Current Date

Search
Close this search box.
Search
Close this search box.

ഇമാം ത്വബരിയുടെ ജ്ഞാനസമ്പാദന യാത്രകൾ

‘തൊട്ടിൽ മുതൽ കട്ടിൽ വരെ’ അറിവന്വേഷണം നടത്തണമെന്നാണ് ഇസ് ലാമിൻ്റെ അധ്യാപനം. അറിവ് വർധിപ്പിക്കാനും പരിപോഷിപ്പിക്കാനും നബി(സ) മുസ് ലിം സമൂഹത്തെ അടിക്കടി ഉണർത്തിയിട്ടുമുണ്ട്. വ്യത്യസ്ത മേഖലകളിൽ നൈപുണ്യവും പരിചയ സമ്പത്തും ആർജിച്ചെടുക്കാൻ കൂടിയാണ് അബൂഹുറൈറ ഉദ്ദരിക്കുന്ന ഹദീസിലൂടെ പ്രവാചകൻ (സ) പറഞ്ഞത്: “തത്വജ്ഞാനം സത്യവിശ്വാസിയുടെ കളഞ്ഞുപോയ സ്വത്താണ് എവിടെ വെച്ച് കിട്ടിയാലും അത് നേടിയെടുക്കണം.” (തിർമുദി) സൂര്യനസ്തമിക്കുന്ന ഓരോ ദിവസവും പുതിയ അറിവുകളാൽ സമ്പുഷ്ടമായിരിക്കണം മുസ് ലിമിന്റെ ജീവിതം. അറിവ്‌ സമ്പാദനത്തിൽ യാതൊരുവിധ സമയ- കാല പരിധികളും ഇസ് ലാം നിഷ്കർഷിക്കുന്നില്ല, മറിച്ച് അത് ആർജിച്ചെടുക്കുന്നതിന് അർഹമായ പ്രോത്സാഹനം നൽകുകയാണ് ചെയ്തിട്ടുള്ളത്.

ഹദീഥ് ക്രോഡീകരണത്തിനു വേണ്ടി പണ്ഡിതൻമാർ നടത്തിയ ത്യാഗ സമ്പുഷ്ടമായ യാത്രകളെക്കുറിച്ച് നാം പലയിടങ്ങളിലും ചർച്ച ചെയ്യാറുണ്ട്. ദിവസങ്ങളും മാസങ്ങളും നീണ്ട വന്യമായ മരുഭൂവിലൂടെയുള്ള യാത്രകളായിരിക്കും ഇത്തരത്തിൽ ഓരോ പണ്ഡിതനും താണ്ടിയിട്ടുണ്ടാവുക. യാത്രാ സൗകര്യങ്ങൾ നന്നേ കുറവായിരുന്ന ആ കാലഘട്ടത്തിൽ ഭക്ഷണമോ വെള്ളമോ ഇല്ലാതെ കാതങ്ങൾ പിന്നിട്ടിട്ടാണ് ആ മഹാരഥന്മാർ തങ്ങളുടെ ജ്ഞാന നിർമിതികൾ സാധ്യമാക്കിയത്. വിജ്ഞാനമാർജ്ജിക്കുന്നതിനോടും അതിൻ്റെ പരിപോഷണത്തിനും ആ കാലഘട്ടത്തിലെ ഭരണകൂടത്തിൻറെ പ്രശംസനീയമായ പങ്കും വിസ്മരിക്കാൻ സാധ്യമല്ല. പശ്ചിമേഷ്യൻ പ്രവിശ്യകളിൽ ഹിജ്‌റ രണ്ട്‍ മൂന്ന് നൂറ്റാണ്ടുകളിൽ നടന്ന വൈജ്ഞാനിക മുന്നേറ്റങ്ങൾ എണ്ണമറ്റതാണ്. മദ്ഹബീ പണ്ഡിതന്മാരും ഖുർആൻ വ്യാഖ്യാതാക്കളും തുടങ്ങി ഇസ്ലാമിക വൈജ്ഞാനിക മേഖലയിലുള്ള ഒട്ടനേകം പണ്ഡിത സ്രേഷ്ഠർ വളർന്നു വന്ന കാലഘട്ടം കൂടിയായിരുന്നു അത്.

ഹിജ്‌റ മൂന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് ഖുർആൻ വ്യാഖ്യാനങ്ങളുടെ പിതാവ് (അബുൽ മുഫസ്സിരീൻ ) എന്നറിയപ്പെടുന്ന മുഹമ്മദ് ബിൻ ജരീർ അത്വബ് രി ജന്മം കൊള്ളുന്നത്. ഇസ്‌ലാമിക ചരിത്രത്തിലും ഖുർആൻ വ്യാഖ്യാനത്തിലും തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച മഹാ പണ്ഡിതനാണ് അബൂ ജഅഫർ എന്നവിളിപ്പേരിൽ അറിയപ്പെടുന്ന ഇമാം ത്വബരി. സൂറ: അൽ ഫാതിഹയിൽ നിന്നു തുടങ്ങി സൂറ: അന്നാസിൽ അവസാനിക്കുന്ന ജാമിഉൽ ബയാൻ ഫീ തഅ്’വീലി ആയ് അൽ ഖുറാൻ എന്ന ഖുർആന്റെ ആദ്യത്തെ സമ്പൂർണ വ്യാഖ്യാനാവും, താരീഖുൽ ഉമമി വൽ മുലൂക് എന്ന ബൃഹത്തായ ചരിത്ര ഗ്രന്ഥവുമാണ് പിൽകാലത്തുള്ളവർക്ക് അദ്ദേഹത്തിന്റെ രചനകളിൽ നിന്നും ലഭ്യാമാമയുള്ളൂ. മറ്റു പാലകൃതികളും കാലാന്തരങ്ങളിൽ നഷ്ടപെട്ടുപോയിരുന്നു.

86 വർഷക്കാലം നീണ്ട ജീവിതത്തിന്റെ സിംഹഭാഗവും ഇമാം ത്വബരി ചിലവഴിച്ചത് ജ്ഞാന സമ്പാദനത്തിലും അവ തന്റെ ശിഷ്യഗണങ്ങൾക്ക് പകർന്നു കൊടുക്കുന്നതിലുമായിരുന്നു. തൊട്ടിൽ മുതൽ കട്ടിൽ വരെ അറിവ് തേടുക എന്നത് അക്ഷരാർത്ഥത്തിൽ ജീവിതത്തിൽ പ്രാവർത്തികമാക്കിയ മഹാനാണ് ഇമാം ത്വബരി. നമുക്ക് ഇന്ന് ലഭ്യമായിട്ടുള്ള പല അറിവുകളുടെയും ഉറവിടങ്ങൾ ഇത്തരത്തിലുള്ള മഹാരഥന്മാരുടെ ത്യാഗപരിശ്രമങ്ങളാണ്. ഇവരുടെ ചരിത്രത്തിൽ നിന്നും ഊർജ്ജമുൾക്കൊള്ളാനും അവർ രേഖപ്പെടുത്തിവെച്ചവ നുകർന്നെടുക്കാനും അതിൽ നിന്ന് പാഠങ്ങൾ ഉൾകൊള്ളാനും പുതുതലമുറ തയ്യാറാവേണ്ടതുണ്ട്.

ജനനവും പ്രാഥമിക വിദ്യാഭ്യാസവും
കാപ്സിയൻ കടലിന്റെ തെക്കു ഭാഗത്ത് സ്ഥിതി ചെയ്യുന്ന ത്വബരിസ്ഥാനിലെ ആമുൽ എന്ന പ്രദേശത്ത് കുലീനമായ ഒരു തറവാട്ടിലായിരുന്നു ഇമാം ത്വബരിയുടെ ജനനം. പ്രാഥമിക വിദ്യാഭ്യാസം വീട്ടിൽ വെച്ച് പിതാവിൽ നിന്ന് തന്നെയായിരുന്നു അദ്ദേഹം കരസ്ഥമാക്കിയിരിക്കുന്നത്. ആമുലിലെ പള്ളികൾ കേന്ദ്രീകരിച്ച് നടന്നിരുന്ന ഖുർആൻ ദർസുകളിൽ നിന്ന് ഏഴാം വയസ്സിൽ തന്നെ ഖുർആൻ മന:പാഠമാക്കി. എട്ടാം വയസ്സിൽ തന്റെ നാട്ടിലെ പള്ളിയിൽ നമസ്കാരങ്ങൾക്ക് നേതൃത്വം നൽകി. ഒൻപതാം വയസ്സിൽ ഹദീസ് പഠനവും ആരംഭിച്ചു. ചെറുപ്രായത്തിൽ തന്നെ അദ്ദേഹം അറിവിന്റെ സമുദ്രത്തെ ലക്ഷ്യം വെച്ച് യാത്ര ആരംഭിച്ചിരുന്നു. ജ്വലിക്കുന്ന ചിന്തകളും കൂർമ്മബുദ്ധിയും അദ്ദേഹത്തെ മറ്റു കുട്ടികളിൽ നിന്നും വ്യതിരിക്തനാക്കിയിരുന്നതിനാലും ശൈശവ ഘട്ടത്തിൽ തന്നെ ബൗദ്ധികമായ സിദ്ധികൾ അദ്ദേഹത്തിൽ ഏറെ സ്പഷ്ടമായിരുന്നതിന്നാലും പിതാവ് അദ്ദേഹത്തിന്റെ പഠനത്തിനാവശ്യമായ എല്ലാ സംവിധാനങ്ങളും ഒരുക്കി കൊടുക്കുകയും ചെയ്തിരുന്നു.

പേർഷ്യയിൽ
ജന്മനാട്ടിൽ നിന്നും നേടിയ അറിവുകൾ അദ്ദേഹത്തിൻ്റെ അറിവിനോടുള്ള മമത വർധിപ്പിച്ചു . അങ്ങനെ പന്ത്രണ്ടാം വയസ്സിൽ അദ്ദേഹം വിജ്ഞാനത്തിൻ്റെ വിവിധ ശാഖകൾ തേടിയുള്ള പ്രയാണമാരംഭിച്ചു. തുടക്കകാലത് പേർഷ്യയിലെ സ്ഥലങ്ങൾ തന്നെയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യസ്ഥാനങ്ങൾ. തേൻ നുകരാൻ വേണ്ടി പൂമ്പാറ്റകൾ പൂക്കളിൽ നിന്നും പൂക്കളിലേക്കു പറക്കുന്ന പോലെ ഭാഷയുടെയും ഹദീസിൻ്റെയും ചരിത്രത്തിന്റെയും ഖുർആൻ വ്യാഖ്യാനത്തിൻ്റെയുമെല്ലാം ആദ്യപാഠങ്ങൾ നുകർന്നെടുക്കാൻ രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ത്വബരിയും സഹപാഠികളും ‘റയ്യ്’ പ്രദേശത്തെ ഓരോ ഗുരുവിൽ നിന്ന് അടുത്ത ഗുരുവിലേക്ക് പാറി നടന്നു. മുഹമ്മദ് ബിനു ഹുമൈദ് അർറാസി, അൽ മുസന്ന ബിൻ ഇബ്രാഹീം അൽ ഉബലിയ്യ് എന്നിവരായിരുന്നു ആ പ്രദേശത്തെ പ്രധാന ഗുരുവര്യൻമാർ.

ഇറാഖിലേക്ക്
നേടിയ അറിവുകൾ പരിമിതമാണ് എന്ന ബോധ്യമായിരുന്നു ഇമാം ത്വബരിയുടെയും മനസ്സിനെ അലട്ടിയിരുന്നത്. ഈ അഭിനിവേശം അദ്ദേഹത്തെ പേർഷ്യയിൽ നിന്നും യൂഫ്രട്ടിസ് – ടൈഗ്രീസ് നദികൾക്കിടയിലൂടെ സാംസ്കാരിക നാഗരതികളാൽ സമ്പുഷ്ടമായ ഇറാഖിലേക്കുള്ള യാത്രയ്ക്ക് പ്രേരിപ്പിച്ചു. ഹസ്സൻ (റ ) പറഞ്ഞു : “അറിവിനോടോ ഐഹിക സുഖങ്ങളോടോയുള്ള മനുഷ്യന്റെ അഭിനിവേശങ്ങൾക്ക് അറുതിയുണ്ടാവില്ല” ഇതായിരുന്നു ഇമാം ത്വബരിയുടെയും അവസ്ഥ, ഭൂപ്രകൃതിയിൽ അയൽ രാജ്യമാണെങ്കിലും ഒരുപാട് ക്ലേശങ്ങൾ സഹിച്ചാണ് അദ്ദേഹം ഇറാഖിലെത്തുന്നത്. ഇമാം അഹമ്മദ് ബിനു ഹമ്പലിന്റെ അടുക്കൽ പഠനത്തിനിരിക്കണം എന്ന ഉദ്ദേശ്യത്തോടെയാണ് ത്വബരി ഇറാഖിലെ ബാഗ്ദാദ് ലക്ഷ്യം വെച്ചിരുന്നത്, പക്ഷേ അവർ പരസ്പരം കണ്ടുമുട്ടുന്നതിനു മുൻപുതന്നെ ഇമാം അഹമ്മദ് ബിൻ ഹമ്പൽ അല്ലാഹുവിലേക്ക് യാത്രയായിരുന്നു. തുടർന്ന് അബ്ബാസി ഭരണകൂടത്തിന്റെ തലസ്ഥാന നാഗരികൂടിയായിരുന്ന മദീനത്തുസ്സലാമിലെ മദ്ഹബീ പണ്ഡിതരിൽ നിന്നും ഹദീസ് പണ്ഡിതരിൽ നിന്നും അറിവുകൾ സ്വായത്തമാക്കി. അവിടുന്ന് ബസറയിലേക്കും വാസിതിലേക്കും കൂഫയിലേക്കും യാത്രകൾ തുടർന്നു.

ഹദീസ് പഠനമായിരുന്നു ബസറയിൽ നിന്നും ലക്ഷ്യമിട്ടിരുന്നത്. മുഹമ്മദ് ബിൻ മൂസ അൽ ഹറശ്ശി, ഇമാദ് ബിൻ മൂസ ആൽബസ്സ്വാസ്, മുഹമ്മദ് ബിൻ അബ്ദുൽ അഅ്ല അസ്സൻആനി, ബശർ ബിൻ മുആദ്, ഉബയ്യ് അൽ അശ്അസ്, മുഹമ്മദ് ബിനു ബശ്ശാർ ബിൻ ബുന്ദാർ, മുഹമ്മദ് ബിനുൽ മുഅന്ന: തുടങ്ങിയ പണ്ഡിതസ്രേഷ്‌ഠരെ അവിടെവെച്ച് കണ്ടുമുട്ടി. പിന്നീട് വാസിത്, കൂഫ എന്നിവിടങ്ങളിലെ ഗുരുക്കരിലേക്കായിരുന്നു യാത്ര തുടർന്നത്. ഇമാം ബുഖാരിയെയും മുസ്ലിമിനെയും പോലുള്ള പണ്ഡിതന്മാർ ഹദീസ് ക്രോഡീകരണം നടത്തുന്ന സന്ദർഭത്തിൽ തന്നെയാണ് ഇമാം ത്വബരിയും ഹദീസ് അന്വേഷണത്തിനും അനുബന്ധ അറിവുകൾ സ്വായതമാക്കാനുമായി നാടുകൾ താണ്ടിയത്. ഈ പ്രദേശങ്ങളിൽ വെച്ച് അബീ കുറൈബ് മുഹമ്മ്ദ് ബിനുൽ അഅ്ല അൽ ഹമദാനി, ഹനാദ് ബിൻ സിരിയ്യ്, ഇസ്മാഈൽ ബിൻ മൂസ തുടങ്ങിയ പണ്ഡിതരിൽ നിന്നും ഹദീസും, സുലൈമാൻ അത്വല്ഹ എന്ന വ്യക്തിയിൽ നിന്ന് ഖുർആന്റെ വ്യത്യസ്ത ഖിറാഅത്തുകളും പഠിച്ചു.

ഉലൂമുൽ ഖുർആൻ (ഖുർആൻ നിതാന ശാസ്ത്രം) എന്ന പഠന വിഭാഗത്തിൽ കൂടുതൽ പ്രാവീണ്യം നേടാൻ പിന്നീട് അദ്ദേഹം ബസറയിലേക്ക് തന്നെ മടങ്ങി വന്നു. അതോടൊപ്പം അവിടുന്ന് ശാഫിഈ ഫിഖ്‌ഹിൽ ഹസൻ ബിൻ മുഹമ്മദ് അസ്സബാഹ് അസ്സാഫറാനിയ്യിൽ നിന്ന് കർമ്മശാസ്ത്രവശങ്ങൾ മനസ്സിലാക്കി, ളാഹിരി മദ്ഹബിന്റെ ആശയങ്ങൾ ദാവൂദ് ബിൻ അലിയിൽ നിന്നും നേരിട്ട് പഠിച്ചു. തുടർന്ന് ഫിഖ്‌ഹിൽ ഒരു ഗ്രന്ഥം രചിക്കുകയും അത് വഴി അദ്ദേഹത്തിന്റെ പ്രശസ്തി വർധിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ സാന്നിധ്യമുള്ള സ്ഥലങ്ങളിൽ അറിവിന്റെ സദസ്സുകൾ രൂപപ്പെട്ടു

ശാമിലേക്ക്
അമവീ കാലഘട്ടത്തിലെ സുപ്രധാന കേന്ദ്രങ്ങളിലൊന്നായിരുന്നു ഡമാസ്കസ്. ഒട്ടനവധി രാഷ്ട്രീയ – വൈജ്ഞാനിക – നാഗരിക മുന്നേറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ച പ്രദേശമാണ് ഡമാസ്കസ്. അവിടെ നിന്ന് നേടാവുന്നതിൽ നിന്നും ഒന്നും നഷ്ടപ്പെടരുത് എന്ന ആഗ്രഹത്താൽ അദ്ദേഹം ഡമാസ്കസിലേക്ക് നീങ്ങുകയും അബ്ബാസുബിനുൽ വലീദ് അൽ മുഖ്‌രിഅഉ അൽ ബൈറൂതിയിൽ നിന്ന് ശ്യാം നിവാസികളുടെ രിവായതിലൂടെ ഖുർആൻ പഠിക്കുകയും ചെയ്തു. കുറച്ച് കാലം ബൈറൂത്തിലും തങ്ങിയശേഷം ഈജിപ്തിൽ പോയി വീണ്ടും ശ്യാമിലേക്ക് തന്നെ തിരിച്ചു വരികയും ചെയ്തു.

ഈജിപ്തിൽ
ഈജിപ്തിലേക്കുള്ള യാത്രയും അറിവ് തേടി തന്നെയായിരുന്നു. പൗരാണിക കാലം മുതൽക്കുള്ള സാംസ്കാരിക നാഗരിക ചരിത്രങ്ങളാൽ ഭാസുരമായ നാടാണല്ലോ ഈജിപ്ത്. അദ്ദേഹത്തിന് അറിവ് പകർന്നു കൊടുക്കാൻ പോന്ന ഒട്ടനേകം പണ്ഡിതന്മാരും ഭാഷാ ജ്ഞാനികളും അവിടെയുമുണ്ടായിരുന്നു. ഫുസ്താത്തിൽ വെച്ച് യൂനുസ് ബിൻ അബ്ദുൽ അ ‘ഉല, മുഹമ്മദ് ബിൻ അബ്ദുൽ ഹകീം, അബ്ദുറഹ്മാൻ ഇബ്നി അബ്ദുൽ ഹകീം, സ’അദ് ബിൻ അബ്ദുൽ ഹകീം തുടങ്ങിയ ഗുരു വര്യൻമാരുടെ പക്കൽ നിന്നും മാലികി മദ്ഹബിന്റെ ഫിഖ്‌ഹീ അദ്യായങ്ങൾ പഠിച്ചെടുത്തു. തുടർന്ന് റബീഉ ബിനി സുലൈമാൻ അൽ മാറാദ്ധി, റബീഉ ബിനി സുലൈമാൻ അൽ അസതി അൽ ജീബിയ്യ്, ഇസ്മാഈല് ബിനു യഹ്യ ബിനു ഇബ്രാഹീം അൽ മുസ്നി. മുഹമ്മദ് ബിനു അബ്ദില്ലാഹി ബിൻ അബ്ദിൽ ഹകം, തുടങ്ങി ശാഫിഈ മദ്ഹബിലെയും മാലികീ മദ്ഹബിലെയും ആശയങ്ങളെ സംയോജിപ്പിച്ച പണ്ഡിത വൃത്തങ്ങളിൽ നിന്നും, അറിവ് പങ്കിട്ടെടുത്തു. ചുരുങ്ങിയ കാലയളവിനു ശാമിലേക്ക് പോയെങ്കിലും ഇമാം ത്വബരി പെട്ടന്ന് തന്നെ ഈജിപ്തിലേക്ക് തിരിച്ചു വന്നിരുന്നു . തുടർന്ന് ജാഹിലിയ്യ കവിതകളെയും അതിന്റെ വൃത്തങ്ങളെയും നിയമങ്ങളെയും കുറിച്ച പഠിച്ചു.

ജന്മനാട്ടിലേക്ക്
നീണ്ട 20 വർഷത്തെ വൈജ്ഞാനിക യാത്രക്ക് വിരാമമിടാമെന്ന ലക്ഷ്യത്തിൽ അദ്ദേഹം നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചെങ്കിലും ഇടക്ക് അല്പകാലം ബാഗ്ദാദിൽ കൂടി തങ്ങേണ്ടി വന്നു. അവിടുന്ന് അല്പകാലം പുസ്തക രചനയിൽ മുഴുകുകയും തുടർന്ന് സ്വന്തം നാടായ ത്വബരിസ്ഥാനിലേക്ക് മടങ്ങുകയും ചെയ്തു. പക്ഷേ അറിവിനോടുള്ള അങ്ങേയറ്റത്തെ താല്പര്യവും ബാഗ്ദാദിനോട് മനസ്സിൽ തോന്നിയ ഇഷ്ടവും അദ്ദേഹത്തെ വീണ്ടും ബാഗ്ദാദിൽ തന്നെ കൊണ്ടെത്തിച്ചു.

ഒരു സാധാരണക്കാൻ്റെ കഴിവിൽ പെടുന്നതായിരുന്നില്ല ഇമാം ത്വബരിയുടെ ജീവിതം. അസാധാരണാമായ ഇച്ചാശക്തിയും ഉൾകാഴ്‌ചയും ക്ഷമയും ഉണ്ടെങ്കിൽ മാത്രമേ ഈ രീതിയിലുള്ള ജീവിതം മുന്നോട്ട് കൊണ്ടുപോവാൻ സാധിക്കുകയുള്ളൂ. അറിവ് തേടിയുള്ള നീണ്ട യാത്രകൾക്കൊടുവിൽ ജീവിതത്തിന്റെ അവസാന കാലഘട്ടം അദ്ദേഹം ചിലവഴിച്ചത് ബാഗ്ദാദിലായിരുന്നു. അവിടെ വായനയിലും പഠനത്തിലും രചനയിലും മുഴുകിയ അദ്ദേഹത്തിൻ്റെ ജീവിതം ശിഷ്യന്മാർ അയവിറക്കുന്നതിങ്ങനെയാണ് :

” ഇമാം അദ്ദേഹത്തിന്റെ സമയം ചിലവഴിക്കാറുണ്ടായിരുന്നത് ശിശ്യ ഗണങ്ങളെ പഠിപ്പിക്കാനും എഴുത്തിനും ഉറക്കത്തിനും ആരാധനക്കും വേണ്ടിയായിരുന്നു. ഉച്ചയുറക്കം (ഖൈലൂല) അദ്ദേഹത്തിന്റെ പതിവുകളിലൊന്നായിരുന്നു. ളുഹർ നമസ്കാരം വീട്ടിൽ വെച്ച നിർവഹിച്ച് പുസ്തകരചനയിൽ മുഴുകുമായിരുന്നു. അസർ നമസ്കാരാനന്തരം പള്ളിയിൽ വെച്ച് മഗ്‌രിബ് വരെ ശിഷ്യന്മാരെ ഖുർആൻ പഠിപ്പിക്കും. മഗ്‌രിബ് നമസ്‌കാരാനന്തരം ഇശാ വരെ ഫിഖ്‌ഹിലെയും അനുബന്ധ വിഷയങ്ങളിലെയും ചർച്ചകൾ നടത്തും പിന്നീട് വീട്ടിലേക്കു പ്രവേശിക്കും. വീട്ടിൽ പ്രവേശിച്ചാൽ പിന്നെ അദ്ദേഹം ഗ്രന്ധരചനിയിൽ മുഴുകും. വളരെ അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമേ മറ്റുള്ളവർക്ക് ഈ സമയത് അദ്ദേഹം പ്രവേശനം അനുവദിച്ചിരുന്നുള്ളൂ. രാത്രിയുടെ നല്ലൊരു ഭാഗം അദ്ദേഹം വായനക്ക് വേണ്ടിയും മാറ്റിവെക്കുമായിരുന്നു ”

 

References:
– മു’ജമുൽ ഉദബാ’, യാഖൂത്ത് അൽ ഹമവി
– അ’ലാമുൽ മുസ് ലിമീൻ – അൽ ഇമാം അത്വബരി. മുഹമ്മദ് അസുഹൈലി. ദാറുൽ ഖലം, ഡമാസ്കസ്, 2nd edition, 1999
– അൽ ഇസ്തിദ്ലാലു ഫിത്തഫ്സീർ. നായിഫ് ബിൻ സഈദ് അസ്സഹലാനി. മർക്കസ് ലിദ്ദിറാസാത്ത് അൽ ഖുർആനിയ്യ.
– താരീകു മദീനത്തുസ്സലാം (ബഗ്ദാദ്) വ ദൈലുഹുൽ മുസ്തഫാദ്. അൽ ഖത്തീബ് അൽബാഗ്ദാദി. ദാറുൽ ഗർബ് അൽ ഇസ് ലാമി. 2001
– അൽ ഫഹ്റസത്തു ഫീ അക്ബാരിൽ ഉലമാഇൽ മുസന്നഫീൻ മിനൽ ഖുദമാഇ വൽ മുഹദ്ദിസീൻ വ അസ്മാഇ കുതുബിഹിം. ഇബ്ൻ അന്നദീം. – അൽ മക്തബ അൽ വഖ്ഫിയ. ഓൺലൈൻ ലൈബ്രറി, 2008.

????വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles