Current Date

Search
Close this search box.
Search
Close this search box.

ബ്രിട്ടൻ മുതൽ ഇസ്‍റായേൽ വരെ; അധിനിവേശകർ ഗസ്സയെ തകർത്തതിൻറെ നേർചിത്രങ്ങൾ 

ചരിത്രത്തിലുടനീളം അനവധി അപരനാമങ്ങളാൽ സമ്പന്നമായ ഭൂപ്രദേശമാണ് ഗസ്സ. ‘ഗസ്സത്തുൽ ഹാഷിം’, ‘ഹംറാഉൽ യമൻ’ എന്ന നാമങ്ങൾ പൗരാണിക അറബി പ്രയോഗങ്ങളിലുള്ളതാണ്. റോമൻ – ഗ്രീക്ക് പ്രയോഗങ്ങളിലുള്ളത് ‘സമുദ്രങ്ങളുടെ റാണി’ എന്നാണെങ്കിൽ ഈജിപ്തുകാർ ഗസ്സയെ വിശേഷിപ്പിച്ചത് ‘ആദ്യത്തെ ശാം’ എന്ന പേരു നൽകികൊണ്ടായിരുന്നു. ‘ഏഷ്യയുടെയും ആഫ്രിക്കയുടെയും  കവാടം’ എന്ന് നെപ്പോളിയൻ ഗസ്സയെ വിശേഷിപ്പിച്ചതും കാണാവുന്നതാണ്. 

ഏഷ്യയിൽ നിന്നും വരുന്ന യുദ്ധ പോരാളികൾക്കും ഇറാഖ്-സിറിയ പ്രദേശങ്ങൾക്കിടയിലെ സഞ്ചാരികൾക്കും ആഫ്രിക്കയിലേക്കുള്ള കവാടമായി ഗസ്സ നഗരം നിലകൊണ്ടു. നൈൽ നദിയുടെ താഴ്വരയിൽ സ്ഥിതി ചെയ്യുന്ന ഗസ്സ, മെഡിറ്റേറിയൻ കടലിടുക്കിലെ സുപ്രധാന പട്ടണങ്ങളിലൊന്നായി ഗണിക്കപ്പെട്ടു. ഭൂമിശാസ്ത്രപരമായ സവിശേഷതയാൽ നാഗരികമായ വളർച്ച പ്രാപിക്കുന്നതോടൊപ്പം നിരന്തരമായ നശീകരണ യത്നങ്ങൾക്കും ഗസ്സ വിധേയമായിട്ടുണ്ട്. 

വളരെ പുരാതനമായ ചരിത്ര സ്രോതസ്സുകളിൽ ഗസ്സ നഗരത്തെക്കുറിച്ച പരാമർശങ്ങൾ കാണാമെങ്കിലും അവിടുത്തെ ചരിത്ര നിർമ്മിതികൾക്ക് പക്ഷേ അത്ര പഴക്കം കാണാൻ കഴിയില്ല. കാരണം, അവ വിരളവും അങ്ങിങ്ങായി ചിതറി കിടക്കുകയുമാണ്. ഗ്രേറ്റ് അൽ ഉമരി മസ്ജിദ്, പാഷാ കൊട്ടാരം, ഖൈസരിയ മാർക്കറ്റ്, ചില ചരിത്ര പ്രാധാന്യമുള്ള പള്ളികൾ, വീടുകൾ, ചർച്ചുകൾ മുതലായവ അവയിൽ ചിലതാണ്. ചരിത്രത്തിൽ ഉടനീളം നിരന്തരമായ നശീകരണ പ്രവർത്തനങ്ങൾക്ക് സാക്ഷ്യം വഹിച്ച ഗസ്സ പട്ടണത്തിന്റെ നാഗരിക പ്രകൃതം തന്നെ ഇക്കാലയളവിൽ വലിയ മാറ്റങ്ങൾക്ക് വിധേയമായിട്ടുണ്ട്. 

ഒന്നാം ലോകമഹായുദ്ധം

മംലൂക്കി ഭരണകാലത്ത്, ശാമിൽ നിന്ന് ഈജിപ്തിലേക്കും നേരെ തിരിച്ചും വരുന്ന സൈനിക വ്യൂഹങ്ങളുടെ വഴിയിലെ സുപ്രധാന താവളമായി ഗസ്സ മാറിയിരുന്നു. യുദ്ധത്തിനുള്ള തയ്യാറെടുപ്പുകൾക്കും മറ്റുമായി സൈന്യങ്ങൾ അവിടെ തമ്പടിച്ചു. ഉസ്മാനികളുടെ കാലത്ത് മംലൂകി സുൽത്താൻ തൂമാൻ ബേയും ഉസ്മാനീ സൈന്യവും തമ്മിലെ നിർണായക യുദ്ധത്തിനും ഗസ്സ സാക്ഷിയായി. വർഷങ്ങൾ നീണ്ടു നിന്ന ഫ്രഞ്ച് അധിനിവേശത്തിനും ഈ നഗരം വിധേയമായിട്ടുണ്ട്. ശാം പ്രദേശത്തെ മുഴുവൻ നഗരങ്ങളിൽ നിന്നും പിന്തിരിയൽ അനിവാര്യമായി വന്നപ്പോൾ നെപ്പോളിയന്റെ സൈന്യം ഗസ്സയിലെ നിരവധി പാരമ്പര്യ നിർമ്മിതികൾ തകർത്തു കളഞ്ഞതായി ചരിത്രത്തിൽ കാണാം. അവശേഷിച്ച പാരമ്പര്യ നിർമിതികൾ കൂടി അന്ന് ഗസ്സയ്ക്കു നഷ്ടമായി. ബീമാരിസ്ഥാൻ മസ്ജിദ്, ഖേത്ബേ മദ്രസ, കമാലിയാ മദ്റസ അടക്കമുള്ളവ അതിൽ പെടുന്നു. 

ഒന്നാം ലോകമഹായുദ്ധ സമയത്ത് ബ്രിട്ടീഷ് സേനയുടെ വിനാശകരമായ അക്രമങ്ങളുടെ ഫലമായി, ഇരുപതാം നൂറ്റാണ്ടിൽ മാത്രം ഗസ്സയുടെ നാഗരിക ഘടനയിൽ കാര്യമായ വ്യതിയാനങ്ങൾ പ്രകടമായിട്ടുണ്ട്. 1917 ൽ ഓട്ടോമൻ സൈന്യവും ബ്രിട്ടനും തമ്മിലുള്ള രൂക്ഷമായ യുദ്ധത്തിന് ഗസ്സ വേദിയായി. ഒട്ടോമൻ പക്ഷത്തിന് അനുകൂലമായ സ്ഥിതിയായിരുന്നു തുടക്കത്തിലെങ്കിലും പിന്നീട് ബ്രിട്ടന് കൂടുതൽ വെടിക്കോപ്പുകളും പീരങ്കികളും ലഭ്യമായതോടെ യുദ്ധത്തിന്റെ ഗതിമാറി. 

അതോടെ ഗസ്സാനിവാസികളോട് നഗരം പൂർണമായി വിട്ടൊഴിയാൻ ഓട്ടോമൻ സൈന്യം ഉത്തരവിറക്കി. ഗസ്സക്കാർ സമീപ ഗ്രാമങ്ങളിലേക്ക് കുടിയേറി. അങ്ങനെ ആളൊഴിഞ്ഞ ഗസ്സാ നഗരത്തിൽ ബ്രിട്ടീഷ് പീരങ്കികൾ സമ്പൂർണ്ണ നാശം വിതച്ചു. യുദ്ധാനന്തരം തിരിച്ചെത്തിയ ഗസ്സക്കാർ തകർന്നു തരിപ്പണമായ തങ്ങളുടെ നഗരം കണ്ട് അമ്പരന്നു. അവിടുത്തെ പകുതിയോളം നിർമ്മിതികളും അന്ന് തകർക്കപ്പെട്ടിരുന്നു. പൗരാണിക നിർമിതികൾ ഇല്ലാതാക്കപ്പെടുന്നതിനോടൊപ്പം നഗരത്തിന്റെ വിസ്തൃതിയും വലുപ്പവും ക്രമേണ ചുരുങ്ങി വന്നു. 

യുദ്ധം തകർത്തു കളഞ്ഞ ഗസ്സയിലെ ഏറ്റവും സുപ്രധാനമായ ചരിത്ര നിർമ്മിതികളാണ് ശൈഖ് മൻസൂർ മസ്ജിദ്, സൈത്തൂൻ പ്രവിശ്യയിലെ കാതിബ് മസ്ജിദ് എന്നിവ. മിനാരം പൂർണമായും തകർക്കപ്പെട്ട ഗ്രേറ്റ് ഉമരി മസ്ജിദിന്റെ പടിഞ്ഞാറുഭാഗത്തെ മുറ്റവും തൂണുകളും അന്ന് നശിപ്പിക്കപ്പെട്ടു (ആ ഭാഗങ്ങളെല്ലാം പിന്നീട് പുനസ്ഥാപിക്കപ്പെടുകയും ഗ്രേറ്റ് ഉമരി മസ്ജിദ് പുനർ നിർമ്മിക്കപ്പെടുകയും ചെയ്തു.

നഷ്ടപരിഹാരത്തിനായുള്ള വാദങ്ങൾ

യുദ്ധത്തിനുശേഷം, 1948 ലെ നക്ബയ്ക്കു മുമ്പുള്ള കാലയളവിൽ, തങ്ങളുടെ വസ്തുവകകൾ നശിപ്പിച്ചതിന് നഷ്ടപരിഹാരം നൽകണമെന്ന് ഗസ്സ നിവാസികൾ ആവശ്യപ്പെട്ടതായി ഫലസ്തീനി പത്രങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. 1925-28 കാലയളവിൽ ഗസ്സയുടെ മേയറായിരുന്ന ഉമർ സൗരാനിയുടെയും ബ്രിട്ടീഷ് ഹൈ കമ്മീഷണറായിരുന്ന ഹെർബർട്ട് പ്ലൂമറിൻ്റെയും ഗസ്സയുടെ പുനർനിർമാണവുമായി ബന്ധപ്പെട്ട ആവശ്യം 1925 ഒക്ടോബറിൽ യർമൂക്ക് പത്രം റിപ്പോർട്ട് ചെയ്തത് ഉദാഹരണം. ഭവനങ്ങളും കൃഷിയിടങ്ങളും നശിപ്പിച്ച യുദ്ധക്കെടുതിയിൽ ഗസ്സക്കാർ അനുഭവിക്കുന്ന പ്രയാസങ്ങളെ കുറിച്ചും ആ റിപ്പോർട്ട് പരാമർശിച്ചിരുന്നു.. 

1932 ൽ ബ്രിട്ടീഷ് ഹൈ കമ്മീഷണറായിരുന്ന ആർതർ ഗ്രെൻവില്ലെ വേകോപ്പ്, ആ സമയത്തെ ഗസ്സ മേയർ ഫഹ്മി ഹുസൈനി എന്നിവർ നഗരത്തിന്റെ പുനർനിർമ്മാണം ആവശ്യപ്പെട്ടതായി 1932 മാർച്ചിൽ ‘മിർആതു ശ്ശർഖ്’ പത്രം റിപ്പോർട്ട് ചെയ്യുന്നു. ഒന്നാം ലോകമഹായുദ്ധ സമയത്ത് സൈന്യങ്ങളുടെ പോർക്കളമായി മാറിയ ഗസ്സയെ കുറിച്ചും നിർബന്ധിത പലായനത്തിന് വിധേയമായ അവിടുത്തെ സമൂഹത്തെക്കുറിച്ചും ഹുസൈനി തൻറെ ആവശ്യത്തിൽ വിശദീകരിക്കുന്നുണ്ട്. ഗസ്സയുടെ സ്ഥാനത്ത് ഏതെങ്കിലും യൂറോപ്യൻ നഗരമായിരുന്നു തകർക്കപ്പെടുന്നതെങ്കിൽ ഉണ്ടാകുന്ന സമീപനത്തിലെ വ്യത്യാസത്തെക്കുറിച്ചും അതിലദ്ധേഹം സംസാരിക്കുന്നു. 

നിരന്തരമായ നശീകരണം

ഒന്നാം ലോകമഹായുദ്ധം വരുത്തിയ നാശനഷ്ടങ്ങൾക്കൊടുവിൽ അനവധി പൗരാണിക നിർമ്മിതികൾക്ക് പകരം ഗസ്സയിൽ കോൺക്രീറ്റ് കെട്ടിടങ്ങളാണ് ഉയർന്നത്. 1918 മുതൽ 1948 വരെയുള്ള  ബ്രിട്ടീഷ് അധിനിവേശ കാലത്ത് പുതിയ റോഡ് നിർമ്മാണങ്ങൾക്കെന്ന പേരിൽ കണക്കറ്റ ചരിത്ര നിർമിതികളാണ് ഒരവശേഷിപ്പും ബാക്കിയാവാതെ തകർക്കപ്പെട്ടത്. ഫഹ്മി ബേ സ്ട്രീറ്റ് നിർമ്മാണത്തിനായി ശൈഖ് അൽ അന്തലൂസ് മസ്ജിദ് പൊളിക്കപ്പെട്ടത് അതിനുദാഹരണമാണ്. പള്ളികൾ, അഭയ കേന്ദ്രങ്ങൾ അടക്കമുള്ള മതസ്ഥാപനങ്ങൾ കനത്ത അവഗണനകൾക്കിരയായി. അവയിൽ പലതും തകർന്നടിയുകയോ പലതും ഉപേക്ഷിക്കപ്പെട്ട അവശിഷ്ടങ്ങളായി മാറുകയോ ചെയ്തു. 

1948 ലെ നക്ബയെ തുടർന്ന് ഗസ്സയിലേക്ക് സംഭവിച്ച വമ്പിച്ച കുടിയേറ്റങ്ങൾ ആളുകളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട പുതിയ പ്രശ്നങ്ങളുയർത്തി. കൃത്യമായ ആസൂത്രണങ്ങളില്ലാതെ വ്യാപകമായി സ്ഥാപിക്കപ്പെട്ട ക്യാമ്പുകൾ പലതും പൗരാണിക ശേഷിപ്പുകളുടെ മുകളിലായിരുന്നു നിർമ്മിക്കപ്പെട്ടത്. ഒപ്പം, ഗസ്സയിലെ ചെറുത്തുനിൽപ്പ് ശ്രമങ്ങളെ അടിച്ചമർത്തുന്നതിനായി അധിനിവേശ അധികാരികൾ സ്വീകരിച്ച നയമായും ഈ പൊളിച്ചുമാറ്റൽ പ്രക്രിയയെ കാണാവുന്നതാണ്. 1971 ലെ അധിനിവേശം ഗസ്സയിൽ നടത്തിയ യുദ്ധത്തിൽ ഇക്കാര്യം വളരെ വ്യക്തമായി കാണാം. 

പോരാളികൾ എന്ന് തോന്നുന്ന എല്ലാവരെയും കൊല്ലാൻ കൽപ്പന പുറപ്പെടുവിച്ച അന്നത്തെ സൈനിക ജനറൽ ഏരിയൽ ഷാരോൺ, തങ്ങളുടെ സൈനിക വാഹനങ്ങൾക്ക് എളുപ്പത്തിൽ ക്യാമ്പുകളിലേക്ക് കടന്നു ചെല്ലുന്നതിനായി നഗരത്തിലെ കെട്ടിടങ്ങൾ പൊളിച്ചു മാറ്റാനുള്ള ഉത്തരവിറക്കിയിരുന്നു. കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളിലായി  ഇസ്രയേൽ അധിനിവേശം അവിടെ ഈ പൊളിച്ചു മാറ്റൽ നടപടി തുടരുകയാണ്. 

2008 ലെ ഗസ്സ യുദ്ധത്തിൽ ‘ദിയാഫ പാലസ് ബിൽഡിങ്’ പോലെയുള്ള നിരവധി ചരിത്ര നിർമ്മിതികളാണ് ഇസ്രായേൽ പൂർണ്ണമായും തകർത്തത്. 2008 ലെ യുദ്ധം മുതൽ ഇന്നുവരെ പൂർണമായും പൊളിച്ചുമാറ്റപ്പെട്ട – ഇതുവരെയും പുനർനിർമിക്കപ്പെടാത്ത – രണ്ടായിരത്തോളം കേസുകൾ ഉണ്ടെന്നാണ് ഗസ്സ പൊതുമരാമത്ത് വകുപ്പിന്റെ കണക്കുകൾ പറയുന്നത്. വിനാശകരമായ യുദ്ധങ്ങളുടെയും നിരന്തരമായ നശീകരണ പ്രക്രിയകളുടെയും കെടുതികൾ ഇല്ലായിരുന്നുവെങ്കിൽ ഗസ്സ നഗരത്തിൻ്റെ ഘടന  മറ്റൊന്നാകുമായിരുന്നു എന്ന് നിസ്സംശയം പറയാം. 

പോരാളികൾക്കായുള്ള ‘നിർമിതി’

അധിനിവേശ ശക്തികളുടെ പൊളിച്ചുമാറ്റൽ നയങ്ങൾക്ക് കൃത്യമായ രാഷ്ട്രീയം കാണാനാവും. ജനതകളുടെ ചരിത്രത്തിനുമേൽ നിർണായകമായ ആധിപത്യം സ്ഥാപിക്കാനുള്ള അധിനിവേശ രാഷ്ട്രീയമാണത്. ഓർമ്മകൾക്കും സ്വത്വ ബോധത്തിനും നേരെയുള്ള കടന്നുകയറ്റമായി അതിനെ മനസിലാക്കാം. എന്നിരുന്നാലും മറുവശത്ത് ഉപേക്ഷിക്കപ്പെട്ടതും തകർക്കപ്പെട്ടതുമായ കെട്ടിടങ്ങൾ ഫലസ്തീൻ ചെറുത്തു നിൽപ് പ്രസ്ഥാനങ്ങളുടെ പ്രവർത്തനങ്ങളിൽ വലിയ സ്വാധീനം ചെലുത്തിയതായി കാണാൻ കഴിയും.

ശത്രുവിനെ ഒളിഞ്ഞു നിന്ന് നിരീക്ഷിക്കുക, അക്രമിക്കുക, പെട്ടെന്ന് പിൻവലിയുക അടക്കമുള്ള സൈനിക നീക്കങ്ങൾക്കായി പോരാളികൾ അവ വ്യാപകമായി ഉപയോഗപ്പെടുത്തുന്നു. എതിരാളികൾക്ക് അപരിചിതമായ സ്ഥലങ്ങളെ കുറിച്ച് തങ്ങൾക്കുള്ള സൂക്ഷ്മമായ അറിവാണ് അവിടെ പോരാളികൾക്ക് തുണയാകുന്നത്. തകർന്നടിഞ്ഞ കെട്ടിടാവശിഷ്ടങ്ങൾ സാമൂഹികവും ചരിത്രപരവുമായ മൂല്യങ്ങൾ പേറുന്നവയാണ്. ചരിത്രപ്രാധാന്യമുള്ള പാരമ്പര്യനിർമിതികളുടെ പ്രസക്തിയും അർത്ഥവും തന്നെ അവയുടെ അവശിഷ്ടങ്ങളിലും ഉൾച്ചേർന്ന് നിൽക്കുന്നു. 

അതുകൊണ്ടുതന്നെ, തകർന്ന നഗരങ്ങളുടെ പുനർനിർമ്മാണമാണോ അതല്ല നടന്ന സംഭവങ്ങൾക്കുള്ള സാക്ഷ്യപത്രമായി അവശിഷ്ടങ്ങൾ അതേപടി നിലനിർത്തുകയാണോ വേണ്ടതെന്ന കാര്യം പലപ്പോഴും വലിയ ചർച്ചകൾക്ക് ഇടയൊരുക്കുന്നുണ്ട്. ഏതായാലും പുനർനിർമാണം എന്ന ആശയം യുദ്ധക്കെടുതികൾക്കെതിരെ പ്രതിരോധത്തിന്റെ ആത്മാവിനെ ഉൾക്കൊള്ളുന്നു വന്ന കാര്യത്തിൽ തർക്കമില്ല. മാത്രമല്ല, വിനാശകരമായ ഓരോ ദുരന്തവും കനത്ത പരീക്ഷണങ്ങളെ മറികടന്ന് സമൂഹത്തെ മുന്നോട്ടുകൊണ്ടുപോകാനുള്ള ഊർജമായി ജനതയിൽ കുടികൊള്ളുന്നു. കാലങ്ങളോളം നിലനിന്ന ചരിത്ര നിർമിതികൾ മറവിക്കും കാലത്തിനും എതിരെയുള്ള പ്രതിരോധമായി ഓർമ്മകളിൽ ജീവനോടെ നിലനിൽക്കുക തന്നെ ചെയ്യും.

വിവ: ബിലാൽ നജീബ് 

Related Articles