Current Date

Search
Close this search box.
Search
Close this search box.

തലക്കുള്ളതിനേക്കാള്‍ പുറത്തുള്ളതിന് പ്രാധാന്യം കല്‍പിക്കുന്നവര്‍

മാല്‍കം എക്‌സ് തന്റെ ആത്മകഥയിലൊരിടത്ത് കറുത്തവര്‍ഗക്കാര്‍ തങ്ങളുടെ തലമുടി വെള്ളക്കാരുടേതു പോലെയാക്കാന്‍ നടത്തുന്ന ദീര്‍ഘവും കഠിനവും വേദനാപൂര്‍ണവുമായ ശ്രമത്തെ കുറിച്ച് വിവരിക്കുന്നുണ്ട്. താന്‍ അവ്വിധം ചുരുളന്‍ മുടി നിവര്‍ന്നതാക്കാന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിശദമായി വിവരിക്കുകയും ചെയ്യുന്നു. തുടര്‍ന്ന് തന്റെ ചെറുപ്രായത്തിലെ ആ ചെയ്തികളെ കുറിച്ച് ഇങ്ങനെ എഴുതുന്നു: ‘ തലമുടി വെള്ളക്കാരുടേത് പോലെയാവുന്നത് മഹാ കാര്യമാണെന്ന് വിചാരിച്ച ഞെളിഞ്ഞു നില്‍ക്കുന്ന പമ്പരവിഢ്ഢിയുടെ രൂപമാണ് കണ്ണാടിയില്‍ തെളിഞ്ഞത്. എന്റെ തലമുടി ഇനിമേല്‍ ഇങ്ങനെത്തന്നെയായിരിക്കുമെന്ന് അന്ന് ഞാന്‍ പ്രതിജ്ഞയെടുത്തു. കൊല്ലങ്ങളോളം ഞാന്‍ അങ്ങനെത്തന്നെയായിരുന്നു. സ്വയം നിന്ദയിലേക്കുള്ള എന്റെ യാത്രയിലെ ആദ്യത്തെ ശരിയായ കാല്‍വെപ്പായിരുന്നു അത്. കറുത്ത വര്‍ഗ്ഗക്കാര്‍ അധമന്മാരും വെള്ളക്കാര്‍ കേമന്മാരുമാണെന്ന് വിശ്വസിക്കാന്‍ മാത്രം മസ്തിഷ്‌ക പ്രക്ഷാളനകത്തിലകപ്പെട്ട ആണും പെണ്ണുമായ എണ്ണമറ്റ നീഗ്രോകളുടെ കൂട്ടത്തില്‍ ഞാനും ചേര്‍ന്നിരിക്കുന്നു. വെള്ളക്കാരുടെ മാനദണ്ഡങ്ങള്‍ക്കനുസരിച്ചുള്ള രൂപലാവണ്യം വരുത്താനുള്ള ശ്രമത്തില്‍ ദൈവം ഞങ്ങള്‍ക്കു കനിഞ്ഞു നല്‍കിയ ശരീരത്തിന് അംഗഭംഗം വരുത്താനും അതിനെ നശിപ്പിക്കാനും പോലും മടിയില്ലാത്തവരായിത്തീര്‍ന്നിരിക്കുന്നു നീഗ്രോകള്‍. ചെറിയ പട്ടണങ്ങളിലും മഹാനഗരങ്ങളിലും കറുത്തവര്‍ഗക്കാര്‍ക്കിടയില്‍ ഇവ്വിധം മുടി ചുവപ്പിച്ചവരെ കാണാം. വിവിധ വര്‍ണങ്ങളിലുള്ള കൃത്രിമ മുടി വെച്ചുപിടിപ്പിച്ച കറുത്ത പെണ്ണുങ്ങളുണ്ട്. ഹാസ്യനാടകങ്ങളിലെ കോമാളി വേഷത്തേക്കാള്‍ വിലക്ഷണമാണ് ഈ കാഴ്ച. നീഗ്രോകള്‍ക്ക് തങ്ങളുടെ അസ്തിത്വ ബോധവും സ്വന്തം ആത്മസത്തയുമായുള്ള സ്പര്‍ശവും തീര്‍ത്തും നഷ്ടപ്പെട്ടിരിക്കുന്നു എന്ന അമ്പരപ്പില്‍ ഇതെല്ലാം കാണുമ്പോള്‍ നിങ്ങളകപ്പെടും…..തലമുടിയുടെ കാര്യത്തില്‍ ചെലുത്തുന്ന ഈ ശ്രദ്ധയുടെ പകുതിയെങ്കിലും തലക്കുള്ളിലുള്ള തലച്ചോറിന് നല്‍കുകയാണെങ്കില്‍ ഇപ്പോഴുളളതിനേക്കാള്‍ ആയിരം മടങ്ങ് മെച്ചപ്പെട്ട അവസ്ഥയിലായിരിക്കും അവര്‍.

സമ്പാദനം: അബൂഅയ് മന്‍

Related Articles