപത്യമായി ഇസ്രായേല്‍ തുടരും.

ജൂതരാഷ്ട്രത്തിനു വേണ്ടി വാദിക്കുന്നവരും ഇസ്രായേല്‍ രാഷ്ട്രത്തിനു വേണ്ടി വാദിക്കുന്നവരുമായ ഇസ്രായേലികള്‍ക്കിടയില്‍ ഇനിയും ആഭ്യന്തര സംഘര്‍ഷം പൊട്ടിപ്പുറപ്പെടും. ഇസ്രായേല്‍ കൂടുതല്‍ മതാധിപത്യവും വംശീയവും ആകണമെന്ന് ആഗ്രഹിക്കുന്ന കുടിയേറ്റക്കാരുടെ രാഷ്ട്രമാണ് ജൂത രാഷ്ട്രം. ഒക്ടോബര്‍ 7 വരെ നിലവിലുണ്ടായ ഇസ്രായേല്‍ രാഷ്ട്രം അങ്ങനെ തന്നെ തുടരണമെന്നതാണ് മറു വാദം. ആഭ്യന്തര സംഘര്‍ഷം തിരിച്ചു വരുന്നതിനെ കുറിച്ചുള്ള സൂചനകള്‍ ഇപ്പോള്‍ തന്നെ പ്രകടമായിട്ടുണ്ട്.

നിരവധി മനുഷ്യാവകാശ സംഘടനകള്‍ പ്രസ്താവിച്ചത് പോലെ ഗസ്സയിലെ അവസ്ഥകള്‍ എത്ര തുറന്നു കാട്ടപെട്ടാലും ഒരു അപാര്‍തീഡ് രാഷ്ട്രമായി ഇസ്രായേല്‍ തുടരും. ഫലസ്തീനികള്‍ അപ്രത്യക്ഷരാകില്ല. സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള സമരം അവര്‍ തുടര്‍ന്നു കൊണ്ടേയിരിക്കും. സ്വന്തം ഗവണ്മെന്റ് ഇസ്രായേലിനെ പിന്തുണക്കുമ്പോഴും വിവിധ രാജ്യങ്ങളിലെ പൗര സമൂഹങ്ങള്‍ ഫലസ്തീനികളോട് ഐക്യദാര്‍ഢ്യപ്പെട്ടു കൊണ്ടേയിരിക്കും.

 

കൂടുതൽ വായനക്ക്‌: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles