Current Date

Search
Close this search box.
Search
Close this search box.

ഗ്യാന്‍വാപി മസ്ജിദ്

ബനാറസ് അഥവാ വാരണാസി എന്ന ചരിത്ര പ്രധാനമായ നഗരത്തിലെ കാശി വിശ്വനാഥ് ക്ഷേത്രത്തിന്റെ അടുത്തായി പതിനേഴാം നൂറ്റാണ്ടില്‍ നിര്‍മിച്ച പള്ളിയാണ് ഗ്യാന്‍വാപി മസ്ജിദ്. ക്ഷേത്രത്തോട് ചേര്‍ന്നു നില്‍ക്കുന്ന മുസ്‌ലിം പള്ളി പത്തൊന്‍പതാം നൂറ്റാണ്ടു തൊട്ട് ക്ഷേത്ര ഭൂമിയാണെന്ന അവകാശവാദം ഹിന്ദുത്വ സംഘങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ബാബരി മസ്ജിദ് തകര്‍ത്തതിനു ശേഷം അടുത്ത ലക്ഷ്യം കാശിയിലെ ഗ്യാന്‍വാപി ആണെന്ന് സംഘ് പരിവാര്‍ കാലങ്ങളായി പറയുന്നു. ‘അയോധ്യ തോ ബസ് ജാന്‍കി ഹേ, കാശി മഥുര ബാക്കി ഹേ!’ (അയോധ്യ വെറും സൂചന മാത്രം, കാശിയും മഥുരയും ബാക്കിയുണ്ട്) എന്ന മുദ്രാവാക്യം ഹിന്ദുത്വ സദസ്സുകളില്‍ ഉയരാറുണ്ട്. വിശ്വനാഥ് ക്ഷേത്രത്തിന്റെ സംരക്ഷണ മേഖലയില്‍ ഉള്‍പ്പെടുന്ന പള്ളി, ബാബരി മസ്ജിദ് തകര്‍ത്തതിനു ശേഷം സുപ്രീം കോടതിയുടെ വിധി പ്രകാരം പ്രത്യേകം ബാരിക്കേഡ് ചെയ്ത് സംരക്ഷിക്കപ്പെടുകയാണ്.

നിലവില്‍ പന്ത്രണ്ട് കേസുകള്‍ മസ്ജിദിന്റെ തര്‍ക്കവുമായി ബന്ധപ്പെട്ട് വിവിധ കോടതികളിലായി ഉണ്ട്. അന്‍ജുമന്‍ ഇന്‍തിസാമിയ മസ്ജിദിന്റെ അധ്യക്ഷന്‍ എസ്.എം യാസീനാണ് കേസുകള്‍ കൈകാര്യം ചെയ്യുന്നത്. 2019-ല്‍ പള്ളിയോട് ചേര്‍ന്നു നില്‍ക്കുന്ന സ്ഥലത്ത് നന്ദി പ്രതിമ സ്ഥാപിക്കാന്‍ ശ്രമിച്ചത് മുസ്‌ലിംകള്‍ കൈയോടെ പിടിച്ചിരുന്നു.

ഹിന്ദുത്വ ബന്ധമുള്ള അഞ്ചു സ്ത്രീകള്‍ നല്‍കിയ പരാതിയുടെ ഭാഗമായി സെഷന്‍സ് കോടതി നിര്‍ദേശ പ്രകാരം വീഡിയോ സര്‍വേ നടത്തുന്നത് മുസ്‌ലിംകള്‍ തടഞ്ഞത് പുതിയ വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചു. പള്ളിയുടെ അങ്കണത്തില്‍ മാ ശ്രിങ്കാര്‍ ഗൗരി വിഗ്രഹം സന്ദര്‍ശിക്കാന്‍ അനുവാദം ആവശ്യപ്പെട്ടുള്ള ഹരജി, പള്ളിയുടെ അതിരുകളില്‍ അവകാശമുന്നയിക്കാന്‍ സഹായിക്കും എന്ന അനുമാനത്തിലാണ് നല്‍കിയിട്ടുള്ളത്. ഇപ്പോള്‍ മുസ്‌ലിം മാനേജ്‌മെന്റിന്റെ സമ്മതപ്രകാരം വര്‍ഷത്തില്‍ ഒരിക്കല്‍ അവിടെ സന്ദര്‍ശിക്കാനും പ്രാര്‍ഥിക്കാനും ഹിന്ദുക്കള്‍ക്ക് അവസരമുണ്ട്. കീഴ്‌കോടതി വിധി ഹൈക്കോടതി വിധിയെ ലംഘിക്കുന്നു എന്നാണ് മുസ്‌ലിം സമുദായത്തിന്റെ വാദം.

സര്‍വേയെ എതിര്‍ത്ത മുസ്‌ലിം മാനേജ്മന്റ്, നിയമിക്കപ്പെട്ടിരിക്കുന്ന വക്കീല്‍ പക്ഷപാതിയാണെന്നും സര്‍വേ നടപടി ഹൈക്കോടതി വിധിയുടെ ലംഘനമാണെന്നും ഉയര്‍ത്തിക്കാട്ടി ഹരജി സമര്‍പ്പിച്ചിരുന്നു. പക്ഷേ, കോടതി അത് മുഖവിലക്കെടുക്കാതെ സര്‍വേ തുടരാന്‍ അനുവദിച്ചു. അതിന്റെ അനന്തരഫലമാണ് പുതിയ വിവാദങ്ങള്‍.

വീഡിയോ സര്‍വേയുടെ ദൃശ്യങ്ങള്‍ കോടതി നിയമിച്ച അഭിഭാഷകന്‍ തന്നെ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്തു. പള്ളിയിലെ കുളം വറ്റിച്ചപ്പോള്‍ അവിടെ ശിവലിംഗം കണ്ടെത്തിയെന്നും വലതുപക്ഷ മാധ്യമങ്ങള്‍ പ്രചരിപ്പിക്കാന്‍ തുടങ്ങി. ശിവലിംഗത്തിന് ഭീഷണിയുണ്ടെന്നും പള്ളി അടക്കണമെന്നും തീവ്ര ഹിന്ദു സംഘടനകള്‍ വാദിച്ചു. ഹരജി ലഭിച്ചു മണിക്കൂറുകള്‍ക്കകം വുദുഖാന അടച്ചു പൂട്ടി സംരക്ഷിക്കാനും നമസ്‌കാരത്തിനെത്തുന്ന വിശ്വാസികളുടെ എണ്ണം പരിമിതപ്പെടുത്താനും കീഴ്‌കോടതി നിര്‍ദേശിച്ചു.

മുസ്‌ലിം പക്ഷത്തിന് മറുപടി നല്‍കാന്‍ അവസരം നല്‍കാതെയുള്ള ഈ നടപടി ഏറെ വിമര്‍ശനം ഏറ്റുവാങ്ങി. അന്‍ജുമന്‍ മസ്ജിദ് കമ്മിറ്റി സുപ്രീം കോടതിയെ സമീപിച്ചു. നമസ്‌കാരത്തിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ എടുത്തുകളഞ്ഞ സുപ്രീം കോടതി, കേസ് പ്രാദേശിക കോടതിയില്‍ വാദം കേള്‍ക്കാന്‍ നിര്‍ദേശിച്ചു.

അയോധ്യാ വിധി മുന്‍നിര്‍ത്തി കാര്യങ്ങളെ സമീപിക്കണമെന്നാണ് സംഘ് പരിവാറിന്റെ വാദം. ഗ്യാന്‍വാപി മസ്ജിദ് തര്‍ക്കം ദേശീയ തര്‍ക്കമായി കണക്കാക്കണമെന്ന് പരാതിക്കാരില്‍ കക്ഷിയായ ‘വിശ്വേശരന്റെ മിത്രം’ കോടതിയില്‍ ബോധിപ്പിച്ചിട്ടുണ്ട്. നിയമപോരാട്ടങ്ങള്‍ നിലനില്‍ക്കുമ്പോഴും അഞ്ചുനേരം ഗ്യാന്‍വാപി മസ്ജിദില്‍ നമസ്‌കാരം നടക്കാറുണ്ട്.

ചരിത്രം
1669-ല്‍ മുഗള്‍ ചക്രവര്‍ത്തി ഔറംഗസീബ് ക്ഷേത്രത്തിന്റെ ഭാഗങ്ങള്‍ പൊളിച്ചുമാറ്റി പള്ളി പണിതു എന്നാണ് ആരോപിക്കപ്പെടുന്നത്. അത് പല മതേതര സംഘങ്ങളും ഏറ്റുപറയുകയും ചെയ്യുന്നു. മര്‍സിയ കേസോളാര്‍ എന്ന ഇറ്റാലിയന്‍ പണ്ഡിതന്‍ Role of Benares in Constructing Political Hindu Identity എന്ന ഗവേഷണ പ്രബന്ധത്തില്‍ ഔറംഗസീബ് വരും മുമ്പ് കാശി വിശ്വനാഥ് ക്ഷേത്രം അവിടെ ഉള്ളതായി ശാസ്ത്രീയമായ ഒരു പഠനവും തെളിയിച്ചിട്ടില്ല എന്ന് അവകാശപ്പെടുന്നുണ്ട്. നിലവിലുള്ള ഒരു ദേവാലയവും നശിപ്പിക്കരുത് എന്ന് ഉത്തരവ് നല്‍കുന്ന ഔറംഗസീബിന്റെ ഒരു രേഖ ബനാറസ് ഹിന്ദു യൂനിവേഴ്‌സിറ്റിയില്‍ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്.

1947 ആഗസ്റ്റ് 15-ന് ഏതു രൂപത്തിലായിരുന്നോ ഒരു ആരാധനാലയം ഉണ്ടായിരുന്നത് ആ രീതിയില്‍തന്നെ നിലനിര്‍ത്തണം എന്ന നിയമം (Places of Worship Act) 1991 -ല്‍ ഇന്ത്യന്‍ പാര്‍ലമെന്റ് പാസ്സാക്കി. നിയമം കൊണ്ടുവന്ന സമയത്ത് കോടതിയില്‍ നിലനില്‍ക്കുന്ന വിഷയമായതിനാല്‍ ബാബരി മസ്ജിദിനെ ഈ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കി. 1996-ല്‍ വി.എച്ച്.പി ഈ നിയമം എടുത്തുകളയാന്‍ ആവശ്യപ്പെട്ടെങ്കിലും അതിന് വേണ്ടത്ര സ്വീകാര്യത കിട്ടിയില്ല.

അടുത്ത കാലത്തായി 1991-ലെ നിയമത്തിലെ ചില വകുപ്പുകള്‍ ചോദ്യം ചെയ്തുകൊണ്ട് നിരവധി ഹരജികള്‍ സുപ്രീം കോടതിക്ക് മുന്നില്‍ വന്നിട്ടുണ്ട്. അവയിലൊന്ന് ബി.ജെ.പി നേതാവ് അശ്വിനി ഉപാധ്യയുടേതാണ്. പള്ളികള്‍ വെറും നമസ്‌കരിക്കാനുള്ള സ്ഥലം മാത്രമാണെന്നും, അതിനാലാണ് ഗള്‍ഫ് രാജ്യങ്ങളില്‍ പോലും പള്ളികള്‍ പൊളിക്കുകയും മാറ്റി നിര്‍മിക്കുകയും ചെയ്യുന്നതെന്നും, അതിനാല്‍ മുസ്‌ലിം പള്ളികള്‍ ഈ നിയമത്തിന്റെ പരിധിയില്‍ വരില്ലെന്നും ഉപാധ്യയ ഗ്യാന്‍വാപി ഹരജിയില്‍ വാദിക്കുന്നു. ഗ്യാന്‍വാപി മസ്ജിദ്/ശിവ ലിംഗ നിയമപോരിലും Places of Worship Act, 1991 നിയമത്തെ കീഴ്‌കോടതി മുതല്‍ സുപ്രീം കോടതി വരെ ലംഘിക്കുന്നത് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. അതിന്റെ ചുവടുപിടിച്ച് മഥുരയിലും 1991 നിയമത്തെ അസാധുവാക്കണം എന്നാവശ്യപ്പെടുന്ന നിരവധി ഹരജികള്‍ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്.

ഹിന്ദുത്വ ദേശീയതയുടെ വളര്‍ച്ച
1809 തൊട്ട് വംശീയ കലാപങ്ങള്‍ വാരണാസിയില്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും. അത് പലപ്പോഴും തുണി വ്യാപാരവുമായി ബന്ധപ്പെട്ട മുസ്‌ലിം-ഹിന്ദു തര്‍ക്കങ്ങളില്‍ നിന്ന് ഉടലെടുത്തതായിരുന്നു. 1930 മുതല്‍ ഗ്യാന്‍വാപി മസ്ജിദിന് പോലീസ് കാവലുണ്ടായിരുന്നു എന്ന് പല പ്രബന്ധങ്ങളിലും രേഖപ്പെടുത്തിയിട്ടുണ്ട്. ആര്‍.എസ്.എസ് അതിന്റെ തുടക്കം തൊട്ടേ ബനാറസില്‍ വലിയ സ്വാധീനം ചെലുത്തിയിരുന്നു. ബനാറസ് ഹിന്ദു സര്‍വകലാശാലയുടെ ചരിത്രം ആ രീതിയില്‍ വായിക്കാന്‍ ചില ചരിത്രകാരന്മാര്‍ ശ്രമിച്ചിട്ടുണ്ട്.

2014-ല്‍ ബനാറസില്‍ നിന്ന് ജനവിധി നേടിയാണ് നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയാവുന്നത്. വാരണാസിയില്‍ നിന്ന് വിജയിക്കുന്നത് സര്‍വ ഹിന്ദുക്കളുടെയും അംഗീകാരമായി ബി.ജെ.പി ഉയര്‍ത്തിക്കാട്ടുന്നു.

വിശ്വഹിന്ദു പരിഷത്ത് 1995-ല്‍ തുടങ്ങിയ കാശി, മഥുര പ്രക്ഷോഭം വേണ്ടതു പോലെ സ്വീകരിക്കപ്പെട്ടില്ല എന്ന് വിലയിരുത്തുന്നുണ്ട് എഞ്ചിനീയര്‍ അസ്‌കര്‍ അലി പോലുള്ള രാഷ്ട്രീയ നിരീക്ഷകര്‍. ഒരുപക്ഷേ, അയോധ്യയില്‍ നിന്ന് വ്യത്യസ്തമായി ജനസംഖ്യയുടെ നാലില്‍ ഒന്ന് മുസ്‌ലിംകളായത് ബാബരി തകര്‍ക്കുന്നതു പോലുള്ള അക്രമം നടക്കാതിരിക്കാന്‍ ഹേതുവായിരിക്കണം. ഗ്യാന്‍വാപി പള്ളി കൂടാതെ വേറെയും പള്ളികള്‍ പരിസരങ്ങളിലുണ്ട്. ക്ഷേത്രത്തിന്റെ പുറത്തുള്ള കച്ചവടക്കാരിലും മുസ്‌ലിംകള്‍ ധാരാളമുണ്ട്.

സംഘ് പരിവാര്‍ രാഷ്ട്രീയം രാമ വിശ്വാസികളോട് കൂടുതല്‍ ചേര്‍ന്നുനില്‍ക്കുന്നത് ശിവ ഭക്തരുടെ ആവേശത്തില്‍ കുറവ് വരുത്തി എന്ന വിലയിരുത്തലുണ്ട്. ഗ്യാന്‍വാപി വിവാദം തിരിച്ചുവരുമ്പോള്‍ അതിലൊരു പ്രക്ഷോഭം ആവശ്യമില്ല എന്ന് ആര്‍.എസ്.എസ് സര്‍സംഘ് ചാലക് മോഹന്‍ ഭാഗവത് പറയുന്നത്, വിവിധ തലങ്ങളിലുള്ള സംഘ് പരിവാര്‍ സ്വാധീനവും മേധാവിത്വവും മുന്നില്‍ കണ്ടു കൊണ്ടാവാം. ബാബരി തകര്‍ത്തപ്പോള്‍ നേരിട്ട അന്തര്‍ദേശീയ തിരിച്ചടികള്‍ ഇത്തരം ഒരു നിലപാടിലേക്ക് ആര്‍.എസ്.എസ്സിനെ എത്തിച്ചിരിക്കാം. ഭൂരിപക്ഷത്തിന്റെ ആവശ്യപ്പെടലുകള്‍ക്ക് കോടതിയും എതിര് പറയില്ല എന്ന ധാരണയും ഇതില്‍ ഒരു ഘടകമാണ്.

അനുഭവം
2022-ല്‍ ഉത്തര്‍പ്രദേശ് നിയമസഭാ ഇലക്ഷന്‍ നടക്കുന്ന വേളയിലാണ് ഗ്യാന്‍വാപി മസ്ജിദ് സന്ദര്‍ശനം നടത്തുന്നത്. പള്ളിയുടെ ചുമതലയുള്ള യാസീന്‍ സാഹിബിനെ മുന്‍കൂറായി കണ്ട് കാര്യങ്ങള്‍ സംസാരിച്ചിരുന്നു. പള്ളി പരിപാലനത്തില്‍ സഹായിക്കുന്ന ശംസീര്‍ എന്നയാളുടെ കൂടെയാണ് പള്ളിയില്‍ കടന്നത്. അതീവ സുരക്ഷാ മേഖല ആയതിനാല്‍ പേനപോലും ഉള്ളിലേക്ക് കൊണ്ടുപോകാന്‍ പാടില്ല. പ്രധാന കവാടം നിര്‍മാണത്തിലുള്ള പോലീസ് നിലയം കൂടിയാണ്. അതിന്റെ വലുപ്പം കാരണം പള്ളി പുറത്തുള്ളവര്‍ക്ക് കാണാന്‍ പ്രയാസമാണ്. ആ കവാടം കടന്നാല്‍ ഇടത് വശത്തായി ഗ്യാന്‍വാപി മസ്ജിദ് കാണാം. 20 അടി വലുപ്പമുള്ള ഇരുമ്പ് അഴികളാല്‍ ചുറ്റുമതില്‍ തീര്‍ത്താണ് പള്ളി ‘സംരക്ഷിക്കുന്നത്.’ പള്ളിയുടെ ചുറ്റും ഒരാള്‍ക്ക് നില്‍ക്കാന്‍ പോലും സ്ഥലം വെക്കാതെയുള്ള ഇരുമ്പഴി ചുറ്റുമതില്‍ പള്ളിയെ ബന്ദിയാക്കിയതു പോലെ തോന്നും. കാശി-മഥുര കോറിഡോര്‍ നിര്‍മാണത്തിന്റെ ഭാഗമായി ചില ഭാഗങ്ങള്‍ മറച്ചുവെച്ചിട്ടുണ്ട്.

അര്‍ധ സൈനിക വിഭാഗങ്ങള്‍ കാവല്‍നില്‍ക്കുന്ന ഒരു ചെറിയ കവാടത്തിലൂടെ വേണം പള്ളിയില്‍ കയറാന്‍. വിശ്വാസികള്‍ക്ക് നമസ്‌കരിക്കാന്‍ മാത്രമേ പ്രവേശനമുള്ളൂ. തറയില്‍ നിന്ന് ഒരു നില മുകളിലാണ് പള്ളി. ദല്‍ഹിയിലെ ജുമാ മസ്ജിദിനെ അനുസ്മരിപ്പിക്കുന്ന മൂന്ന് ഖുബ്ബകള്‍ ഗ്യാന്‍വാപി മസ്ജിദിനുമുണ്ട്. അതിരുകളില്‍ പോലീസ് വാച്ച് ടവര്‍ കാണാം. കുരങ്ങുകളുടെ ശല്യം കാരണം വുദുഖാന ഗ്രില്ലിട്ട് പൂട്ടിയിട്ടുണ്ട്. പള്ളിയുടെ വാതിലും എപ്പോഴും അടച്ചു വെക്കും.

പള്ളിയുടെ ഒരു വശം ക്ഷേത്രത്തോട് വളരെ ചേര്‍ന്നു നില്‍ക്കുന്ന ഇടമാണ്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് പള്ളിയിലേക്ക് മുഖം തിരിച്ചുെവച്ച ഒരു നന്ദി(ശിവന്റെ കാവലായി വിശ്വസിക്കപ്പെടുന്ന കാളയുടെ വിഗ്രഹം)യെ പള്ളിയില്‍ നിന്ന് നോക്കിയാല്‍ കാണാമായിരുന്നു. നന്ദി നോക്കുന്ന സ്ഥലത്ത് ശിവന്റെ വിഗ്രഹം ഉണ്ട് എന്നാണ് ഹൈന്ദവ വിശ്വാസം. മിമ്പറിലേക്ക് നോക്കിനില്‍ക്കുന്ന നന്ദി പള്ളിയുടെ അങ്കണത്തില്‍നിന്ന് ഏകദേശം രണ്ടു മീറ്റര്‍ മാറിയാണ് സ്ഥിതിചെയ്യുന്നത്.

പള്ളി പരിപാലനത്തിനും നമസ്‌കാരത്തിന് നേതൃത്വം കൊടുക്കാനും രണ്ടാളുകള്‍ പള്ളിക്കുള്ളില്‍ സ്ഥിരം താമസിക്കുന്നുണ്ട്. ക്ഷേത്ര സന്ദര്‍ശകരുടെ ഭാഗത്തുനിന്ന് ചിലപ്പോള്‍ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ ഉണ്ടാകാറുണ്ടെന്ന് അവര്‍ പറയുന്നു. പള്ളിയില്‍ ഒരിക്കലും ബാങ്ക് വിളി നിര്‍ത്തിവെക്കേണ്ടി വന്നിട്ടില്ല. ക്ഷേത്ര കമ്മിറ്റി പലപ്പോഴും പള്ളിക്കമ്മിറ്റിയുമായി കൂടിയാലോചനക്ക് വരാറുണ്ടെന്ന് യാസീന്‍ സാഹിബ് പറയുന്നു. ഗ്യാന്‍വാപി മസ്ജിദ് പൊളിക്കണമെന്ന് ആഗ്രഹിക്കുന്നവരല്ല പരിസരവാസികളെന്നും അതൊരു രാഷ്ട്രീയ പ്രേരിതമായ ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഈ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ എല്ലാ നമസ്‌കാരത്തിനും പരിസരവാസികളായ മുസ്‌ലിംകള്‍ സ്ഥിരമായി പള്ളിയില്‍ എത്താറുണ്ട്. നമസ്‌കാരം നിലനിര്‍ത്തുന്നതോടൊപ്പം, നമസ്‌കരിക്കാന്‍ പള്ളിയുടെ എല്ലാ വശങ്ങളും ഉപയോഗിക്കാനും അവര്‍ ശ്രമിക്കുന്നു. ബുദ്ധിമുട്ടുകള്‍ സഹിച്ചും അവര്‍ പള്ളിയിലെത്തുന്നത് ബാബരിയില്‍ മുസ്‌ലിംകള്‍ക്കുണ്ടായ പിഴവ് വാരണാസിയില്‍ വരാതിരിക്കാനാണ്. കോവിഡ് കാലത്തും ഗ്യാന്‍വാപി പള്ളി അടച്ചിട്ടിരുന്നില്ല.

കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles