Current Date

Search
Close this search box.
Search
Close this search box.

മനസ്സിന്റെ ധന്യതയിൽ ജീവിച്ചാൽ ഒറ്റമരണം വരിക്കാം

പ്രവാചകൻ (സ) ന്റെ ജീവചരിത്രത്തിൽ ഹിജ്റ വർഷം ഒമ്പതിന് വലിയ പ്രാധാന്യമാണുള്ളത്. ആമുൽ വുഫൂദ് അഥവാ നിവേദക സംഘ വർഷം എന്നാണ് ആകൊല്ലം സീറാ ഗ്രന്ഥങ്ങളിൽ അറിയപ്പെടുന്നത്. പ്രതിനിധി സംഘങ്ങളുടെ നീണ്ട ഒരു നിര തന്നെയായിരുന്നു നബിയെ കാണാനും പറയാനും പഠിക്കാനും അദ്ദേഹത്തിന്റെ സമക്ഷം അക്കൊല്ലം ഹാജരായത് .

അവയിലെ വളരെ ചെറിയ ഒരു സംഘമായിരുന്നു യമനിലെ ബനൂ അബ്ദാ ഗോത്രത്തിലെ തുജീബ് എന്ന പേരിൽ അറിയപ്പെടുന്ന 13 പേരടങ്ങുന്ന പ്രതിനിധി സംഘം .തങ്ങളുടെ നാട്ടിൽ നിന്നും പിരിച്ചെടുത്ത് അർഹർക്ക് വിതരണം ചെയ്തതിന്റെ ബാക്കിയുള്ള സകാത് വിഹിതവുമായി നബി തങ്ങളുടെ സമക്ഷം ഹാജരാക്കാൻ വന്നതായിരുന്നു അവർ. ഈ പ്രതിനിധി സംഘത്തെക്കുറിച്ചാണ് അബൂബക്ർ(റ) അന്ന് നബിയോട് പറഞ്ഞത്: ” അല്ലാഹുവിന്റെ ദൂതരേ, ഈ അടുത്തകാലത്തൊന്നും ഇത്രയും വലിയ തുകയുമായി ഒരു അറബ് പ്രതിനിധി സംഘവും വന്നിട്ടില്ല.”
വിശദാംശങ്ങൾ ഗ്രന്ഥങ്ങളിൽ കാണാം.

“നിങ്ങളുടെ നാട്ടിലെ സകാത് അവിടെതന്നെ വിതരണം ചെയ്തു കൂടായിരുന്നോ ” എന്ന നബിയുടെ ചോദ്യത്തിന് ” ഇവ സ്വീകരിക്കാൻ ഇനി അർഹരില്ല ” എന്ന മറുപടിയാണ് അവർ കൊടുത്തത്. കൊണ്ടുവന്നതെല്ലാം ബൈതുൽ മാലിൽ ഏല്പിച്ച് തിരിച്ചു പോവുന്നതിന് മുമ്പേ അവർ ചെന്നു പ്രവാചകനെ കൺ നിറയെ കണ്ടു. അദ്ദേഹത്തിന്റെ സ്നേഹം കൊണ്ട് മനവും വയറും നിറഞ്ഞു . പതിവു പോലെ ഒരു അതിഥിയേയും വെറും കയ്യോടെ വിടൽ നബി ( സ )യുടെ രീതിയല്ല.അദ്ദേഹത്തിന്റെ ആദരവും ബഹുമാനവും സ്വീകരിച്ച് സംഘം പോവുമ്പോൾ കൂടെയുള്ള ഒരുകുട്ടിയുടെ കാര്യമവർ അദ്ദേഹത്തെ ഉണർത്തി. തങ്ങളുടെ വസ്തുവകകൾക്ക് കാവൽക്കാരനായ ആ കുട്ടിയേയും ഇങ്ങോട്ട് വിടൂ എന്ന് നബി അവരോട് ആഹ്വാനം ചെയ്തു. ഏറെ കഴിയും മുമ്പ് ആ കുട്ടിയും നബി (സ) യെ കാണാൻ വന്നു.
നബി കുട്ടിയോട് : “എന്താ മോനേ നിനക്ക് വേണ്ടത് ? ”
കുട്ടി : “എനിക്ക് എന്റെ നാട്ടുകാരെപ്പോലെയുള്ള ആഗ്രഹമൊന്നുമില്ല.
എനിക്ക് പൊറുത്തു തരാനും കരുണ കാണിക്കാനും ഹൃദയത്തിൽ ഐശ്വര്യം നിറക്കാനും താങ്കൾ അല്ലാഹുവിനോട് പ്രാർഥിച്ചാൽ മാത്രം മതി ” എന്നായിരുന്നു ആ കുട്ടിയുടെ മറുപടി.
ആ കുട്ടിയുടെ മനസ്സ് നിറയ്ക്കുന്ന പ്രാർഥനയാണ് നബി തങ്ങൾ പ്രാർഥിച്ചത് :
اللهم اغفر له وارحمه، واجعل غناه في قلبه
(അല്ലാഹുവെ, അവന് പൊറുത്തു കൊടുക്കുകയും കരുണ കാണിക്കുകയും അവന്റെ ഹൃദയത്തിൽ ഐശ്വര്യം നിറക്കുകയും ചെയ്യേണമേ )

നബിയുടെ ദുആ അല്ലാഹു അക്ഷരം പ്രതി സ്വീകരിച്ചു.
യമൻ നാട്ടിലെ ഏറ്റവും വലിയ പരിവ്രാജകനായി ആ കുട്ടി മാറി. അടുത്ത വർഷം യമനിൽ നിന്ന് വന്ന ഹജ്ജ് സംഘത്തോട് നബി തങ്ങൾ ആ കുട്ടിയെ സംബന്ധിച്ച് ചോദിച്ചു. ആ കുട്ടിയെ കുറിച്ച് പറയാൻ അവർക്കെല്ലാം നൂറ് നാവായിരുന്നു. നബി പ്രതികരിച്ചു :

“അൽഹംദു ലില്ലാഹ് . അവൻ ഒറ്റമരണം മരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ”

അപ്പോൾ കൂട്ടത്തിലൊരാൾ സംശയത്തോടെ ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, എല്ലാ മനുഷ്യരും ഒറ്റമരണമല്ലേ മരിക്കൽ?

നബി തങ്ങൾ അവരെ തിരുത്തിക്കൊണ്ട് മനസ്സിലാക്കി കൊടുത്തു : മനുഷ്യരിൽ ചിലർ ചിതറി മരിക്കുന്നവരാണ്. അവരുടെ വികാരങ്ങളും വിഷമങ്ങളും ലോകത്തിന്റെ താഴ്‌വരകളിൽ ശാഖകളായി പടർന്ന് കാലാവധി എത്തും മുമ്പ് പലപ്പോഴായി കഷ്ണം കഷ്ണമായി മരിച്ച് ജീവിക്കുന്നവർ .വളരെ വിരളം ആളുകൾ മാത്രമാണ് ഒറ്റ മരണം വരിക്കുന്നവർ .

ആരെങ്കിലും പരലോകത്തെ സംബന്ധിച്ച ആകുലതയോടെ ജീവിച്ചാൽ റബ്ബ് അവന്റെ ഹൃദയത്തെ സമ്പന്നമാക്കുകയും അവനെ ഒരുമിപ്പിക്കുകയും ചെയ്യും;
ലോകമവന് സദാ കീഴ്പ്പെട്ടിരിക്കും. എന്നാൽ ഈലോകത്തെ കുറിച്ച ആകുലതയോടെ ജീവിക്കുന്നവന് അവന്റെ കൺമുമ്പിൽ വെച്ച് തന്നെ റബ്ബവനെ ദാരിദ്ര്യം അനുഭവിപ്പിക്കുകയും ഛിദ്രമാക്കുകയും ചെയ്യും, അവനുവേണ്ടി വിധിക്കപ്പെട്ടതല്ലാതെ ലോകത്തിൽ നിന്ന് അവനിലേക്ക് ഒന്നും വരുന്നതല്ലെന്നും സുന്നത്ത് ഗ്രന്ഥങ്ങളിൽ കാണാം.

(ഹദീസുകളുടെ ആശയം )

ഇമാം ഇബ്‌നുൽ ഖയ്യിം (റഹ്) തന്റെ സാദുൽ മആദിൽ പറയുന്നു: “സ്രഷ്ടാവിനോടുള്ള സ്നേഹത്താൽ
മറ്റുള്ള ചിന്തകൾ മാറ്റി വെക്കുന്നവന് അവന്റെ ഹൃദയവും നാവും മറ്റു അവയവങ്ങളും അതിനായി റബ്ബ് പ്രാപ്തനാക്കി കൊടുക്കും. എന്നാൽ ഭൗതിക സ്നേഹത്താൽ ഹൃദയ വിസ്മൃതിയിൽ ആണ്ടു പോയവന് തനി കന്നുകാലിയെ പോലെ മറ്റുള്ളവരുടെ സേവനം ചെയ്തു കാലം കഴിക്കേണ്ടി വരും”

ഉള്ളത് കൊണ്ട് തൃപ്തിപ്പെട്ട് ജീവിക്കൽ (ഖനാഅ’ത് ) തഖ്‌വയുടെ പ്രധാന ഘടകമായാണ് അലി (റ) പഠിപ്പിക്കുന്നത്. മനസ്സിന്റെ ധന്യതയാണ് ഏറ്റവും വലിയ ധന്യത എന്നത് കൃത്യമായ പ്രവാചകാധ്യാപനമാണ്.
നമ്മുടെ കഥാപുരുഷനെ പോലെയുള്ള അല്ലാഹുവിന്റെ ഏറ്റവും ഇഷ്ടപ്പെട്ട സൂക്ഷാമാലുക്കളായ ഇത്തരം അഖ്ഫിയാഉകളുടെ ( സൂക്ഷ്മ ജന്മങ്ങൾ) പേരോ ഊരോ വിശദാംശങ്ങളോ ചരിത്ര ഗ്രന്ഥങ്ങളിൽ കൂടുതൽ കാണാൻ കഴിയില്ല. അല്ലാഹുവിങ്കൽ ഏറ്റവും അടുത്ത മജ്‌ലിസിൽ നമുക്കവരെ പരലോകത്ത് ദർശിക്കാം…. ഇൻശാ അല്ലാഹ് .

അവലംബം :-
1 -زاد المعاد 568 / 3
2 – الطبقات الكبرى 323 /1

Related Articles